ശൈഖ് അൽബൈഹാനി: യമനിലെ ഇസ്‍ലാമിക നവോത്ഥാനത്തിന്റെ മുഖം
ശൈഖ് ഇമാം മുഹമ്മദ് ഇബ്നു സാലിം അൽബൈഹാനി, തെക്കൻ യമനിലെ ഇസ്‍ലാമിക പ്രസ്ഥാനങ്ങളുടെ നായകനായാണ് ചരിത്രം അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഇസ്‍ലാമിക പണ്ഡിതരിലൊരാളായ അദ്ദേഹം, ഗ്രന്ഥരചന, പ്രബോധന പ്രവർത്തനം, സാമൂഹ്യപരിഷ്കരണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമ്മാണം എന്നിവയിലൂടെ യമനിലെ മത–സാംസ്കാരിക നവീകരണത്തിന് മഹത്തായ സംഭാവനകൾ നൽകി.
അൽബൈഹാനി തന്റെ ജീവിതകാലത്ത് ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിനും രണ്ട് ലോകമഹായുദ്ധങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. 1839 മുതൽ 1967 വരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയിലായിരുന്ന തെക്കൻ യമനിൽ അദ്ദേഹം നവോത്ഥാനത്തിൻ്റെ പ്രകാശമായി ഉയർന്നു വന്നു.
ജനനവും ജീവിതവും
മുഹമ്മദ് ഇബ്നു സാലിം ബ്നു ഹുസൈൻ ഇബ്നു ഖമീസ് അൽകദാദിൽ ബൈഹാനി എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണ നാമം. അൽബൈഹാനി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1908 ആഗസ്റ്റ് 20 ന് (ഹി. 1326 റജബ് 22) ബൈഹാൻ പ്രദേശത്തെ (ഇന്നത്തെ ഷബ്‌വ) അൽഖസാബ് ഗ്രാമത്തിലാണ് ജനനം. പണ്ഡിത പരമ്പരയുള്ള കുടുംബത്തിലായിരുന്നു അൽബൈഹാനി വളർന്നത്. യമൻ, ഈജിപ്ത്, എത്യോപ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കർമ്മശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും പ്രാവീണ്യമുള്ള തൻ്റെ പിതാവിൽ നിന്നായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കുകയും ചെയ്തു.
അഞ്ചാം വയസ്സിൽ വസൂരി രോഗബാധയെ തുടർന്ന് അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെട്ടു. എങ്കിലും, കാഴ്ചവൈകല്യം അദ്ദേഹത്തിന്റെ വിജ്ഞാനാന്വേഷണത്തിന് തടസ്സമായില്ല. മറിച്ച് ആന്തരിക ദൃഷ്ടിയും ബൗദ്ധിക ശക്തിയും വളർത്തുന്നതിനുള്ള പ്രേരകമായി മാറി.
പഠനവും പരിശീലനവും
അൽബൈഹാനിയുടെ വിദ്യാഭ്യാസ ജീവിതം അദ്ദേഹത്തിൻ്റെ ദൃഢനിശ്ചയത്തിന്റെയും ബൗദ്ധിക സമർപ്പണത്തിന്റെയും സാക്ഷ്യമായിരുന്നു. ബാല്യകാലം മുതൽ തന്നെ ഇസ്‍ലാമിക മതവിദ്യാഭ്യാസത്തിന്റെ അടിസ്ഥാനങ്ങൾ അദ്ദേഹത്തിന്റെ ബൗദ്ധിക വ്യക്തിത്വത്തിന്റെ അടിത്തറയായി മാറി.
ബൈഹാൻ പ്രദേശത്തെ പ്രമുഖ പണ്ഡിതന്മാരുടെ കീഴിൽ അദ്ദേഹം ഫിഖ്ഹ് ഉൾപ്പെടെയുള്ള ഇസ്‍ലാമിക വിജ്ഞാന ശാഖകൾ സ്വായത്തമാക്കി. തുടർന്ന് സഹോദരനായ ശൈഖ് അബ്ദുൽ ഇലാഹ് സാലിം അൽബൈഹാനിയോടൊപ്പം 1916-ൽ ഹദ്റമൗത്തിലെ തരീം എന്ന പ്രശസ്ത പഠനകേന്ദ്രത്തിലേക്ക് യാത്ര തിരിച്ചു. അവിടെ ഏകദേശം രണ്ടു വർഷത്തോളം അശ്ശാത്വിരി കുടുംബത്തിലെ നിരവധി പണ്ഡിതന്മാരുടെ കീഴിൽ ഉലൂമുദ്ധീൻ പഠിക്കുകയും അറബി ഭാഷയിൽ വൈദഗ്ദ്യം നേടുകയും ചെയ്തു. അബ്ദുല്ലാഹി ബ്നു ഉമർ അശ്ശാത്വിരി അവരിൽ പ്രധാന അധ്യാപകൻ ആയിരുന്നു. ശേഷം 1928 ൽ ഏദനിലേക്ക് താമസം മാറ്റി. അവിടെ നിന്ന് ഷെയ്ഖ് അഹ്മദ് മുഹമ്മദ് അൽഅബ്ബാദിയുടെ കീഴിൽ വിദ്യ നുകർന്നു. അദ്ദേഹം ഏദനിലെ പ്രഗത്ഭരായ മുഹമ്മദ് സഈദ് ജറാദയുടെയും അബ്ദുല്ലാഹ് അഹ്മദ് മുഹൈറസിൻ്റെയും ഗുരുവായിരുന്നു.
പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് (1938) അൽബൈഹാനി ഈജിപ്തിലെ അൽഅസ്ഹർ സർവകലാശാലയിൽ ചേർന്നത്. അദ്ദേഹത്തിന്റെ അക്കാദമിക് ജീവിതത്തിലെ നിർണായകമായ വഴിത്തിരിവായിരുന്നു ഇത്. അദ്ദേഹം അൽഅസ്ഹറിലെ പണ്ഡിതന്മാരുമായി വൈജ്ഞാനിക സംവാദങ്ങളിൽ സജീവമായിരുന്നു. അവിടെ മൂന്നു വർഷം ഔപചാരികമായി പഠനം നടത്തുകയും അഹ്‍ലിയ്യ, ആലിമിയ്യ എന്നീ രണ്ട് ബിരുദങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
അൽഅസ്ഹറിലെ പ്രസംഗ പീഠത്തിൽ പ്രസംഗിച്ച ആദ്യ യമനി പണ്ഡിതനെന്ന ബഹുമതിയും അൽബൈഹാനിക്കുണ്ട്. കൈറോയിൽ യമൻ സ്വാതന്ത്ര്യ സമര സേനാനികളോടുകൂടെ തൻ്റെ സാന്നിധ്യവും അദ്ദേഹം രേഖപ്പെടുത്തി. ഈ അനുഭവങ്ങൾ അദ്ദേഹത്തിന്റെ ബൗദ്ധിക വീക്ഷണത്തെ വിപുലപ്പെടുത്തുകയും പാരമ്പര്യ ഇസ്‍ലാമിക വിജ്ഞാനങ്ങളെയും സമകാലിക ചിന്തകളെയും ഏകീകരിക്കുന്ന ഒരു സമഗ്ര പണ്ഡിതനായി അദ്ദേഹത്തെ വാർത്തെടുക്കുകയും ചെയ്തു.
ഗുരുക്കന്മാർ
തൻ്റെ സുദീർഘമായ വിജ്ഞാനയാത്രയിൽ അൽബൈഹാനി നിരവധി ഉസ്താദുമാരിൽ നിന്ന് ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട് . അബ്ദുല്ലാഹി ബ്നു ഉമർ അശ്ശാത്വിരി, ശൈഖ് അഹ്മദ് മുഹമ്മദ് അൽഅബ്ബാദി, ശൈഖ് അബ്ദുൽബാരി ബ്നു ശൈഖ് അയ്ദറൂസ്, സഈദ് ബ്നു ഉമർ ബാ ഖരീബ്, മുഹമ്മദ് ബ്നു സാലിം അസ്സിർറി, അലവി ബ്നു അബ്ദുറഹ്മാൻ അൽമശ്ഹൂർ, ഉമർ ബ്നു അലി അസ്സഖാഫ് (ഫറാഇദ്), ഉമർ ബ്നു ഔള് അൽഹദ്ദാദ് (നഹ്‌വ്) എന്നിവര്‍ അദ്ദേഹത്തിന്റെ ഗുരുക്കന്മാരില്‍ പ്രധാനികളാണ്.
ബൗദ്ധിക നിലപാടുകൾ
അൽബൈഹാനി ഇസ്‍ലാമിക പരിഷ്കരണവാദ ചിന്താധാരയിൽ ഉൾപ്പെട്ട ഒരു അതുല്യ പണ്ഡിതനായിരുന്നു. മുസ്‍ലിം ബ്രദർഹുഡുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം മതപരവും സാമൂഹികവുമായ നവോത്ഥാന പ്രവർത്തനങ്ങളിൽ പ്രധാന പങ്കാളിത്തം വഹിച്ചു. പാശ്ചാത്യവൽക്കരണം, മാർക്സിസം, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ എന്നിവയ്‌ക്കെതിരെ ശക്തമായ വിമർശനാത്മക നിലപാട് സ്വീകരിച്ചു.
“മനസ്സുകൾ കോളനിവൽക്കരിക്കപ്പെടുകയും വിശ്വാസം നഷ്ടപ്പെടുകയും ചെയ്താൽ ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് യാതൊരു മൂല്യവുമുണ്ടാകില്ല” എന്ന പ്രസ്താവന ഈ നിലപാടിന്റെ പ്രതിഫലനമാണ്. അന്ധവിശ്വാസങ്ങളും മിഥ്യാധാരണകളും നിറഞ്ഞ പരമ്പരാഗത മതപ്രവണതകൾക്കെതിരെ നിലകൊണ്ട് ജനങ്ങളുടെ വിശ്വാസ ശുദ്ധീകരണത്തിന് ശ്രമിച്ചു.
അൽബൈഹാനിയുടെ ബൗദ്ധിക നിലവാരം സമകാലികരായ പല പണ്ഡിതരും സ്ഥിരീകരിച്ചിട്ടുണ്ട്. സഹപാഠിയായ മുഹമ്മദ് മഹ്മൂദ് അസ്സുബൈരി അദ്ദേഹത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്:
"ഈജിപ്തിൽ വെച്ചാണ് ഞാൻ ഉസ്താദ് മുഹമ്മദ് സാലിം അൽബൈഹാനിയെ പരിചയപ്പെട്ടത്. യമനിൽ വെച്ച് അദ്ദേഹത്തെക്കുറിച്ച് കേട്ട് പരിചയമുള്ള എനിക്ക് ഏദനിൽ അദ്ദേഹത്തോടൊപ്പം സഹവസിക്കാൻ അവസരം ലഭിച്ചു. ഈജിപ്തിൽ അദ്ദേഹം പ്രൊജ്ജ്വല പണ്ഡിതനായി അംഗീകരിക്കപ്പെട്ടിരുന്നു. അവിടുത്തെ ക്ലബ്ബുകളിലും പൊതുസമ്മേളനങ്ങളിലും ബൈഹാനിയെ ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. അറബ് യുവാക്കളിലെ സാധാരണ പണ്ഡിത പ്രഭുക്കളിലൊരാളെന്നതിലുപരി അവരിൽ ഏറ്റവും ഉയർന്ന ബൗദ്ധിക നിലവാരവും സ്വാധീനശേഷിയും ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം".
പ്രബോധന പ്രവർത്തനങ്ങൾ
ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളും സമൂഹത്തിലെ അടിയന്തര വിഷയങ്ങളും നേരിട്ട് അഭിസംബോധന ചെയ്യുന്ന യാഥാർത്ഥ്യബോധമുള്ള പ്രബോധകനായിരുന്നു അദ്ദേഹം. പ്രഭാഷണത്തിന്റെയും സാമൂഹിക പരിഷ്കരണത്തിന്റെയും ഭാഗമായി കവിതയെ ഉപാധിയാക്കിയ പ്രതിഭാധനനായ കവിയുമായിരുന്നു അദ്ദേഹം. പ്രവാചകൻ മുഹമ്മദ് നബി(സ്വ)യെ പ്രകീർത്തിക്കുന്നതും ഉത്തമ ധാർമ്മികത പ്രോത്സാഹിപ്പിക്കുന്നതും ദേശീയവും സാമൂഹികവുമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതുമായ നിരവധി കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
ദഅ്‍വാ ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം വിവിധ അറബ് രാജ്യങ്ങൾ സന്ദർശിച്ചു. വിശിഷ്ട പണ്ഡിതന്മാരും രാജാക്കന്മാരും മറ്റു ഉന്നത വ്യക്തികളും അദ്ദേഹവുമായി കൂടിക്കാഴ്ചയും നടത്തി. അതിനാൽ യമനിനകത്തും പുറത്തുമുള്ള നിരവധി പണ്ഡിതന്മാരുമായി അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. പല ആലിമീങ്ങളിൽ നിന്നും ഇജാസത്തുകളും അൽബൈഹാനി കരസ്ഥമാക്കി.
ചുമതലകളും സാമൂഹ്യ സേവനങ്ങളും
ഈജിപ്തിലെ പഠനം പൂർത്തിയാക്കിയ ശേഷം വിജ്ഞാനവും പ്രബോധനവും പരിഷ്കരണവും ലക്ഷ്യമാക്കി അദ്ധേഹം ഏദനിലേക്ക് മടങ്ങി. 1943-ൽ ഏദനിൽ മുഫ്തിയായി ചുമതലയേറ്റു.
പിന്നീട് ക്രേറ്ററിലെ ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനിയുടെ നാമത്തിൽ അറിയപ്പെടുന്ന അൽഅസ്ഖലാനി പള്ളിയിൽ 1949 മുതൽ 1969 വരെ ഇമാമായും പ്രഭാഷകനായും നിയമിതനായി. 1950-ൽ ശൈഖ് സഈദ് ബിൻ അഹ്മദ് ബാസറഅയുടെ മേൽനോട്ടത്തിൽ ജനങ്ങളുടെ ധനസഹായത്തോടെ ഈ പള്ളി പുനർനിർമ്മിക്കപ്പെട്ടു. 1958-ൽ പള്ളിയുടെ പിന്നിൽ അൽ ബൈഹാനിക്കായി പ്രത്യേക ഭവനം പണികഴിപ്പിച്ചിരുന്നു. അദ്ദേഹം പള്ളിയെ വിജ്ഞാനത്തിന്റെയും ആത്മീയതയുടെയും കേന്ദ്രമാക്കി മാറ്റി.
ഹദീസ്, തഫ്‌സീർ, ഫിഖ്ഹ്, സീറ (പ്രവാചകജീവചരിത്രം), ഭാഷാശാസ്ത്രം എന്നീ വിഷയങ്ങളിൽ അദ്ദേഹം ഹൽഖകൾ സംഘടിപ്പിച്ചു. കൂടാതെ വർഷം തോറും സ്വഹീഹുൽബുഖാരിയുടെ സമ്പൂർണ്ണ വായനയും അദ്ദേഹം നടത്തിയിരുന്നു. 1929-ൽ രൂപംകൊണ്ട അറബ് ഇസ്‍ലാമിക് റിഫോം ക്ലബ്ബിന്റെ സ്ഥാപക പ്രവർത്തനങ്ങളിലെ പ്രധാന അംഗവും ഇസ്‍ലാമിക് സൊസൈറ്റി ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിൻ്റെ സ്ഥാപകനുമായിരുന്നു അൽബൈഹാനി.
അൽബൈഹാനി തന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. കിണറുകൾ കുഴിപ്പിക്കൽ, സ്‌കൂളുകളും പള്ളികളും നിർമ്മിക്കൽ തുടങ്ങി അനവധി പ്രവർത്തനങ്ങളാൽ കർമ്മനിരതനായിരുന്നു. അനുയായികളും മനുഷ്യസ്നേഹികളും അദ്ദേഹത്തോടൊപ്പം കൈകോർത്ത് പ്രവർത്തിച്ചതോടെ അദ്ദേഹത്തിന് പൊതുജനങ്ങൾക്കിടയിൽ വലിയ അംഗീകാരം ലഭിച്ചു.
ഇസ്‌ലാമിക് ഇൻസ്റ്റിറ്റ്യൂട്ട്
ബൈഹാനിയുടെ പ്രധാന നേട്ടങ്ങളിൽ ഒന്നായിരുന്നു ഏദനിലെ ഇസ്‍ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം. ഇന്ന് അൽബൈഹാനി മോഡൽ സെക്കൻഡറി സ്കൂൾ എന്ന പേരിലറിയപ്പെടുന്നു. വിവിധ അറബ്–ഇസ്‍ലാമിക് രാജ്യങ്ങളിൽ നിന്നും മറ്റും ലഭിച്ച സാമ്പത്തിക സഹായം കൊണ്ടായിരുന്നു ഇസ്‍ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് പണി കഴിപ്പിച്ചത്. അന്നത്തെ കാലഘട്ടത്തിൽ ഇതിന്റെ നിർമ്മാണച്ചെലവ് ഏകദേശം നാല് ദശലക്ഷം ദിർഹമായിരുന്നു. 1957 സെപ്റ്റംബർ ഇരുപത്തഞ്ചിന് (ഹി.1377 റബീഉൽ അവ്വൽ) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ 23 അധ്യാപകരും 700 വിദ്യാർത്ഥികളും ഇവിടെ പഠനം ആരംഭിച്ചു. ഏദനിലെ മുസ്‍ലിം ബ്രദർഹുഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന് അറിയപ്പെട്ടിരുന്ന ഉമർ സാലിം ത്വർമൂം അവിടത്തെ പ്രധാന അധ്യാപകനായിരുന്നു.
ഏദനിലെ സർക്കാർ കോളേജിന് ശേഷം രണ്ടാമത്തെ വലിയ വിദ്യാഭ്യാസ സ്ഥാപനമായും ഇതിനെ കണക്കാക്കപ്പെട്ടു. വിവിധ അറബ്–ഇസ്‍ലാമിക രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആകർഷണകേന്ദ്രമായ ഈ സ്ഥാപനം വൈജ്ഞാനിക പ്രബുദ്ധതയുടെ ദീപസ്തംഭമായി മാറി.
പീഢനവും പൈതൃക സംരക്ഷണവും
1967-ൽ ഏദനിൽ കമ്മ്യൂണിസ്റ്റ് ശക്തികൾ അധികാരം പിടിച്ചെടുത്തതിന് ശേഷം അൽബൈഹാനി കടുത്ത പീഢനങ്ങൾക്ക് ഇരയായി. ഇസ്‍ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് ദേശസാൽക്കരിക്കുകയും അതിനെ നാസ്തിക പ്രചാരണ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. കൂടാതെ ഉമ്മഹാതുൽ കുതുബ് ഉൾപ്പെടെ അയ്യായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയിരുന്ന അദ്ദേഹത്തിന്റെ ലൈബ്രറിയും നശിപ്പിക്കപ്പെട്ടു. അതോടെ അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത വൈജ്ഞാനിക പൈതൃകം നഷ്ടമായി.
1970-ൽ അസ്ഖലാനി പള്ളിക്കടുത്തുള്ള തന്റെ വീട് പിടിക്കപ്പെട്ടതോടെ അദ്ദേഹം ഏദനിൽ നിന്നും വടക്കൻ യമനിലെ തായ്സ് നഗരത്തിലേക്ക് കുടിയേറി. അവിടെ യമനിലെ വിശ്രുതനായ ദാനശീലൻ ഹാഇൽ സഈദ് അന്അം അദ്ദേഹത്തിന് താമസസൗകര്യവും സംരക്ഷണവും നൽകി. 1972 ഫെബ്രുവരി 13 (ഹി. 1391 ദുൽഹിജ്ജ 26) ന് തായ്സിൽ വഫാതായി. അൽമുളഫർ പള്ളിയിലെ ഖബർസ്ഥാനിൽ മറവ് ചെയ്യുകയും ചെയ്തു.
അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം തന്റെ ശിഷ്യന്മാർ "അൽബൈഹാനി ചാരിറ്റബിൾ സൊസൈറ്റി ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ്" എന്ന സ്ഥാപനം ആരംഭിച്ചു. ഇത് മതപഠന കോഴ്സുകൾ, ഖുർആൻ പഠനവൃത്തങ്ങൾ, പരിശീലന പരിപാടികൾ, വിദ്യാഭ്യാസ സഹായ പദ്ധതികൾ, വേനൽക്കാല ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്നു. ഈ സ്ഥാപനം അദ്ദേഹത്തിന്റെ മാതൃസംഘടനയായ "ഇസ്‍ലാമിക് സൊസൈറ്റി ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ്" ന്റെ ആശയപരമായ പാരമ്പര്യത്തിൻ്റെ തുടർച്ചയായി നിലകൊള്ളുന്നു.
രചനകൾ
അൽബൈഹാനിയുടെ കൃതികൾ അദ്ദേഹത്തിന്റെ ബൗദ്ധിക ദിശയും മത–സാമൂഹിക ചിന്തകളും പ്രതിഫലിപ്പിക്കുന്നു. ഇസ്‍ലാമിക വിശ്വാസശുദ്ധീകരണം, സാമൂഹിക പരിഷ്കാരം, ആരാധനാ ജീവിതം എന്നിവയാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രധാന വിഷയങ്ങൾ. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ:
- ഇസ്‌ലാഹുൽ മുജ്തമഅ്
- ഇബാദ വ ദീൻ
- ഉസ്താദുൽ മർഅ
- കയ്ഫ നഅ്ബുദുല്ലാഹ്?
- സൗബഅതു ഫീ ഫിൻജാൻ
- ഫുതൂഹാതുർ റബ്ബാനിയ്യ ബിൽ ഖുത്ബി വൽ മവാഇളിൽ ഖുർആനിയ്യ
- അത്വറുൽ യമാനി ഫീ ശിഅ്‌റിൽ ബൈഹാനി (കവിതാസമാഹാരം).
നാഥന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ സ്വീകരിക്കട്ടെ.



Leave A Comment