സ്വർഗാവകാശികളായ ജീവികൾ 01. തിരുനബിയുടെ ഖസ്‍വാഅ്
അല്ലാഹു തആലാ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഒരു നിശ്ചിത കാലാവധി നിശ്ചയിച്ചുകൊണ്ടാണ്. ഒരു ദിവസം ഈ ലോകവും അതിലുള്ള സർവചരാചരങ്ങളും പൂർണ്ണമായി നശിക്കുകയും, പരലോകം എന്ന ശാശ്വതമായ മറ്റൊരു ജീവിതം ആരംഭിക്കുകയും ചെയ്യും. ഈ ലോകത്ത് മനുഷ്യർ ചെയ്തുകൂട്ടിയ നന്മതിന്മകളുടെ അടിസ്ഥാനത്തിൽ അവർ വിചാരണ ചെയ്യപ്പെടുകയും, നല്ലവർ സ്വർഗത്തിലേക്കും പാപികൾ നരകത്തിലേക്കും നയിക്കപ്പെടുകയും ചെയ്യും എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമാണ്.
എന്നാൽ ഈയൊരു ഘട്ടത്തിൽ, മനുഷ്യരെപ്പോലെ ബുദ്ധിയോ ചിന്താശേഷിയോ ഇല്ലാത്ത മൃഗങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും അവസ്ഥ എന്തായിരിക്കും?
പരലോകത്ത് വെച്ച് മൃഗങ്ങൾക്കിടയിലും നീതി നടപ്പാക്കപ്പെടുമെന്ന് പ്രമാണങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതിനുശേഷം അല്ലാഹുവിന്റെ കൽപ്പനപ്രകാരം ഈ ജീവികളെല്ലാം മണ്ണായി മാറുകയാണ് ചെയ്യുക. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, തങ്ങളുടെ സവിശേഷമായ ചരിത്രപരമായ പങ്കുകൊണ്ടും അല്ലാഹുവിനോടുള്ള അനുസരണ കൊണ്ടും സ്വർഗത്തിലേക്ക് പ്രവേശനം ലഭിക്കുന്ന പത്ത് പ്രത്യേക ജീവികളെക്കുറിച്ച് ഇസ്‌ലാമിക ചരിത്രങ്ങളിൽ പരാമർശിക്കുന്നുണ്ട്. അവ ഏതെല്ലാമാണെന്നും അവയുടെ പ്രാധാന്യം എന്താണെന്നും നോക്കാം. പല ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും മറ്റും പണ്ഡിതൻമാർ അവയെ വ്യക്തമായ രീതിയിൽ വിശദീകരിക്കുന്നുണ്ട്.
തിരുനബിയുടെ ഖസ്‍വാഅ്
അല്ലാഹുവിന്റെ തിരുദൂതർ(സ്വ)യോട് ചേർന്നുനിന്ന സർവ്വ ചരാചരങ്ങൾക്കും ഇസ്‌ലാമിക ചരിത്രത്തിലും പരലോകത്തും സമാനതകളില്ലാത്ത ആദരവാണ് അല്ലാഹു നൽകിയിട്ടുള്ളത്. അക്കൂട്ടത്തിൽ ഏറ്റവും സവിശേഷമായ സ്ഥാനമുള്ള ഒന്നാണ് നബി(സ്വ) യുടെ പ്രിയപ്പെട്ട ഒട്ടകമായ ഖസ്‌വാഅ്. അന്ത്യനാളിൽ സാധാരണ മൃഗങ്ങളെപ്പോലെ മണ്ണായിപ്പോകാതെ, പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും കൂടെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന പത്ത് സവിശേഷ ജീവികളിൽ പ്രധാനിയാണ് ഈ ഒട്ടകം എന്ന് ഇമാം സ്വാവീ(റ), ഇമാം ദമീരി(റ) തുടങ്ങിയ പണ്ഡിതന്മാർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മക്കയിൽ നിന്നും മദീനയിലേക്കുള്ള ചരിത്രപ്രസിദ്ധമായ ഹിജ്റ വേളയിലാണ് ഖസ്‌വാഅ് ചരിത്രത്തിന്റെ സുവർണ്ണ താളുകളില്‍ ഇടം പിടിക്കുന്നത്. മദീനയിലെത്തിയ പ്രവാചകര്‍(സ്വ) യെ തങ്ങളുടെ വീടുകളിലേക്ക് സ്വീകരിക്കാൻ അൻസാരികൾ മല്‍സരിച്ചപ്പോൾ, നബി(സ്വ) ആ തീരുമാനം ഖസ്‍വാഇന് വിട്ട് കൊടുക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു: "നിങ്ങൾ ഒട്ടകത്തെ അതിന്റെ വഴിക്ക് വിടുക, തീർച്ചയായും അത് അല്ലാഹുവിനാൽ കൽപ്പിക്കപ്പെട്ടതാണ്”
ഒടുവിൽ ആ ഒട്ടകം വന്ന് മുട്ടുകുത്തിയ സ്ഥലത്താണ് ഇന്നത്തെ മസ്ജിദുന്നബവി സ്ഥിതി ചെയ്യുന്നത്.
ഇമാം ബാജൂരി(റ) തന്റെ തുഹ്ഫത്തുൽ മുരീദിൽ വിശദീകരിക്കുന്നത് പോലെ, ഖസ്‌വാഅ് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് അതിന്റെ സ്വന്തം കർമ്മങ്ങൾ കൊണ്ടല്ല. മറിച്ച്, തിരുനബി(സ്വ) യോടുള്ള സാമീപ്യവും അവിടുത്തെ സേവിച്ചു എന്നതുമാണ് അതിന് ലഭിച്ച ഏറ്റവും വലിയ പുണ്യം.
പരലോകത്തിന്റെ ഭീകരമായ അന്തരീക്ഷത്തിൽ വെച്ച് എല്ലാ സൃഷ്ടികളും വിറങ്ങലിച്ചു നിൽക്കുമ്പോൾ, പ്രവചാകര്‍(സ്വ)യുടെ മഹത്വം ലോകർക്ക് മുന്നിൽ പ്രകടിപ്പിക്കാനായി അല്ലാഹു ഈ ഒട്ടകത്തെ പുനരുജ്ജീവിപ്പിക്കും. സ്വർഗ്ഗത്തിലും തിരുനബി(സ്വ)യുടെ വാഹനമായി ഖസ്‌വാഅ് കൂടെയുണ്ടാകും എന്ന് ഇമാം ദമീരി(റ) ഹയാത്തുൽ ഹയവാനിൽ സാക്ഷ്യപ്പെടുത്തുന്നു.
ഇമാം ദമീരി(റ) തന്റെ ഹയാത്തുൽ ഹയവാനിൽ ഈ ഒട്ടകത്തിന്റെ ശാരീരിക-ആത്മീയ പ്രത്യേകതകളെ കുറിച്ചും ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെ വായിക്കാം, "തീർച്ചയായും ഖസ്‌വാഅ് എന്നത് ഒട്ടും തളർച്ച ബാധിക്കാത്ത, അല്ലാഹുവിന്റെ പ്രത്യേക ബറകത്ത് നിറഞ്ഞ ഒരു ഒട്ടകമായിരുന്നു. നേരിയ ചാരനിറം കലർന്ന ശരീരപ്രകൃതിയും, അഗ്രം ചെറുതായി മുറിക്കപ്പെട്ട കാതുകളുമുള്ളതായിരുന്നു അത്. ഇസ്‌ലാമിലെ ഏറ്റവും മഹത്തരവും നിർണ്ണായകവുമായ ചരിത്രമുഹൂർത്തങ്ങളിലൊക്കെയും അല്ലാഹുവിന്റെ തിരുദൂതർക്ക്(സ്വ) വാഹനമാകാനുള്ള അത്യപൂർവ്വമായ ബഹുമതി നൽകി അല്ലാഹു അതിനെ ആദരിക്കുകയുണ്ടായി. പ്രവാചകത്വ ചരിത്രത്തിലെ തുല്യതയില്ലാത്ത 'ഹിജ്റ' വേളയിലും, പ്രവാചകാനുചരന്മാരുടെ ഈമാൻ പ്രകടമായ 'ബൈഅത്തുർരിള്‌വാനിലും', ലക്ഷക്കണക്കിന് ഉമ്മത്തിനെ സാക്ഷിനിർത്തി ജനകോടികളിലേക്ക് ധർമ്മസന്ദേശം എത്തിച്ച ഹജ്ജത്തുൽ വിദാഇലെ ചരിത്രപ്രസിദ്ധമായ 'ബലാഗ് ഖുതുബ'യുടെ സമയത്തും തിരുനബി(സ്വ)യുടെ വാഹനം ഖസ്‌വാഅ് ആയിരുന്നു."
നാലോ അഞ്ചോ വയസ്സുള്ളപ്പോഴാണ് ഖസ്‌വാഇനെ 400 വെള്ളി ദിർഹമിന് പ്രവചാകര്‍(സ്വ) വാങ്ങുന്നത്. ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി(റ) തന്റെ ഫത്‌ഹുൽ ബാരിയിൽ വ്യക്തമാക്കുന്നത് പോലെ, 'ഖസ്‌വാഅ്' എന്ന വാക്കിന്റെ ഭാഷാപരമായ അർത്ഥം 'കാതിന്റെ അഗ്രം ചെറുതായി മുറിക്കപ്പെട്ട ഒട്ടകം' എന്നാണ്. എന്നാൽ ഈ ഒട്ടകത്തിന്റെ കാത് ജനിച്ചപ്പോഴേ അങ്ങനെയായിരുന്നോ അതോ പിന്നീട് മുറിക്കപ്പെട്ടതാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. എങ്കിലും ഭൂരിഭാഗം ഗവേഷകരും സാക്ഷ്യപ്പെടുത്തുന്നത് ഇതിന്റെ കാതുകൾ യഥാർത്ഥത്തിൽ മുറിക്കപ്പെട്ടിരുന്നില്ല എന്നാണ്. അതിന്റെ വേഗത, ഒട്ടകങ്ങൾക്കിടയിലെ അന്തസ്സ് എന്നിവ കാരണം സ്നേഹപൂർവ്വം വിളിക്കപ്പെട്ട ഒരു അപരനാമം മാത്രമായിരുന്നു അത് എന്നാണ് പല പണ്ഡിതരും പറയുന്നത്.
സീറത്തുൽഹലബിയ്യ പോലുള്ള ഗ്രന്ഥങ്ങൾ പ്രകാരം തിരുനബി(സ്വ)യുടെ ഈ ഒട്ടകത്തിന് തന്നെ സാഹചര്യങ്ങൾക്കനുസരിച്ച് മറ്റു ചില പേരുകൾ കൂടിയുണ്ടായിരുന്നു. അൽജദ്ആഅ് (അതിവേഗത്തിൽ സഞ്ചരിക്കുന്ന ഒട്ടകം), അസ്സ്വഹ്ബാഅ് (കടും ചുവപ്പും ചാരനിറവും കലർന്ന ശരീരവർണ്ണമുള്ളത്), അൽഅള്ബാഅ് (ഒരിക്കലും മറ്റൊന്നിനും ഇതിനെ മറികടക്കാൻ കഴിയാത്തവിധം വേഗതയുള്ളത്) എന്നിവ അവയില്‍ ചിലതാണ്. സ്വഹീഹുൽബുഖാരിയിലെ ഒരു റിപ്പോർട്ട് പ്രകാരം, ഒരിക്കൽ ഒരു അഅ്‌റാബിയുടെ ഒട്ടകം ഇതിനെ മറികടന്നപ്പോൾ സ്വഹാബികൾക്ക് അത് വലിയ പ്രയാസമുണ്ടാക്കി. അപ്പോൾ നബി(സ്വ) അറിയിച്ചു: "ഈ ദുനിയാവിൽ അല്ലാഹു ഒന്നിനെ ഉയർത്തിയാൽ അതിനെ താഴ്ത്തുക എന്നത് അല്ലാഹുവിന്റെ നിയമമാണ്".
സ്വഹീഹുൽ ബുഖാരിയിലും ഇമാം ബഗവി(റ)യുടെ ശർഹുസ്സുന്നയിലും മക്കയിലേക്ക് പ്രവേശിക്കുന്ന വഴിയിൽ ഹുദൈബിയ്യയിൽ വെച്ച് ഖസ്‌വാഅ് പെട്ടെന്ന് മുട്ടുകുത്തുകയും മുന്നോട്ട് നീങ്ങാൻ വിസമ്മതിക്കുകയും ചെയ്ത ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ സ്വഹാബികൾ പറഞ്ഞു: "ഖസ്‌വാഇന് വാശി കയറിയിരിക്കുന്നു (അത് വഴിമുടക്കിയിരിക്കുന്നു)." എന്നാൽ പ്രിയപ്പെട്ട വാഹനത്തെ പ്രതിരോധിച്ചുകൊണ്ട് തിരുനബി(സ്വ) അരുളി: "ഖസ്‌വാഇന് വാശി കയറിയിട്ടുമില്ല, അത് അതിന്റെ സ്വഭാവവുമല്ല. മറിച്ച് പണ്ട് അബ്രഹത്തിന്റെ ആനയെ മക്കയിൽ കടക്കാതെ തടഞ്ഞുനിർത്തിയ ആ അദൃശ്യശക്തി തന്നെയാണ് ഇതിനെയും ഇവിടെ തടഞ്ഞുനിർത്തിയിരിക്കുന്നത്." (ഹുദൈബിയ്യ സന്ധിയിലൂടെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനുള്ള അല്ലാഹുവിന്റെ കൽപ്പന ആ മൃഗം നടപ്പിലാക്കുകയായിരുന്നു എന്ന് പണ്ഡിതന്മാർ ഇതിനെ വിശദീകരിക്കുന്നു).
ഇമാം ദമീരി(റ) തന്റെ ഹയാത്തുൽ ഹയവാനിലും ഇമാം ഇബ്നു സഅദ്(റ) തന്റെ ത്വബഖാതുൽ കുബ്‍റയിലും രേഖപ്പെടുത്തിയ ഒരു ചരിത്രമുണ്ട്. തിരുനബി(സ്വ) ഈ ലോകത്തോട് വിടപറഞ്ഞതിന് ശേഷം ഖസ്‌വാഅ് എന്ന ഒട്ടകം കഠിനമായ ദുഃഖത്തിലാണ്ടുപോയി. സ്വഹാബികൾ എത്ര നിർബന്ധിച്ചിട്ടും മറ്റാരുടെയും കൈകളിൽ നിന്ന് ഒരു തുള്ളി വെള്ളമോ ഭക്ഷണമോ സ്വീകരിക്കാൻ അത് തയ്യാറായില്ല. തിരുനബിയുടെ വേർപാടിലുള്ള കടുത്ത വിഷമം കാരണം അതിന്റെ കണ്ണുകളിൽ നിന്ന് നിരന്തരം കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ഒടുവിൽ ഏതാനും ദിവസങ്ങൾക്കകം പ്രവാചക വിയോഗത്തിലുള്ള കടുത്ത മനോവിഷമത്താൽ ആ പുണ്യജീവിയും ഈ ലോകത്തോട് വിട പറയുകയാണുണ്ടായത്.
ചില സന്ദർഭങ്ങളിൽ തിരുനബി (സ്വ) ഖസ്‌വാഇന്റെ പുറത്തിരിക്കുമ്പോഴായിരുന്നു ദിവ്യസന്ദേശം ഇറങ്ങിയിരുന്നത്. ഒരിക്കൽ, ഹിജ്റക്ക് ഒരു വർഷം മുമ്പ് ഒരൊറ്റ ഇരുത്തത്തിൽ വെച്ചാണ് സൂറത്തുൽ അൻആം (165 ആയത്തുകൾ) പൂര്‍ണ്ണമായി ഇറങ്ങുന്നത്. മുആദ് ബിൻ ജബൽ(റ)ന്റെ പിതൃസഹോദര പുത്രിയായ അസ്മാ ബിൻത് യസീദ്(റ) പറയുന്നു: "ഈ സൂറത്ത് അവതരിക്കുന്ന സമയത്ത് തിരുനബി(സ്വ) ഒട്ടകത്തിന്റെ (ഖസ്‌വാഅ്) പുറത്തായിരുന്നു, ഞാൻ അതിന്റെ മൂക്കുകയർ പിടിച്ചിട്ടുണ്ടായിരുന്നു." ജിബ്‌രീൽ(അ)ന്റെ നേതൃത്വത്തിൽ എഴുപതിനായിരം (70,000) മലക്കുകൾ അകമ്പടി സേവിച്ചുകൊണ്ട് ഇറങ്ങിയ ഒരേയൊരു സൂറത്താണിത്. വഹ്‌യിന്റെ ആ കനത്ത ഭാരം താങ്ങാനാവാതെ അന്ന് ഖസ്‌വാഇന് നിലത്ത് മുട്ടുകുത്തേണ്ടി വന്നു.



Leave A Comment