അംറ് ബിൻ ആസ്വ്(റ): അറബികളിലെ തന്ത്രജ്ഞന്‍

തികഞ്ഞ യുദ്ധ തന്ത്രജ്ഞനും നിപുണനായ ഭരണാധികാരിയുമായിരുന്നു സ്വഹാബി വര്യനായ അംറ് ബിൻ ആസ്വ്(റ). മക്കാവിജയത്തിന് അല്പം മുമ്പാണ് അദ്ദേഹം ഇസ്‍ലാം ആശ്ലേഷിക്കുന്നത്. ഖുറൈശി പ്രമുഖരിൽ ഒരാളായിരുന്ന അദ്ദേഹം അബ്സീനിയയിലേക്ക് ഇടക്കിടെ പോയി നജ്ജാശി രാജാവിന് പാരിതോഷികങ്ങൾ സമ്മാനിക്കാറുണ്ടായിരുന്നു. അംറിന്റെ ബുദ്ധിപരമായ കഴിവിലും മക്കയിൽ സ്വജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തിലും മതിപ്പുള്ള നജ്ജാശി അദ്ദേഹത്തെ ഇതുമൂലം ആദരിക്കുകയും ചെയ്തിരുന്നു.

ഒരു സന്ദർശന വേളയിൽ അറബ് ഉപദ്വീപിൽ തൗഹീദിൻ്റെ തത്വങ്ങൾ പ്രചരിപ്പിക്കുന്ന പ്രവാചകനെകുറിച്ചുള്ള പരാമർശം വന്നു. അദ്ദേഹം ദൈവത്തിന്റെ സത്യദൂതനായിരിക്കെ അംറ് എന്തുകൊണ്ടാണ് അദ്ദേഹത്തിൽ വിശ്വസിക്കാത്തതെന്ന് നജ്ജാശി ചോദിച്ചു. ഇത് അംറിൻ്റെ ഹൃദയത്തിൽ ആഴത്തിൽ തറച്ചു. "മുഹമ്മദ് അങ്ങ് പറയുന്ന തരത്തിലുള്ള ദൂതൻ തന്നെയാണോ" അംറ് ചോദിച്ചു. നജ്ജാശി പറഞ്ഞു: "അതേ, അംറ് ഞാൻ പറയുന്നത് പോലെ അദ്ദേഹത്തെ പിൻപറ്റണം. അദ്ദേഹത്തിന്റെ മാർഗം സത്യമാണെന്ന കാര്യത്തിൽ സംശയം വേണ്ട. എതിരാളികളെ മുഴുവൻ അദ്ദേഹം ജയിച്ചടക്കാതിരിക്കില്ല."

അംറ് ഉടൻ അബ്സീനിയയിൽ നിന്ന് മദീനയിലേക്ക് കപ്പൽ കയറി. മുസ്‍ലിമാവുകയായിരുന്നു ലക്ഷ്യം. വഴിമധ്യേ ഇതേ മാനസികാവസ്ഥയിൽ നബിയെ കാണാനായി പോവുകയായിരുന്ന ഖാലിദ് ബ്നു വലീദിനെയും ഉസ്മാനു ബ്നു ത്വൽഹയെയും കണ്ടു. മൂവരെയും കണ്ട പ്രവാചകൻ്റെ തിരുമുഖം പ്രസന്നമായി. "മക്ക സ്വന്തം കരളിന്റെ കഷ്ണങ്ങളെകൊണ്ട് നിങ്ങളെ എറിഞ്ഞിരിക്കുന്നു." തിരുദൂതർ ശിഷ്യരെ നോക്കി പറഞ്ഞു. ആദ്യം ഖാലിദ് ബൈഅത്ത് ചെയ്ത് ശഹാദത്ത് ചൊല്ലി. തുടർന്ന് അംറ് ചെന്ന് ഇപ്രകാരം പറഞ്ഞു. 'അല്ലാഹുവിൻ്റെ ദൂതരേ, എന്റെ കഴിഞ്ഞകാല തെറ്റുകൾ അല്ലാഹു പൊറുത്തു തരുമെന്ന പ്രതീക്ഷയിൽ ഞാൻ അങ്ങയോട് ബൈഅത്ത് ചെയ്യുന്നു.' തിരുദൂതർ പറഞ്ഞു: 'അംറ് ബൈഅത്ത് ചെയ്യൂ. കഴിഞ്ഞ കാലതെറ്റുകൾ ഇസ്‌ലാം ദുർബലപ്പെടുത്തും.'

അംറ് ബൈഅത്ത് ചെയ്ത് മുസ്‍ലിമായി. തുടർന്ന് തൻ്റെ ബുദ്ധിയും ധൈര്യവും ഇസ്‍ലാമിക സേവനത്തിനായി നീക്കിവെച്ചു. നേരത്തെ ഇസ്‍ലാമിനെയും മുസ്‌ലിംകളെയും കഠിനമായി ദ്രോഹിച്ചയാളായിരുന്നു അംറ് ബിൻ ആസ്വ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഖുറൈശികളുടെ അക്രമം സഹിക്കവയ്യാതെയാണ് ആദ്യം മുസ്‍ലിംകൾ അബ്സീനിയായിലേക്ക് പലായനം ചെയ്യേണ്ടിവന്നത്. അവിടെയും ഖുറൈശികൾ വെറുതെയിരുന്നില്ല. പലായനം ചെയ്ത മുസ്‍ലിംകളെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് അബ്സീനിയയിലെത്തിയ ഖുറൈശി സംഘത്തിൽ അംറ്ബിൻ ആസും ഉണ്ടായിരുന്നു. ഖുറൈശികളുടെ പീഡനം അസഹനീയമായപ്പോൾ ക്ഷമാലുവായ പ്രവാചകൻ ഇവർക്കെതിരെ ശിക്ഷയിറക്കാൻവരെ പ്രാർഥിക്കുന്ന അവസ്ഥയിലെത്തി. ഈ സമയത്ത് ഖുർആൻ ആയത്തിറങ്ങുകയും ശിക്ഷയും രക്ഷയും നൽകൽ അല്ലാഹുവിൻ്റെ അധികാരത്തിൽ പ്പെട്ടതാണെന്നും നബിക്ക് ഇക്കാര്യത്തിൽ യാതൊരു അധികാരവുമില്ലെന്നുമുള്ള ആശയത്തിലുള്ള ഖുർആൻ വചനമിറങ്ങി.

തുടർന്നാണ് അദ്ദേഹം നജ്ജാശി വഴി ഇസ്‍ലാമിലെത്തുന്നത്. പിന്നീട് രണ്ടാം ഖലീഫയുടെ കാലത്ത് ഈജിപ്ത് ജയിച്ചടക്കുകയും അതിന്റെ ഗവർണറാവുകയും ചെയ്തു. ഖുറൈശി പ്രമുഖനായിരുന്നതുപോലെ ഇസ്‍ലാമിലും അംറ് അധികാരസ്ഥാനത്തായിരുന്നു. പ്രവാചകര്‍(സ്വ) മരണപ്പെടുമ്പോൾ അംറ് ഒമാനിലെ ഗവർണറായിരുന്നു. രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്ത് സിറിയൻ യുദ്ധങ്ങളിലും റോമൻ ആധിപത്യത്തിൽ നിന്നുള്ള ഈജിപ്തിന്റെ വിമോചനപോരാട്ടത്തിലും പങ്കെടുത്ത അംറ് അസാമാന്യമായ യുദ്ധതന്ത്രങ്ങൾ പ്രയോഗിച്ചിരുന്നയാളാണ്.

അധികാരത്തണലിൽ ഏറെക്കാലം കഴിഞ്ഞ അംറ് ബിൻ ആസ്വിനെതിരെ ഖലീഫ ഉമറിന് ചില പരാതികളെല്ലാം ലഭിച്ചെങ്കിലും തൽസ്ഥാനത്തു നിന്ന് അംറിനെ മാറ്റിയില്ലെന്നത് അദ്ദേഹത്തിൽ ഖലീഫക്കുള്ള വിശ്വാസം തെളിയിക്കുന്നു. ഗവർണർമാരുടെ ജീവിത നിലവാരം ബഹുജനത്തിൻ്റെ ജീവിത നിലവാരത്തിനു തുല്യമോ അതിലും താഴ്ന്നതോ ആയിരിക്കണമെന്നാണ് ഖലീഫ ഉമറിൻ്റെ നിലപാട്. എന്നാൽ അംറ് ബിൻ ആസ്വ് ആഡംബര ജീവിതം നയിക്കുന്നുവെന്ന പരാതി കിട്ടിയപ്പോൾ ഉമർ(റ) അദ്ദേഹത്തിന്റെ സ്ഥാവരജംഗമ സ്വത്തുക്കളുടെ കണക്കെടുക്കുയും അത് രണ്ടോഹരിയാക്കി ഭാഗിച്ച് ഒരു ഓഹരി അംറിനും മറ്റേ ഓഹരി പൊതുഖജനാവിലടക്കാനും ഉത്തരവിടുകയുമായിരുന്നു.

ധൈര്യവും സാമർഥ്യവും കുശാഗ്ര ബുദ്ധിയും യുദ്ധതന്ത്രവും അംറു ബിൻ ആസ്വിന്റെ കൂടെപ്പിറപ്പായിരുന്നു. പല നിർണായക ഘട്ടങ്ങളിലും ഉമർ(റ) അംറിന്റെ സാമർഥ്യത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സിറിയയിലേക്ക് യുദ്ധത്തിനയച്ചപ്പോൾ റോമൻ സൈന്യത്തിൻ്റെ തലപ്പത്ത് ഇരിക്കുന്നത് വളരെ തന്ത്രജ്ഞനും ധീരനുമായ ഒരു പടനായകനാണെന്ന് ഒരാൾ ചൂണ്ടിക്കാണിച്ചപ്പോൾ ഖലീഫ ഉമറിൻ്റെ മറുപടി ഇങ്ങനെയായിരുന്നു: "നാം റോമൻ തന്ത്രശാലിക്ക് ഒരു അറബ് തന്ത്രശാലിയെയാണ് ഇറക്കിയത്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം." അറബ് തന്ത്രശാലിയുടെ തന്ത്രം വിജയിക്കുയും റോമൻ പടത്തലവൻ തോൽവി സമ്മതിച്ച് ഈജിപ്തിലേക്ക് ഓടിപ്പോവുകയുമായിരുന്നു. എന്നാൽ അംറ് ഈജിപ്തിൽ നിന്നും അയാളെ തുരത്തി ഈജിപ്തിലും ഇസ്‍ലാമിൻ്റെ വെന്നിക്കൊടി നാട്ടി.

റോമയുടെ ഈ പടത്തലവൻ ഒരിക്കൽ സംഭാഷണത്തിനെന്ന വ്യാജേന അംറ്(റ)നെ സ്വന്തം കോട്ടയിലേക്ക് ക്ഷണിച്ചു. സംഭാഷണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മുകളിൽ നിന്ന് വലിയ പാറക്കല്ലിട്ട് കൊലപ്പെടുത്താൻ പ്രത്യേകം ആളെ നിശ്ചയിച്ചായിരുന്നു പടത്തലവന്റെ ക്ഷണം. അംറ്(റ) സംഭാഷണത്തിനായി കോട്ടയിലെത്തി. തിരിച്ചുപോരുമ്പോൾ മുകളിൽ നിന്ന് അസാധാരണമായ ശബ്ദം ശ്രദ്ധിച്ച അദ്ദേഹം തന്ത്രപരമായ നീക്കത്തിലൂടെ രക്ഷപ്പെട്ടു. ശേഷം ഹിജ്റ 43ൽ ഈജിപ്തിൽ ഗവർണറായിരിക്കെയാണ് അംറ് ബിൻ ആസ്വ്(റ) മരിക്കുന്നത്.

About The Author:

ദാറുൽ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയുടെ സഹസ്ഥാപനമായ ചാമക്കാല മന്‍ഹജുറശാദ് കോളേജ്, ഡിഗ്രി വിദ്യാർത്ഥിയാണ് ലേഖകന്‍. ഇസ്‍ലാമിക ചരിത്രമാണ് താല്‍പര്യവിഷയം. സഹാബികളുടെ ജീവിതവും മുസ്‍ലിം ലോകത്തിന്റെ ചരിത്രപരമായ സംഭവവികാസങ്ങളും പ്രധാന പഠനവിഷയങ്ങളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter