നികോളാസ് മോസ്കോവ് ഭാഗം 01 – ഈ സംതൃപ്തി എല്ലാവരും ഒരിക്കലെങ്കിലും ആസ്വദിച്ചിരുന്നെങ്കില്‍

ജീവിതത്തിലെ സംതൃപ്തിക്കായുള്ള അന്വേഷണത്തിലൂടെ ഇസ്‍ലാമിലെത്തിയ വ്യക്തിയാണ്, നികോളാസ് മോസ്കോവ്. അദ്ദേഹം പങ്ക് വെച്ച ഇസ്‍ലാം അനുഭവങ്ങളുടെ വിവര്‍ത്തനം. 

ലോകത്തെ എല്ലായിടങ്ങളിലും അതിദ്രുതം വളരുന്ന, ജനസംഖ്യ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്തുള്ള മതമാണ് ഇസ്‍ലാം. തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലോ കരുതിക്കൂട്ടിയോ ഇസ്‍ലാമിനെതിരെ വ്യാപകമായ അബദ്ധപ്രചാരണങ്ങൾ നടക്കുമ്പോഴും ഒരുപാട് ആളുകൾ ഇസ്‍ലാമിലേക്ക് കടന്നു വരുന്നു എന്നതാണ് സത്യം. പലരും ഖുർആനുമായും ഇസ്‍ലാമുമായും അടുക്കാൻ ആഗ്രഹിക്കുന്നു. ജീവിതത്തില്‍ ദൈവികമായ ഒരു ബന്ധം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് അധിക പേരും. മറ്റുമതങ്ങളിലൊന്നും തന്നെ മനസ്സിന് സംതൃപ്തിയേകുന്ന വിധം അതുണ്ടാക്കാന്‍ സാധിക്കുന്നില്ല എന്നതും സത്യമാണ്. ആ അന്വേഷണമാണ് പലരെയും ഇസ്‍ലാമിലെത്തിക്കുന്നത്. ഞാനും ഇസ്‍ലാമിലെത്തുന്നത് ആ ശ്രമത്തിന്റെ ഫലം തന്നെ. ഇസ്‍ലാമിനെ കുറിച്ച് ആധികാരികമായി പറയാനോ വിശദീകരിക്കാനോ എനിക്കറിയില്ല. പക്ഷേ എന്റെ ചിന്തയിൽ മാറ്റം വരുത്തിയതും മനോഹരമായ പാത എനിക്ക് തുറന്നു തന്നതും ഇസ്‍ലാമാണ് എന്ന് നിസ്സംശയം എനിക്ക് പറയാനാവും.

ഇസ്‍ലാമിലേക്കുള്ള എന്റെ ആഗമനം

എന്റെ കുട്ടിക്കാലം അനാഥമായ അവസ്ഥയിലായിരുന്നു മുന്നോട്ട്  പോയത്. പിതാവ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നില്ല. അമ്മ അമേരിക്കയിലെ ഹ്യുമാനിറ്റൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നത് കാരണം, എവിടെയും സ്ഥിരമായി താമസിക്കാറില്ലായിരുന്നു എന്ന് മാത്രമല്ല, ലോകം മുഴുവൻ സഞ്ചരിക്കാൻ അതിലൂടെ എനിക്ക് അവസരവും ലഭിച്ചു. പ്രത്യേകിച്ച് ആഫ്രിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളില്‍. അവിടുത്തെ പരിസരങ്ങളെല്ലാം വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് മുന്നോട്ട് പോയിരുന്നത്.  സംഘർഷങ്ങളുടെ സംഗമ ഭൂമികയായിരുന്നു അവിടം എന്ന് പറയുന്നതാവും ഉചിതം.

മുസ്‍ലിംകളോട് അന്ധമായ വെറുപ്പില്ലാത്തതിനാൽ തന്നെ നിഷ്പക്ഷമായി അവരെ വിലയിരുത്താനും ഇടപഴകാനും എനിക്ക് സാധ്യമായിരുന്നു. മാലിയിലെ സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ധാരാളം മുസ്‍ലിം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരുടെ ആചാരങ്ങളിലോ പ്രവർത്തനരീതികളിലോ ഒരിക്കലും എനിക്ക് തീവ്രത അനുഭവപ്പെട്ടിരുന്നില്ല.

ഹൈസ്കൂൾ പഠനത്തിനായി പതിനാലാമത്തെ വയസ്സിൽ ഞാൻ യുഎസിലേക്ക് താമസം മാറി. തീരെ അനുഭവിക്കാത്ത വർഗീയത ഞാൻ അന്നുമുതൽ അനുഭവിച്ചു തുടങ്ങി. ഒന്നാം ലോകവും മൂന്നാം ലോകവും തമ്മിലുള്ള അന്തരം എനിക്ക് ബോധ്യപ്പെട്ടു തുടങ്ങി. വംശീയതയും മുതലാളിത്തവും എങ്ങനെയാണ് വർത്തിക്കുന്നത് എന്ന് മനസ്സിലായി തുടങ്ങി. 

മാലിയിലെ ആത്മീയയാന്തരീക്ഷത്തിൽ നിന്ന് അമേരിക്കയിലെ ഭൗതിക  ലോകത്തേക്ക് എന്നെ പറിച്ചു നട്ടപ്പോൾ ജീവിതാവസ്ഥയിൽ വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി. കത്തോലിക്ക കുടുംബത്തിൽ പിറന്ന ഞാൻ പതിയെ പതിയെ നിരീശ്വര വിശ്വാസത്തിലേക്ക് കടന്നു. ജീവിതത്തിന്റെ നിരർത്ഥകതയെ കുറിച്ച് നിരന്തരം ചിന്തിക്കാൻ തുടങ്ങി. അതോടെ, മാനസിക സംഘർഷങ്ങളുടെ വേലിയേറ്റം എന്നെ വേട്ടയാടി. വിഷാദവും ഉന്മാദവുമായി എന്റെ സഹചാരികള്‍. സാമൂഹികമായുള്ള ഉയർച്ചകൾക്ക് വേണ്ടി നിരന്തരം പോരാടുന്ന  വിവിധ ആക്ടിവിസ്റ്റുകളോട് ചേർന്ന് പ്രവർത്തിച്ചുനോക്കി. ഒരു കമ്മ്യൂണിസ്റ്റ് ആകുന്നതിനുമുമ്പ് ഞാൻ അരാജകത്വത്തോടും  കറുത്ത ദേശീയതയോടും മമത പുലർത്തി. എന്നാൽ അതിലും പ്രധാനമായി ഒരു നിഹലിസ്റ്റ് അഥവാ ജീവിതത്തിന് ഒരു അർത്ഥവുമില്ല എന്ന് വിശ്വസിക്കുന്ന ഗണത്തിൽ ആയിരുന്നു   ഞാന്‍. അതിന്റെ ഫലമായി ഈ ലോകത്ത് നിന്ന്  തന്നെ പരമാവധി ആസ്വദിക്കുക എന്ന കാഴ്ചപ്പാടായിരുന്നു എനിക്കുണ്ടായിരുന്നത്.

അമേരിക്കയിലെ ഹൈസ്കൂൾ പഠനത്തിനുശേഷം ഞാൻ എന്റെ നാട്ടിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചു. കുടുംബപരമായ ചില കാരണങ്ങൾ കൊണ്ട് വൈവാഹിക ജീവിതത്തിലേക്കുള്ള തുടക്കം എന്നോണം ഞാനെന്റെ ഭാവി സഹധർമ്മിണിയെ പരിചയപ്പെട്ടു. ഞങ്ങൾ രണ്ടുപേരും  ലോകം ചുറ്റിക്കാണാൻ തീരുമാനിച്ചു. ഞങ്ങളുടെ യാത്രയിൽ പരിചയപ്പെട്ടത് മുഴുവൻ മുസ്‍ലിം രാജ്യങ്ങളിലെ ആളുകളെയും അവിടുത്തെ സംസ്കാരത്തെയും ആയിരുന്നു. മികച്ച അനുഭവവും  കാഴ്ചപ്പാടുമാണ് അവ ഞങ്ങൾക്ക് നൽകിയത്.  കോവിഡ് മഹാമാരിയുടെ വരവോടെ ഞങ്ങളുടെ യാത്ര അവസാനിപ്പിക്കേണ്ടിവന്നു. ഞങ്ങൾ അനുഭവിച്ച വെല്ലുവിളികളും യാതനകളും ഞങ്ങളുടെ ചിന്തകളെ വലിയ തരത്തില്‍ മാറ്റങ്ങൾക്ക് വിധേയമാക്കി. ഞങ്ങൾ ദൈവവിശ്വാസത്തെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി. അതിലൂടെ മാത്രമേ ജീവിതത്തില്‍ സന്തോഷം കൈവരൂ എന്ന് ഞങ്ങള്‍ അതിനകം തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു.

ഇസ്‍ലാം ഒരു ദിവ്യ സന്ദേശം പോലെ  എന്റെ ചെവികളിൽ അലയടിക്കാൻ തുടങ്ങി. ദൈവം സത്യമാണ്, മുസ്‍ലിമാകൂ .... എന്ന വിളിയാളമായിരുന്നു അത്. ഞാനീ കാര്യം ഭാര്യയോട് പറഞ്ഞപ്പോൾ  അവൾ എന്നെ അത്ഭുതപ്പെടുത്തി. ഇസ്‍ലാമിനെ അറിയുവാനും പുൽകുവാനും അവളും അതിയായി ആഗ്രഹം പ്രകടിപ്പിച്ചു. അതോടെ, ഇസ്‍ലാമിന്റെ സൗന്ദര്യത്തെ  ഞങ്ങൾ കൂടുതല്‍ പഠിക്കാൻ ആരംഭിച്ചു. ഇസ്‍ലാമും ഏകദൈവ വിശ്വാസവുമാണ് ശരിയായ പാതയെന്ന് വൈകാതെ ഞങ്ങള്‍ക്ക് മനസ്സിലായി. അല്ലാഹു ഞങ്ങൾക്ക് ആ വഴിയെ  എളുപ്പമാക്കി തരികയും ചെയ്തു. ശഹാദത്ത് ചൊല്ലി ഞങ്ങൾ ഇസ്‍ലാമിലേക്ക് കാലെടുത്തുവെച്ചു. പിന്നീട് ഇസ്‍ലാമിന്റെ ചരിത്രവും മൂല്യവും പഠിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മികച്ച മൂല്യമുള്ള വ്യക്തിയാവുക എന്ന ലക്ഷ്യത്തിലേക്കായിരുന്നു ഞങ്ങള്‍ സഞ്ചരിച്ചത്.

തൗഹീദ് എന്നത് ഇസ്‍ലാമിന്റെ മൗലികമായ ആശയമാണ്. അഥവാ ദൈവം ഏകനാണ്, അവന് പങ്കുകാരില്ല എന്ന് മുസ്‍ലിംകൾ ഉറച്ചു വിശ്വസിക്കുന്നു.  പ്രവാചകന്മാർ പോലും ദൈവത്തോട് പൂർണ്ണ വിധേയത്വം ഉള്ളവരാണ്. വ്യക്തികളെയും വിഗ്രഹങ്ങളെയും ആയിരക്കണക്കിന് ചിഹ്നങ്ങളെയും ആരാധിക്കണമെന്ന് മിക്ക മതങ്ങളും ആവശ്യപ്പെടുമ്പോൾ ഇസ്‍ലാം ഏകദൈവ വിശ്വാസത്തിൽ  ശ്രദ്ധകേന്ദ്രീകരിക്കുന്നു. മാത്രമല്ല ഇതിന് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ ഇസ്‍ലാമിൽ നിന്നുതന്നെ പുറത്തുപോകുന്നു. ഇതര മത ധാരകളിൽ കാണപ്പെടുന്ന വിഗ്രഹ സങ്കല്പം ഇസ്‍ലാമിൽ ഒരിക്കലും അംഗീകരിക്കുന്നില്ല. ദൈവത്തെ വിവിധ ചിത്ര രൂപത്തിലും വിഗ്രഹ രൂപത്തിലും പ്രതിഷ്ഠിക്കുന്നത് ഭൗതികതയെ ആരാധിക്കുന്നതിന് സമാനമാണ്. ഈ ലോകത്തിലെ ഒന്നിനും ദൈവത്തെ ചിത്രീകരിക്കാൻ ആവില്ല. 

പഠിക്കുംതോറും ഈ വിശ്വാസം ഞങ്ങളെ വല്ലാതെ ആകർഷിക്കുകയായിരുന്നു. യുക്തിഭദ്രമായ ദൈവ സങ്കല്പമാണ് ഇസ്‍ലാം മുന്നോട്ട് വെക്കുന്നത്. എല്ലാവരും തുല്യരാണെന്നും അവരുടെ ദൈവബോധവും പ്രവർത്തനവും കൊണ്ട് മാത്രമാണ് അല്ലാഹുവിന്റെ അടുക്കൽ വ്യത്യസ്തരാകുന്നത് എന്നും ഇസ്‍ലാം പഠിപ്പിക്കുന്നു. സമത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉപജ്ഞാതാവ് ദൈവമാണ്. ദൈവവിശ്വാസം എല്ലാ വിശ്വാസികളെയും ഏകീകൃത സ്വഭാവത്തിലേക്കും ഒരേ ലക്ഷ്യത്തിലേക്കും നയിക്കുന്നു.

സർവ്വ ജനങ്ങൾക്കും നൽകപ്പെട്ട സന്ദേശമാണ് ഇസ്‍ലാം. അത് അറബികൾക്കോ മിഡിൽ ഈസ്റ്റിലെ ചില ജനങ്ങളിലേക്കോ മാത്രം പരിമിതപ്പെട്ട ഒന്നല്ല. ഫിത്ത്റ എന്ന് അറബിയിൽ വിളിക്കപ്പെടുന്ന ശുദ്ധ പ്രകൃതത്തോടുകൂടിയാണ് ഓരോ മനുഷ്യനും ജനിക്കുന്നത്, പിന്നീട് പ്രായമാകുമ്പോൾ വഴിതെറ്റുന്നു, പ്രവാചകൻ മുഹമ്മദ് നബി (സ്വ) മുഖേനെ, മുന്‍പ്രവാചകന്മാര്‍ പഠിപ്പിച്ച ദൈവഭക്തിയും സന്ദേശവും സത്യവും തിരികെ നൽകുകയാണ് യഥാര്‍ത്ഥത്തില്‍ നടന്നിട്ടുള്ളത്.

ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെ ഈ ലളിതമായ വീക്ഷണം ഒരു യാഥാർഥ്യമുണ്ടെന്ന് മനസ്സിലാക്കാൻ എന്നെ സഹായിച്ചു. നാമെല്ലാവരും ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുന്നു. എന്നാൽ നമ്മുടെ മനുഷ്യരുടെ തെറ്റിദ്ധാരണകളും തിന്മകളും നമ്മെ യഥാർത്ഥ പാതയിൽ നിന്ന് അകറ്റുകയാണുണ്ടായത്.  പരിശുദ്ധിയോടെയാണ് ഓരോ  മനുഷ്യനും  ജനിക്കുന്നത്. നമ്മുടെ ഏറ്റവും മോശമായ സഹജബോധം ആ പരിശുദ്ധിയെ മറികടക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ്. ഭൂമിയില്‍ കാണുന്ന അക്രമങ്ങളുടെയെല്ലാം മൂല കാരണം അത് തന്നെ.  നീതിയിലും ഭക്തിയിലും നിലനിൽക്കൽ ആണ് അതിന് പരിഹാരമായി ഇസ്‍ലാം കാണുന്നത്. നാം ഭൗതികതയിൽ മാത്രം അധിഷ്‌ഠിതരാണെങ്കിൽ, വഞ്ചനയ്ക്കും പാപത്തിനും മനുഷ്യൻ എളുപ്പത്തിൽ ഇരയാകുന്നു. ഭൗതികതയുടെ ചങ്ങലകളിൽ നിന്ന് നമ്മെ മോചിപ്പിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ഭൗതിക വിരുദ്ധ സങ്കൽപ്പത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. അതിലൂടെ ലോകത്തിന് മുഴുവനും നന്മ ചെയ്യാനും എല്ലാ സൃഷ്ടികളോടും ഗുണകാംക്ഷ സ്വീകരിക്കാനും ഒരു വിശ്വാസി പ്രാപ്തനായി മാറുന്നു. അവനെയാണ് യഥാര്‍ത്ഥത്തില്‍ മുസ്‍ലിം എന്ന് വിളിക്കപ്പെടുന്നത്. 
(തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter