ഇമാം ബഗവി: ജീവിതവിശുദ്ധിയുടെ വെളിച്ചം പകര്‍ന്ന പണ്ഡിത കുലപതി

മികവുറ്റ വിജ്ഞാന സേവനങ്ങളിലൂടെയും മാതൃകയോഗ്യമായ ആത്മീയ ജീവതത്തിലൂടെയും അഞ്ചാംനൂറ്റാണ്ടിന്റെ അനുഗ്രഹമായി കടന്നുപോയ പണ്ഡിത കുലപതിയാണ് മുഹ്‌യുസ്സൂന്ന എന്ന പേരില്‍ പ്രസിദ്ധനായ ഇമാം ബഗവി. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വിഞ്ജാന ശാഖകളില്‍ അഗാധ പാണ്ഡിത്യം നേടിയ മഹാന്‍ ആ മേഖലകളിലൊക്കെ ശ്രദ്ധേയമായ രചനകളും നിര്‍വ്വഹിച്ചിട്ടുണ്ട്. മുന്‍കാല മഹത്തുക്കളുടെ ജീവിത പാതയില്‍ ഉറച്ചുനിന്ന് എളിമയും ഭക്തിയും വിനയവും വെളിച്ചം വിതറിയ ജീവിതമായിരുന്നു മഹാന്‍ കാഴ്ചവെച്ചത്.

ജനനം, വളര്‍ച്ച, പഠനം
ഹിജ്‌റ 433ല്‍ ഖുറാസാനിലെ മര്‍വ് -ഹറാത് പ്രവിശ്യകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ബഗ്ശൂര്‍ എന്ന സ്ഥലത്താണ് ജനനം. ഹിജ്‌റ 436ലായിരുന്നു ജനനമെന്ന് ചില പണ്ഡിതര്‍ വ്യക്തമാക്ിയിട്ടുണ്ട്. അബൂ മുഹമ്മദ് അല്‍ഹുസൈനുബ്‌നു മസ്ഊദ് ബ്‌നു മുഹമ്മദ് അല്‍ ഫര്‍റാഅ് അല്‍ബഗവി എന്നാണ് പൂര്‍ണ നാമം. ഫര്‍റാഅ് എന്നത് പിതാവിന്റെ രോമക്കച്ചവടത്തിലേക്ക് ബന്ധപ്പെുടുത്തിയും ബഗവി എന്നത്് ജനനസ്ഥലമായ ബഗ്ശൂറിലേക്ക് ചേര്‍ത്തിയുമാണ് വിളിക്കപ്പെടുന്നത്. മറ്റു പണ്ഡിതരില്‍ നിന്നും വ്യത്യസ്തമായി പണ്ഡിത കുടുംബ പാരമ്പര്യമില്ലാതെ സാധാരണ കുടുംബത്തില്‍ നിന്നു കടന്നുവന്നതിനാല്‍ മഹാന്റെ കുടുംബത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഇമാം ദഹബി വ്യക്തമാക്കിയിട്ടുണ്ട്. 

ജന്മനാട്ടില്‍ തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് വിജ്ഞാനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടി മര്‍വ് അര്‍റൂദിലേക്ക് യാത്രതിരിച്ചു. അവിടെ വെച്ച് അക്കാലത്തെ പണ്ഡിതകുലപതിയും ഖാസിയുമായ ഹുസൈന്‍ മുഹമ്മദ് അല്‍മിര്‍വസിയുമായ സംഗമിക്കുകയും  അദ്ദേഹത്തിന്റെ ശ്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തില്‍ നിന്നും കര്‍മ്മശാസ്ത്രത്തിന്റെ നാലു സരണികളിലും അഗാധ ജ്ഞാനം നേടുകയും ശാഫി സരണിയില്‍ പ്രത്യേക പഠനം നടത്തുകയും  തന്റെ ജീവിത വഴിയായി സ്വീകരിക്കുകയും ചെയ്തു. ഖുറാസാനിലെ പണ്ഡിത മഹത്തുക്കളില്‍ നിന്നും സ്വിഹാഹ്, സുനനുകല്‍, മുസ്‌നദുകള്‍ റിപ്പോര്‍ട്ട് ചെയ്യാനു അദ്ദേഹത്തിനായി.  ഇരുപത്തിയേഴാം വയസ്സില്‍ മര്‍വ് അര്‍റൂദിലെത്തിയ മഹാന്‍ അത് തന്റെ വിജ്ഞാന സേവനങ്ങളുടെ കേന്ദ്രമായിമാറ്റുകയും മരണം വരെ അവിടെ കഴിഞ്ഞ് കൂടകയും ചെയ്തു. അതിനിടയില്‍ ഖുറാസാനിലെ ത്വൂസ്, സര്‍ഖസ് പോലുള്ള സ്ഥലങ്ങളിലും അറിവ് തേടി സന്ദര്‍ശനം നടത്തുകയുണ്ടായി. 

ഗുരുക്കളും ശിഷ്യന്മാരും
അറിവ് തേടി ഖുറാസാനില്‍ ചുറ്റിക്കറങ്ങിയ മഹാന് ധാരാളം പ്രമുഖ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായി. ഫഖീഹു ഖുറാസാന്‍ എന്ന പേരില്‍ പ്രസിദ്ധനായ ഖാസി ഹുസൈനുബ്‌നു മുഹമ്മദ് അല്‍മിര്‍വസിയാണ് പ്രധാന ഗുരു. അബ്ദുല്‍ വാഹിദ് ബ്‌നു അഹ്മദ് അല്‍മലീഹി, അല്‍ഫഖീഹ് അബുല്‍ ഹസന്‍  അലിയ്യുല്‍ ജുവൈനി, അബൂഅലി ഗസ്സാനുബ്‌നു സഈദ്  അല്‍മനീഹി, ശൈഖു ഖുറാസാന്‍ എന്ന പേരില്‍ പ്രസിദ്ധനായ അബുല്‍ ഖാസിം അബ്ദുല്‍ കരീം അല്‍ഖുറാസാനി തുടങ്ങിയവരാണ് മറ്റു ഗുരുക്കള്‍. അബൂമന്‍സൂര്‍ മുഹമ്മദ് അല്‍അത്വാറി, അല്‍വാഇസ് അബ്ദുല്‍ ഫുതൂഹ് മുഹമ്മദുല്‍ ഹമദാനി, അബ്ദുറഹ്്മാന്‍ അല്ലൈസി, അബുല്‍മകാരിം ഫള്‌ലുല്ല അന്നൗഖാനി തുടങ്ങിയവരാണ് പ്രധാന ശിഷ്യന്മാര്‍.

സേവനവും ജീവിതവും
വിവിധ വിജ്ഞാന ശാഖകളില്‍ അഗാധ ജ്ഞാനം നേടിയ മഹാന്‍ അധ്യാപനത്തിലും ഗ്രന്ഥരചനയിലുമായി തന്റെ ജീവിതം വിജ്ഞാന സേവനത്തിനായി ഉഴിഞ്ഞുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ അറിവിന്റെ നിധികുംഭങ്ങള്‍ തേടി അദ്ദേഹത്തെ സമീപിച്ചു. തിരക്കുപിടിച്ച അധ്യാപന രചനാ ജീവിതത്തിനിടയിലും വിശുദ്ധിയുടെയും ഭക്തിയുടെയും സൂക്ഷമതയുടെയും ജീവല്‍ പ്രതീകമായി മാതൃക തീര്‍ക്കാനും അദ്ദേഹത്തിനായി. പരിപൂര്‍ണ ശുദ്ധിയോടെ മാത്രമാണ് അദ്ദേഹം അധ്യാപനം നടത്തിയിരുന്നത്. വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കുകയും അതിന്റെ പാരായണത്തില്‍ അതീവ തല്‍പരനും ധാരാളം സമയം അതിനായി വിനിയോഗിക്കുകയും ചെയ്തിരുന്നു. സ്വാഹാബികളില്‍ നിന്നും താബിഉകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ നല്ല ധാരണയുണ്ടായിരുന്ന മഹാന്‍ തന്റെ രചനകളില്‍ കൂടുതലായി അവ അവലംബിക്കുകയും ചെയ്തിട്ടുണ്ട്.

Also Read:സഅ്ദുദ്ദീന്‍ അത്തഫ്താസാനി: ആധികാരിക രചനകളുടെ അതുല്യ പ്രതിഭ

തികഞ്ഞ പരിത്യാഗിയും സൂക്ഷമാലുവുമായിരുന്ന ആ ജീവിത്തിലൂടനീളം എളിമയും വിനയവും മുഴച്ചുനിന്നു. ലാളിത്യം തുളുമ്പുന്ന വസ്ത്രധാരണയും ചെറിയ തലപ്പാവുമൊക്കെ ആ താഴ്മയുടെ പ്രതീകങ്ങളായിരുന്നു. മഹാനായ സുബ്കി ഇമാം പറയുകയുണ്ടായി: സൂക്ഷമാലുവും പരിത്യാഗിയുമായ സമുന്നതനായ പണ്ഡിതവര്യനായിരുന്നു അദ്ദേഹം. ഖുര്‍ആന്‍, ഹദീസ്, ഫ്ിഖ്ഹ് എന്നിവയില്‍ അഗാധ ജ്ഞാനിയായിരുന്ന മഹാന്‍ മുന്‍കാല മഹത്തുക്കളെ പോലെത്തന്നെ അറിവും അതിനനുസരിച്ചുള്ള ഇബാദത്തും ഒരോ പോലെ കൊണ്ടുനടന്നു. റൊട്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണമെന്നും പലരും കുറ്റപ്പെടുത്തിയപ്പോള്‍ സൈത്തിനോടൊപ്പം റൊട്ടി കഴിച്ചുവെന്നും വിശ്രമമില്ലാത്ത ഇബാദത്തും ഖനാഅത്തും(ഉള്ളതില്‍ തൃപ്തിയടയുക) അ്‌ദ്ദേഹത്തിന്റെ വലിയ സവിശേഷതയായിരുന്നുവെന്നും ഇമാം ദഹബി വ്യക്തമാക്കിയിട്ടുണ്ട്. 

അമൂല്യമായ രചനാ ലോകം
വിജ്ഞാന ലോകത്ത് സ്തുത്യര്‍ഹമായ സേവനങ്ങളാണ് മഹാന്‍ കാഴ്ച വെച്ചത്. കര്‍മ്മശാസ്ത്രം, ഖുര്‍ആന്‍ പാരായണം, തഫ്‌സീര്‍, ഹദീസ് തുടങ്ങിയ മേഖലകളില്‍ കനപ്പെട്ട രചനകള്‍ ആ തൂലികയില്‍ വിരിയുകയുണ്ടായി. മഹാന്റെ ഖ്യാതി അനശ്വവരമാക്കിയ അനുഗ്്രഹീത രചനകളിലൊന്നാണ് മആലിമുത്തന്‍സീല്‍ എന്ന പേരിലറിയപ്പെടുന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം. ഖുര്‍ആന്‍, ഹദീസ്, സ്വഹാബികളുടെയും താബിഉകളുടെയും വിശദീകരണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കര്‍മശാസ്ത്ര നിയമങ്ങള്‍, വ്യത്യസ്ത പാരായണ ശൈലികള്‍, ഭാഷാ സാഹിത്യ വ്യാകരണ ചര്‍ച്ചകള്‍ ഉള്‍കൊള്ളുന്ന ബ്രഹത്തായ തഫ്‌സീര്‍ ഗ്രന്ഥമാണത്. വിശദീകരണങ്ങളിലെ ആധികാരികതയും മിതമായ അവതരണ ശൈലിയും ഇതര ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ നിന്നും ഇതിനെ വേറിട്ടു നിര്‍ത്തുന്നു. 

ഹദീസ് രംഗത്തെ ശ്രദ്ധേയമായ രചനകളാണ് ശറഹുസ്സുന്നയും മസ്വാബീഹുസ്സുന്നയും. ശറഹുസ്സുന്നയുടെ രചനയാണ് അദ്ദേഹത്തിന് മുഹ്‌യുസ്സുന്ന(തിരുചര്യയുടെ ജീവദാതാവ്) എന്ന സ്ഥാനപ്പേര് സമ്മാനിച്ചത്. ഇതിന്റെ രചന പൂര്‍ത്തിയായപ്പോള്‍ ഇദ്ദേഹം നബി തങ്ങളെ കാണുകയും നബി  അദ്ദേഹത്തോട് നീ എന്റെ ഹദീസുകള്‍ക്ക് വ്യാഖ്യാനമെഴുതി എന്റെ ചര്യകള്‍ക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണെന്ന് പറയുകും ചെയ്തതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

അത്തഹ്ദീബ്, അല്‍അന്‍വാര്‍ ഫീ ശമാഇലില്‍ മുഖ്താര്‍, അല്‍കിഫായ, ശറഹുല്‍ ജാമിഉത്തിര്‍മുദി തുടങ്ങിയവ മറ്റു ഗ്രന്ഥങ്ങളാണ്. വലിയ ജനപ്രീതി നേടിയ  അദ്ദേഹത്തിന്റെ രചനകളൊക്കെയും ഇന്നും പ്രചുര പ്രചാരത്തിലുള്ളവയാണ്. ജീവത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ച തികഞ്ഞ ഭക്തിയും ആത്മാര്‍ത്ഥതയുമാണിതിന് കാരണം. സുയൂഥി ഇമാം പറയുന്നു: പവിത്രമായ ഉദ്ദേശശുദ്ധി അദ്ദേഹത്തിന്റെ രചനകള്‍ക്ക് വലിയ സ്വീകാര്യതയും അനുഗ്രഹവും ലഭിക്കാന്‍ കാരണമായിട്ടുണ്ട്. അദ്ദേഹം ഇബാദത്തും ഖനാഅത്തും ഒത്തിണങ്ങിയ ദൈവജ്ഞാനിയായ പണ്ഡിതരിലൊരാളായിരുന്നു. 

അനന്തമായ വിജ്ഞാന സേവനങ്ങള്‍ക്കുള്ള അംഗീകാരമെന്നോണം അല്‍ഇമാം, മുഹ്‌യുസ്സുന്ന, റുക്‌നുദ്ദീന്‍ തുടങ്ങിയ സ്ഥാനപ്പേരുകളിലാണ് അദ്ദേഹം പ്രസിദ്ധിയാര്‍ജിച്ചത്. അറിവിന്റെ വസന്തവും ആത്മീയതയുടെ പരിമളവും പരത്തിയ ആ നിസ്വാര്‍ത്ഥ പണ്ഡിതന്‍ ഹിജ്‌റ 516 ശവ്വാല്‍ മാസത്തില്‍ വിടവാങ്ങി. ജന്മനാട്ടില്‍ നിന്നും യാത്രതിരിച്ച് തന്റെ കര്‍മ്മമണ്ഡലമായി തെരഞ്ഞെടുത്ത മര്‍വ് അര്‍റൂദില്‍ തന്നെയായിരുന്നും വിയോഗ വും. ഏകദേശം എണ്‍പത് പ്രായമുണ്ടായിരുന്ന മഹാന്‍ തന്റെ പ്രിയ ഗുരുവര്യര്‍ ഖാസി ഹുസൈന്റെ തൊട്ടരികില്‍  അന്ത്യവിശ്രമംകൊള്ളുന്നു. 

അവലംബം:
ത്വബഖാതുല്‍ മുഫസ്സിരീന്‍- ദാവൂദി
ത്വബഖാതുശ്ശാഫിഇയ്യതുല്‍ കുബ്‌റാ
വഫയാതുല്‍ അഅ്‌യാന്‍
മുഖദ്ദിമതു തഫ്‌സീറുല്‍ ബഗവി- ഇഹ്‌യാഉത്തുറാസ്
സിയറു അഅ്‌ലാമിന്നുബലാഅ്
ഇന്‍ബാഉല്‍ മുഅരിഫീന്‍ ബിഅന്‍ബാഇല്‍ മുസ്വന്നിഫീന്‍

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter