സൊഹ്‌റാൻ മംദാനി: ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഏറെ പഠിക്കാനുണ്ട്
അമേരിക്കയുടെ തന്ത്രപ്രധാന നഗരങ്ങളിലൊന്നായ ന്യൂ യോർക്ക് സിറ്റി. മേയർ തെരെഞ്ഞെടുപ്പിൽ പാർട്ടി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഡെമോക്രറ്റിക് പാർട്ടി നടത്തിയ സ്ഥാനാർഥി നിർണയ വോട്ടെടുപ്പ് ഫലത്തിന്റെ അന്തിമ ചിത്രം ഏകദേശം വ്യക്തമായ നിമിഷം.
നഗരത്തിലെ അമിത ജീവിതച്ചെലവും ജപ്തിനിയമവുമെല്ലാം കൊണ്ട് പൊറുതിമുട്ടിയ ഒരു സമൂഹം ആ സ്ഥാനാർത്ഥിയുടെ വിജയം അത്യധികം പ്രതീക്ഷയോടെ കൊണ്ടാടിയെങ്കിൽ തീവ്ര വലതുപക്ഷക്കാരും ലിബറലിസ്റ്റുകളും അതിനെ അമേരിക്കയുടെ സെക്യൂലറിസ്റ്റ് മുഖച്ഛായക്കേറ്റ മങ്ങലായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ഒടുവിൽ ഒരു നിമിഷത്തിൽ സ്റ്റാച്യു ഓഫ് ലിബർട്ടിക്ക് മേല്‍ ബുർഖ വീണു, അത് ആ വിഭാഗം വെച്ച് പുലര്‍ത്തിപ്പോരുന്ന മുസ്‍ലിം വിരുദ്ധതയുടെ ബുർഖയായിരുന്നു എന്ന് തന്നെ പറയാം.
വിജയിക്കുന്ന പക്ഷം, അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ന്യൂയോർക്കിന്റെ മേയറാകുന്ന ആദ്യ മുസ്‍ലിമായിരിക്കും സൊഹ്‌റാൻ മംദാനി. അനേകം ജൂതർ വസിക്കുന്ന ന്യൂയോർക്കിൽ, ഫലസ്തീൻ അനുകൂലിയായിട്ട് കൂടി മംദാനി ജയിച്ചുവന്നതിന്റെ പിന്നിലെ കാരണങ്ങൾ പലതാണ്.
ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും പ്രസിദ്ധ ചലച്ചിത്രസംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി. ഉഗാണ്ടയില്‍ ജനിച്ച സൊഹ്റാന്‍ മംദാനി, ഏഴാം വയസ്സിലാണ് ന്യൂയോര്‍ക്കിലേക്ക് എത്തുന്നത്. അമേരിക്കൻ പൗരത്വം ലഭിച്ചിട്ട് ഏഴ് വർഷങ്ങൾ മാത്രമായ മംദാനി, പല കുത്തക മുതലാളിമാരുടെയും സാമ്പത്തിക രാഷ്ട്രീയ പിന്തുണയുണ്ടായിരുന്ന മുൻ ഗവർണർ ആന്‍ഡ്രൂ കുമോയെയാണ് പരാജയപ്പെടുത്തിയത് എന്നത് കൂടി ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
ന്യൂയോർക്കിലെ ജനങ്ങൾ നിലവിൽ അഭിമുഖീകരിക്കുന്ന അമിത ജീവിതച്ചെലവ്, ജപ്തിഭീഷണി പോലെയുള്ള അടിസ്ഥാന വർഗ്ഗപ്രശ്നങ്ങൾ പ്രധാനമായും ഉയർത്തിക്കൊണ്ടുവരാൻ മാംദാനിക്ക് സാധിച്ചുവെന്നുള്ളതാണ് മംദാനിയുടെ ഏറ്റവും വലിയ വിജയ തന്ത്രം. ഇതിന് മുമ്പ് അടിസ്ഥാന വർഗജനവിഭാഗങ്ങളുടെ കടം എഴുതിത്തള്ളണമെന്ന ആവശ്യാം ഉന്നയിച്ച് മാംദാനി നയിച്ച സമരം വിജയിക്കുകയും ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതോടൊപ്പം നഗരത്തിലെ വോട്ടർമാരിൽ നല്ലൊരു ഭാഗം വരുന്ന ജൂതരുടെ കൂടെ നിന്ന് അവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും പരിഹരിക്കാനുള്ള ഉറപ്പുകളും വാഗ്ദാനങ്ങളും നല്കാൻ കഴിഞ്ഞുവെന്നതും അദ്ദേഹത്തിന്റെ നേട്ടമാണ്.
''ഞാൻ ഭരണത്തിൽ കയറിയാൽ കോർപറേറ്റ് ഭീമന്മാരുടെ ആവശ്യങ്ങൾക്ക് ചെവികൊടുക്കില്ല, ഞാൻ ഉറപ്പിച്ച് പറയുന്നു നിങ്ങളുടെ ഇടയിൽ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങള്‍ക്കായിരിക്കും ഇന്ന് മുതൽ എന്നും എന്റെ മുന്‍ഗണന.'' മംദാനിയുടെ ഈ വാക്കുകളെ, മതചിന്തകള്‍ക്കതീതമായി, ഏറെ പ്രതീക്ഷയോടെയാണ് അവര്‍ സ്വീകരിച്ചത്.
''ഈ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ രാത്രിയുറങ്ങാനും വിശ്രമിക്കാനും എനിക്ക് വീടും സൗകര്യങ്ങളുമുണ്ട്, എന്നാൽ ഒരു പക്ഷെ നിങ്ങളിൽ പലർക്കും അതുണ്ടാവണമെന്നില്ല. എല്ലാവർക്കും അഫൊർഡബിൾ ആയ ന്യൂയോർക്, അതാണ് നമുക്കാവശ്യം. അതാണ് എന്റെ ലക്ഷ്യവും''.
പ്രചാരണ വേളയിലെന്ന പോലെ വിജയാഹ്ലാദ പരിപാടികളിലും അദ്ദേഹം ആവർത്തിച്ച വാക്കുകളാണിവ.
പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളും നല്ലൊരു പക്ഷം ജൂത വോട്ടുകളും തെരഞ്ഞെടുപ്പിന്റെ വിജയപരാജയം നിർണയിക്കുന്നിടത്ത്, മംദാനിയെ പരാജയപ്പെടുത്താനായി, ആന്‍ഡ്രൂ കുമോ അദ്ദേഹത്തിന് മേല്‍ ജൂതവിരുദ്ധ ചാപ്പയും ക്രിസ്ത്യൻ വിരുദ്ധതയുമെല്ലാം ആരോപിച്ചിരുന്നു. പക്ഷെ അത്തരം കുപ്രചാരണങ്ങളെ മറികടക്കാൻ ഉതകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണ തന്ത്രങ്ങളും വാഗ്ദാനങ്ങളൂം. ന്യൂയോർക്കിലെ സിറ്റി ബസുകളിൽ സൗജന്യ യാത്രാ സൗകര്യമൊരുക്കുക, 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചൈൽഡ് കെയർ ഹോമുകൾ സംവിധാനിക്കുക തുടങ്ങി സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ നിത്യ ജീവിത പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളായിരുന്നു അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പ് പ്രകടന പത്രികയിലുടനീളം ഇടം പിടിച്ചത്.
2030 ആവുമ്പോഴേക്കും മിനിമം വേതനം മണിക്കൂറിന് 30 ഡോളർ എന്ന തോതിൽ ആക്കാൻ ശ്രമിക്കുമെന്നും കോർപറേറ്റ് നികുതി 11.5 ശതമാനമാക്കി ഉയർത്തുമെന്നും ന്യൂയോർക്ക് നഗരത്തിൽ ഒരു മില്യൺ ഡോളറിന് മുകളിൽ വരുമാനമുള്ളവർക്ക് രണ്ട് ശതമാനം നികുതി ചുമത്തുമെന്നും അതിലൂടെയൊക്കെ, സുഭിക്ഷമായ നഗരത്തിന് വേണ്ടിയുള്ള തന്റെ ഭാവി പദ്ധതികൾക്ക് പണം കണ്ടെത്തുമെന്നും മംദാനി പ്രഖ്യാപിച്ചിരുന്നു.
അതുകൊണ്ട് തന്നെയാണ് അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ് ഒരു മേയർ സ്ഥാനാർത്ഥിക്കെതിരെ കടുത്ത ഭാഷയിൽ സംസാരിക്കുകയും വോട്ട് കുറക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തത്. പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തത് അയാളൊരു കമ്മ്യൂണിസ്റ്റ് ലുണാറ്റിക്കാണെന്നായിരുന്നു. അതിന് കാരണവുമുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ പ്രവേശിച്ച് കഴിഞ്ഞാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളുകൂടിയാണ് സൊഹ്‌റാൻ മാംദാനി.
ചുരുക്കത്തിൽ എക്കാലത്തും ഉദ്വേഗങ്ങൾ നിറഞ്ഞ അമേരിക്കൻ തെരെഞ്ഞെടുപ്പ് ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കും മാംദാനി മേയറായാൽ ഉണ്ടാവാൻ പോവുക. ഗാസ വിഷയത്തിൽ അമേരിക്കയുടെയും ട്രംപിന്റെയും പ്രഖ്യാപിത നിലപാടുകൾക്കും തീരുമാനങ്ങൾക്കും എതിരായ ഒരാൾ ന്യൂയോർക്കിൽ മേയർ പദവി അലങ്കരിച്ചാൽ അത് ട്രംപിന് നൽകുന്ന അസ്വസ്ഥതകൾ ഏറെയാണ്.
പണ്ട് 21 വയസ്സുകാരിയായ ആര്യാ രാജ്യേന്ദ്രൻ തിരുവനന്തപുരം മേയറായപ്പോൾ 'ഇത്തരത്തിലുള്ള മേയർമാരെയാണ് ലോകത്തിനാവശ്യം' എന്ന് സൊഹ്‌റാൻ മാംദാനി ട്വീറ്റ് ചെയ്തിരുന്നു. അതെ, ഇന്ന് ന്യൂയോർക് മാംദാനിയോട് പറഞ്ഞതും അതാണ്. ഞങ്ങൾക്കും തങ്കളെയാണ് വേണ്ടത്.
അതേ സമയം, ദുരിതങ്ങള്‍ക്ക് മേല്‍ ദുരിതം വിതക്കുന്ന നൂറ് കണ്ക്കിന് പ്രശ്നങ്ങളുണ്ടായിട്ടും, അവയൊന്നും സ്പര്‍ശിക്കുക പോലും ചെയ്യാതെ, വര്‍ഗ്ഗീയ വിദ്വേഷം ഇളക്കിവിട്ട് വീണ്ടും വീണ്ടും അധികാരത്തിലേറുന്ന സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിനും മംദാനിയുടെ വിജയത്തില്‍നിന്ന് ഏറെ പഠിക്കാനും പകര്‍ത്താനുമുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരികയും അവക്ക് യുക്തമായ പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും അവ നടപ്പിലാക്കുമെന്ന് ആത്മാര്‍ത്ഥമായി ഉറപ്പ് നല്കുകയും ചെയ്താല്‍, ഏത് വര്‍ഗ്ഗീയതയെയും തുരത്താനാവുമെന്നാണ് ഈ വിജയം ഇന്ത്യയിലെ ജനങ്ങളോടും രാഷ്ട്രീയ നേതൃത്വത്തോടും വിളിച്ച് പറയുന്നത്. വര്‍ഗ്ഗീയവാദികള്‍ അധികാരത്തില്‍നിന്ന് താഴെയിറങ്ങണമെന്ന് ആഗ്രഹിക്കുന്നവരൊക്കെ ഇക്കാര്യം വേണ്ടവിധം പഠിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണ്.
Leave A Comment