ഹിജാബ് ദിനം ലോകത്തോട് പറയുന്നത്
ഹിജാബിനെ കുറിച്ചും അത് നല്കുന്ന സുരക്ഷിതത്വത്തെകുറിച്ചും ഇതരരെ പരിചയപ്പെടുത്താനും താല്പര്യമുള്ളവര്‍ക്ക് അത് ധരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്താനുമായി, 2013 ല്‍ തുടക്കം കുറിച്ചതാണ് ലോക ഹിജാബ് ദിനം. ബംഗ്ലാദേശി-അമേരിക്കന്‍ പൗരയായ നസ്മാ ഖാന്‍ ആണ് ഇതിന് തുടക്കം കുറിക്കുന്നത്. നാനാത്വത്തിലും ഒന്നിച്ച് നില്‍ക്കാനാവുന്ന ലോകസൃഷ്ടി എന്നതാണ് ഈ സംരംഭത്തിന്റെ കാഴ്ചപ്പാട്. ബോധവല്‍ക്കരണം, വിദ്യാഭ്യാസം, ശാക്തീകരണം എന്നിവയിലൂടെ മുസ്‍ലിം സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങളെയും മുന്‍വിധികളെയും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.
പതിനൊന്നാം വയസ്സില്‍ ബംഗ്ലാദേശില്‍നിന്ന് ന്യൂയോര്‍കിലെത്തുമ്പോള്‍, സ്കൂളില്‍ ഹിജാബ് ധരിച്ചെത്തുന്ന ഏക കുട്ടിയായിരുന്നു നസ്മാഖാന്‍. ഒരു വിചിത്ര ജീവിയെ കാണുന്ന പോലെയാണ് സഹപാഠികളില്‍ പലരും അന്ന് നസ്മയെ നോക്കിക്കണ്ടത്. കോളേജില്‍ പഠിക്കുന്ന സമയത്താണ് വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണം നടക്കുന്നത്. അതോടെ, ബിന്‍ലാദന്‍ എന്ന വിളി വരെ അവര്‍ക്ക് കേള്‍ക്കേണ്ടിവന്നു. അതില്‍ മനം മടുത്ത് പഠനം നിര്‍ത്തുന്നതിന് പകരം, ഇതിനെന്താണ് പരിഹാരം എന്നായിരുന്നു നസ്മയുടെ ചിന്ത. അവര്‍ക്കൊന്നും ഹിജാബിനെ കുറിച്ച് വേണ്ടവിധം അറിയാത്തത് കൊണ്ടാണെന്ന് തിരിച്ചറിയുകയും അവരെ ഹിജാബ് പരിചയപ്പെടുത്തണമെന്നും ഒരിക്കലെങ്കിലും അത് ധരിക്കാനുള്ള അവസരം നല്കണമെന്നും അതോടെ അവര്‍ തീരുമാനമെടുത്തു. അതാണ് ലോക ഹിജാബ് ദിനമെന്ന ആശയത്തിലെത്തിച്ചത്. അതോടെ എല്ലാ വര്‍ഷവും ഫെബ്രുവരി ഹിജാബ് ദിനമായി ആചരിക്കാന്‍ തുടങ്ങി. 2013ലായിരുന്നു അത്. പത്ത് വര്‍ഷം പിന്നിടുമ്പോള്‍ പല രാജ്യങ്ങളും ഈ ദിനത്തെ അംഗീകരിച്ച് കഴിഞ്ഞു. 2017ല്‍ ന്യൂയോര്‍ക് സ്റ്റേറ്റും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സും ഈ ദിനത്തെ അംഗീകരിച്ചു. 2018ല്‍ സ്കോട്‍ലാന്റ് സര്‍ക്കാര്‍ ഇതിനെ പിന്തുണക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ പരിപാടികള്‍ തന്നെ സംഘടിപ്പിക്കുകയും മന്ത്രിമാരടക്കം പലരും അതില്‍ പങ്കെടുക്കുകയും ചെയ്തു.
ഓരോ വര്‍ഷവും 150ലേറെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഈ ദിനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹിജാബ് ബോധവല്‍ക്കരണത്തിനായി പല ഭാഗങ്ങളില്‍നിന്നായി അനേകം സന്നദ്ധ സേവകരും ആക്ടിവിസ്റ്റുകളും പ്രവര്‍ത്തിക്കുന്നുമുണ്ട്. ബി.ബി.സി, സി.എന്‍.എന്‍, അല്‍ജസീറ അടക്കമുള്ള ആഗോള വാര്‍ത്താ മാധ്യമങ്ങള്‍ ഈ ദിനത്തിലെ പരിപാടികള്‍ സംപ്രേഷണം ചെയ്യാറുമുണ്ട്. 2022ല്‍ ഇതിന്റെ പരിപാടികള്‍ക്ക് കൂടുതല്‍ പ്രചാരം നല്കാന്‍, ഫേസ് ബുക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളുടെ പാരന്റ് കമ്പനി മെറ്റാ രംഗത്ത് വന്നിരുന്നു.
ലോക മുസ്‍ലിം ചരിത്ര മാസമാണ് നസ്മാ ഖാന്റെ മറ്റൊരു ചുവടുവെപ്പ്. വളര്‍ന്നുവരുന്ന ഇസ്‍ലാമോഫോബിയയെ ഫലപ്രദമായി നേരിടുന്നതിന്, മുസ്‍ലിംകള്‍ ലോകത്തിന് നല്കിയ സംഭാവനകളെ പരിചയപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. 2021ലാണ് ഇത് തുടക്കം കുറിച്ചത്. 2023ല്‍, അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള 50 മുസ്‍ലിംകളില്‍ ഒരാളായി നസ്മാ ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വസ്ത്രസ്വാതന്ത്ര്യത്തിന് വരെ പല രാഷ്ട്രങ്ങളും കൂച്ചുവിലങ്ങിട്ട് കൊണ്ടിരിക്കുന്ന, പലയിടത്തും ഹിജാബും നിഖാബും നിരോധിക്കുന്ന, മുസ്‍ലിം സ്ത്രീകള്‍ പല വിവേചനങ്ങള്‍ക്കും വിധേയരാവുന്ന ഇക്കാലത്ത്, ഈ ദിനത്തിന് പ്രസക്തി ഏറുകയാണ്. മറ്റുള്ളവര്‍ തങ്ങളെ ഭയക്കുകയാണെന്നും വിവേചനപരമായി പെരുമാറുന്നുണ്ടെന്നും വിലപിച്ചിരിക്കാതെ, അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ഈ ഹിജാബ് ദിനത്തില്‍ ഒരു കൂട്ടുകാരിക്കെങ്കിലും ഇതിനെ കുറിച്ച് പറഞ്ഞു കൊടുക്കാം, ഇത് നല്കുന്ന സുരക്ഷിതത്വം ബോധ്യപ്പെടുത്തി കൊടുക്കാം. അറിയാത്തതും അനുഭവിക്കാത്തതും തന്നെയാണ് പലപ്പോഴും പ്രശ്നം. അതിന് നമുക്ക് അവസരമൊരുക്കാം.
Leave A Comment