തുർക്കിയ തിരഞ്ഞെടുപ്പ് ഫലവും നക്ബയുടെ ഓര്‍മ്മകള്‍ പുതുക്കുന്ന ഫലസ്തീന്‍ ജനതയും

ലോകമൊന്നടങ്കം ഉറ്റുനോക്കുന്ന തുർക്കിയ തിരഞ്ഞെടുപ്പാണ് ഈ ആഴ്ചയിലെ മുസ്‍ലിം ലോകത്തെ ഏറ്റവും വലിയ വിശേഷം എന്ന് പറയാം.  അതേ സമയം, സാമ്പത്തിക പ്രതിസന്ധികളിൽ വലയുന്ന പാകിസ്ഥാൻ കനത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂടി നീങ്ങുന്നതും നക്ബയുടെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഓര്‍മ്മകള്‍ പോലും ദുരിതങ്ങള്‍ക്കിടയില്‍ പുതുക്കേണ്ടി വന്ന ഫലസ്തീന്‍ ജനതയും ആ ദിനത്തില്‍ അമേരിക്കൻ ഇസ്രായേൽ അനുകൂല നയങ്ങളോടുള്ള കടുത്ത പ്രതിഷേധമായി മാറിയ അമേരിക്കന്‍ പൌരന്മാരുടെ ഒത്ത് കൂടലും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. സൌദിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ജിദ്ദ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് സുഡാൻ ജനത. ഈ ആഴ്ചയിലെ മുസ്‍ലിം ലോക വിശേഷങ്ങൾ വായിക്കാം.


രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്ന തുർക്കിയ തിരഞ്ഞെടുപ്പ്

ചരിത്രത്തിലെ വാശിയേറിയ തിരഞ്ഞെടുപ്പിനു സാക്ഷ്യം വഹിച്ച തുർക്കിയയിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവരുമ്പോൾ ആർക്കും ഭൂരിപക്ഷം ഉറപ്പിക്കാനാവാതെ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ്. 99 ശതമാനം വോട്ടുകളും എണ്ണിതീർന്നപ്പോൾ ഉർദുഗാൻ 49 ശതമാനവും മുഖ്യ പ്രതിപക്ഷ നേതാവായ സി.എച്ച്.പി പാർട്ടിയുടെ മുസ്തഫ കെമാൽ കെച്ദാറോളുവിന് 44 ശതമാനം വോട്ടുകളും ലഭിച്ചു. ആദ്യ ഘട്ടവോട്ടെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കണമെങ്കിൽ 51 ശതമാനം വോട്ടുകളെങ്കിലും നേടണമെന്നതാണ് തുര്‍കിയാ നിയമം. അത് ഇല്ലാതെ വന്നതോടെ ഈ മാസം 28 ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. 

20 വർഷമായി തുർക്കിയ ഭരിക്കുന്ന ഉർദുഗാന് ആറ് പ്രതിപക്ഷ പാർട്ടികളടങ്ങുന്ന നാഷണൽ അലയൻസ് സഖ്യം കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. അഞ്ച് ശതമാനത്തോളം വോട്ടുകൾ നേടി അപ്രതീക്ഷിത മുന്നേറ്റം കാഴ്ച്ചവെച്ച അൾട്ട്രാനാഷണലിസ്റ്റായ സിനാൻ ഒഗാനിന്റെ പാർട്ടിയാണ് ഭൂരിപക്ഷം കൈവരിക്കുന്നതിൽ നിന്നും ഉർദുഗാനെ തടഞ്ഞത്. പ്രസിഡന്റിന്റെ അമിതാധികാരങ്ങളും പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും ഉന്നയിച്ചാണ് പ്രതിപക്ഷം ഇക്കുറി പ്രചരണത്തിനിറങ്ങിയിരുന്നത്. ഇടതുപക്ഷ പാർട്ടികളും വലതുപക്ഷ സംഘടനകളും ചേർന്നതാണ് നാഷണല്‍ അലയൻസ്. എന്നാൽ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളുമെന്ന കാര്യത്തിൽ ഉർദുഗാൻ ക്യാമ്പിന് മുമ്പേ ഏകദേശ ധാരണ ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ വിജയസാധ്യത കൽപ്പിക്കുന്നതും ഉർദുഗാന്റെ ഏകെപി പാർട്ടിക്ക് തന്നെയാണ്. മെയ് 28 ലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ ഫലത്തിനായാണ് ഇനി തുര്‍കിയായും ലോകവും കാത്തിരിക്കുന്നത്.

പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പാകിസ്ഥാൻ തീർത്തും പ്രക്ഷുഭ്ധാവസ്ഥയിലാണ്. അഴിമതിയുമായി ബന്ധപ്പെട്ടുള്ള ഇമ്രാൻ ഖാന്റെ അറസ്റ്റാണ് രാജ്യത്തെ സ്തംഭിപ്പിച്ച വ്യാപക സമരങ്ങൾക്ക് കാരണമായത്. സമരക്കാരെ ഒതുക്കാനുള്ള സൈന്യത്തിന്റെ ശ്രമമാവട്ടെ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്തു. എന്നാൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ അറസ്റ്റ് അസാധുവാക്കി കൊണ്ട് പാകിസ്ഥാൻ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. എങ്കിലും സമരങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.  നിലവിലെ പ്രതിസന്ധി വ്യക്തമായ പരിഹാരമില്ലാതെ തുടർന്നു പോവുകയാണെങ്കിൽ ആഭ്യന്തര കലഹമായി പരിണമിക്കാനുള്ള സാധ്യതയാണ് പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഇരു വിഭാഗങ്ങളും അംഗീകരിക്കുന്ന രീതിയിൽ ഒരു സ്വതന്ത്രവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പ് മാത്രമാണ് പ്രശ്നങ്ങൾകുള്ള ഏക പരിഹാരം.

കഴിഞ്ഞ വർഷം വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന ഇമ്രാൻ ഖാൻ പിന്നീട് ഭരണകൂടത്തിനെതിരെ സ്ഥിരം സമരമുഖത്തുണ്ടായിരുന്നു. ഭരണമേഖലയെ സമ്പൂർണമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന സൈന്യത്തിന്റെ പിന്തുണ ലഭിക്കുന്നവർ ഭരണം കയ്യാളുന്ന അവസ്ഥയാണ് പാകിസ്ഥാനിലേത്. ഭരണത്തിലിരിക്കെ സൈന്യത്തിന്റെ അമിതസ്വാധീനത്തിനു തടയിടാൻ ശ്രമിച്ച ഇമ്രാൻ ഖാന് അതുകൊണ്ടു തന്നെ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് വേണം കരുതാന്‍.

വാഷിങ്ടണിലെ നക്ബ ദിനാചാരണം

1948ലെ അറബ്-ഇസ്റാഈല്‍ യുദ്ധത്തിന്റെയും ഇസ്റാഈലിനെ ഫലസ്തീനില്‍ ഔദ്യോഗികമായി കുടിയിരുത്തിയ ദുരന്തത്തിന്റെയും ഓര്‍മ്മയാണ് ഫലസ്തീനികള്‍ക്ക് നക്ബ. അതിന്റെ എഴുപ്പത്തഞ്ചാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന ഈ വേളയിലും ആ ചതിയുടെ പ്രത്യാഘാതങ്ങള്‍ ഇന്നും ആ ജനത അനുഭവിക്കുകയാണ്. ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ക്കിടയിലാണ് ഈ വര്‍ഷത്തെ നക്ബാദിനം കടന്നുപോവുന്നത്. 

അതേ സമയം, അമേരിക്കയിലെ വാഷിംഗ്ടൺ നഗര വീഥികളിൽ, നൂറുകണക്കിന് ഫലസ്തീനികളും അറബികളും അമേരിക്കക്കാരും നക്ബ ദുരന്തത്തെ അനുസ്മരിക്കാനായി ഒത്തുകൂടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അമേരിക്കൻ മുസ്‍ലിംസ് ഫോർ പാലസ്തീൻ, പലസ്തീനിയൻ യൂത്ത് മൂവ്‌മെന്റ്, പാലസ്തീനിയൻ ക്രിസ്ത്യൻ യൂണിയൻ ഫോർ പീസ് എന്നീ സംഘടനകളും മറ്റു മനുഷ്യാവകാശ കൂടായ്മകളുമാണ് ഏറെ ശ്രേദ്ധേയമായ ഈ ഒത്തുകൂടൽ സംഘടിപ്പിച്ചത്.

യുഎസ് ഭരണകൂടങ്ങൾ നിരന്തരം പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ഇസ്രായേലി നയങ്ങൾ കാരണം ഫലസ്തീൻ ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ വ്യാപ്തി ഉയർത്തിക്കാട്ടുന്നതിനായി സംഘാടകർ വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. നക്ബയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും തങ്ങളുടെ രാജ്യത്തെ ഇസ്രായേൽ അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കാൻ പ്രവർത്തിക്കുന്ന ഫലസ്തീൻ യുവാക്കളുടെ ധീരതയെ കുറിച്ചും അമേരിക്കൻ ജനതയെ അറിയിക്കാനുള്ള ഒരു അവസരം കൂടിയായി മാറി ഈ ഒത്തുകൂടൽ.

സുഡാൻ പ്രതിസന്ധിക്ക് പരിഹാരമാകുന്നു

അമേരിക്കയുടെയും സൗദിയുടെയും മധ്യസ്ഥതയിൽ സുഡാനിലെ പ്രതിസന്ധിക്ക് പരിഹാരമെന്നോണം മെയ് പതിനൊന്നിന് ജിദ്ദയിൽ വെച്ചു നടന്ന ആദ്യ ഘട്ട ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനു വേണ്ടിയുള്ള  രണ്ടാം ഘട്ട ചർച്ച സുഡാനിലെ ഇരു സൈനിക കക്ഷികളുടെയും സാനിധ്യത്തിൽ ജിദ്ദയില്‍ ആരംഭിച്ചിരിക്കുകയാണ്. ഏപ്രിൽ 15 ന് പൊട്ടിപ്പുറപ്പെട്ട സുഡാനിലെ യുദ്ധത്തിൽ 600 ലധികം പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. 

മാനുഷിക സഹായം എത്തിക്കുന്നതിനും സിവിലിയൻ മേഖലകളിൽ നിന്ന് സൈനികരെ നീക്കം ചെയ്യുന്നതിനുമുള്ള പദ്ധതികൾ എങ്ങനെ നടപ്പാക്കാമെന്നതിനാണ് ചർച്ച ഊന്നൽ കൊടുക്കുന്നത്. മെയ് 19 ന് ജിദ്ദയിൽ നടക്കാനിരിക്കുന്ന അറബ് ലീഗ് ഉച്ചകോടിയിലേക്ക് സുഡാനിലെ ട്രാൻസിഷണൽ ഗവേണിംഗ് സോവറിൻ കൗൺസിലിന്റെ തലവൻ ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനെയും സൗദി ക്ഷണിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് ഇതിലൂടെ പരിഹാരം കാണാനാവുമെന്ന ശുഭ പ്രതീക്ഷയിലാണ് സുഡാന്‍ ജനത. അവരുടെ പ്രതീക്ഷകള്‍ പൂവണിയുമോ ഇല്ലയോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter