റിപ്പബ്ലിക്കൻ പാർട്ടിയിലെക്കൊഴുകുന്ന മുസ്‍ലിം വോട്ടുകൾ, ലിബറല്‍ കാഴ്ചപ്പാടുകളോടുള്ള നിരാസം തന്നെയാണ്
അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് അവസാനിച്ച് ചുരുങ്ങിയ ദിവസങ്ങളേ ആയിട്ടുള്ളു. കേവലം തെരഞ്ഞെടുപ്പ് ഫലത്തിനപ്പുറം കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ മുതൽ കാണാനിടയായ അപ്രതീക്ഷിതമായ ഒരു മാറ്റം ഈ തെരഞ്ഞെടുപ്പ് അക്കങ്ങളുടെ പിന്നിലും മുഴച്ചുനില്കുന്നുണ്ട്. അമേരിക്കയിലെ വ്യത്യസ്ത വിഭാഗങ്ങളിലെ വോട്ടിങ്ങ് രീതിയിലെയും സ്വഭാവത്തിലെയും മാറ്റങ്ങളെ അടയാളപ്പെടുത്തി പുറത്തുവന്ന പല കണക്കുകളും ഇതാണ് സൂചിപ്പിക്കുന്നത്. അതിൽ മുസ്‍ലിം സമുദായത്തിന്റെ വോട്ടിങ്ങ് സ്വഭാവത്തിൽ വന്ന ഘടനാപരമായ മാറ്റം ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അമേരിക്കൻ ജനസംഖ്യയിലെ വലിയൊരു ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗമായ മുസ്‍ലിംകൾ അമേരിക്കൻ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പുകളിലും കാലങ്ങളായി നിർണായക ശക്തിയാണ്. പൊതുവെ അമേരിക്കയിലെ മുസ്‍ലിം വോട്ടുകളും മുസ്‍ലിം രാഷ്ട്രീയവും ഡെമോക്രാറ്റിക്ക് പാർട്ടിയുടെ രാഷ്ട്രീയ സമീപനങ്ങൾക് അനുകൂലമായിട്ടാണ് നിലകൊണ്ട്പോന്നിരുന്നതും ഭൂരിപക്ഷവും ഇപ്പോഴും നിലനിൽക്കുന്നതും. എന്നാൽ ഏകപക്ഷീയമായ ഡെമോക്രറ്റിക് പിന്തുണയെന്ന രാഷ്ട്രീയ സ്ഥിതിവിശേഷത്തിൽ നിന്നുള്ള മാറ്റങ്ങളുടെ സൂചനകളാണ് തെരഞ്ഞെടുപ്പുകളിലെ മുസ്‍ലിം വോട്ടിങ് സ്വഭാവങ്ങളിൽ സംഭവിച്ച ചില മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനു പിന്നിലെ സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങൾ അന്വേഷിച്ചുള്ള പല നിരീക്ഷണങ്ങളും തെരഞ്ഞെടുപ്പ് വിദഗ്ദര്‍ ഇപ്പോഴും തുടരുകയാണ്.
അസോസിയേറ്റഡ് പ്രസ്സ് വോട്ട് കാസ്റ്റ് നടത്തിയ സർവ്വേയിലെ കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം 2018- മുതൽ മുസ്‍ലിംകളിലെ വലിയ ഒരു ശതമാനം വോട്ട് വിഹിതം റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് പോയി കൊണ്ടിരിക്കുന്നുവെന്നാണ്. അതോടൊപ്പം തന്നെ മുസ്‍ലിം സമൂഹത്തിനിടയിൽ ഡെമൊക്രാറ്റിക് പാർട്ടിയുടെ സ്വീകാര്യതയിൽ വൻ ഇടിവ് സംഭവിച്ചതായും സർവ്വേ വ്യക്തമാകുന്നു.
പല കാരണങ്ങളാണ് ഇത്തരം മാറ്റത്തിലേക്ക് നയിച്ചതിന് പിന്നില്‍ പറയപ്പെടുന്നത്. സമൂഹത്തെയും മതത്തെയും കുറിച്ചുള്ള ഇസ്‍ലാമിക മൗലികാശയങ്ങൾക്ക് റിപ്പബിക്കൻ പാർട്ടിയുടെ പാരമ്പര്യ മൂല്യങ്ങളുമായുള്ള സമാനതയാണ് പ്രധാനമായി ഉന്നയിക്കപ്പെടുന്ന ആശയപരമായ കാരണങ്ങളിലൊന്ന്.
എന്നാൽ ഈ സമാനത റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള വോട്ടായും പിന്തുണയായും മാറിയത് ഡെമോക്രറ്റിക് പാർട്ടി കൈകൊള്ളുന്ന ലിബറൽ നയങ്ങളിലൂന്നിയ ലിംഗരാഷ്ട്രീയത്തോടും അമേരിക്കൻ സാമൂഹ്യ തലത്തിൽ നിരന്തരം പ്രോത്സാ ഹിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വവർഗലൈംഗികത അടക്കമുള്ള നയങ്ങളോടുമുള്ള മുസ്‍ലിംകളുടെ ആശങ്കയുടെ പ്രതിഫലനത്തിനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മതനിഷേധ കാഴ്ച്പ്പാടിലധിഷ്ഠിതമായ ഡെമൊക്രാറ്റിക്ക് പാർട്ടിയുടെ നയങ്ങളോടും തീരുമാനങളോടുമുള്ള എതിർപ്പും വിയോജിപ്പുമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിക്കുന്ന മുസ്‍ലിം വോട്ടുകള്‍ എന്നര്‍ത്ഥം.
ഡെമൊക്രാറ്റിക്ക് പാർട്ടിയോടുള്ള മുസ്‍ലിംകളുടെ അതൃപ്തിയെ തങ്ങൾക്കുള്ള പിന്തുണയാക്കി മാറ്റാൻ അമേരിക്കയിലുടെനീളം റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാർ മുസ്‍ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നതും കാണാവുന്നതാണ്. ക്ലാസ് മുറികളിലെയും സ്കൂൾ ലൈബ്രറികളിലെയും ലൈംഗികത പ്രകടമാക്കുന്ന പുസ്തകങ്ങളിലെയും സിലബസ്സിലെയും ഉള്ളടക്കങ്ങളെ ചൊല്ലിയുള്ള മുസ്‍ലിം ആശങ്കകളെ എറ്റെടുത്തു കൊണ്ട് മുസ്‍ലിംകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്യവ്യാപകമായി റിപ്പബ്ലിക്കുകള്‍ നടത്തിയ ക്യാംപയിനുകൾ ഇതിന്റെ ഭാഗമാണ്.
അമേരിക്കയിലെ സ്കൂളുകളിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമടക്കം നടപ്പാക്കി കൊണ്ടിരിക്കുന്ന പ്രകൃതിവിരുദ്ധ ലൈംഗിക പ്രോത്സാഹന പദ്ധതികൾക്കെതിരെ പ്രതികരിക്കുന്നതിൽ മുസ്‍ലിംകളോടൊപ്പം ഇതര മതസമൂഹങ്ങളിൽ പെട്ടവരും വലിയ തോതിൽ മുന്നിൽ തന്നെയുണ്ട് എന്നുള്ളതാണ് വസ്തുത. ഡെയ്‍ലി കാളർ എന്ന വാർത്താ സ്ഥാപനം നടത്തിയ സർവേയിൽ ഇതിന്റെ കാരണമായി പലരും ചൂണ്ടികാട്ടിയത് തങ്ങളുടെ കുട്ടികളുടെ ഭാവിയുമായി ബന്ധപെട്ട ആശങ്കകളായിരുന്നു. ജെൻഡർ ന്യൂട്രൽ ആശയങ്ങൾ കുട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന മാനസികവും ശാരീരികവും അധാർമികവുമായ പ്രശ്നങ്ങളുടെ ഗൗരവമാണ് തങ്ങളെ റിപ്പബ്ലിക് പാർട്ടിക്ക് പിന്തുണ കൊടുക്കുന്നതിൽ എത്തിച്ചതെന്നാണ് പലരും വ്യക്തമാകുന്നത്.
അതിനു പുറമേ മത സാമൂഹിക ധാർമിക ചട്ടക്കൂടുകളെ അവഗണിച്ചുള്ള സ്കൂൾ വിദ്യാഭ്യാസവും ഉള്ളടക്കങ്ങളിൽ നടപ്പാക്കുന്ന പ്രകൃതി വിരുദ്ധ ലൈംഗിക ആശയങ്ങളുമാണ് പ്രധാന ആശങ്കകളായി ഉയർത്തികാട്ടിയ മറ്റു കാര്യങ്ങൾ. ചെറുപ്പം മുതലേ കുട്ടികളുടെ ചിന്തയിലേക്ക് ധാർമികപരമായി അപകടകരമായ ഇത്തരം ആശയങ്ങള്‍ കുത്തികയറ്റുന്നതിനും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും മുന്നിൽ നിൽക്കുന്നത് കൊണ്ടാണ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും മുസ്‍ലിംകളടക്കമുള്ള നാനാവിധ മതസമൂഹങ്ങൾ അകന്നുകൊണ്ടിരിക്കുന്നതും റിപ്പബ്ലികൻ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന താരത്തിലേക്കുള്ള രാഷ്ട്രീയ സ്ഥിതിവിശേഷത്തിലേക് കാര്യങ്ങൾ എത്തിച്ചതും.
സ്വതന്ത്ര ലൈംഗികതയും ജെന്‍ട്രല്‍ ന്യൂട്രാലിറ്റിയും പ്രോല്‍സാഹിപ്പിക്കുന്ന കേരളത്തിലേതടക്കമുള്ള സര്‍ക്കാറുകള്‍ക്കെല്ലാം ഇതൊരു പാഠമാവട്ടെ. ധാര്‍മ്മികതയിലൂന്നിയ കുടുംബവും ജീവിതവും വേണമെന്ന് അമേരിക്കയിലെ രക്ഷിതാക്കള്‍ പോലും സ്വാനുഭവത്തിലൂടെ തിരിച്ചറിഞ്ഞിരിക്കുകയാണ്. പാശ്ചാത്യ സമൂഹങ്ങളേക്കാള്‍ ജീവിത ധര്‍മ്മങ്ങളിലും അതിലുപരി മതധര്‍മ്മങ്ങളിലും വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങള്‍. അവയെ അവഗണിച്ച് കൊണ്ട് ഒരു സര്‍ക്കാരിനും മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയട്ടെ.
Leave A Comment