മുസ്‌ലിം ആനുകൂല്യങ്ങള്‍ തട്ടിപ്പറിക്കരുത്
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം സംബന്ധിച്ച ഹൈക്കോടതിയുടെ ഉത്തരവ് നിരാശാജനകമാണ്.
സമ്പൂര്‍ണ മുസ്‌ലിം ന്യൂനപക്ഷ ക്ഷേമ പദ്ധതിയെ വിഷയത്തിന്റെ കാതലായ മുസ്‌ലിം എന്ന പദം മാറ്റിവെച്ച് ന്യൂനപക്ഷ ക്ഷേമപദ്ധതിയെന്നു പുനര്‍നാമകരണം ചെയ്തത് തന്നെ വലിയ അബദ്ധമായിരുന്നു.
സംസ്ഥാനത്തെ മുസ്‌ലിം മത-രാഷ്ട്രീയ സംഘടനകളും മതേതര പാര്‍ട്ടികളും ഇതിനെതിരെ യോജിച്ചുള്ള നീക്കങ്ങള്‍ നടത്തേണ്ടതുണ്ട്. കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും വിത്യസ്ത മതവിഭാഗങ്ങള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച ധവള പത്രമിറക്കുകയും വേണം.
രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ (മാത്രം) സാമൂഹിക-വിദ്യാഭ്യാസ-സാമ്പത്തിക പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ 2006-ല്‍ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അധഃസ്ഥിതരായ മുസ്‌ലിം സമുദായത്തിന്റെ സമഗ്ര ഉന്നമനത്തിനായി സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആരംഭിക്കാന്‍ ഉത്തരവിറക്കിയത്.
രാജ്യത്തെ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് സര്‍വ മേഖലകളിലും ദേശീയ ശരാശരി നിരക്കിനേക്കാള്‍ 15 ശതമാനത്തിനു പിറകിലാണ് മുസ്‌ലിംകള്‍ എന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. മുസ്‌ലിം പ്രശ്‌നങ്ങളെക്കുറിച്ച സച്ചാര്‍ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ അന്നത്തെ കേരള സര്‍ക്കാര്‍ നിയോഗിച്ച മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ന്യൂനപക്ഷ സെല്‍ രൂപീകരിച്ചത്.
പരിവര്‍ത്തിത ക്രൈസ്തവ വിഭാഗ വികസന കോര്‍പറേഷന്‍, നായര്‍-നമ്പൂതിരി-മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി മുന്നാക്ക വികസന കോര്‍പറേഷന്‍, എസ്.സി, എസ്.ടി വിഭാഗത്തിനായി പിന്നോക്ക വകുപ്പുകള്‍, കോര്‍പറേഷനുകള്‍ എന്നിവ വര്‍ഷങ്ങളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സച്ചാര്‍ കമ്മീഷന്‍, പാലോളി കമ്മീഷന്‍ എന്നിവരുടെ ശിപാര്‍ശ കണക്കിലെടുത്ത് മുസ്‌ലിം ന്യൂനപക്ഷ ക്ഷേമ വകുപ്പ്/കോര്‍പറേഷന്‍ രൂപീകരിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, ഇടത്-വലത് സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ പറയത്തക്ക യാതൊരു നീക്കവും നടത്തിയില്ല എന്നത് ഖേദകരമാണ്.
മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരമായി ഇരു കമ്മീഷനുകളും മുന്നോട്ടുവെച്ച വിദ്യാഭ്യാസം, തൊഴില്‍, സമ്പാദ്യം തുടങ്ങിയ വിവിധ മേഖലകളിലെ ശാക്തീകരണ പദ്ധതികളോ മാര്‍ഗങ്ങളോ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ഭരണമുന്നണികള്‍ മുന്നോട്ടുവന്നിട്ടുമില്ല. അറബിക് സര്‍വകലാശാല പോലും കടലാസിലൊതുക്കുകയാണ് ചെയ്തത്.
വിവിധ സമുദായങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച വകുപ്പുകളും കോര്‍പറേഷനുകളും നല്‍കുന്ന ആനുകൂല്യങ്ങളില്‍ ഇതര വിഭാഗങ്ങളെ പരിഗണിക്കുന്നില്ല എന്നിരിക്കെ, ഏത് അളവുകോല്‍ അടിസ്ഥാനത്തിലാണ് മുസ്‌ലിം ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80:20 അനുപാതം നടപ്പിലാക്കിയത്?
ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ കൈപിടിയിലൊതുക്കിയിരിക്കുകയാണെന്ന ചില ക്രൈസ്തവ സംഘടനകളുടെ ആരോപണം ഏറ്റുപിടിക്കുകയോ, വോട്ട് ബാങ്ക് ലക്ഷ്യംകണ്ട് അത്തരം വിഷയങ്ങളില്‍ മൗനം ഭജിക്കുകയോ ചെയ്യുന്നത് മാന്യമോ നീതിനിഷ്ഠമോ സത്യസന്ധമോ ആയ നിലപാടല്ല.
മദ്‌റസാ അധ്യാപകര്‍ക്ക് ന്യൂനപക്ഷ വകുപ്പില്‍ നിന്ന് 7580 കോടി രൂപ ശമ്പള-പെന്‍ഷന്‍ ഇനത്തില്‍ നല്‍കുന്നുണ്ടെന്ന കല്ലുവെച്ച നുണയും ചിലര്‍ പ്രചരിപ്പിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്തെ മതസൗഹാര്‍ദ്ദാന്തരീക്ഷം കാത്തുസംരക്ഷിക്കാനും വര്‍ഗീയ വിദ്വേഷത്തിന്റെ കാര്‍ഡിറക്കുന്നവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും ഫലപ്രദമായ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്.
മതേതര രാഷ്ട്രീയ പാര്‍ട്ടികളും വിവിധ മതസംഘടനകളും ഇവ്വിഷയകമായി സജീവ ഇടപെടലുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
തയ്യാറാക്കിയത്: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി
Leave A Comment