ശൈഖ് അദ്‍നാന്‍ ഖളിറിന്റെ മരണം, ഫലസ്തീനിലെങ്ങും ശക്തമായ പ്രതിഷേധം
ഫലസ്തീന്‍ പോരാളിയായ ശൈഖ് അദ്‍നാന്‍ ഖളിര്‍, നിരാഹാര സമരത്തെ തുടര്‍ന്ന് ഇസ്‍റാഈല്‍ തടവറയില്‍ മരണപ്പെട്ടതോടെ ഫലസ്തീനിലെങ്ങും പ്രതിഷേധം ശക്തമായി. അനധികൃതമായി തന്നെ തടവിലാക്കിയതിനെതിരെ അദ്ദേഹം നടത്തിയ നിരാഹാര സമരം, 87-ാം ദിവസത്തിലെത്തിയതോടെ ആരോഗ്യ നില വളരെ മോശമാവുകയും ഇന്ന് രാവിലെ, റാമല്ലായുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന, ഔഫര്‍ തടവറയില്‍ വെച്ച് മരണം വരിക്കുകയുമായിരുന്നു. 44 വയസ്സായിരുന്നു അദ്ദേഹത്തിന്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു ഇസ്‍റാഈല്‍ സൈന്യം ശൈഖ് അദ്‍നാനെ തടവിലാക്കിയത്. കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോലും അനുവദിക്കാതെ, അതീവ ശൈത്യമുള്ള തടവറയിലായിരുന്നു അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്.
1978ല്‍ വെസ്റ്റ് ബാങ്കിലെ ജുനൈനില്‍ ജനിച്ച ശൈഖ് അദ്‍നാന്‍ അധിനിവേശ ശക്തിക്കെതിരെയുള്ള പോരാട്ടത്തിലെ സജീവ സാന്നിധ്യമായിരുന്നു. മുമ്പ് പന്ത്രണ്ട് തവണ ഇസ്‍റാഈല്‍ തടവിലടക്കപ്പെട്ട അദ്ദേഹം അഞ്ച് തവണ നിരാഹാര സമരങ്ങള്‍ നടത്തുകയും അവസാനം അധിനിവേശ സൈന്യം അദ്ദേഹത്തെ മോചിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു. 58 ദിവസം നീണ്ടു നിന്ന 2018ലെ നിരാഹാരമായിരുന്നു അവയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്. ആറാമത്തെ നിരാഹാര സമരം 87 ദിവസം പിന്നിട്ടെങ്കിലും, ഇസ്‍റാഈല്‍ സൈന്യം അത് അവഗണിക്കുകയായിരുന്നു.
ഈ നിരാഹാര സമരം മരണത്തില്‍ കലാശിക്കുമെന്ന് നേരത്തെ കണക്ക് കൂട്ടിയ അദ്ദേഹം, ഏപ്രില്‍ 2ന് തന്റെ വസിയതുകള്‍ കുറിച്ച് കുടുംബത്തിന് കത്തെഴുതിയിരുന്നു. അതിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ വായിക്കാം,
എന്റെ ശരീരം ഏറെ ശോഷിച്ചിരിക്കുന്നു. എന്റെ എല്ലും മാസവുമെല്ലാം ഉരുകി ഇല്ലാതായിരിക്കുന്നു. എന്റെ ബാഹ്യ ശക്തികളെല്ലാം ക്ഷയിച്ചിരിക്കുന്നു. ഇനി അധികകാലം ഞാന്‍ ജീവിച്ചിരിക്കണമെന്നില്ല. മക്കളേ, നിങ്ങള്‍ സത്യമേ പറയാവൂ, അതെത്ര മേല്‍ കൈപ്പേറിയതാണെങ്കിലും. ഫലസ്തീനിലെ വീടുകളില്‍ ഏറ്റവും ഉത്തമമായത് ബന്ദികളുടെയും മുറിവേറ്റവരുടെയും രക്തസാക്ഷികളുടെയും വീടുകളാണ്. ഞാന്‍ രക്തസാക്ഷിയായാല്‍, എന്റെ ശരീരത്തെ വികൃതമാക്കാന്‍ നിങ്ങള്‍ അനുവദിക്കരുത്. എന്നെ എന്റെ പിതാവിന്റെ സമീപത്ത് തന്നെ നിങ്ങള്‍ മറവ് ചെയ്യുക. അല്ലാഹുവിന്റെ അടിമയായ ഖളിര്‍ അദ്‍നാന്‍ എന്ന് എന്റെ ഖബ്റിന്മേല്‍ കുറിച്ച് വെക്കുകയും ചെയ്യുക. ഈ ഭൂമി നമ്മുടേതാണ്, അല്ലാഹു നമുക്ക് വാഗ്ദാനം ചെയ്തതാണ് ഇത്. നിങ്ങള്‍ ഒരിക്കലും നിരാശരാവരുത്, അധിനിവേശ ശക്തികള്‍ എന്ത് തന്നെ ചെയ്താലും, അല്ലാഹുവിന്റെ സഹായം വൈകാതെ നമ്മെ തേടിയെത്തും, ഇന്‍ ശാ അല്ലാഹ്.
Leave A Comment