ഡോ. മുഹമ്മദ് ഹസൻ ഹീത്തു: വിജ്ഞാന വഴികളിലെ പ്രകാശഗോപുരം

പ്രമുഖ സിറിയൻ പണ്ഡിതനും ശാഫിഈ കർമ്മശാസ്ത്രത്തിലെ അതികായനുമായ ഡോ. മുഹമ്മദ് ഹസൻ ഹീത്തു കഴിഞ്ഞ ദിവസമാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ഉസൂലുൽ ഫിഖ്ഹ്, ഹദീസ്, അഖീദ, അറബി സാഹിത്യം തുടങ്ങി നിരവധി വിഷയങ്ങളിൽ അഗാധപാണ്ഡിത്യം നേടിയ അദ്ദേഹം, തന്റെ ജീവിതം പൂർണ്ണമായും വിജ്ഞാനസമ്പാദനത്തിനും പ്രബോധനത്തിനുമായാണ് സമർപ്പിച്ചത്. "ഇത് എന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളായിരിക്കാം, വരും വർഷങ്ങളിൽ ഞാൻ നിങ്ങളെ കണ്ടുമുട്ടണമെന്നില്ല" എന്ന അദ്ദേഹത്തിന്റെ അവസാനകാല പ്രഭാഷണത്തിലെ വരികൾ ശ്രോതാക്കളെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

പ്രശസ്ത ചരിത്രകാരനും സാമൂഹിക നിരീക്ഷകനുമായ ഹസ്സൻ സ്വല്ലാബി അദ്ദേഹത്തെ ഇപ്രകാരം അനുസ്മരിക്കുന്നു: "ശാഫിഈ മദ്ഹബിലെ പ്രഗൽഭ പണ്ഡിതനായ ഹസൻ ഹീത്തു സർവ്വ വിജ്ഞാനശാഖകളിലും പാണ്ഡിത്യം കൈവരിച്ച വ്യക്തിയായിരുന്നു. അസ്ഹർ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം, ഇസ്‌ലാമിക വിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തിനും ഗവേഷണത്തിനും വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു. കൃത്യമായ അറിവില്ലാതെ ഫത്‌വ നൽകുന്ന പ്രവണതയെ അദ്ദേഹം ശക്തമായി എതിര്‍ത്തു. പുരാതന ഇസ്‌ലാമിക ഗ്രന്ഥങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകി അവയെ ധന്യമാക്കിയ അദ്ദേഹത്തിന്റെ പ്രയത്നങ്ങൾ വരുംതലമുറകളിലും സ്മരിക്കപ്പെടും."

ജനനവും കുടുംബപശ്ചാത്തലവും

1943 ഒക്ടോബർ 10-ന് (ഹിജ്റ 1362 ദുൽഖഅദ് 11) സിറിയയുടെ തലസ്ഥാനമായ ദമസ്കസിലെ റുക്‍നുദ്ദീൻ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഇസ്‌ലാമിക പാണ്ഡിത്യത്തിന് പേരു കേട്ട 'ശൈഖാനി' എന്ന അറബി കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. (ആറ് നൂറ്റാണ്ടോളം കുർദിഷ് വംശജർക്കിടയിൽ ജീവിച്ച ഒരു അറബി കുടുംബമാണിത്. ഇവരുടെ വംശാവലി പ്രമുഖ സൂഫിവര്യനായ ശൈഖ് അബ്ദുൽ ഖാദർ ജീലാനിയിലാണ് ചെന്നെത്തുന്നത്). കുടുംബത്തിലെ പലരും ഭരണത്തിലെ ഉയർന്ന തസ്തികകളിൽ സേവനമനുഷ്ഠിച്ചിരുന്നവരാണ്.

വിദ്യാഭ്യാസവും പരിവർത്തനവും

ദമസ്കസിലെ മദ്രസത്തു ഉസ്‌മാൻ ദിന്നൂറൈനിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഡോ. മുസ്തഫ സബാഹി സ്ഥാപിച്ച 'അൽമഅ്ഹദുൽ അറബി അൽ ഇസ്‌ലാമി'യിൽ പഠനം തുടർന്നു. ജൗദത്ത് അൽ ഹാഷിമി സ്കൂളിൽ നിന്ന് സെക്കൻഡറി വിദ്യാഭ്യാസം ഉയർന്ന മാർക്കോടെ പൂർത്തിയാക്കിയ അദ്ദേഹം, ഗോളശാസ്ത്രം (Astronomy) പഠിക്കാനായി ജർമ്മനിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു.

പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ചിന്താഗതികളിൽ വലിയ മാറ്റമുണ്ടായി. ഭൗതിക ശാസ്ത്രത്തിന് പകരം ഇസ്‌ലാമിക ജ്ഞാനങ്ങൾ അഭ്യസിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിൽ ശക്തമായി. ലോകപ്രശസ്തമായ അൽഅസ്ഹർ സർവ്വകലാശാലയിൽ പഠിക്കാനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും മാതാപിതാക്കൾ ആദ്യം അതിനോട് യോജിച്ചില്ല. ഒടുവിൽ ദമസ്കസ് യൂണിവേഴ്സിറ്റിയിലെ ശരീഅ വിഭാഗത്തിൽ ചേർന്നുവെങ്കിലും മാതാപിതാക്കളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് അവിടെനിന്നും പിന്മാറേണ്ടി വന്നു.

എന്നാൽ, അസ്ഹറിലെത്താനുള്ള മോഹം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഒടുവിൽ, ജർമ്മനിയിലേക്ക് പോവുകയാണെന്ന് പിതാവിനെ വിശ്വസിപ്പിച്ച് അദ്ദേഹം കൈറോവിലേക്ക് യാത്ര തിരിക്കാന്‍ തീരുമാനിക്കുകയും അതിനായി പാസ്‌പോർട്ട് തയ്യാറാക്കുകയും ചെയ്തു. 1964-ൽ ഈജിപ്തിൽ എത്തിയപ്പോൾ ചില രാഷ്ട്രീയ പ്രതിസന്ധികൾ അദ്ദേഹത്തെ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനാക്കിയെങ്കിലും, അചഞ്ചലമായ ആത്മവിശ്വാസത്തോടെ അദ്ദേഹം ഈജിപ്തിൽ തന്നെ തുടർന്നു. ആദ്യകാലങ്ങളിൽ കുടുംബത്തിന്റെ പിന്തുണയില്ലാത്തത് വലിയ സാമ്പത്തിക-മാനസിക പ്രതിസന്ധികൾ സൃഷ്ടിച്ചെങ്കിലും, പിന്നീട് തന്റെ ലക്ഷ്യശുദ്ധി കണ്ടറിഞ്ഞ പിതാവിന്റെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണ നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.

പാണ്ഡിത്യവും സംഭാവനകളും

ക്ഷമയും സഹിഷ്ണുതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. വിജ്ഞാനസമ്പാദനത്തിനായി എന്ത് ത്യാഗവും സഹിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു. അമൂല്യമായ ഗ്രന്ഥശേഖരമുള്ള ഒരു ലൈബ്രറി അദ്ദേഹം കെട്ടിപ്പടുത്തിരുന്നു. ഇമാം ഗസ്സാലിയുടെ 'അൽമൻഖൂൽ', ഇമാം ഇസ്‌നവിയുടെ 'അത്തംഹീദ്' എന്നീ ഗ്രന്ഥങ്ങളെ ആധുനികമായ ആഖ്യാനശൈലിയിൽ അദ്ദേഹം പുനരവതരിപ്പിച്ചു.

ഡോ. മുഹമ്മദ് സുഹൈലി അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "ആധുനിക കാലഘട്ടത്തിൽ ശാഫിഈ മദ്ഹബിൽ ബൃഹത്തായ ഗ്രന്ഥങ്ങൾ രചിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കുവൈത്തിൽ ശാഫിഈ കർമ്മശാസ്ത്രത്തെ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു."

ഇന്തോനേഷ്യയിൽ അദ്ദേഹം സ്ഥാപിച്ച ശാഫിഈ യൂണിവേഴ്സിറ്റി ഇന്നും വിജ്ഞാനപ്രസരണത്തിൽ സജീവമാണ്.

പ്രധാന കൃതികൾ

  1. الحديث المرسل، حجيته وأثره.
  2. الوجيز في أصول التشريع الإسلامي.
  3. كشف الستر عن سنية القنوت في صلاة الفجر.
  4. الإمتاع في أحكام الرضاع.
  5. الدين والعلم.
  6. العقل والغيب.
  7. المتفيهقون.
  8. الاجتهاد وطبقات مجتهدى الشافعية.
  9. الإعجاز القرآني العلمي والغيبي.
  10. الخلاصة في أصول الفقه.
  11. الإمام الشيرازي: حياته وآراؤه الأصولية، وهي المقدمة لكتاب (التبصرة في أصول الفقه للشيرازي)

അൽവജീസ്

അദ്ദേഹം രചിച്ച അൽവജീസുൽമുഖ്തസ്വർ ഫീഉസ്വൂലിത്തശ്രീഇൽ ഇസ്‌ലാമി എന്ന ഗ്രന്ഥം നിദാന ശാസ്ത്ര ഗ്രന്ഥങ്ങളിൽ അതിപ്രധാനമാണ്. പാരമ്പര്യ ഗ്രന്ഥങ്ങളെയെല്ലാം അധികരിച്ച് സമകാലിക വിഷയങ്ങള്‍ കൂടി മുഖവിലക്കെടുത്ത് അദ്ദേഹം നടത്തിയ ഈ രചന, ആധുനിക വിഷയങ്ങളിലെ കര്‍മ്മശാസ്ത്ര മനനങ്ങള്‍ക്കുള്ള വലിയൊരു മാനദണ്ഡമാണ്. കുറഞ്ഞ കാലം കൊണ്ട് തന്നെ അഞ്ച് തവണ പുനപ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം, വിവിധ സര്‍വ്വകലാശാലകളില്‍ ഇതിനകം തന്നെ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

ഗോളശാസ്ത്രം സ്വപ്നം കണ്ട് തുടങ്ങിയ ഒരു യുവാവ്, കഠിനാധ്വാനവും അല്ലാഹുവിന്റെ തൗഫീഖും കൊണ്ട് ഇസ്‌ലാമിക വിജ്ഞാനലോകത്തെ സൂര്യതേജസ്സായി മാറിയ ചരിത്രമാണ് ഡോ. മുഹമ്മദ് ഹസൻ ഹീത്തുവിന്റേത്. സർവ്വശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ സേവനങ്ങള്‍ സ്വീകരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter