ഹദീസ്: ഒരു സാമൂഹിക സമീപനം
വിശ്വ പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ മൊഴിയും പ്രവൃത്തിയും മൗനാനുവാദവുമാണല്ലോ ഇസ്‍ലാമിലെ പ്രാമാണിക അവലംബങ്ങളിൽ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നത്. പിൽക്കാലത്ത് കടന്നുവന്ന കർമശാസ്ത്ര പണ്ഡിതന്മാർ നിയമനിർമാണങ്ങൾക്കും ഇസ്‍ലാമിക സാമൂഹിക നിരീക്ഷകർ തങ്ങളുടെ സാമൂഹിക നിയമഘടനയ്ക്കുമെല്ലാം ഹദീസിനെ അവലംബിക്കുന്നതായി കാണാം.
ഒരു മുസ്‍ലിം തന്റെ വ്യക്തിഗത സ്വഭാവങ്ങളെയും സമൂഹത്തോട് ഇടപഴകുമ്പോൾ സ്വായത്തമാക്കേണ്ട ചട്ടങ്ങളെയും പ്രസ്തുത ഹദീസുകൾ വിശദീകരിക്കുന്നുണ്ട്. തിരുനബിയുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും നമുക്ക് പാഠങ്ങളാണ്. അവിടുത്തെ അനർഘനിമിഷങ്ങൾ നമ്മെ ഓർമിപ്പിക്കുന്ന വിചാരങ്ങൾ നമ്മുടെ ഊർജ്ജവാഹിനിയാണ്. സാമൂഹിക ജീവിയായ മനുഷ്യന് ജീവിതത്തിലെ നിഖില മേഖലകൾക്കുമുള്ള മാതൃകകൾ ഉന്നതരായ തിരുനബിയുടെ ജീവിതത്തിൽ നിന്ന് ഒപ്പിയെടുക്കാവുന്നതാണ്.
ഒരു ഹദീസിനെ സമീപിക്കുമ്പോൾ അതിൻറെ ബാഹ്യ അർത്ഥങ്ങൾക്കപ്പുറം സന്ദർഭോചിതമായ ഗഹനജ്ഞാനവും കൂടി ഗവേഷകന് അനിവാര്യമായി വരുന്നു. അപ്പോൾ സ്വാഭാവികമായും ഹദീസിന്റെ ചരിത്രം, കാലക്രമേണയുള്ള അതിൻറെ പുരോഗമനം, മുസ്‍ലിം സമൂഹത്തിനിടയിലെ ആ ഹദീസിന്റെ പങ്ക് എന്നിവ പരിചയിക്കുക വഴി ഹദീസിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ തലങ്ങൾ കൂടി പഠിതാവിന്റെ ശ്രദ്ധയിൽപ്പെടുന്നു. ഹദീസിന്റെ സാമൂഹിക ശാസ്ത്രത്തെ വിവരിക്കുന്ന പ്രഗൽഭർ ഇതിനെ സാമൂഹിക ശാസ്ത്രം, ഹദീസ് ശാസ്ത്രം എന്നിങ്ങനെ രണ്ടായി തിരിക്കുന്നതും കാണാം. ഇത്രയും മനസ്സിലാക്കുമ്പോൾ ആരാധന കാര്യങ്ങൾ മാത്രമല്ല, മാനുഷിക ഇടപെടലുകൾ കൂടി ഹദീസുകളിൽ ഉൾക്കൊള്ളുന്നു എന്ന് മനസ്സിലാവും.
ഇത്തരം സമീപനം സ്വീകരിക്കുന്നവർ ഹദീസിന്റെ ഗുണനിലവാരം മനസ്സിലാക്കാൻ സനദിനെയും മത്‍നിനെയും (ഹദീസ് നിവേദനം ചെയ്ത ശൃംഖലയും ഉള്ളടക്കവും) വിശകലനം ചെയ്യുവാനുള്ള സംവിധാനത്തെ പരിഗണിക്കുന്നവരാണ്. ഹദീസിന്റെ മത്നുമായി ബന്ധപ്പെട്ടാണ് കൂടുതലും ഗവേഷണം നടക്കാറുള്ളത്. ഈ രീതിയിൽ ഒരു പറ്റം ഗവേഷണ രീതികൾ തന്നെ കാണാൻ കഴിയും. ഒരു ഹദീസ് രേഖപ്പെടുത്തുന്നതിന് പിന്നിലുള്ള കാരണങ്ങൾ മനസ്സിലാക്കുക എന്നത് അവയിൽ ഒന്നാണ്.
അനുചരരിൽ നിന്നും അന്യരിൽ നിന്നും വന്ന ചോദ്യങ്ങൾക്ക് മറുപടി പറയുക, അക്കാലത്ത് അറബ് സമൂഹത്തിൽ സംഭവിച്ച കാര്യങ്ങളെപ്പറ്റി വിവരിക്കുക, മറ്റു മുന്നറിയിപ്പുകളും വിശദീകരണങ്ങളും കൈമാറുക എന്നിവയൊക്കെയാണല്ലോ ഹദീസുകളുടെ പൊതു സ്വഭാവം. ഇത്തരം സ്വഭാവ വിശേഷങ്ങൾ ഓരോ ഹദീസുകളും ഉൾക്കൊള്ളുന്നതുകൊണ്ട് ഓരോ ഹദീസിന്റെയും സാഹചര്യ സന്ദർഭങ്ങളെ പഠിക്കുന്ന ഗവേഷണരീതി എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്ന് മനസ്സിലാകും.
സാമൂഹിക സമീപനത്തിന്റെ ആവശ്യകത
ഈ സമീപനത്തിന് നിരവധി ആവശ്യങ്ങളുണ്ട്. ഒന്ന്, പ്രവാചകൻ(സ്വ)ക്ക് ഇറക്കപ്പെട്ട എല്ലാ സന്ദേശങ്ങളും തനിക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ പോലും യാതൊന്നും മറച്ചുവെക്കാതെ തന്നെ തന്റെ അനുചരന്മാർക്ക് പറഞ്ഞു കൊടുക്കുന്നതായി കാണാം. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇത്തരം സംഭവവികാസങ്ങൾ നടന്നതെന്ന് മനസ്സിലാക്കണമെങ്കിൽ ഹദീസിനെ സന്ദർഭോചിതമായി മനസ്സിലാക്കിയാലേ സാധിക്കുകയുള്ളൂ.
രണ്ട്, പ്രവാചകൻ(സ്വ)യുടെ ഹദീസിൽ തന്നെ പരസ്പരം വിരുദ്ധമെന്ന് തോന്നുന്ന ചില ഹദീസുകള്‍ കാണാൻ കഴിയും, അവയ്ക്ക് തന്നെയും അതിന്റേതായ സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങൾക്ക് അനുസരിച്ച് വന്ന വൈരുദ്ധ്യങ്ങളാണെന്ന് മനസ്സിലാക്കണം. ഉദാഹരണത്തിന്, പ്രവാചകൻ(സ്വ) ആദ്യകാലങ്ങളിൽ ഖബർ സിയാറത്തിനെ നിരോധിച്ചതായി കാണാം. ജാഹിലിയ കാലത്ത് അവർ കല്ലുകളെ ആരാധിച്ചിരുന്നത് പോലെ ഖബറുകളെയും ആരാധിക്കുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാവുന്നത് മൂലമായിരുന്നു നിരോധനം ഉണ്ടായിരുന്നത്. പിൽക്കാലത്ത് ഖബറുകൾ സന്ദർശിക്കുക വഴി മരണത്തെക്കുറിച്ചുള്ള ഉൾബോധനം ഉണ്ടാവുമെന്നും അതു വഴി ആത്മ നിയന്ത്രണമുണ്ടാവുമെന്നും മനസ്സിലാക്കി, കബർ സിയാറത്തിന് അനുവാദം നൽകുകയായിരുന്നു.
മൂന്ന്, പ്രവാചകൻ(സ്വ)യും ഒരു സമൂഹത്തിൻറെ ഭാഗമായിരുന്നുവല്ലോ. ഒരു സാമൂഹിക നേതാവ് കൂടിയായ പ്രവാചകര്‍ മുസ്‍ലിംകളോടെന്നപോലെ അമുസ്‍ലിംകളോടും ഇടപഴകിയിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഏതൊക്കെ കാര്യങ്ങൾ ഏതൊക്കെ സന്ദർഭങ്ങളിൽ സംസാരിച്ചു എന്ന് ഒരു ഗവേഷകന് മനസ്സിലാവണമെങ്കിൽ ഹദീസിനെ സന്ദർഭോചിതമായി മനസ്സിലാക്കിയാൽ മാത്രമേ സാധിക്കുകയുള്ളൂ.
ഹദീസുകളെ സാമൂഹികമായി മനസ്സിലാക്കുന്ന പഠനരീതി പ്രധാനമായും ലക്ഷീകരിക്കുന്നത് ഹദീസുകൾ കാലക്രമേണയായി പുരോഗതി പ്രാപിച്ചതിലും അവയെ വ്യാഖ്യാനിച്ചതിലും സമൂഹത്തിലെ പങ്ക് മനസ്സിലാക്കുക എന്നതാണ്.
ഹദീസ് പഠനങ്ങളിലെ സാമൂഹിക ശാസ്ത്ര സിദ്ധാന്തം
ഹദീസുകളെ തെളിവുകളായി സ്വീകരിക്കുന്നതിന് മുമ്പ് അവയുടെ പൊതുസ്വഭാവം മനുഷ്യരും സമൂഹവുമായി ബന്ധപ്പെട്ടതുകൊണ്ട് തന്നെ ഹദീസുകളെ സാമൂഹിക ശാസ്ത്ര പഠന രീതികൾക്ക് വിധേയപ്പെടുത്തൽ അനിവാര്യമാണ്. കാരണം രണ്ട് ഹദീസുകൾ തമ്മിലും ഹദീസും ഖുർആനും തമ്മിലും വ്യാഖ്യാനങ്ങളിൽ ചില വൈരുദ്ധ്യങ്ങൾ കാണാൻ കഴിയും. എന്നാൽ അവയൊക്കെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ വന്നതുകൊണ്ടാണ് അവക്കിടയിൽ അങ്ങനെയൊരു വ്യതിയാനങ്ങൾ കാണുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.
ഉദാഹരണത്തിന്, അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്ത ഹദീസ് സഹീഹുൽ ബുഖാരിയിൽ കാണാം, നബി തങ്ങൾ ഒരു വേള പറയുകയുണ്ടായി ആരും തന്നെ അവരുടെ അമലുകൾ മുഖേന സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ലയ സ്വഹാബികൾ ചോദിക്കുകയുണ്ടായി നബിയെ അങ്ങും പ്രവേശിക്കുകയില്ലേ, പ്രവാചകർ പറഞ്ഞു: അതെ, ഞാനും പ്രവേശിക്കുകയില്ല. അല്ലാഹുവിൻറെ കാരുണ്യം ലഭിച്ചാൽ അല്ലാതെ. പ്രതിപാദ്യ ഹദീസ് വിശുദ്ധ ഖുർആനിലെ സ്വാഫ്ഫാത് എന്ന അധ്യായത്തിലെ 33 ആം സൂക്തമായ “നിങ്ങൾ പ്രവർത്തിച്ചതിന് മാത്രമേ നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുകയുള്ളൂ” എന്ന സൂക്തത്തിന്റെ ആശയത്തിനോട് എതിരാകുന്നതായി കാണാം. യഥാർത്ഥത്തിൽ വിശുദ്ധ ഖുർആനും ഹദീസും പരസ്പരം വൈരുദ്ധ്യമായി വരുന്നില്ല എന്നതാണ് വാസ്തവം. പ്രത്യക്ഷത്തിൽ അങ്ങനെ വിരുദ്ധമായി തോന്നുമെങ്കിലും ഇതിനെ സസൂക്ഷ്മം നിരീക്ഷണ വിധേയമാക്കിയാൽ അതിലെ വൈരുദ്ധ്യം മാറുന്നതായി കാണാം.
മുസ്‍ലിം സമുദായത്തിനിടയിൽ വ്യക്തിഗത ബോധവും ഐക്യബോധവും രൂപീകരിക്കുന്നതിൽ ഹദീസിന്റെ പങ്ക് എത്രയുണ്ടെന്ന് മനസ്സിലാക്കലാണ് ഹദീസ് സാമൂഹികശാസ്ത്രം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മറ്റൊരു രൂപത്തിൽ നമുക്ക് വിവക്ഷിക്കാം. ഹദീസുകൾക്ക് മത പണ്ഡിതർ എങ്ങനെയാണ് വ്യാഖ്യാനങ്ങൾ നൽകിയത് എന്ന വസ്തുതകൾ കൂടി ഇതിൽപ്പെടുന്നു.
ഇസ്‍ലാമിക പ്രാമാണിക ഗ്രന്ഥങ്ങളിൽ രണ്ടാമതായി കണക്കാക്കപ്പെടുന്ന തിരുവചനങ്ങൾ സമയപരമായും സ്ഥലപരമായും പരിമിതരപ്പെടുത്തിയതാണ്. ആയതിനാൽ പ്രവാചകരുടെ കാലശേഷം ഇന്നേക്ക് വരെ ഒരുപാട് കാലങ്ങൾ കഴിഞ്ഞുപോയത് കൊണ്ടുതന്നെ അതിനിടയിൽ വരുന്ന ഓരോ സമുദായത്തിനും ഓരോ ദേശക്കാർക്കും മനസ്സിലാകുന്ന രീതിയിൽ ഹദീസുകളെ ഗ്രഹിക്കാൻ ഉതകുന്ന ആഖ്യാന വ്യാഖാനങ്ങൾ അനിവാര്യമായി വന്നു.
പ്രവാചക കാലഘട്ടത്തിലെ ഹദീസുകളും അവയുടെ സാമൂഹിക സന്ദർഭവും
പ്രവാചകൻ(സ്വ) നിയോഗിക്കപ്പെട്ടതിലെ ലക്ഷ്യങ്ങളിലൊന്ന് ഖുർആനിനെ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുക എന്നായിരുന്നുവല്ലോ. വിശുദ്ധ ഖുർആനിൽ 13-ാം അധ്യായത്തിലെ 44-ാം സൂക്തത്തിൽ "നബിയെ അങ്ങേക്ക് നാം ഖുർആനിനെ ഇറക്കിത്തന്നു. അത് ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കാൻ വേണ്ടിയാണത്" എന്ന് പറയുന്നത് കാണാം. പ്രവാചകൻ(സ്വ) 23 വർഷക്കാലം ഈ ദൗത്യവുമായി നിലകൊണ്ടു.
ഈ കാലയളവിലെ ഹദീസിനെ "അസ്റുൽ വഹിയി വതക്‍വീൻ" ദിവ്യബോധനത്തിന്റെയും മുസ്‍ലിം സാമുദായിക നിർമ്മിതിയുടെയും കാലഘട്ടത്തിലെ ഹദീസ് എന്ന് പണ്ഡിതന്മാർ പരിചയപ്പെടുത്തിയത് കാണാം.
പ്രവാചകരുടെ മൊഴിമുത്തുകൾ ഹദീസുകളായി കൈമാറുന്ന രീതികൾ അനവധിയായിരുന്നു. പള്ളിക്കകത്തോ അങ്ങാടിയിലോ യാത്രയിലും മറ്റും തൻറെ അനുയായികളോട് ഇടപഴകുന്ന വേളയിലോ സ്വഭവനത്തിൽ വസിക്കുന്ന നേരത്തോ പറഞ്ഞവയൊക്കെ ഹദീസുകളാണ്. പ്രവാചകർ(സ്വ)യുടെ ഹദീസുകൾ കൈമാറിയിരുന്ന രീതികൾ തരംതിരിച്ച് നമുക്ക് ഇങ്ങനെയും മനസ്സിലാക്കാവുന്നതാണ്.
ഒന്ന്, പ്രവാചകർ(സ്വ)യുടെ വൈജ്ഞാനിക സദസ്സുകൾ തന്നെയായിരുന്നു. ഒരവസരത്തിൽ തന്നെ ഒരു ഹദീസിനെ പല അനുചരരും ഉദ്ധരിക്കുന്ന സ്ഥിതി വിശേഷത്തിന് ഇങ്ങനെയുള്ള വേദികൾ സാക്ഷിയായി. രണ്ട്, ചില പ്രത്യേക സാഹചര്യങ്ങളിൽ ചില സ്വഹാബിമാരോട് മൊഴിഞ്ഞ കാര്യങ്ങളും സ്വപത്നിമാരോട് സംസാരിച്ചതും ഒക്കെ പിൽക്കാലത്ത് മറ്റു അനുചരരും തങ്ങളുടെ ഭാര്യമാർ സ്വയമേവയും പ്രവാചകർ(സ്വ) യെ തൊട്ട് ഉദ്ധരിച്ചത്. മൂന്ന്, പൊതുവേദികളിൽ തിരുനബിയുടെ നിർദേശങ്ങളും പ്രസംഗങ്ങളും മറ്റുമാണിത്. ഇവയും ഒരുപാട് സഹാബിമാർ ഹദീസ് ഉദ്ധരിക്കുന്നതിന് കാരണമായി. ഹിജ്റ പത്താം വർഷം നടത്തിയ മാനവിക അവകാശങ്ങളെ പരിചയപ്പെടുത്തിയും ദുരാചാരങ്ങളെ നഖശിഖാന്തം എതിർത്തുകൊണ്ടുമുള്ള മക്കം ഫത്ഹിലെ പ്രഭാഷണം അതിനൊരു ഉദാഹരണമായി ഇന്നും ചരിത്രത്തിൻറെ സുവർണ്ണ താളുകളിൽ രേഖപ്പെട്ട് കിടക്കുന്നു.
ഹദീസ് പണ്ഡിതരിയിലെ പ്രശസ്തനും ഇന്ത്യൻ ആത്മജ്ഞാനിയുമായ മുസ്തഫ അഅ്ളമി ഹദീസ് കൈമാറ്റത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നത് കാണാം. ഒന്ന്, തിരുനബി മൊഴിയുന്നത്, രണ്ട്, തിരുനബി അനുചരരോട് കൽപ്പിക്കുന്നത്, മൂന്ന്, തൻറെ അനുയായികൾ ദൃക്സാക്ഷികൾ ആയിരിക്കെ തിരുനബി ചെയ്തു കാണിക്കുന്നത് എന്നിങ്ങനെയാണവ.
പിന്നീടങ്ങോട്ട് ഹദീസുകൾ അറേബ്യൻ പ്രവിശ്യകളും മറികടന്ന് പ്രവഹിക്കുന്ന സുന്ദരമായ കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പരിശുദ്ധ ഇസ്‍ലാമിൻറെ ശ്ലാഘനീയ സന്ദേശങ്ങൾ ലോകത്തിൻറെ നാനാഭാഗത്ത് എത്തിക്കുന്നതിൽ അതുല്യ പങ്കുവഹിച്ച സ്വഹാബിമാരാണ് ഇതിന് നിദാനമായത്. ഈ കാലയളവിൽ നിലകൊണ്ട സാമൂഹിക സാഹചര്യങ്ങൾ ഹദീസുകൾ വ്യത്യസ്തമായി മനസ്സിലാക്കുന്നതിലും അവ സമാഹരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ചില സുപ്രധാന സാമൂഹിക സാഹചര്യങ്ങൾ പരിചയപ്പെടുത്തുന്നത് ഉചിതമായിരിക്കും.
ഇസ്‍ലാമിന് മുമ്പുള്ള അറേബ്യൻ സമൂഹം
ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളായിരുന്നു അന്നത്തെ അറബ് സമൂഹത്തിന്റെ സുപ്രധാന വിശേഷം. നിരന്തരമായ സംഘട്ടനങ്ങൾ അവർക്കിടയിലെ ബന്ധങ്ങളെ സാരമായി ബാധിച്ചു. സാമൂഹിക ശക്തിയും അധികാരമോഹവും ആയിരുന്നു ഓരോ ഗോത്രക്കാരുടെയും മനസ്സിലിരുപ്പ്. അന്നത്തെ അറേബ്യൻ ഭൂഖണ്ഡത്തിലെ പ്രധാന കൈകർത്താക്കൾ ഖഹ്താനികൾ, അദ്നാനികൾ എന്നീ രണ്ട് കക്ഷികൾ ആയിരുന്നു. ജനങ്ങൾക്കിടയിൽ വളരെ നഗരവാസികളായി അധപതിച്ച വരും കുലങ്ങളായി ചേരിതിരിഞ്ഞ വരും ഉണ്ടായിരുന്നു. പ്രത്യുതകുലങ്ങൾക്കിടയിലെ യുദ്ധ പരമ്പരകളും അക്കാലത്തെ പതിവ് സംഭവങ്ങൾ ആയിരുന്നു. ഇസ്‍ലാമിൻറെ വെള്ളിവെളിച്ചം അവിടം തളിരിട്ടടിക്കുന്നത് വരെ ഇതാണ് സ്ഥിതി.
വാമൊഴി കൈമാറ്റം (oral transmission):
എഴുത്തും വായനയും വശമില്ലാത്ത അറബികൾ ഒട്ടുമിക്ക വിജ്ഞാനങ്ങളും കാര്യങ്ങളും കൈമാറപ്പെട്ടിരുന്നത് വാമൊഴി മുഖേന ആയിരുന്നു. യഥാസ്ഥിതിയാണ് ഹദീസിന്റെ കാര്യവും. പ്രവാചകരോ അനുയായികളോ പറയുന്ന ഹദീസുകൾ സ്വഹാബികൾ ശ്രവിച്ച് അത് മനസ്സിൽ സൂക്ഷിച്ചു മറ്റൊരാൾക്ക് കൈമാറുന്ന രീതിയായിരുന്നു പതിവ്. ഹദീസ് പഠിക്കാനും അത് പ്രചരിപ്പിക്കാനും അവർ പുലർത്തിപ്പോന്നത് ഇത്തരം വാമൊഴി കൈമാറ്റ രീതി തന്നെയായിരുന്നു.
മക്ക-മദീന നഗരികളിലെ ജീവിതം:
തിരുനബിയുടെ ജീവിതത്തിൽ ഈ രണ്ടു പുണ്യനഗരികൾക്കുമുള്ള പങ്ക് അദമ്യമാണ്. മക്കയിൽ ജനിച്ചും പ്രബോധന പ്രക്രിയകൾ സമാരംഭിച്ചും മദീനയിലേക്ക് പലായനം ചെയ്തെത്തിയും ഒരു മുസ്‍ലിം സമൂഹത്തെ തരിതപ്പെടുത്തിയും അങ്ങനെ പോകുന്നു അതിൻറെ പോരിശകൾ. ഹദീസുകൾ മനസ്സിലാക്കുന്നതിലും അവ കൈമാറുന്നതിലും പ്രത്യുത നഗരികളുടെ സാമൂഹിക സാഹചര്യങ്ങളും പങ്കുകൊണ്ടിട്ടുണ്ട്.
വ്യത്യസ്ത സമൂഹങ്ങളുമായുള്ള ഇടപഴകൽ: തിരുനബിയുടെ ഹിജ്റ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന സംഭവമായിരുന്നു. ആ ചരിത്ര സാക്ഷ്യം തിരുനബിയുടെയും അനുയായികളുടെയും ജീവിതത്തിലും അവരുടെ സാമൂഹിക ജീവിതത്തിലും ഒരുപോലെ മാറ്റങ്ങൾക്ക് അവസരം ഉണ്ടാക്കി. അതുവരെയും മക്കയിലെ നിവാസികളുമായി മാത്രം ഇടപഴകിയിരുന്ന അവർ മദീനയിൽ ചെന്ന് മുസ്ലിംകളുമായും അമുസ്ലിംകളുമായും ക്രിസ്തീയ ജൂത വിഭാഗക്കാരുമായും പല അറബ് സമൂഹങ്ങളുമായും സംസാരിച്ചും ഇടകലർന്നും ജീവിതം നയിച്ചു. മദീനയിലെത്തിയ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം മുസ്ലിം രാഷ്ട്രം നിർമിച്ചു. സർവ്വാംഗീകൃത നേതാവായി. ഒരു മതകീയ നേതാവും സർവോപരി സാമൂഹിക നായകനുമായി മാറി. തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടുകളോടും സാമൂഹികാന്തരീക്ഷത്തോടും ഇണങ്ങി ചേർന്ന മുഹാജിറുകളെയും അൻസാരികളെയും കാണാം.
ഒരു പഠിതാവെന്ന നിലയിൽ ഒരു ഹദീസിനെ സമീപിക്കുമ്പോൾ അതിനു പിറകിലെ സാമൂഹിക സാഹചര്യങ്ങൾ കൂടി സ്വാംശീകരിക്കണമെന്നാണ് ഇത്രയും പറഞ്ഞതിന്റെ രത്നചുരുക്കം.
സ്വഹാബിമാരുടെ കാലത്തെ ഹദീസും അവയുടെ സാമൂഹിക അവസ്ഥയും
ഹദീസ് പുരോഗമനത്തിന്റെ രണ്ടാം ഘട്ടം ഹിജ്റ 11 മുതൽ ഹിജ്റ 40 വരെയുള്ള ഖുലഫാഉ റാഷിദീങ്ങളുടെ കാലഘട്ടമാണിത്. ഈ കാലയളവിനെ പണ്ഡിതന്മാർ ഹദീസ് കൈമാറുന്നത് കുറഞ്ഞകാലം എന്ന് വിശേഷിപ്പിക്കുന്നതായി കാണാം. അതിനു കാരണം എന്തെന്ന് പരിശോധിക്കുമ്പോൾ കണ്ടെത്താൻ സാധിച്ചത് ഖലീഫമാരുടെ കാലത്ത് പ്രധാനമായും ഖുർആൻ ക്രോഡീകരണത്തിനും അത് സംരക്ഷിക്കുന്നതിനും ആണ് സ്വഹാബിമാരുടെ ശ്രമം കൂടുതലും. ഹദീസുകൾ കൈമാറി പോയിരുന്നെങ്കിൽ താരതമ്യേനെ നന്ദേ കുറവായിരുന്നു. ഈ കാലത്തെ ചില സാമൂഹിക സാഹചര്യ സംഭവങ്ങൾ കൂടി ചേർക്കുന്നത് നല്ല കാര്യമായി ബോധ്യപ്പെടുന്നു.
പൂർവ്വകാല മുസ്ലിം സമുദായം: ഇസ്ലാം രൂപീകരിച്ചതിനു ശേഷം മുസ്ലിം സമുദായം പുരോഗതിയുടെ പ്രാരംഭ ഘട്ടത്തിൽ എത്തിയിരുന്നു. പൂർവ്വകാല മുസ്ലിം സമുദായം വിവിധ ഗോത്രങ്ങളുടെയും സാംസ്കാരിക ചുറ്റുപാടുകളുടെയും സാകല്യമായിരുന്നു. ഇതിൻറെ അനന്തരഫലം എന്നോണം ഹദീസ് പുരോഗമനം എപ്പോഴാണ് ഉണ്ടായതെന്നതിൽ പണ്ഡിതന്മാർ ഒത്തുതീർപ്പിലെത്താത്തതായി കാണാം. എന്നിരുന്നാലും പണ്ഡിതന്മാർ അവരുടെ ശ്രമഫലം എന്നോണം അത് പ്രവാചക കാലത്തായിരുന്നു അതല്ല സ്വഹാബികളുടെ കാലത്തായിരുന്നു അതുമല്ല താബിഉകളുടെയും അവർക്ക് ശേഷം വന്നവരുടെയും കാലങ്ങളിലായിരുന്നു എന്നൊക്കെ അഭിപ്രായപ്പെടുന്നത് കാണാം.
വാമൊഴി കൈമാറ്റത്തിന്റെ പ്രാധാന്യത: തിരുനബി ജല്പിക്കുന്ന മൊഴിമുത്തുകൾ അതേപടി ഹൃദ്യമാക്കിയ അനുയായികൾ അവ മുസ്ലിം സമൂഹത്തിന് പകർന്നു കൊടുക്കുന്ന സുവിശേഷ രീതി വളരെ പ്രധാനപ്പെട്ടതായി മാറി. പിന്നീട് കൈമാറപ്പെടുന്ന ഹദീസുകൾ സ്വീകരിക്കപ്പെടാനും മറ്റും ഈ രീതി അഭിവാജ്യമായി മാറി.
മദീന ഒരു കേന്ദ്രമായി വളരുന്നു: ഹിജ്റ എന്ന ചരിത്ര സാക്ഷ്യത്തിനുശേഷം മദീന എന്ന പുണ്യനഗരി ഇസ്ലാമിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കേന്ദ്രമായി മാറി. പലായനം ചെയ്തു വന്ന സ്വഹാബികൾ മദീന നിവാസികളോടും ഗോത്ര കുടുംബങ്ങളോടും ക്രിസ്തീയ വിഭാഗക്കാരോടും ഇടകലർന്നതു കാരണത്താൽ ഹദീസ് ക്രോഡീകരിക്കുന്നതിന് പലവിധ പരിവർത്തനങ്ങൾ നടക്കുകയുണ്ടായി.
യുദ്ധത്തിലും സമാധാന നടപടിയിലും ഉള്ള സ്വഹാബിമാരുടെ സാന്നിധ്യം: സ്വഹാബിമാർ അവരുടെ കാലത്ത് യുദ്ധങ്ങളിലും സമാധാന നടപടികളിലും സർവ്വതാ സമർപ്പിച്ചിരുന്നുവെന്ന് ചരിത്രത്താളുകൾ സാക്ഷിയാണ്. ഇത് മൂലം സൈനിക സന്നാഹ സഖ്യങ്ങളും നിയമാവലികളും മുസ്ലിംകളും മറ്റു വിഭാഗങ്ങൾക്കുമിടയിലെ ബന്ധങ്ങളും ഇവയൊക്കെ അടങ്ങിയ ഒരു നവ സാഹചര്യ പരിവേഷം ഹദീസ് മേഖലയിൽ നിലവിൽ വന്നു. യുദ്ധാടിസ്ഥാന വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഹദീസുകൾ ശേഖരിക്കുന്ന ഇബ്നു മസ്ഊദ് റളിയള്ളാഹു അന്ഹുവിനെ പോലുള്ളവരെ സ്വഹാബികളിൽ കാണാൻ കഴിയും.
പൊതുജീവിതം: പ്രവാചക അനുചരർ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മതകീയ തലങ്ങളടങ്ങിയ പൊതുജീവിതം നയിച്ചവരായി കാണാം. ഇത്തരം ജീവിതപശ്ചാത്തലങ്ങൾ ഹദീസുകളെ മനസ്സിലാക്കുന്നതിലും അവ ശേഖരിക്കുന്നതിനുള്ള അവരുടെ വീക്ഷണത്തിൽ നിഴലിക്കുന്നതായും കാണാം.
താബിഉകളുടെ കാലത്തെ ഹദീസ്
ഹദീസ് ക്രോഡീകരണകാലം എന്നാണ് ഈ കാലയളവിനെ പണ്ഡിതർ വിശേഷിപ്പിച്ചത്. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഭരിച്ചിരുന്ന ഉമർ ബിൻ അബ്ദുൽ അസീസിന്റെ കാലത്താണ് ഗൗരവത്തോടെ ക്രോഡീകരിക്കാൻ തുടങ്ങിയിരുന്നത് എന്ന പണ്ഡിത പ്രബലം ഒരു ഭാഗത്ത് നിൽക്കുന്നുണ്ടെങ്കിലും ഇമാം ബുൾഖൈനിയുടെ "തഖ് യീദുൽ ഇൽമ്" എന്ന ഗ്രന്ഥത്തിൽ പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ കാലത്ത് തന്നെ ചില സ്വഹാബികൾക്ക് ഹദീസുകൾ ശേഖരിച്ചു കൊണ്ടുള്ള അവരുടേതായ ഏടുകൾ ഉണ്ടായിരുന്നു എന്ന് കാണാം.
താബിഉകളുടെ കാലത്ത് മക്ക മദീന കൂഫ ബസറ തുടങ്ങിയ നഗരികൾ ഒക്കെ വൈജ്ഞാനിക കേന്ദ്രങ്ങളും മുസ്ലിം സാമൂഹിക സംസ്കാരത്തിന്റെ ഈറ്റില്ലവും പോറ്റില്ലമായിരുന്നു. അവിടങ്ങളിലെ സാമൂഹിക അന്തരീക്ഷവും ഹദീസ് മേഖലകളിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.
സ്വഹാബിമാരിൽ നിന്ന് താബിഉബുകൾ ഹദീസിനെ സ്വീകരിച്ചിരുന്നത് വിവിധ രീതികളിൽ ആയിരുന്നു. അവരിൽ കേട്ട് മനപ്പാഠമാക്കിയ വരും കേട്ട മാത്രയിൽ അവ രേഖപ്പെടുത്തി വെച്ചവരും സ്വഹാബിമാർ ചെയ്തുപോന്നിരുന്ന കർമ്മങ്ങളിൽ നിന്ന് മനസ്സിലാക്കി എടുത്തവരും അങ്ങനെ എല്ലാമുണ്ട്. പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമയിൽ നിന്നും അനുചരർ കൈപ്പറ്റിയിരുന്ന രീതിയോട് സാമ്യതയുള്ളതായിരുന്നു മിക്കതും.
താബിഉകളുടെ കാലത്ത് ഹദീസ് മേഖലയിൽ സവിശേഷമായ സമീപന രീതി രൂപാന്തരപ്പെട്ടു. സ്വീകാര്യമാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ ഹദീസുകളെ നിരൂപിക്കുന്ന രീതിയായിരുന്നു അത്. ഇസ്‍ലാമിലെ നിയമങ്ങൾ സാധൂകരിക്കപ്പെടുന്ന കർമ്മ ശാസ്ത്രം ഔദ്യോഗികമായി നിലവിൽ വന്നതും പ്രസിദ്ധമായ നാല് കർമ്മശാസ്ത്ര മദ്ഹബുകൾക്ക് രൂപം കൊള്ളുന്നതും ഈ കാലയളവിൽ ആണല്ലോ. ഓരോ മദ്ഹബുകളിലെ ആത്മജ്ഞാനികൾ തങ്ങൾക്കനുസരിച്ച് ഹദീസുകളെ സ്വാംശീകരിക്കാനും തുടങ്ങി. ഹദീസുകൾക്ക് ആഖ്യാനങ്ങളും വിശദീകരണങ്ങളും എഴുതിത്തുടങ്ങിയതും ഈ കാലത്ത് തന്നെ. പിന്നീട് ഹദീസ് മേഖലകളിൽ ഉണ്ടായ പരിവർത്തനങ്ങൾക്ക് ചാലകശക്തി ആയത് ഈ കാലം ആയിരുന്നു.
ഹദീസുകളെ സമീപിക്കുമ്പോൾ അവയുടെ ഭാഷ തലങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നതിനപ്പുറം സാന്ദർഭികമായ അർത്ഥതലങ്ങൾ കൂടി ഗൗനിക്കണമെന്ന് തിരിച്ചറിവ് അനിവാര്യമാണെന്ന് ഇത്രയും പറഞ്ഞതിൽ നിന്നും മനസ്സിലാക്കാൻ കഴിയും. തിരുനബിയുടെ ജനത എന്ന നിലയിൽ സാമൂഹിക ജീവിതത്തിൻറെ പശ്ചാത്തലത്തിൽ ഹദീസുകൾ നടപ്പിലാക്കുന്നതിന്റെ ലക്ഷ്യം പരസ്പരം ബഹുമാനത്തോടെയും സഹായത്തോടെയും കൂടുതൽ ദിശാബോധമുള്ളവർ ആയിരിക്കുക എന്നതാണ്. ആധുനികയുഗത്തിൽ കൂടുതൽ വികസിച്ചുകൊണ്ടിരിക്കുന്ന ജീവിത പശ്ചാത്തലം മനുഷ്യരെ കൂടുതൽ സാമൂഹികവൽക്കരിക്കുന്ന ദൗത്യം നിർവഹിക്കുന്നതിൽ ഹദീസ് പോലത്തെ ഇസ്ലാമിക അധ്യാപനങ്ങളുടെ പങ്ക് നിസ്തുലമാണ്.



Leave A Comment