ഇസ്റാഈലിന് എന്തും ആവാമല്ലോ...

ലോകത്തെ ഏറ്റവും വലിയ മനുഷ്യ ചര്‍മ്മ ബേങ്ക് ഉള്ലത് ഇസ്റാഈലിന്റെ കൈവശമാണെന്നാണ് പറയപ്പെടുന്നത്. മറ്റു അവയവങ്ങളുടെ ശേഖരത്തിന്റെ കാര്യത്തിലും അവര്‍ ഒട്ടും പിന്നിലല്ല. ഈ അവയവയങ്ങളിലധികവും ഫലസ്തീനികളുടേതാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ബന്ദികളുടെയും കൊല്ലപ്പെടുന്നവരുടെയും ശരീരങ്ങളില്‍നിന്ന് ആരോടും സമ്മതം പോലും ചോദിക്കാതെ ഇസ്റാഈല്‍ സൈന്യം അപഹരിച്ചാണത്രെ ഇത്രയും വലിയ അവയവ ശേഖരം അവര്‍ ഉണ്ടാക്കിയെടുത്തത്. 

ഇസ്റാഈലിന്റെ ഈ കിരാത നടപടിക്കെതിരെ മുമ്പ് പലപ്പോഴും ശബ്ദങ്ങളുയര്‍ന്നിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രമുഖയായ ഉം മുര്‍തസയും ജീജി ഹദീദുമൊക്കെ മുമ്പ് പലപ്പോഴും ഇത് ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരുകയും അനുവാദമില്ലാതെ മരിച്ചവരുടെ അവയവങ്ങള്‍ എടുക്കാറുണ്ടെന്ന് ഇസ്‍റാഈലി ആരോഗ്യ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്ന ക്ലിപ്പുകള്‍ പങ്ക് വെക്കുകയും ചെയ്തിരുന്നു.

അബൂകബീര്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ട് തലവനായ യഹൂദാ ഹിസ്സ് ഇരുപത് വര്‍ഷം മുമ്പ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. കൊല്ലപ്പെടുന്നവരില്‍നിന്ന് ചര്‍മ്മം, കോര്‍ണിയ, എല്ലുകള്‍, ഹൃദയ വാള്‍വുകള്‍ തുടങ്ങി ആവശ്യമായതെല്ലാം ഇസ്റാഈല്‍ സൈന്യം ശേഖരിക്കാറുണ്ടെന്ന് അദ്ദേഹം നടത്തിയ പ്രസ്താവന അന്ന് തന്നെ പുറത്ത് വന്നിരുന്നു. അതേ സ്ഥാപനത്തിലെ ഡോക്ടറായിരുന്ന മെയ്‍രാ വെയ്സും ഇക്കാര്യം ശരി വെക്കുന്നുണ്ട്. തന്റെ 'On their bodies' എന്ന പുസ്തകത്തില്‍ അവര്‍ പറയുന്നത് ഇങ്ങനെയാണ്, ഞാന്‍ ഇവിടെ സേവനം ചെയ്യുന്ന കാലത്ത്, ഫലസ്തീനികളുടെ മൃതദേഹങ്ങളില്‍നിന്ന് അവയവങ്ങള്‍ എടുക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. ശേഷം ബന്ധുക്കള്‍ അറിയാതിരിക്കാനായി, അവയുടെ സ്ഥാനത്ത് പ്ലാസ്റ്റിക് അവയവങ്ങള്‍ പിടിപ്പിച്ചാണ് വിട്ട് കൊടുക്കാറുള്ളത്. മൃതദേഹങ്ങളുടെ പുറഭാഗത്ത് നിന്നാണ് ചര്‍മ്മം എടുക്കാറ്. ചികില്‍സയുടെ ഭാഗമായി 1985ലാണ് ഇസ്റാഈലി സ്കിന്‍ ബേങ്കിന് തുടക്കം കുറിക്കുന്നത്. ഇതില്‍ അധികവും ഫലസ്തീനികളുടേത് തന്നെയാണ്. യുദ്ധത്തില്‍ മുറിവേല്‍ക്കുന്ന സൈനികരുടെ ചികില്‍സക്കായി ഇത്തരത്തില്‍ ചര്‍മ്മവും അവയവങ്ങളും ശേഖരിക്കുന്നത് ഇസ്റാഈല്‍ നിയമവിധേയമാക്കുക വരെ ചെയ്തിരുന്നു. ഇസ്റാഈലി മെഡികല്‍ കോളേജുകളില്‍ പഠനത്തിനായും ഫലസ്തീനികളുടെ മൃതശരീരങ്ങള്‍ ഉപയോഗിക്കാറുണ്ട്. 1987 മുതല്‍ 1993 വരെയുള്ല ഒന്നാം ഇന്‍തിഫാദയുടെ കാലം ഇസ്റാഈലി ഓര്‍ഗന്‍ ബേങ്കുകളുടെ ഏറ്റവും സമൃദ്ധമായ കാലമെന്നാണ് പലരും വിശേഷിപ്പിക്കാറുള്ലതെന്നും ഡോ. വെയ്സ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

2008ല്‍, ലോകത്ത് ഏറ്റവും അധികം അനധികൃത അവയവ കച്ചവടം നടത്തുന്നത് ഇസ്റാഈലാണെന്ന് അമേരിക്കന്‍ ചാനലായ സി.എന്‍.എന്നും പുറത്ത് വിട്ടിരുന്നു. ഇസ്റാഈല്‍ കൈവശം വെച്ചിരുന്ന ഫലസ്തീനികളുടെ മൃതദേഹങ്ങളില്‍ നൂറിലേറെ എണ്ണം നഷ്ടപ്പെട്ടതായി ബി.ബി.സിയും റിപ്പോര്‍ട് ചെയ്തിരുന്നു. പല മൃതദേഹങ്ങളും ഇസ്റാഈലിലെ സ്വകാര്യ കമ്പനികള്‍ക്ക് വിട്ട് കൊടുക്കുന്നതായും അവര്‍ ആവശ്യമായ അവയവങ്ങളെല്ലാം എടുക്കുന്നതായും ആരോപണങ്ങളുയര്‍ന്നിരുന്നു.

ഗസ്സയിലും വെസ്റ്റ് ബേങ്കിലും കൊല്ലപ്പെട്ട പലരുടെയും മൃതദേഹങ്ങള്‍ ഇസ്റാഈല്‍ സൈന്യം എടുത്ത് കൊണ്ട് പോയി ദിവസങ്ങള്‍ക്ക് ശേഷം വിട്ടുനല്കുമ്പോള്‍ പവ അവയവങ്ങളും നഷ്ടമായിരുന്നുവെന്ന് ഫലസ്തീനികളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതിപ്പെട്ടിരുന്നു. 

എന്നാല്‍ നേരത്തെ ചില സന്ദര്‍ഭങ്ങളില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ അത്തരത്തിലൊന്നും നടക്കുന്നില്ലെന്നുമായിരുന്നു ഇസ്റാഈലി ഉദ്യോഗസ്ഥര്‍ ഇതിനോട് പ്രതികരിച്ചത്. അഥവാ, അത്തരം ക്രൂരതകള്‍ പോലും അരങ്ങേറിയിട്ടുണ്ടെന്ന് സമ്മതിക്കുക തന്നെയായിരുന്നു എന്നര്‍ത്ഥം.

കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്റാഈല്‍ സൈന്യം കൊണ്ട് പോവുന്നതായി മുമ്പ് പലപ്പോഴും പരാതികളുയര്‍ന്നിട്ടുണ്ട്. 2019 മുതല്‍ 2022 വരെയായി മുന്നൂറിലേറെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കാണാതായതായിട്ടുണ്ടെന്നാണ് കണക്ക്. ഇസ്റാഈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നവയായിരുന്നു ഇവയെല്ലാം. ഇക്കാലയളവില്‍ ഇസ്റാഈലിന്റെ തടവറയില്‍ വെച്ച് മരണപ്പെട്ടവരുടെ എണ്ണം 256 ആയിരുന്നെന്നും കണക്കാക്കപ്പെട്ടിട്ടുണ്ട്.

മൃതദേഹങ്ങളോട് കാണിക്കുന്ന ഈ ക്രൂരതകളെല്ലാം അഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ്. മിഡില്‍ഈസ്റ്റിലെ ഏക ജനാധിപത്യ രാജ്യമെന്നും ലോകത്തെ ഏറ്റവും പരിഷ്കൃത ജനതയെന്നും സ്വയം മേനി നടിക്കുന്നവരാണ്, ഏതൊരു മനുഷ്യനും ലജ്ജിച്ചുപോകുന്ന ഇത്തരം ഹീന കൃത്യങ്ങള്‍ ചെയ്യുന്നതെന്ന് പറയാതെ വയ്യ.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter