വിദ്യഭ്യാസ, തൊഴില്‍ മേഖലകളില്‍ മുസ്‌ലിംകള്‍ പിന്നിലെന്ന് റിപ്പോര്‍ട്ട്
  sacwകൊല്ലം: മുസ്‌ലിം സമുദായം വിദ്യാഭ്യാസ മേഖലകളിലും സര്‍ക്കാര്‍ തൊഴില്‍ മേഖലകളിലും മറ്റു സമുദായങ്ങളെ പിന്തള്ളി അനര്‍ഹമായത് നേടുന്നുവെന്ന വര്‍ഗീയ ശക്തികളുടെ പ്രചാരണത്തിന്റെ മുന ഒടിയുന്നു. വിവരാവകാശ പ്രകാരമുള്ള സംവരണം നിലനില്‍ക്കുമ്പോഴും സംസ്ഥാനത്ത് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മുസ്‌ലിം സമുദായം മറ്റു സമുദായങ്ങളേക്കാള്‍ ഏറെ പിന്നിലാണെന്ന് വ്യക്തമാക്കുന്നു. എയ്ഡഡ് മേഖലകളില്‍ 1,406 ഹൈസ്‌കൂളുകള്‍ ഉള്ളതില്‍ 169 സ്‌കൂളുകള്‍ മാത്രമാണ് മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ളത്. 12.1 ശതമാനം മാത്രം. 720 സ്‌കൂളുകള്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലും (51.20 ശതമാനം), 939 സ്‌കൂളുകള്‍ ഹിന്ദു മാനേജ്‌മെന്റിനു കീഴിലും (50.75), 33 സ്‌കൂളുകള്‍ മറ്റുള്ളവരുടെ നിയന്ത്രണത്തിലുമാണുള്ളത് (2.34 ശതമാനം). 1,850 യു.പി സ്‌കൂളുകളുള്ളതില്‍ ക്രിസ്ത്യന്‍ 551 (29.78 ശതമാനം), ഹിന്ദു 939 (50.75), മുസ്‌ലിം 315 (17.2), മറ്റുള്ളവര്‍ 45 (2.43), 3,893 എല്‍.പി സ്‌കൂളുകളില്‍ ക്രിസ്ത്യന്‍ 1,352 (34.72 ശതമാനം), ഹിന്ദു 1,522 (39.09), മുസ്‌ലിം 912 (23.42), മറ്റുള്ളവര്‍ 107 (2.74) എന്നിങ്ങനെയാണ്. സംസ്ഥാനത്തെ ആറു പോളിടെക്‌നിക്കുകളില്‍ രണ്ടെണ്ണം ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലും മൂന്നെണ്ണം ഹിന്ദു മാനേജ്‌മെന്റിനു കീഴിലും ഒരെണ്ണം മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുമാണുള്ളത്. ഇതില്‍ എസ്.എന്‍.ഡി.പിയ്ക്കും എന്‍.എസ്.എസിനും ഓരോന്നു വീതമുണ്ട്. 153 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളുള്ളതില്‍ 77 എണ്ണം ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലും 46 എണ്ണം ഹിന്ദു മാനേജ്‌മെന്റിനു കീഴിലും 26 എണ്ണം മുസ് ലിം മാനേജ്‌മെന്റിനു കീഴിലുമാണ്. 17 സ്വകാര്യ ട്രെയിനിങ് കോളജുകളുള്ളതില്‍ ഒന്‍പതെണ്ണം ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലും അഞ്ചെണ്ണം ഹിന്ദു മാനേജ്‌മെന്റിനു കീഴിലും മൂന്നണ്ണം മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുമാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ വിവിധ സമുദായങ്ങള്‍ക്കുള്ള പ്രാതിനിത്യത്തിലും ചിത്രം വ്യത്യസ്തമല്ല. ജനസംഖ്യയുടെ 12.5 ശതമാനം മാത്രം വരുന്ന നായര്‍ വിഭാഗം യാതൊരുവിധ സംവരണവും കൂടാതെ തന്നെ മൊത്തം ഉദ്യോഗങ്ങളുടെ 21 ശതമാനം കൈയടക്കിയിരിക്കുകയാണ്. അതായത് അവരുടെ ജനസംഖ്യയുടേതിനേക്കാള്‍ 40.5 ശതമാനം അധികം അനുപാതം. സമൂഹത്തില്‍ നായര്‍ ഉള്‍പ്പടെ ഉള്ള സവര്‍ണ്ണ ഹിന്ദു വിഭാഗങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടുവെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ ശക്തികളുടെ നുണയുടെ മുനയൊടിയുകയാണ് ഈ കണക്കുകള്‍. ജനസംഖ്യയുടെ 22.2 ശതമാനം വരുന്ന ഈഴവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗ തലങ്ങളില്‍ ഉള്ള പ്രാതിനിത്യം 22.7ശതമാനം ആണ്. അതായത് ജനസംഖ്യാനുപാതത്തെക്കാള്‍ 0.02 ശതമാനം അധികം. ഈഴവ സമുദായത്തിന് അര്‍ഹതപ്പെട്ട ഈ വിഹിതം നേടാനായത് സംവരണാനുകൂല്യങ്ങള്‍ ലഭിച്ചത് കൊണ്ടാണ്. സംവരണം ഇല്ലായിരുന്നുവെങ്കില്‍ സാമൂഹ്യമായി പിന്നോക്കാവസ്ഥയിലായിരുന്ന ഈഴവ സമുദായത്തിന് അധികാരഘടനയില്‍ ഇപ്പോഴുള്ള മുന്‍തൂക്കം ഉണ്ടാകില്ലായിരുന്നുവെന്ന് വ്യക്തമാണ്. ജനസംഖ്യയുടെ ഒന്‍പതു ശതമാനം വരുന്ന പട്ടിക ജാതി വിഭാഗത്തിന് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ പ്രാതിനിത്യം 7.6 ശതമാനം മാത്രമാണ്. ഇത് അവരുടെ ജനസംഖ്യാനുപാതത്തെക്കാള്‍ 22.6 ശതമാനം കുറവാണ്. ഇരുപത്തി ഏഴ് ശതമാനത്തോളം വരുന്ന മുസ്‌ലീം വിഭാഗത്തിന് 11.4 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സംവരണാനുകൂല്യങ്ങള്‍ ഉണ്ടായിട്ടുള്ള അവസ്ഥയാണിത്. മുസ്‌ലിം സമുദായം സാമൂഹ്യവും സാമ്പത്തികവുമായി നേരിടുന്ന പിന്നോക്കാവസ്ഥയാണ് ഈ പിന്തള്ളപ്പെടലിന് കാരണം. നാഷനല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ വിവരങ്ങള്‍ അവലംബമാക്കി തയാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടിലും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ദരിദ്രരും ഭൂരഹിതരുമായിട്ടുള്ളത് മുസ്‌ലിം സമുദായത്തിലുള്ളവരാണ്. കോളജ് പഠനത്തിന് പോകുന്നവരാകട്ടെ 18.7 ശതമാനം പിന്നോക്ക ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരാകുമ്പോള്‍ വെറും 8.1 ശതമാനമാണ് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളത്. മുസ് ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി അറബിക് സര്‍വ്വകലാശാല പോലുള്ള സ്ഥാപനങ്ങള്‍ ആവശ്യമാണെന്നിരിക്കെ സംസ്ഥാനത്തെ ഉദ്യോഗസ്ഥ വിഭാഗം ഇതിനു തുരങ്കം വയ്ക്കുമ്പോഴാണ് ഈ കണക്കുകള്‍ക്ക് പ്രാധാന്യമേറുന്നതും.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter