പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്‍ലിയാര്‍ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും അനേകം മഹല്ലുകളുടെ ഖാളിയും കേരളത്തിലെ ഇസ്‌ലാമിക മതപണ്ഡിത സമൂഹത്തിന്റെ നെടുംതൂണുമായിരുന്ന ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു. അല്‍പകാലമായി വാര്‍ദ്ധക്യസഹജമായ അവശതകളാല്‍ ബാധിതനായിരുന്നു അദ്ദേഹം. 

പ്രവർത്തന മേഖലകളും നേതൃപാടവവും 
നീണ്ട ദശാബ്ദങ്ങളായി കേരളത്തിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്തും സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും സമാനതകളില്ലാത്ത സേവനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ സംഘടനയെയും സമുദായത്തെയും ശരിയായ ദിശയിൽ നയിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. പെരിന്തൽമണ്ണ ജാമിഅ നൂരിയ അറബിക് കോളേജിന്റെ പ്രിൻസിപ്പലായും (ശൈഖുൽ ജാമിഅ) സേവനമനുഷ്ഠിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വെളിച്ചം പകർന്നു നൽകി.
സമസ്ത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്, വിവിധ അറബിക് കോളേജുകളുടെയും സ്ഥാപനങ്ങളുടെയും നേതൃസ്ഥാനം എന്നിവയിലൂടെ കേരളത്തിലെ മദ്റസ പ്രസ്ഥാനത്തെയും ഉന്നത വിദ്യാഭ്യാസ സംരംഭങ്ങളെയും ശക്തിപ്പെടുത്തുന്നതിൽ മുൻനിരയിൽ നിന്നു. 2003 മുതൽ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായും, തുടർന്ന് 2006 മുതൽ 2009 വരെ ഇന്ത്യ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ച് ലക്ഷക്കണക്കിന് തീർത്ഥാത്തകർക്ക് ആശ്വാസകരമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് അംഗം, മുസ്ലിം വേൾഡ് ലീഗിലെ ഇസ്‌ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗം എന്നീ നിലകളിൽ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ ശബ്ദം ദേശീയ-അന്തർദേശീയ വേദികളിൽ ശക്തമായി പ്രതിധ്വനിപ്പിച്ചു. കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയായും അദ്ദേഹം സേവനം ചെയ്തു.

'സുപ്രഭാതം' ദിനപത്രത്തിന്റെ ചെയർമാനായും വിവിധ സുന്നി പ്രസിദ്ധീകരണങ്ങളുടെ മുഖ്യപത്രാധിപരായും പ്രവർത്തിച്ച് മാധ്യമ സാംസ്കാരിക രംഗത്തും മായാത്ത മുദ്ര പതിപ്പിച്ചു. അനാഥകളുടെയും നിരാലംബരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഓർഫനേജ് കോർഡിനേഷൻ കമ്മിറ്റിയുടെ ഭാരവാഹിയായും സജീവമായിരുന്നു.ആശയശുദ്ധിയും വിനയവും മുഖമുദ്രയാക്കിയ ആ ഉത്തമ പണ്ഡിതന്റെ വിയോഗം കേരളീയ മുസ്‌ലിം ചരിത്രത്തിലെ ഒരു വലിയ അധ്യായത്തിന്റെ വിരാമമാണ്. അദ്ദേഹത്തിന്റെ സേവനങ്ങൾ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും. 

കുടുംബങ്ങളുടെ കാഴ്ചക്ക് ശേഷം തിരൂർക്കാട് അൻവാറുൽ ഇസ്‌ലാം കോളേജില്‍ പൊതുദർശനത്തിന് വെക്കുമെന്നും നാളെ രാവിലെ 10 മണിക്ക് മയ്യിത്ത് നിസ്‌കാരവും ഖബ്റടക്കവും നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അല്ലാഹു അദ്ദേഹത്തിന്റെ കർമ്മങ്ങൾ സ്വീകരിച്ച് ജന്നത്തുൽ ഫിർദൗസിൽ ഉയർന്ന പദവി നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter