ഇസ്ലാമും സ്വവർഗ ലൈംഗികതയും: സ്കോട്ട് കുഗ്ള്‍ വാദങ്ങളിലെ വൈരുദ്ധ്യങ്ങൾ
ഇസ്ലാമിക പാരമ്പര്യങ്ങളിൽ നിന്ന് സ്വവർഗലൈംഗികവാദത്തിൻറെ ന്യായീകരണങ്ങൾ കണ്ടെത്താൻ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും നിരന്തരം അതുസംബന്ധമായ ജ്ഞാനോത്പാദന പദ്ധതിയുമായി മുന്നോട്ട് പോയ ഏക വ്യക്തി സിറാജുൽ ഹഖ് സ്കോട്ട് കൂഗ്ൾ ആണെന്ന് പറയാവുന്നതാണ്. അതിനാൽ, അദ്ദേഹത്തിൻറെ വാദങ്ങളിലെ പ്രശ്നങ്ങൾ പരിശോധിക്കുന്നത് സ്വവർഗരതിക്കാരുടെ പദ്ധതികളെ സമീപിക്കുന്ന അവസരത്തിൽ ഏറെ നിർണായകമാണ്.
2003 ൽ ഒമിദ് സാഫി എഡിറ്റ് പുറത്തിറക്കിയ Progressive Muslims: On Justice, Gender, and Pluralism എന്ന പഠനസമാഹാരത്തിലാണ് സ്കോട്ട് കൂഗ്ളിൻറെ പ്രഥമലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. Sexuality, Diversity, and Ethics in the Agenda of Progressive Muslims എന്ന തലക്കെട്ടിലുള്ള ഈ ലേഖനത്തിൽ അദ്ദേഹം ഇസ്ലാമിനകത്തെ ബഹുസ്വരതയെ ഉയർത്തിക്കാണിക്കുകയും അതടിസ്ഥാനത്തിൽ ഹോമോസെക്ഷ്വലുകളെ കൂടി ഉൾക്കൊള്ളുന്ന ലൈംഗികമായ ബഹുസ്വരതക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് 2010 ലാണ് ലൈംഗികതയുടെ കാര്യത്തിൽ നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന ജ്ഞാനപാരമ്പര്യത്തെ തള്ളിക്കളയുന്ന തിരുത്തൽ വാദവുമായി Homosexuality in Islam: Critical Reflection on Gay, Lesbian, and Transgender Muslims എന്ന അഞ്ഞൂറോളം പേജുള്ള തൻറെ പഠനം പുറത്തിറക്കുന്നത്. ഖുർആൻ, ഹദീസ് അവയിൽ ലൂത്ത് നബിയുടെ സമുദായത്തെ സംബന്ധിച്ച് വന്ന ആഖ്യാനങ്ങൾ, ലൂത്ത് നബിയുടെ സമുദായം ചെയ്തതുപോലെയുള്ള ലൈംഗികപ്രവർത്തികളിൽ ഏർപ്പെടുന്നവരെ അപലപിച്ചു കൊണ്ടുള്ള ഹദീസുകളുടെ വിമർശനം തുടങ്ങിയവയാണ് ഈ പുസ്തകത്തിൻറെ ഉള്ളടക്കം.
വ്യാഖ്യാനശാസ്ത്രപരമായ ന്യായങ്ങൾ
ഖുർആനിൻറെ വ്യാഖ്യാനശാസ്ത്രത്തിൽ ചില അവ്യക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടാണ് സ്കോട്ട് കൂഗ്ൾ തൻറെ ഹോമോ അനുകൂല വാദങ്ങൾ രൂപപ്പെടുത്താൻ ശ്രമിക്കുന്നത്. ഖുർആനിലെ ബഹുസ്വരതയാണ് സ്കോട്ട് കൂഗ്ൾ ഉയർത്തിപ്പിടിക്കുന്ന ഒരു പ്രധാന ആശയം. ഖുർആൻ ബഹുസ്വരതയെയും വൈവിധ്യത്തെയും ആഘോഷിക്കുന്ന ഗ്രന്ഥമാണെന്ന് നിരവധി സൂക്തങ്ങൾ ഉദ്ധരിച്ച് സ്ഥാപിക്കുകയും അതടിസ്ഥാനമാക്കി ലൈംഗികമായ ബഹുസ്വരതയെ കൂടി അതിലേക്ക് ഉൾച്ചേർക്കുകയും അതിൻറെ ഭാഗമായി സ്വവർഗലൈംഗികത ഖുർആനിൽ സാധ്യമാണെന്ന് വ്യാഖ്യാനിക്കുകയുമാണ് കൂഗ്ൾ ചെയ്യുന്നത്. മാത്രമല്ല, ഹോമോലൈംഗികതയെ ന്യായീകരിക്കാനായി ബഹുസ്വരതയെ ഉപയോഗപ്പെടുത്തുന്ന കൂഗ്ൾ അതേ യുക്തി പ്രകാരം ഖുർആനിൽ ഉഭയലൈംഗികത (Bisexuality) യുടെ സാധ്യത കാണുന്നില്ലെന്നും, അതെന്തു കൊണ്ടാണെന്ന് വിശദീകരിക്കാൻ തയ്യാറാകുന്നില്ലെന്നും വിമശിക്കപ്പെട്ടിട്ടുണ്ട്.
ഒരു പാഠം വായിക്കുമ്പോൾ അടിസ്ഥാനപരമായ നിയമം ആ പാഠത്തെ അതിൻറെ തന്നെ പരാമർശങ്ങളുടെ വെളിച്ചത്തിൽ വായിക്കുക എന്നാണല്ലോ. മാത്രമല്ല, പാഠവും (Text) സന്ദർഭവും (Context) പരസ്പരം കണ്ണിചേർന്ന് നിൽക്കുന്നതിലാൽ പാഠത്തെ സന്ദർഭത്തിൻറെ വെളിച്ചത്തിൽ വായിക്കലാണ് അതിനോട് ചെയ്യുന്ന നീതി. ഈ നീതി പാലിക്കാതെ പാഠത്തെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്താണ് സ്കോട്ട് കൂഗ്ൾ ഖുർആൻ വായന നടത്തുന്നത്. ഉദാഹരണമായി, കൂഗ്ളിൻറെ തിരുത്തൽവാദപദ്ധതിയിലെ (interpretive revisionism) ഒരു പ്രധാന നിർദ്ദേശമെടുക്കാം. ഖുർആൻ അപലപിച്ചത് ലൂത്ത് നബിയുടെ സമുദായത്തിൻറെ ദുർനടപ്പുകളെ (ഫാഹിശ) പൊതുവെയാണ്, അല്ലാതെ, ആണുങ്ങളെ ലൈംഗികവികാരത്തോടെ സമീപിക്കുക എന്ന പ്രത്യേക കാര്യത്തെയല്ല എന്നാണ് അദ്ദേഹത്തിൻറെ വാദം.
ഇവിടെ ഫാഹിശ എന്ന ഖുർആനിൻറെ പ്രയോഗം ലൂത്ത് നബിയുടെ സമുദായക്കാർ അദ്ദേഹത്തോട് ചെയ്ത ധിക്കാരപൂർണ്ണമായ കാര്യങ്ങളെ പൊതുവെ ആണ് ഉദ്ദേശിക്കുന്നത് എന്ന വായനയാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. എന്നാൽ, ഖുർആനിൽ ഒമ്പത് വ്യത്യസ്ഥ സ്ഥലങ്ങളിൽ ലൂത്തീ ആഖ്യാനങ്ങൾ വന്നിട്ടുണ്ട് . അതിൽ സൂറത്തുൽ അഅ്റാഫിൽ 80-81 സൂക്തത്തിൽ അൽഫാഹിശ എന്ന പദം പ്രയോഗിച്ച തൊട്ടുശേഷം ‘തഅ്ത്തൂന രിജാല’ (നിങ്ങൾ ആണുങ്ങളെ സമീപിക്കുന്നു) എന്ന പ്രയോഗം കൂടി ഉണ്ട്. അതായത് ഖുർആൻ തന്നെ ഫാഹിശ എന്താണെന്ന് വിശദീകരിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഖുർആൻ ഫാഹിശ എന്ന് വിളിക്കുന്നതിനെ കേവലം അക്ഷരാർഥത്തിൽ വായിക്കണമെന്നും ‘തഅ്ത്തൂന രിജാല’ എന്ന ആശയം രൂപപ്പെടുത്തുന്ന സന്ദർഭത്തിനകത്ത് വായിക്കരുത് എന്നുമാണ് കൂഗ്ൾ ആവശ്യപ്പെടുന്നത്. അക്കാര്യത്തിൽ ആയിരം കൊല്ലത്തോളം ഈ സൂക്തങ്ങൾ വിശദീകരിച്ച നിയമജ്ഞർ, ഖുർആൻ വ്യഖ്യാതാക്കൾ എന്നിവർക്ക് തെറ്റുപറ്റിയതാണെന്നും അദ്ദേഹം വാദിക്കുന്നു. ഇങ്ങനെ ഖുർആനിലെ പാഠവും സന്ദർഭവും തമ്മിൽ വിശദീകരണമില്ലാത്ത വിധം വേർതിരിച്ച് കൊണ്ടാണ് സ്കോട്ട് കൂഗ്ളിൻറെ തിരുത്തൽ വായന മുന്നേറുന്നത്.
Also Read:സ്വവർഗ ലൈംഗികത: നിയമ സാധുതയുടെ രീതി ശാസ്ത്രം (ഭാഗം 1)
]പൊതുവെ, ‘ലൈംഗികമായ സ്വത്വം’ എന്ന സങ്കൽപത്തെ ഖുർആൻ പരാമർശിക്കുന്നില്ല എന്നതിനാൽ, ‘സ്വവർഗലൈംഗികത’ എന്ന സംവർഗത്തെ ഖുർആൻ പ്രത്യേകം എടുത്തു പറയുന്നില്ല എന്നതാണ് കൂഗ്ളിൻറെ മറ്റൊരു വാദം. അതിനാൽ സ്വവർഗലൈംഗികതയെ പ്രത്യേകം എടുത്തുപറഞ്ഞ് നിരാകരിക്കാത്തതിനാൽ അതിനെ വ്യാഖ്യാനങ്ങളിലൂടെ ഖുർആനിനകത്ത് പ്രതിഷ്ഠിക്കാനുള്ള സാധ്യത നിലനിൽക്കുന്നതായി കൂഗ്ൾ വിശ്വസിക്കുന്നു. എന്നാൽ, മുമ്പ് വിശദീകരിച്ച പോലെ ഖുർആൻ ലൈംഗികതയെ ഒരു പ്രത്യേക സ്വത്വത്തെ രൂപീകരിക്കുന്ന ഘടകമായി പരിഗണിക്കുന്നില്ല. മറിച്ച്, നഫ്സ് എന്ന സംവർഗത്തിനകത്ത് അനുവദനീയവും അല്ലാത്തതുമായ എല്ലാ ലൈംഗികതയെയും ഉൾപ്പെടുത്തുകയും അതിൽ നിന്ന് ഭാര്യ, അടിമസ്ത്രീ എന്നിവരോടുള്ള ലൈംഗികതയെ അനുവദിക്കുകയും മറ്റുള്ളവയെ മുഴുവൻ വ്യക്തമായി നിരാകരിക്കുകയുമാണ് ഖുർആൻ ചെയ്യുന്നത്. ഭാര്യമാർ അടിയാത്തികൾ എന്നിവരിൽ നിന്നൊഴികെ മറ്റെല്ലാവരിൽ നിന്നും ഗുഹ്യഭാഗങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നവരാണ് സത്യവിശ്വാസികൾ എന്ന് ഖുർആൻ ആഹ്വാനം ചെയ്യുന്നത് കാണാം. ഈ രണ്ടു വിഭാഗത്തോടല്ലാതെ ലൈംഗികത പ്രാവർത്തികമാക്കുന്നവർ പരിധിവിടുന്നവരാണ് എന്നും ഖുർആൻ പ്രഖ്യാപിക്കുന്നു (29-31). ഇവയിൽ ഭാര്യമാരിലൂടെ കുടുംബവ്യവസ്ഥയുടെ സംരക്ഷണവും, അതിലൂടെയുളള സുസ്ഥിരമായ സാമൂഹികരൂപീകരണവും ലക്ഷ്യമിടുന്നു. അടിമകളോട് ലൈംഗികബന്ധം അനുവദിക്കുന്നതിലൂടെ അടിമയുടെ ലൈംഗികസംതൃപതി, അടിമ പ്രസവിച്ച കുഞ്ഞിനെ സ്വതന്ത്രമായി വിടുക, കുഞ്ഞിനെ തുടർന്ന് അടിമസ്ത്രീയെയും സ്വതന്ത്രമാക്കുക, അങ്ങനെ ആ തലമുറയിൽ നിന്നു തന്നെ അടിമത്തം പിഴുതെറിയുക എന്നതും ഉന്നമിടുന്നു.
സ്വവർഗലൈംഗികത എന്ന പ്രയോഗം ഖുർആനിൽ ഇല്ല എന്നതു പോലെ തന്നെ കൂഗ്ൾ മുന്നോട്ടുവെക്കുന്ന അബദ്ധജടിലമായ മറ്റൊരു വാദമാണ് ഖുർആൻ ‘ലൂത്തി’ ‘ലിവാത്തി’ എന്നീ പദങ്ങൾ ഉപയോഗിക്കുന്നില്ല എന്നത്. ഖുർആൻ ഉപയോഗിക്കാതെ ഇസ്ലാമിക നിയമപുസ്തകങ്ങളിൾ അവ വ്യാപകമായത് എന്തുകൊണ്ടെന്ന് കൂഗ്ൾ പ്രതിഷേധിക്കുന്നുണ്ട്. പക്ഷെ, ഈ യുക്തിപ്രകാരം നോക്കിയാൽ ഖുർആനിൽ ബലാൽസംഗം, സമ്മതം, വിസമ്മതം തുടങ്ങിയ വാക്കുകളും ഇല്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, കൂഗ്ളിൻറെ വാദത്തിൻറെ യുക്തി പ്രകാരം പിൽക്കാലത്ത് ഇസ്ലാമിക നിയമജ്ഞർ വിശകലനോപാധിയായി വികസിപ്പിച്ചെടുത്ത സുന്ന, ഹദീസ്, ഫിഖ്ഹ്, തുടങ്ങിയ പല സംവർഗങ്ങളും ഖുർആനിലില്ല എന്ന യാഥാർഥ്യത്തെ കൂഗ്ൾ അവഗണിക്കുന്നതായി മുബീൻ വൈദ് ചൂണ്ടിക്കാണിക്കുന്നു.
സ്വവർഗരതിയുടെ ശിക്ഷ വ്യക്തമായി ഖുർആനിൽ പറയുന്നില്ല എന്നതാണ് ഹോമോവിഭാഗങ്ങളെ ന്യായീകരിക്കാൻ കൂഗ്ളിനെ പ്രേരിപ്പിക്കുന്ന മറ്റൊരു ന്യായം. എന്നാൽ, സ്വവർഗരതിയുടെ മാത്രമല്ല, മൃഗരതി, ശവരതി, ബലാൽസംഗം തുടങ്ങിയവയുടെ ശിക്ഷകളൊന്നും ഖുർആൻ പ്രത്യേകം പരാമർശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതായത്, ലൈംഗികതയുമായി ബന്ധപ്പെട്ട ഖുർആനികമായ സംവർഗങ്ങളുപയോഗിച്ച് ലൈംഗികതയെ മനസ്സിലാക്കാൻ ശ്രമിക്കാതെ ആധുനിക ലൈംഗികസംവർഗങ്ങളെ ഖുർആനിൽ ആരോപിക്കുന്ന തീർത്തും ജനാധിപത്യവിരുദ്ധമായ നിലപാടാണ് കൂഗ്ൾ സ്വീകരിക്കുന്നത്.
ലൂത്ത് നബിയുടെ ആണുങ്ങളായ അതിഥികളെ ഭോഗിക്കാൻ വന്നവർക്ക് സ്വന്തം ഭാര്യമാരുണ്ടായിരുന്നുവെന്നും അവരോട് ലൈംഗികവഞ്ചന (Sexual Infidelity) കാണിച്ചതിൻറെ പേരിലാണ് ലൂത്ത് നബി അവരെ അപലപിച്ചത്, അല്ലാതെ ആണുങ്ങളുടെ അടുത്തേക്ക് വന്നു എന്ന പ്രത്യേക വിഷയം പരിഗണിച്ചല്ല എന്നതാണ് കൂഗ്ളിൻറെ Homosexuality in Islam എന്ന പുസ്തകത്തിലെ മറ്റൊരു വാദം. ലൂത്ത് നബി അപലപിച്ചത് സ്വവർഗഭോഗമായിരുന്നില്ല, മറിച്ച് തങ്ങളുടെ ഭാര്യമാരുടെ അടുത്തേക്ക് മാത്രമേ പോകാവൂ എന്ന കൽപന അവഗണിച്ചതിനെയാണ് എന്ന് കൂഗ്ൾ വിശദീകരിക്കുന്നു. സൂറത്ത് ശുഅറാഇലെ “നിങ്ങളുടെ നാഥൻ നിങ്ങൾക്കായി സൃഷ്ടിച്ച ഇണകളെ നിങ്ങൾ വർജ്ജിക്കുകയാണോ” (വതദറൂന മാ ഖലഖ ലകും റബ്ബുക്കും മിൻ അസ് വാജിക്കും) എന്ന പ്രയോഗമാണ് ഇതിൻറെ തെളിവായി അദ്ദേഹം മുന്നോട്ട് വെക്കുന്നത്. എന്നാൽ, ഭാര്യമാരുടെ അടുത്തേക്ക് പോകാതിരുന്നതാണ് പ്രശ്നമെങ്കിൽ അക്കാര്യം ലൂത്ത് നബി തൻറെ കൽപ്പനയിൽ അവരെ പ്രത്യേകം നിർദ്ദേശിക്കണമായിരുന്നു. എന്നാൽ, ആണുങ്ങളായ അതിഥികൾക്കു പകരം ‘തൻറെ പെൺമക്കളെ സമീപിക്കൂ’ (തൻറെ പെൺമക്കൾ എന്നതിൻറെ വിവക്ഷ തൻറെ നാട്ടിലെ പെൺകുട്ടികൾ ആണെന്ന് ഭൂരിഭാഗം മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്) എന്ന പൊതുവായ നിർദ്ദേശം ബദലായി നിർദ്ദേശിക്കുകയാണ് ലൂത്ത് നബി ചെയ്തത്.
ഖുർആനിലെ ലൂത്തീ ആഖ്യാനങ്ങളുമായി ബന്ധപ്പെട്ട് ഹോമോ കേന്ദ്രീകൃതമായ വ്യാഖ്യാനപദ്ധതിയിൽ ഏർപ്പെടുന്നതിനിടെ കൂഗ്ളിൻറെ രചനകൾ തന്നെ പരസ്പര വിരുദ്ധമായി നിൽക്കുന്നതു കാണാം. ഉദാഹരണമായി, Sexuality: Diversity Ethics എന്ന ലേഖനത്തിൽ തൻറെ ആണുങ്ങളായ അതിഥികൾ ബലാൽസംഗം ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയും അവരുടെ അഭിമാനം സംരക്ഷിക്കാൻ വേണ്ടിയും ലൂത്ത് നബി സ്വന്തം പെൺകുട്ടികളെ സമർപ്പിക്കുകയായിരുന്നു ചെയ്തതെന്ന് കൂഗ്ൾ വാദിക്കുന്നു. അതിഥികളെ അവമതിക്കുക എന്ന ലക്ഷ്യത്തോടെ അവരെ സമീപിക്കുന്നതായിരുന്നു നബി വിലക്കിയത്, അല്ലാതെ സ്വവർഗലൈംഗികത പൊതുവെ എതിർക്കുയായിരുന്നില്ല എന്ന തീർപ്പിലെത്തുകയും ചെയ്യുന്നു. പക്ഷെ, ഈ തീർപ്പിൽ നിന്നും കൂഗ്ൾ പിന്നീട് മലക്കം മറിയുന്നുണ്ട്. അതായത്, ഒരു പ്രവാചകൻ തൻറെ പെൺമക്കളെ ബലാൽക്കാരത്തിന് വിട്ടുകൊടുക്കുമോ എന്ന സന്ദേഹം ഉന്നയിക്കുകയും, ലൂത്ത് നബി ഒരു ആക്ഷേപഹാസ്യപരമായ താരതമ്യം നടത്തിയതായിരുന്നു എന്നും പെൺമക്കളെ നിർദ്ദേശിക്കുകയായിരുന്നില്ല എന്നും പുതിയൊരു വിശദീകരണമാണ് Homosexuality in Islam എന്ന പുസ്തകത്തിൽ അദ്ദേഹം നൽകുന്നത്.
ഖസസ് സാഹിത്യങ്ങൾ
ഖുർആനിലെ വ്യാഖ്യാനശാസ്ത്രം ഹദീസിൻറെ നിദാനശാസ്ത്രം തുടങ്ങിയ മേഖലകളിൽ തിരുത്തലുകൾ ആവശ്യപ്പെട്ട ശേഷം, സ്വവർഗ ലൈംഗികസ്വത്വം ഇസ്ലാമിക പാരമ്പര്യത്തിനകത്ത് സ്ഥാപിച്ചെടുക്കാൻ വേണ്ടി സ്കോട്ട് കൂഗ്ൾ ഖസസ് സാഹിത്യങ്ങളിലേക്ക് തിരിയുകയാണ് ചെയ്യുന്നത്. ഖസസ് /സീറ എന്നീ ആഖ്യാനപാരമ്പര്യങ്ങളിലൂടെ ഇസ്ലാമിക മൂല്യങ്ങളും ചരിത്രവും നിലനിൽക്കുകയും കൈമാറ്റപ്പെടുകയും ചെയ്തിട്ടുണ്ട് എന്നത് യാഥാർഥ്യം തന്നെയാണ്. എന്നാൽ അവക്ക് ഖുർആൻ, ഹദീസ് എന്നിവയുടെ ആധികാരികത മറികടക്കാൻ സാധിച്ചിട്ടില്ല. ഖസസ് സാഹിത്യങ്ങൾ ആളുകളെ ധാർമികമായി പ്രചോദിപ്പിക്കാനും, ഗുണപാഠകഥകൾ പ്രചരിപ്പിക്കാനും, യുദ്ധങ്ങളിൽ ആവേശം നൽകാനുമൊക്കെ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ, ആഖ്യാനങ്ങൾ കൈമാറ്റം ചെയ്യുന്ന ഓരോ വ്യക്തിയുടെയും സത്യസന്ധത, വിശ്വാസ്യത, സൂക്ഷ്മത എന്നിവ അടിസ്ഥാനമാക്കി കണ്ണിമുറിയാത്ത സനദുകൾ ഉപയോഗിച്ചുള്ള കണിശമായ രീതിശാസ്ത്രത്തിലൂടെ അരിച്ചെടുത്തായിരുന്നു ഹദീസുകൾ ചരിത്രത്തിൽ ആധികാരിക കൈവരിച്ചത്. ഈ ഗുണമേന്മ സ്വാഭാവികമായും ഖസസ് സാഹിത്യങ്ങൾക്ക് ഉണ്ടായിരുന്നില്ല. കാരണം, ആധികാരികതയേക്കാൾ നാടകീയതയാണ് ഖസസുകളുടെ ഘടനയെ നിർണയിച്ചത്. അതുകൊണ്ട് തന്നെ, നിയമം, വിശ്വാസം തുടങ്ങിയ ഗൌരവതരമായ മേഖലകളിൽ ഖസസ് സാഹിത്യങ്ങളെ തെളിവായി പരിഗണിച്ചിരുന്നില്ല.
മധ്യകാല മുസ്ലിംകളിലെ പണ്ഡിതരും പ്രബോധകരും ഖസസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അത് ആളുകൾക്ക് ഗുണപാഠം, ഹൃദയസംസ്കരണം എന്നിവ നൽകാൻ വേണ്ടി മാത്രമായിരുന്നു. മറിച്ച് ഫിഖ്ഹും അഖീദയുമായി ബന്ധപ്പെട്ട വിശ്വാസപരവും നിയമപരവുമായ മൂല്യമുള്ള മേഖലകളിൽ ഖസസുകളെ ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല, ഖസസ് സാഹിത്യവുമായി സ്ഥിരമായി ബന്ധപ്പെടുന്നവരെ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാർ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഫിഖ്ഹ് ഗ്രന്ഥങ്ങളും അഖീദാ പാഠങ്ങളും നിലനിൽക്കുന്നത് ഖസസ് സാഹിത്യം അടിസ്ഥാനമാക്കിയല്ല എന്നത് കൂഗ്ളിൻറെ പ്രസ്തുത സ്രോതസ്സുകളെ ദുർബലമാക്കുന്നുണ്ട്. അതിനാൽ ഇസ്ലാമിലെ ആധികാരിക പാരമ്പര്യത്തിനകത്ത് ഖസസ് സാഹിത്യമുപയോഗിച്ച് സ്വവർഗലൈംഗികത കണ്ടെത്താൻ കഴിയില്ലെന്നതാണ് യാഥാർഥ്യം.
ഖസസ് സാഹിത്യങ്ങളിൽ നിന്നും മുഹമ്മദ് ബിൻ അബ്ദുല്ലാ അൽ കിസാഇ യുടെ ബദ്ഉൽ ഖൽഖ് വ ഖസസുൽ അമ്പിയാ എന്ന ഗ്രന്ഥമാണ് കൂഗ്ൾ അവലംബിക്കുന്നത്. ചൂത്, ബിംബാരാധന തുടങ്ങി പല കുറ്റങ്ങളിലും ലൂത്ത് നബിയുടെ സമുദായക്കാർ ഏർപ്പെട്ടിരുന്നുവെന്നും സ്വവവർഗലൈംഗികഭോഗം ആയിരുന്നില്ല അവർ ശിക്ഷിക്കപ്പെടാൻ കാരണമെന്നും ഈ ഗ്രന്ഥത്തിലെ ചില ഉദ്ധരണികൾ ഉപയോഗിച്ചു കൊണ്ട് കൂഗ്ൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്നാൽ, പുരുഷന്മാരെ സമീപിക്കുന്നത് സംബന്ധമായിട്ടാണ് അവർ ശിക്ഷിക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്ന വിവരണങ്ങൾ കിസാഇയുടെ ഇതേ ഗ്രന്ഥത്തിലുണ്ടെങ്കിലും അവ തൻറെ പദ്ധതിയോട് യോജിക്കാത്തതിനാൽ കൂഗ്ൾ തള്ളിക്കളയുകയാണ് ചെയ്യുന്നത്.
ഏറ്റവും ഗുരുതരമായ പ്രശ്നം കൂഗ്ളിൻറെ രീതിശാസ്ത്രത്തിലെ പൊരുത്തമില്ലായ്മയാണ്. അതായത്, കിസാഇയുടെ ഖസസ് ഗ്രന്ഥത്തിൽ ഇസ്നാദ് പ്രകാരമുള്ള വിവരണങ്ങൾ ലഭ്യമല്ല. അതേസമയം സ്വവർഗലൈംഗികതക്ക് എതിരെയുള്ള സഹീഹായ ഹദീസുകൾ മുതവാത്തിർ അല്ലാത്തതിനാലും ളന്നി ആയതിനാലും കൂഗ്ൾ തള്ളിക്കളയുകയും ചെയ്യുന്നു. ഇങ്ങനെ കണ്ണിമുറിയാത്ത സനദുകളുള്ള ഹദീസുകൾ ആഹാദ് ആണെന്ന പേരിൽ തള്ളിക്കളയുകയും അതേസമയം സനദുകൾ പോലുമില്ലാത്ത ഖസസ് സാഹിത്യത്തെ ഉപജീവിച്ച് സ്വവർഗസ്വാഭാവികതക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നതാണ് ഏറെ ഖേദകരം. മാത്രമല്ല, ഒരു ഗ്രന്ഥകാരൻ എന്ന നിലക്ക് കിസാഇയുടെ ജീവിതപരിസരം, മരണസമയം എന്നിവ അനിശ്ചിതവും അവ്യക്തവുമാണ് എന്ന് മുബീൻ വൈദ് രേഖപ്പെടുത്തുന്നുണ്ട്.
വസ്തുതാപരമായ ഒരു പിഴവുകൂടിയുണ്ടെന്ന് മുബീൻ വൈദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത്, മുഹമ്മദ് ബിൻ അബ്ദുല്ലാഹ് അൽ കിസാഇക്ക് പകരം ഏഴ് പ്രാമാണിക ഖിറാഅത്തുകളിൽ ഒന്നിൻറെ ഇമാമായ അലിയ്യുബ്നു ഹംസ അൽകിസാഇയുടെ പേരാണ് സ്കോട്ട് കൂഗ്ൾ നൽകിയിരിക്കുന്നത്.
Also Read:ഹോമോ വേദനയുടെ ദൈവശാസ്ത്രം
ഖസസ് സാഹിത്യങ്ങളിൽ നിന്നും രണ്ടാമതായി കൂഗ്ൾ ആശ്രയിക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ശീഈ പണ്ഡിതനായ ഖുതുബുദ്ദീൻ റാവൻദിയുടെ 'ഖസസ് അൽ-അൻബിയാ' എന്ന കൃതിയാണ്. ഇതിൽ എന്തു കൊണ്ടാണ് ലൂത്ത് നബിയുടെ സമുദായം ശിക്ഷക്ക് വിധേയരായതെന്ന് നബി (സ) ജിബ്രീലിനോട് ചോദിക്കുന്ന ഒരു വിവരണമുണ്ട്. അപ്പോൾ, ജിബ്രീൽ (അ) പറഞ്ഞ മറുപടി: ‘വിസർജ്ജിച്ച ശേഷം അവർ ശുദ്ധിയാക്കിയില്ല, ജനാബത്തുണ്ടായപ്പോൾ ശുദ്ധി വരുത്തിയില്ല, ഉദാരമായി ആഹാരം പങ്കുവെച്ചില്ല’ എന്നൊക്കെയാണ്. ഇത് അടിസ്ഥാനപ്പെടുത്തി കൂഗ്ൾ വാദിച്ചത് ലൂത്ത് സമുദായം അപലപിക്കപ്പെട്ടത് ആർത്തി, അത്യാഗ്രഹം, അമിതാസക്തി പോലുള്ള കുറ്റങ്ങൾക്കാണെന്നും അവയിൽ സ്വവർഗഭോഗത്തിനല്ലെന്നും ആണ്. ഇങ്ങനെ സ്വവർഗ രതിയെ പ്രത്യേകം പരാമർശിക്കാതെ ഉള്ള വിവരണങ്ങളിൽ നിന്ന് കൂഗ്ൾ എത്തുന്ന നിഗമനം പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ ഭോഗത്തെ അല്ല ഖുർആൻ എതിർത്തത്, മറിച്ച് ബലാൽക്കാരപരമായ ഭോഗത്തെയാണ് എന്നാണ്. എന്നാൽ ശീഈ പാരമ്പര്യത്തിൽ അംഗീകൃതമായ അൽകുത്തുബുൽ അർബഅ, നഹ്ജുൽ ബലാഗ, രിസാലത്തുൽ ഹുഖൂഖ് എന്നീ ആധികാരിക ഗ്രന്ഥങ്ങളുടെ നാലയലത്ത് പോലും വരാത്തതാണ് റാവൻദിയുടെ ഖസസ് എന്നത് സ്പഷ്ടമായ കാര്യമാണ്. മാത്രമല്ല, സ്വവർഗഭോഗത്തെ നിരാകരിക്കുന്ന ഹദീസുകളെ സൂക്ഷ്മവിചാരണ ചെയ്യുന്ന കൂഗ്ൾ അതേ ജാഗ്രത ഇബ്നു റാവൻദിയുടെ ഖസസിനെ സമീപിക്കുമ്പോൾ പ്രകടിപ്പിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
കിസാഇയുടെ കാര്യത്തിൽ ചെയ്തതുപോലെ തന്നെ ഇബ്നു റാവൻദിയുടെ ഖസസിൽ തന്നെ കൂഗ്ളിൻറെ പ്രൊജക്ടിന് വിരുദ്ധമായ വിവരണങ്ങൾ ഉള്ളത് സമർഥമായി കൂഗ്ൾ മറച്ചുവെക്കുന്നു. ഇങ്ങനെ സൌകര്യപൂർവ്വമുളള ഈ മറവി മുബീൻ വൈദ് കൂഗ്ളിൻറെ സോഴ്സുകളിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് തന്നെ തുറന്നു കാട്ടുന്നുണ്ട്. മാത്രമല്ല, ഖസസ് സാഹിത്യങ്ങളുടെ കാര്യത്തിൽ കൌതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. അതായത്, 2003 ൽ എഴുതിയ ആദ്യത്തെ ലേഖനത്തിൽ മാത്രമാണ് ഖസസ് സാഹിത്യത്തെ തൻറെ തിരുത്തൽവാദത്തിൻറെ വിശകലനത്തിന് വേണ്ടി കൂഗ്ൾ ഉപയോഗിക്കുന്നത്. ശേഷം ഏഴു വർഷം കഴിഞ്ഞ് 2010 ൽ പുറത്തിറങ്ങിയ ഹോമോ സെക്ഷ്വാലിറ്റി ഇൻ ഇസ്ലാം എന്ന ഗ്രന്ഥത്തിൽ ഖസസ് സാഹിത്യങ്ങളെ കുറിച്ച് പരാമർശമേ ഇല്ല. ഇത് കൂഗ്ളിൻറെ തിരുത്തൽവാദത്തിൻറെ രീതിശാസ്ത്രപരമായ തുടർച്ചയില്ലായ്മയായി മനസ്സിലാക്കാവുന്നതാണ്.
ഇബ്നു ഹസ്മും ഇബ്നു ദാവൂദും
മുസ്ലിം പാരമ്പര്യത്തിനകത്ത് സ്വവർഗലൈംഗിക സ്വത്വത്തെ സ്ഥാപിച്ചെടുക്കാൻ വേണ്ടി പാരമ്പര്യത്തിൻറെ ആധികാരികമായ ഉള്ളടക്കത്തിൻറെ പുറത്തുള്ള ലോകത്ത് ചുറ്റിക്കറങ്ങുന്നതായിട്ടാണ് കൂഗ്ളിനെ നാം കാണുന്നത്. അതിൻറെ ഭാഗമായി അദ്ദേഹം പത്താം നൂറ്റാണ്ടിലെ പ്രമുഖ അൻദലൂസിയൻ മുസ്ലിം പണ്ഡിതനും ദാർശനികനുമായിരുന്ന ഇബ്നു ഹസമിൻറെ തൌഖുൽ ഹമാമ ഫിൽ ഉൽഫ വൽ ഉല്ലാഫ് എന്ന ഗ്രന്ഥവും സാഹിരി ചിന്താധാരയുടെ സ്ഥാപകൻ ദാവൂദ് സാഹിരിയുടെ പുത്രനായ മുഹമ്മദ് ബിൻ ദാവൂദ് സാഹിരി എഴുതിയ അസ്സഹ്റ എന്ന ഗ്രന്ഥവും ഉപയോഗപ്പെടുത്തുന്നതായി കാണാം. എന്നാൽ ഈ ഗ്രന്ഥങ്ങളെ സമീപിക്കുമ്പോഴും രീതിശാസ്ത്രപരമായ അബദ്ധങ്ങൾ അദ്ദേഹം വീണ്ടും ആവർത്തിക്കുന്നു.
ഇബ്നു ഹസമിൻറെ തൌഖുൽ ഹമാമ യഥാർഥ്യത്തിൽ പ്രണയത്തെയാണ് പ്രമേയമാക്കിയിട്ടുള്ളത്. പ്രണയവുമായി ബന്ധപ്പെട്ട കഥകൾ, കവിതകൾ, തത്വങ്ങൾ, അനുഭവങ്ങൾ എന്നിവയടങ്ങുന്ന ഈ കൃതിയിലെ സ്വവർഗപ്രേമത്തെ കുറിച്ചുള്ള ചില ഉള്ളടക്കങ്ങൾ പാശ്ചാത്യൻ വായനക്കാർ പൊതുവെ തെറ്റിദ്ധരിച്ചിട്ടുണ്ട്. സ്വാഭാവികമായും കൂഗ്ൾ തൻറെ തിരുത്തൽവാദത്തിന് Homosexuality in Islam എന്ന പുസ്തകത്തിൽ ഇതിനെ ഉന്നയിക്കുന്നു. പക്ഷെ, ഇബ്നു ഹസമിൻറെ വൈജ്ഞാനിക സംഭാനകൾ, ജീവിതം, ദർശനം എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും എഴുതുകയും ചെയ്ത ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ഇസ്ലാമികവിഭാഗം പ്രഫസറായ കമീല അഡാങ്ങ് തൻറെ Ibn Hazm on Homosexuality: A Case-Study of Ẓāhirī Legal Methodology എന്ന പഠനത്തിൽ ഇബ്നു ഹസം ഹോമോ സെക്ഷ്വാലിറ്റിയെ ഇസ്ലാമിനകത്തെ ഒരു ലൈംഗികസ്വത്വമായി കണ്ടിട്ടില്ലെന്ന വ്യക്തമായ സൂചന നൽകുന്നുണ്ട്.
സ്വവർഗഭോഗത്തിൽ (Pederasty) ഏർപ്പെട്ടവർക്ക് വ്യഭിചാരത്തിൽ ഏർപ്പെട്ടവർക്ക് നൽകാൻ ഖുർആൻ നിർദ്ദേശിക്കുന്ന സുനിശ്ചിതമായ ശിക്ഷ (ഹദ്ദ്) നൽകേണ്ടതില്ലെന്നാണ് ഇബ്നു ഹസമിൻറെ അഭിപ്രായം. അത് അദ്ദേഹം പ്രതിനിധീകരിക്കുന്ന -പ്രമാണങ്ങളെ അക്ഷരാർഥത്തിൽ വായിക്കുന്ന- രീതിശാസ്ത്രത്തിൻറെ പ്രതിഫലനമാണ്. അല്ലാതെ, സ്വവർഗഭോഗം എന്ന പ്രവർത്തനത്തെ പ്രത്യേകമായി പരിഗണിച്ചല്ല പ്രസ്തുത അഭിപ്രായം പറഞ്ഞതെന്ന് അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്.
ഇബ്നു ഹസമിൻറെ സാഹിരി ചിന്താധാരക്ക് പുറത്തുള്ള മദ്ഹബുകളിൽ സ്വവർഗഭോഗത്തിന് വ്യഭിചാരത്തിൻറെ ശിക്ഷ നൽകണം എന്ന അഭിപ്രായമാണുള്ളത്. ഈ പൊതുസമ്മതിയെ ഇബ്നു ഹസം ചോദ്യം ചെയ്യുന്നു എന്നു പറഞ്ഞാണ് സ്കോട്ട് കൂഗ്ൾ അദ്ദേഹത്തെ സ്വവർഗസ്നേഹികളുടെ വിമോചകനും ഹീറോയുമായി അവതരിപ്പിക്കുന്നത്. മാത്രമല്ല, ഹദ്ദ് ഇല്ലെങ്കിലും സ്വവർഗഭോഗികൾക്ക് അവരെ നിരുത്സാഹപ്പെടുത്താനുതകുന്ന ഏന്തെങ്കിലും ശിക്ഷ (തഅ്സീർ) നൽകണമെന്നാണ് ഇബ്നു ഹസമിൻറെ അഭിപ്രായം എന്നത് സ്പഷ്ടമാണ്. പ്രണയം മാത്രമല്ല, ചാരിത്ര്യവും ലൈംഗികശുദ്ധിയും തൌഖുൽ ഹമാമയുടെ പ്രധാന പ്രമേയങ്ങളിലൊന്നാണെന്ന് സ്കോട്ട് കൂഗ്ൾ സൌകര്യപൂർവ്വം വിസ്മരിക്കുന്നതു കാണാം.
ഇബ്നു ദാവൂദ് അസ്സഹ്റയിൽ തനിക്ക് ജീവിതത്തിലുണ്ടായ കാമനകളെ കുറിച്ചും തൻറെ കൂടെയുണ്ടായിരുന്ന ആൺകുട്ടിയോടുള്ള അനുരാഗത്തെ കുറിച്ചും എഴുതിയിട്ടുണ്ട്. ഇതാണ് സ്കോട്ട് കൂഗ്ൾ തൻറെ പദ്ധതിയുടെ മുതൽക്കൂട്ടായി മനസ്സിലാക്കുന്നത്. എന്നാൽ, ഇബ്നു ദാവൂദ് തൻറെ മോഹങ്ങളെ മോഹങ്ങളായി തന്നെ കാണുകയും അതനുസരിച്ച് നിഷിദ്ധമായ പ്രവർത്തികളിലേക്ക് കടക്കാതിരിക്കുകയും ചെയ്തു എന്നതാണ് പ്രസ്തുത കൃതിയിൽ നിന്നു തന്നെ മനസ്സിലാക്കാൻ കഴിയുന്ന യാഥാർഥ്യം. സ്വവർഗത്തോടുള്ള ലൈംഗികമോഹത്തെക്കുറിച്ച് മാത്രമല്ല അസ്സഹ്റ യിൽ ഇബ്നു ദാവൂദ് പരാമർശിക്കുന്നത്. മറിച്ച്, ലൈംഗികമോഹങ്ങളോട് പടവെട്ടി മനുഷ്യൻ മഹത്വം പ്രാപിക്കുന്നതിനെ കുറിച്ചും അദ്ദേഹം വാചാലനാകുന്നുണ്ട്. മാത്രമല്ല, തൻറെ ലൈംഗിക കാമനകൾക്ക് കീഴ്പ്പെടാതിരിക്കുകയും അതിനെ അതിജയിക്കുകയും ചെയ്തത് ഇബ്നു ദാവൂദിൻറെ ജീവചരിത്രവിവരണങ്ങളിൽ അദ്ദേഹത്തിൻറെ മഹത്വങ്ങളിലൊന്നായി വ്യാപകമായി രേഖപ്പെടുത്തിയതായി മുബീൻ വയ്ദ് വ്യക്തമാക്കുന്നുണ്ട്. ഒരാൾ പ്രണയിക്കുകയും, അത് മറച്ചുവെച്ച് ചാരിത്ര്യത്തെ സംരക്ഷിക്കുകയും, അതേ അവസ്ഥയിൽ മരിക്കുകയും ചെയ്താൽ അയാൾ രക്തസാക്ഷിയായിരിക്കുന്നു എന്ന നബിവചനത്തെ (ഈ വചനത്തിൻറെ ആധികാരികതയിൽ നിരവധി പണ്ഡിതന്മാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്) തൻറെ മരണക്കിടക്കയിൽ സ്മരിച്ചതായി കിത്താബുസ്സഹ്റ തന്നെ സാക്ഷ്യം വഹിക്കുന്ന കാര്യമാണ്.
ഉപസംഹാരം
ഇസ്ലാമിക ലോകവീക്ഷണത്തിനകത്ത് നിയമപരമായിത്തന്നെ ഹോമോസെക്ഷ്വാലിറ്റിയെ സ്വീകാര്യമാക്കാൻ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളെയാണ് മുകളിൽ പരിശോധിക്കാൻ ശ്രമിച്ചത്. സെക്കുലർ-ലിബറൽ പാരമ്പര്യങ്ങളിൽ ഇതിൻറെ സ്വീകാര്യത താത്വികമായി അസാധ്യമായ കാര്യമൊന്നുമല്ല. കാരണം, ലിബറൽ ലോകവീക്ഷണത്തിൻറെ അടിസ്ഥാന ശിലകളിലൊന്നായ വ്യക്തിവാദം (Individualism), ആപേക്ഷികതാവാദം (Relativism) സ്വവർഗരതി പോലെയുള്ള കാര്യങ്ങളെ സംരക്ഷിക്കുമെന്ന് സംശയമില്ലാത്ത കാര്യമാണ്. ഒരു ലൈംഗികസ്വത്വം എന്നതിലുപരി ഒരു രാഷ്ടീയ അഭിജ്ഞാനതയായി (identity) സ്വവർഗലൈംഗികസ്വത്വത്തെ വികസിപ്പിക്കാനുള്ള ശ്രമങ്ങളും ഇന്ന് ലോകത്ത് നടക്കുന്നുണ്ട്. മനുഷ്യ മനസ്സിന് മറികടക്കാനാവുന്ന താത്ക്കാലിക കാമനകളായോ, കൌൺസലിംഗിലൂടെയും അല്ലാതെയും പരിഹരിക്കപ്പെടുന്ന വൈദ്യശാസ്ത്രപരമായ പ്രശ്നങ്ങളായോ സ്വവർഗലൈംഗികാഭിമുഖ്യം ഇന്ന് നിരവധി പ്രദേശങ്ങളിലും സാഹചര്യങ്ങളിലും ഗവേഷണങ്ങളിലും വെളിപ്പെട്ടുവരുന്നുണ്ട്. അത്തരം അനുഭവങ്ങൾക്ക് തെളിവുകളുമുണ്ട്. ആക്ടിവിസ്റ്റുകളുടെ ഹിംസ ഭയന്ന് മൂടിവെക്കാതെ അത്തരം അനുഭവങ്ങളെക്കൂടി പരിഗണിച്ചുകൊണ്ട് മാത്രമേ ഇക്കാര്യത്തിൽ ഒരു പുരോഗമന സമൂഹത്തിന് മുന്നോട്ട് പോകാനാവൂ.
1. Khaled El-Rouayheb, Before Homosexuality in the Arab-Islamic World, 1500–1800 (Chicago: The University of Chicago Press, 2005).
2. The Love of Boys in Arabic Poetry of the Early Ottoman Period, 1500 – 1800,” Middle Eastern Literatures 8, no. 1 (2005).
3. Mubeen Vaid, Can Islam Accommodate Homosexual Acts? Quranic Revisionism and the Case of Scott Kugle, (www.muslimmatters.org)
4. Ali pour, Essentialism and Islamic Theology of Homosexuality: A critical reflection on an Essentialist Epistemology toward Same-sex desires and Acts in Islam.
5. Ovamir Anjum , Islam and Homosexuality, American Journal of Islamic Social Sciences, https://thethinkingmuslim.com/2017/09/08/islam-and-homosexuality/
6. John D. DeLamater, Janet Shibley Hyde, Essentialism vs. Social Constructionism in the Study of Human Sexuality
Leave A Comment