ബാബരി മസ്ജിദ് തകര്‍ക്കാന്‍ കര്‍സേവകനായി, പിന്നീട് ഇസ്‌ലാം സ്വീകരിച്ചു, 100 ഓളം മസ്ജിദുകള്‍ നിര്‍മിച്ച മുഹമ്മദ് ആമിറെന്ന ബല്‍ബീര്‍സിങ്ങ് മരിച്ച നിലയില്‍

ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവയില്‍ പങ്കെടുക്കുകയും പിന്നീട് ഇസ്ലാമിലേക്ക് കടന്നുവരികയും ബാബരി ധ്വംസനത്തില്‍ പങ്കാളിയായതിന്‍റെ പ്രായശ്ചിത്തമായി 100 ഓളം മസ്ജിദുകള്‍ നിര്‍‍‍‍‍‍‍മിക്കുകയും ചെയ്ത ബല്‍ബീര്‍ സിംഗ് എന്ന മുഹമ്മദ് ആമിര്‍ മരണപ്പെട്ട നിലയില്‍. ഹൈദരബാദ് പഴയ നഗരത്തിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലിസിനെ അറിയിക്കുകയായിരുന്നു. കാഞ്ചന്‍ബാഗ് പൊലിസ് എത്തി വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

1993 ല്‍ ഇസ്‌ലാം സ്വീകരിച്ച ബല്‍ബീര്‍ സിംഗ് പിന്നീട് മുഹമ്മദ് ആമിര്‍ എന്ന് പേരു മാറുകയായിരുന്നു. ബാബരി തകര്‍ത്തതില്‍ പങ്കാളിയായതിന് പ്രായശ്ചിത്തമായി 100 പള്ളികള്‍ നിര്‍മിച്ച് സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. പിന്നീട് ഈ ദൗത്യത്തിന് പിറകെയായിരുന്നു മുഹമ്മദ് ആമിര്‍. 91 പള്ളികള്‍ നിര്‍മിക്കുകയും 59 എണ്ണത്തിന്റെ നിര്‍മാണത്തിന് തുടക്കമിടുകയും ചെയ്തു. ഇതില്‍ 59ാമത്തെ പള്ളിയാണ് ഹൈദരാബാദില്‍ നിര്‍മിച്ചു കൊണ്ടിരുന്നത്.

ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവയില്‍ പങ്കെടുത്ത ബല്‍ബീര്‍ സിംഗിന് തിരിച്ചെത്തിയപ്പോള്‍ നാട്ടില്‍ വലിയ സ്വീകരണം ലഭിച്ചിരുന്നു. എന്നാല്‍, മതേതര മൂല്യങ്ങള്‍ മുറുകെ പിടിച്ചിരുന്ന കുടുംബത്തില്‍ അദ്ദേഹത്തിന് ഒരു പിന്തുണയും ലഭിച്ചില്ല. കുടുംബത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിയും വന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ മനസു മാറുന്നത്.

മരണ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. ‘മരണത്തെക്കുറിച്ച് കുടുംബാംഗങ്ങള്‍ സംശയമുന്നയിക്കുകയും പരാതി നല്‍കുകയും ചെയ്യുകയാണെങ്കില്‍, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും കേസെടുത്ത് അന്വേഷിക്കുകയും ചെയ്യാം’ കാഞ്ചന്‍ബാഗ് പൊലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെ വെങ്കട്ട് റെഡ്ഡി വ്യക്തമാക്കി.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter