ആൻ്റി സെമിറ്റിസം : നിർവചനങ്ങളിൽ പതിയിരിക്കുന്ന അജണ്ടകൾ

റമദാനും പെരുന്നാളും കഴിഞ്ഞെങ്കിലും, ആഭ്യന്തര കലാപാഗ്നിയില്‍  എരിഞ്ഞമർന്നുകൊണ്ടിരിക്കുന്ന സുഡാന്റെ ചിത്രം ദൈനംദിനം ഭീകരമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞാഴ്ച നടന്ന ഗനൂച്ചിയുടെ അറസ്റ്റിന്റെ അനുരണനങ്ങൾ, തൂണീഷ്യയില്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടുമില്ല. മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തിലേക്കുള്ള ചൈനീസ് എൻട്രിയും ആന്റി സെമിറ്റിസം നിർവചനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും മറ്റൊരു വശത്ത്. മാസപ്പിറ ദർശനവുമായി ബന്ധപ്പെട്ട് സൗദിക്കു നേരെ വന്ന വിമർശനവും ഇതോട് ചേര്‍ത്ത് വെക്കേണ്ടത് തന്നെ. ഈ ആഴ്ച്ചയിലെ മുസ്ലിം ലോക വിശേഷങ്ങള്‍ നോക്കാം.

ഈദുൽ ഫിതറും സൗദിയുടെ ചന്ദ്രക്കല ദർശനവും

പുണ്യമാസത്തിനു മടക്കയാത്ര നൽകി  ലോകമെമ്പാടും ഈദുൽ ഫിതർ ആഘോഷിക്കുകയുണ്ടായി. ചന്ദ്രക്കല കണ്ടതായി സൗദി അറിയിച്ചതോടെ ഒമാനൊഴികെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വെള്ളിഴായ്ച്ച പെരുന്നാൾ ആയി പ്രഖ്യാപിച്ചു. ഇന്ത്യയും പാക്കിസ്ഥാനുമടക്കമുള്ള തെക്കൻ ഏഷ്യൻ രാജ്യങ്ങളും ഉത്തരാഫ്രിക്കൻ രാജ്യങ്ങളും ബ്രിട്ടനടക്കമുള്ള പല യൂറോപ്യൻ രാജ്യങ്ങളും ശനിഴായ്ച്ചയാണ് പെരുന്നാൾ ആഘോഷിച്ചത്. ഈദുൽ ഫിതർ ഏത് ദിവസമാണ് നടക്കേണ്ടതെന്ന് തീരുമാനിക്കുന്ന രീതി മുസ്‍ലിംകൾക്കിടയിൽ എല്ലാ വർഷവും സംവാദങ്ങൾക്കും ചർച്ചയ്ക്കും കാരണമാകാറുണ്ട്. ഈ വർഷവും അതിന് അപവാദമായിരുന്നില്ല.

ചില രാജ്യങ്ങൾ  പ്രാദേശികമായുള്ള ചന്ദ്ര ദർശനം അടിസ്ഥാനമാക്കി മാസം നിർണയിക്കുന്നവരാണ്. എന്നാൽ മറ്റുചില രാജ്യങ്ങൾ ആവട്ടെ ഇതിന് സൗദി അറേബ്യയെയാണ് ആശ്രയിക്കുന്നത്. സൗദി ചന്ദ്ര ദർശനം പ്രഖ്യാപിക്കുന്നതോടെ ഈ രാജ്യങ്ങളിലും ഈദുൽ ഫിതർ ആഘോഷിക്കുന്ന രീതിയാണുള്ളത്. ഈ വർഷം നിരവധി ശാസ്ത്രജ്ഞർ ചന്ദ്രക്കലയുടെ ദൃശ്യപരത സാധ്യമല്ലെന്ന് വാദിച്ചിരുന്ന ദിവസമാണ്, സൗദി അറേബ്യ ചന്ദ്രക്കല കണ്ടതായി പ്രഖ്യാപിച്ചത്. ഇതോടെ പലരും സൗദി സ്വീകരിക്കുന്ന ചന്ദ്ര ദർശന രീതിയിൽ സംശയവുമായി മുന്നോട്ടു വരികയുണ്ടായി. അബൂദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ആസ്ട്രോണമിക് സെന്ററും ആ ദിവസം ചന്ദ്രക്കല കാണുന്നത് സാധ്യമല്ലെന്ന് പറഞ്ഞിരുന്നു. സൗദി ഔദ്യോഗികമായി ഇതിൽ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.


ആന്റി സെമിറ്റിസിസം നിർവചനത്തിലെ പൊരുത്തക്കേട് 

ഇന്റർനാഷണൽ ഹോളോകോസ്റ്റ് റിമെംബ്രൻസ് അലയൻസ് (IHRA) ന്റെ "ആന്റിസെമിറ്റിസം" നിർവചനത്തിലെ പൊരുത്തക്കേടുകളും ഈ ആഴ്ചയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതേ ചൊല്ലി 100-ലധികം മനുഷ്യാവകാശ- പൗരാവകാശ സംഘടനകൾ ഐക്യരാഷ്ട്രസഭയ്ക്ക് കത്ത് നൽകി. ഇസ്രായേൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ ഒഴിവാക്കുന്നതിനും ഫലസ്തീൻ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നത് തടയാനും ഐഎച്ച്ആർഎയുടെ നിർവചനം കാരണമായേക്കാമെന്ന് കത്തിൽ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനും ഇസ്രായേലി ഗവൺമെന്റ് നയങ്ങള്‍ക്കെതിരെയുള്ള വിമർശനങ്ങള്‍ അടിച്ചമർത്തുന്നതിനും ഗവൺമെന്റുകളും കോടതികളും ഇതിനെ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയാണ് വ്യക്തതയില്ലാതെ വിശാലമായ അർത്ഥങ്ങൾ കൽപിക്കാവുന്ന ഈ നിർവചനം നൽകുന്നത്. അത് കൊണ്ട് തന്നെയാണ്, ആഗോള തലത്തില്‍ ഇത് ഇത്രമേല്‍ ചര്‍ച്ചകള്‍ക്ക് പാത്രമാവുന്നതും.
 
അഭയാർഥികളാവാൻ നിർബന്ധിതീരാവുന്ന സുഡാൻ ജനത

സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന അധികാര പോരാട്ടം 500-ലധികം മരണങ്ങൾക്കും ആയിരക്കണക്കിന് സുഡാനീസ് പൗരന്മാർ ഖാര്‍തൂമിലും സമീപ നഗരങ്ങളിലും തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യുന്നതിനും കാരണമായി തുടരുക തന്നെയാണ്. ഗ്രാമീണ മേഖലകളിലേക്കും അയൽ രാജ്യങ്ങളിലേക്കും, സുരക്ഷിതത്വം തേടി സാഹസികമായി പലായനം ചെയ്യുന്ന സുഡാനികളുടെ കഥകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറയുകയാണ്. പതിനായിരത്തിലധികം ആളുകൾ ദക്ഷിണ സുഡാനിലേക്കും അയൽ രാജ്യമായ ചാഡിലേക്കും അതിർത്തി കടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം ഈജിപ്തിലേക്കുള്ള അഭയാർത്ഥി പ്രവാഹവും വർധിച്ചതായാണ് കണക്കുകള്‍. 

സൈന്യങ്ങളുടെ വടം വലികള്‍ക്ക് പരിഹാരം കാണാനാവതെ സുഡാന്‍ ഇപ്പോഴും പുകയുക തന്നെയാണ്. അതേ സമയം, ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൌരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള അടിയന്തിര നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സൌദി അറേബ്യയാണ് ഈ രംഗത്ത് മറ്റുള്ള രാഷ്ട്രങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുള്ളത്.

ഗനൂച്ചിയുടെ അറസ്റ്റ് ഉയർത്തുന്ന ചോദ്യങ്ങൾ

കഴിഞ്ഞയാഴ്ച അറസ്റ്റ്‌ ചെയ്യപ്പെട്ട ടുണീഷ്യയിലെ അന്നഹ്ദ പാർട്ടിയുടെ നേതാവ് റാഷിദ് ഗന്നൂച്ചിയെ ജയിലിൽ നിന്ന് ദേശീയ സുരക്ഷാ സേനയുടെ കേന്ദ്രത്തിലേക്ക്, കൂടുതല്‍  അന്വേഷണത്തിനായി, സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റ് കൊണ്ടുപോയതായി മാധ്യമങ്ങൾ വ്യക്തമാക്കി. തീവ്രവാദവുമായി ബന്ധപ്പെട്ട പുതിയ കുറ്റങ്ങൾ കെട്ടിച്ചമയ്ക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് ഗന്നൂച്ചിയുടെ പിന്തുണക്കാർ ആരോപിച്ചു. വിമർശകരെ ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള കൈസ് സഈദിന്റെ തന്ത്രമായിട്ടാണ് അറസ്റ്റിനെ പ്രമുഖ മാധ്യമങ്ങൾ കുറ്റപെടുത്തിയത്.

മിഡിൽ ഈസ്റ്റിലേക്ക് കണ്ണുംനട്ടിരിക്കുന്ന ചൈന 

ചൈനയുടെ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്, ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സമാധാന ചർച്ചകൾ സുഗമമാക്കാൻ രണ്ട് ഉദ്യോഗസ്ഥരുമായി പ്രത്യേക ഫോൺ സംഭാഷണങ്ങളില്‍ പിന്തുണ വാഗ്ദാനം ചെയ്തതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനായി സൗദി അറേബ്യയും ഇറാനും തമ്മിലുള്ള കരാർ അടുത്തിടെ വിജയിച്ചതിനെത്തുടർന്ന് മേഖലയിൽ തങ്ങളുടെ രാഷ്ട്രീയ പങ്ക് വർദ്ധിപ്പിക്കുന്നതിൽ ചൈന കൂടുതൽ ഗൗരവമായി വളരുന്നതിന്റെ സൂചനകൾക്കിടയിലാണ് ഈ മധ്യസ്ഥ നീക്കവും കടന്നുവരുന്നത്. പതിറ്റാണ്ടുകളായി അശാന്തിയുടെ പുകച്ചുരുകള്‍ മാത്രം ഉയരുന്ന ഫലസ്തീനില്‍, ചൈനയുടെ ഇടപെടലുകളിലൂടെ സമാധാനം തിരിച്ചുവരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter