ഇഖ്റഅ് 15- ഋതുക്കള്‍ മാറിവരുമ്പോഴും മറിയുന്നത് താളുകളാണ്
സൃഷ്ടിച്ച നാഥന്റെ നാമത്തില്‍..
ഇരുട്ടും പ്രകാശവും (സമമാകയില്ല), തണലും കഠിനചൂടുള്ള വെയിലും (സമമാവുകയില്ല), ജീവിച്ചിരിക്കുന്നവരും മരണമടഞ്ഞവരും സമമാവുകയില്ല. നിശ്ചയമായും അല്ലാഹു ഉദ്ദേശിച്ചവരെ അവന്‍ കേള്‍പിക്കുന്നു. (സൂറതു ഫാത്വിര്‍ 20-22)
മാറിമാറി വരുന്ന ഋതുക്കള്‍ എന്നും ഭൂമിയുടെ സൌന്ദര്യമാണ്. പൂക്കള്‍ നിറഞ്ഞ് നില്ക്കുന്ന വസന്തവും ഇലകളെല്ലാം കൊഴിഞ്ഞ് ഒറ്റത്തടിയായി മരങ്ങള്‍ ബാക്കിയാവുന്ന ഹേമന്തവും ഒരു പോലെ ആസ്വാദ്യമാണ്. അല്പം ചൂടിനായി പരതി നടക്കുന്ന ശൈത്യകാലവും തണലിന്റെ ഒരു കണികയെങ്കിലും ലഭിച്ചെങ്കിലെന്ന് ആഗ്രഹിച്ചുപോവുന്ന ഉഷ്ണകാലവുമെല്ലാം ഭൂമിയുടെ സൌന്ദര്യങ്ങളും സൌരഭ്യങ്ങളുമാണ്.
കേവലം കാലാവസ്ഥാ മാറ്റങ്ങളെന്നതിനേക്കാളേറെ, ഭൂമിയുടെ സന്തുലിതമായ നിലനില്‍പ്പിലും ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിലും മനുഷ്യശരീരത്തിന്റെ വിവിധ ധര്‍മ്മനിര്‍വ്വഹണത്തില്‍ വരെ, മാറിമാറി വരുന്ന വിവിധ കാലാവസ്ഥകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
പഴങ്ങളും ഫലങ്ങളും പാകമാവുന്നത് ചൂട് കാലത്താണ്. ഈത്തപ്പഴം പോലോത്ത പല പഴങ്ങള്‍ക്കും പഴുത്ത് പാകമാവാന്‍ ശക്തമായ ചൂട് ആവശ്യമാണ്. പല ജീവജാലങ്ങള്‍ക്കും തണുപ്പ് പോലെത്തന്നെ വര്‍ഷത്തില്‍ ഏതാനും മാസങ്ങള്‍ ചൂടും ആവശ്യം തന്നെ. വര്‍ഷത്തിലെ ഭൂരിഭാഗ ദിനങ്ങളിലും മഞ്ഞ് മൂടിക്കിടക്കുന്ന ധ്രുവപ്രദേശങ്ങളില്‍ ജീവികളുടെ ആവാസം സാധ്യമാക്കുന്നത്, ഏതാനും ദിവസങ്ങളില്‍ പതിക്കുന്ന ചൂടും അതിലൂടെയുണ്ടാവുന്ന മഞ്ഞുരുക്കവുമെല്ലാമാണ്.
തണുപ്പിനുമുണ്ട് ആവാസ വ്യവസ്ഥയില്‍ അതിന്റേതായ ധര്‍മ്മങ്ങള്‍. പല ജീവികള്‍ക്കും ചൂട് സഹിക്കുന്നത് വളരെ പ്രയാസകരമാണ്. ചൂട് കാലത്ത് പരമാവധി ഒതുങ്ങിക്കഴിയുന്ന ഇവര്‍ ഈ സമയത്തേക്കാവശ്യമായത് ശേഖരിക്കുന്നത് തണുപ്പ് കാലത്താണ്.
Read More: റമളാൻ ഡ്രൈവ്- നവൈതു 15
മറ്റു ഋതുക്കള്‍ക്കുമുണ്ട് അവയുടേതായ പങ്കുകളും കര്‍ത്തവ്യങ്ങളും. ഇലകളെല്ലാം പൊഴിച്ച് നില്ക്കുന്നത്, ശിഷ്ട ജീവിതത്തിനും വരും ദിനങ്ങളില്‍ കായ്ക്കാനും പൂക്കാനുമെല്ലാം ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും അത്യാവശ്യമാണ്.
മനുഷ്യശരീരത്തിനുമുണ്ട് ഋതു ഭേദങ്ങള്‍ സമ്മാനിക്കുന്ന ഒരു പിടി ഗുണങ്ങളും നേട്ടങ്ങളും. തണുപ്പും ചൂടുമെല്ലാം സഹിക്കാനും വഹിക്കാനുമുള്ള പക്വതയിലാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. ഭൂമിയിലെ ജീവിതം സുഗമമായി മുന്നോട്ട് പോവാന്‍ ആവശ്യമായ പല ഘടകങ്ങളും ഇവയില്‍ നിന്നെല്ലാം മനുഷ്യശരീരത്തിന് ആവാഹിക്കാനുണ്ട്. ഓരോ പ്രദേശത്തും ജീവിക്കുന്നവരുടെ ശരീരങ്ങള്‍ക്ക് അനുഗുണമാവുന്ന വിധമാണ് അവിടത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നത്. അല്‍പം പോലും ചൂടേല്ക്കാതെ സുഖശീതളിമയില്‍ മാത്രം കഴിയുന്നത്, ചൂടുള്ള നാടുകളില്‍ ജീവിക്കുന്നവരുടെ ജീവന് പോലും ഭീഷണിയായേക്കാം എന്ന് പഠനങ്ങള്‍ പറയുന്നതും അത് കൊണ്ട് തന്നെ.
ചുരുക്കത്തില്‍ ഋതുഭേദങ്ങളും പ്രപഞ്ചനാഥന്റെ സൃഷ്ടി വിലാസങ്ങളുടെ പ്രകടമായ ദൃഷ്ടാന്തങ്ങള്‍ തന്നെ. നാഥാ, നീയെത്ര പരിശുദ്ധന്‍.
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...
Leave A Comment