കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് നീളുന്ന മുസ്‍ലിം വേട്ട
പതിറ്റാണ്ടുകളായി ഇന്ത്യയില്‍ താമസിച്ച് വരുന്നവരെ, ആവശ്യമായ രേഖകളില്ലെന്ന് പറഞ്ഞ്, വിദേശികളെന്ന് ആരോപിച്ച്, പിടിച്ചുകൊണ്ടുപോവുന്നതും നാട് കടത്തുന്നതും അവരുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ച് നിരത്തുന്നതും കഴിഞ്ഞ വാരങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ബംഗാളി ഭാഷ സംസാരിക്കുന്നവരെ ബംഗ്ലാദേശികള്‍ എന്നും ബ്രഹ്മപുത്രക്ക് സമീപം താമസിക്കുന്നവരെ അനധികൃതമായി കുടിയേറിയവരെന്നും ആരോപിച്ചാണ് നാട് അഭംഗുരം തുടരുന്നത്. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആസാമില്‍ തീവ്ര ഹിന്ദുത്വ വക്താവ് കൂടിയായ ഹിമന്ത ബിശ്വ ശര്‍മ തുടങ്ങിവച്ച വംശവെറി കലര്‍ന്ന നീക്കം ഒഡിഷയില്‍ മോഹന്‍ ചരണ്‍ മാജി, ഡല്‍ഹിയില്‍ രേഖാ ഗുപ്ത, ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേൽ എന്നീ മുഖ്യമന്ത്രിമാർകൂടി ഏറ്റെടുത്തിരിക്കുകയാണ്. നാളിതുവരെ കേട്ടിട്ടില്ലാത്ത വിധത്തിലുള്ള ന്യൂനപക്ഷവിരുദ്ധ നീക്കങ്ങള്‍ക്കൊപ്പമാണ് ബംഗാളികള്‍ക്കെതിരായ വംശീയ നടപടികളും റിപ്പോര്‍ട്ടു ചെയ്യുന്നത്.
വിഷയത്തില്‍ ഒന്നിലധികം കേസുകൾ കല്‍ക്കട്ട ഹൈക്കോടതിയിലുണ്ട്. ഡല്‍ഹിയിലെയും ഒഡിഷയിലെയും കേസുകളാണ് കല്‍ക്കട്ട ഹൈക്കോടതിയിലുള്ളത്. രണ്ടു കേസുകളും സമാനതകളുള്ളതുമാണ്. ഡല്‍ഹിയിലെ രോഹിണി പ്രദേശത്തുനിന്ന് കുട്ടിയുള്‍പ്പെടെ ആറു ബംഗാളി കുടിയേറ്റക്കാരെ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയും അവരെ ബംഗ്ലാദേശിലേക്ക് അയക്കുകയും ചെയ്തുവെന്നാണ് ഒരു ഹരജിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. ഒഡീഷയില്‍നിന്ന് പിടികൂടിയ ബംഗാളി തൊഴിലാളികളെക്കുറിച്ച് വിവരമില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജിയായാണ് മറ്റൊന്ന്. രണ്ട് ഹരജികളിലും അതത് സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് മറുപടി തേടി കോടതി നോട്ടീസയച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമാണ് ബംഗാളികള്‍. ഗള്‍ഫ് നാടുകളിലേക്കെന്നതുപോലെ കേരളമടക്കുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് അവര്‍ കുടിയേറി തൊഴിലുകള്‍ ചെയ്തുവരികയാണ്. ഇത്തരക്കാരെ ഡല്‍ഹി, അസം, ഒഡീഷ, ഗുജറാത്ത് സര്‍ക്കാരുകള്‍ മനപ്പൂര്‍വം ലക്ഷ്യം വച്ചുവരികയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വിവിധ പൗരാവകാശ സംഘടനകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പശ്ചിമബംഗാളിലെ കൂച്ച് ബെഹാറില്‍ നിന്നുള്ള നിരവധി ബംഗാളി കുടിയേറ്റക്കാരുടെ വാസസ്ഥലമാണ് ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള ജയ് ഹിന്ദ് ക്യാംപ്. ഈ പ്രദേശം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണം രണ്ടുമൂന്ന് ദിവസമായി ചേരിയിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ വെള്ളവും വൈദ്യുതിയും തടഞ്ഞുവച്ചിരിക്കുന്നതിനാലാണ്. വര്‍ഷങ്ങളായി ഇവിടെ താമസിച്ചുവരുന്ന ബംഗാളികള്‍ കൂടുതലായുള്ള ചേരിപ്രദേശത്തെ, നരകയാതനയിലേക്ക് തള്ളിയിട്ടിരിക്കുന്നത് ഒരു മുന്നറിയിപ്പുമില്ലാതെയാണ്. കുട്ടികള്‍ക്ക് പഠിക്കന്‍പോലും കഴിയുന്നില്ലെന്ന് വീട്ടമ്മമാര്‍ പറയുന്ന വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് താമസിക്കുന്ന വിദേശികളോടുപോലും ചെയ്യാന്‍ പാടില്ലാത്തതാണ്, ഭരണകൂടം സ്വന്തം പൗരന്മാരോട് ഇവിടങ്ങളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശിനെ മറികടക്കുംവിധം ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ് ഹിമന്ത ബിശ്വ സര്‍ക്കാര്‍. ആസാമില്‍ ബി.ജെ.പി അധികാരത്തിലേറിയ 2016 മുതല്‍ ഇതുവരെ 13,000 ലേറെ കുടുംബങ്ങളെയാണ് കുടിയിറക്കിയത്. ഇവരില്‍ ബഹുഭൂരിഭാഗവും മുസ്‍ലിംകളാണ്, പ്രത്യേകിച്ചും ബംഗാളി ഭാഷ സംസാരിക്കുന്നവര്‍. ധുബ്രിയിലെ ചാപ്പര്‍ റവന്യൂ സര്‍ക്കിളിന് കീഴിലുള്ള ചിരകുട്ട 1, 2, ചാരുബഖ്ര ജംഗിള്‍ ബ്ലോക്ക്, സന്തേഷ്പൂര്‍ ഗ്രാമങ്ങളില്‍ മൂന്നും നാലും പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന ബംഗാളി മുസ്‍ലിംകളെയാണ് കുടിയിറക്കിയിരിക്കുന്നത്.
അസമിലെ മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ ഗോള്‍പാറയില്‍ ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കുന്ന വാര്‍ത്തകള്‍ ഏറെ പുറത്തുവന്നിരുന്നു. ബ്രഹ്മപുത്ര നദിയുടെ ആക്രമണംമൂലം വീട് നഷ്ടപ്പെട്ടവര്‍ താമസിക്കുന്ന ഗോള്‍പാറയിലെ 1080 പേരുടെ കുടിലുകളാണ് പൊളിച്ച് നീക്കിയിരിക്കുന്നത്. നേരത്തെ ഇവിടെ 700 ഓളം ബംഗാളി മുസ്‍ലിംകളുടെ വീടുകള്‍ പൊളിച്ചിരുന്നു. ജൂണ്‍ 30ന് നല്‍ബാരി ജില്ലയിലും കഴിഞ്ഞയാഴ്ച അപ്പര്‍ അസമിലെ ലഖിംപൂരിലും നൂറുകണക്കിന് കുടുംബത്തെ കുടിയൊഴിപ്പിച്ചിരുന്നു. ഒരു മാസത്തിനിടെ മാത്രം മുന്നൂറിലധികം പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്നാണ് അടുത്തിടെ ഹിമന്ത ബിശ്വ പറഞ്ഞത്.
ബംഗാളി ബന്ധം ആരോപിച്ച് ഇന്ത്യയിലെ ബി.ജെ.പി സർക്കാരുകള്‍ വിവേചനത്തോടെ പെരുമാറുന്ന വിശദ റിപ്പോര്‍ട്ട് പൗരാവകാശസംഘടന പി.യു.സി.എല്‍ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിട്ടിരുന്നു. ആസാമിലും ഗുജറാത്തിലും മുസ്‍ലിം ചേരികളില്‍ നടക്കുന്ന റെയ്ഡും നിയമവിരുദ്ധ കസ്റ്റഡികളും സംബന്ധിച്ച വിശദ വിവരണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
മതിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഇന്ത്യയിലെ മുസ് ലിം ന്യൂനപക്ഷങ്ങളെ പിടികൂടി നാടുകടത്തുകയും വീടുകള്‍ തകര്‍ക്കുകയും ഏകപക്ഷീയമായി തടങ്കലില്‍വയ്ക്കുകയും ചെയ്യുകയാണെന്ന് ജൂലൈ 11 ലെ വാഷിങ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ‘മുസ്‍ലിമിനെ കടലിലേക്ക് എടുത്തെറിയപ്പെട്ടു’ എന്നാണ് ഇന്ത്യയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് വാഷിങ്ടണ്‍ പോസ്റ്റ് നല്‍കിയ തലക്കെട്ട് തന്നെ. അതില്‍ ഹസന്‍ ഷാ എന്നയാളെ ഇന്ത്യന്‍ പൊലീസ് കിടക്കപ്പായയില്‍നിന്ന് പിടിച്ചുകൊണ്ടുപോയി കണ്ണുകള്‍ മൂടിക്കെട്ടി കൈകള്‍ ബന്ധിച്ച് ബംഗ്ലാദേശിലേക്കുള്ള ബോട്ടില്‍ കയറ്റിയ സംഭവവും പറയുന്നുണ്ട്. മൂന്നാംദിവസം ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് നിര്‍ത്തി കൈകളുടെ കെട്ട് അഴിച്ചുമാറ്റി തോക്കിന്‍ മുനയില്‍, ‘വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ വെടിവയ്ക്കും’ എന്ന് ഉത്തരവിട്ടതായും പറയുന്നു. ഗുജറാത്തില്‍ ജനിച്ച ഇന്ത്യന്‍ പൗരനായ ഹസന്‍ ഷായെ തിരിച്ചറിയല്‍ രേഖകൾ പിടിച്ചെടുത്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിലുള്ളത്. ‘രണ്ട് രാജ്യങ്ങള്‍ക്കും വേണ്ടാത്ത വിദേശികള്‍’ എന്നായിരുന്നു രണ്ടാഴ്ച മുമ്പ് അല്‍ജസീറ ഓൺലൈനിൽ ഇന്ത്യയിലെ ഭരണകൂട നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് കൊടുത്ത തലക്കെട്ട്.
തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനും ഭൂരിപക്ഷമതവിഭാഗത്തിലെ ന്യൂനപക്ഷമായ വര്‍ഗീയവാദികളെ പ്രീതിപ്പെടുത്താനുമായി ഭരണകൂടം ചെയ്യുന്ന വർഗീയനടപടികള്‍ ലോകവേദികളില്‍ ഇന്ത്യയെ വീണ്ടും വീണ്ടും മാനം കെടുത്തുക കൂടിയാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവും ഇന്ത്യ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച നാനാത്വത്തില്‍ ഏകത്വം എന്ന മഹിത പൈതൃകത്തിന് എതിരായതുമായ ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ രാജ്യത്തെ ഉന്നത നീതിപീഠം അതിശക്തമായി തന്നെ ഇടപെടേണ്ടിയിരിക്കുന്നു.
Leave A Comment