ഫലസ്തീന്‍ എഴുത്തുകളെ തേടി പുലിറ്റ്സറെത്തുമ്പോള്‍
2025 വർഷത്തെ പുലിറ്റ്സർ അവാർഡ് ജേതാക്കളില്‍, ഫല്സതീന്‍ കവിയും ലേഖകനുമായ മുസ്അബ് അബൂത്വാഹാ എന്ന സാഹിത്യകാരന്‍ കൂടി ഉള്‍പ്പെട്ടിരിക്കുകയാണ്. ഫലസ്തീനികള്‍ അനുഭവിക്കുന്ന യാതനകളും ക്രൂരതകളും ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി ശ്രദ്ധേയമാവുകയാണ് ഇതിലൂടെ.
1992 ൽ ഗസ്സയിലെ അൽ ശാത്തി അഭയാർഥി ക്യാമ്പിലാണ് മുസ്അബ് ജനിക്കുന്നത്. ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് ഗസ്സയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം, ന്യൂയോർക്കിലെ സിറക്കോസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ക്രിയേറ്റീവ് റൈറ്റിംഗിലും ബിരുദം നേടി. ഫലസ്തീനിലെ ആദ്യത്തെ ഇംഗ്ലീഷ് പബ്ലിക് ലൈബ്രറിയായ എഡ്‌വാർഡ് സൈദ് ലൈബ്രറി സ്ഥാപിച്ചത് അദ്ദേഹമാണ്. മുസ്അബിന്റെ ആദ്യ കവിതാസമാഹാരമായ Things You May Find Hidden in My Ear ലോകത്തുടനീളം വളരെ ശ്രദ്ധയാകർഷിച്ചിരുന്നു.
മുസ്അബിന്റെ എഴുത്തുകളിലധികവും കടന്നുവരുന്നത് ഫലസ്തീന്‍ ജനതയുടെ വേദനകളും വ്യാകുലതകളുമാണ്. അദ്ദേഹത്തിന്റെ കവിതകളുടെ പേരുകളില്‍ നിന്ന് തന്നെ സമകാലിക ഫലസ്തീന്റെ ചിത്രം വായിച്ചെടുക്കാവുന്നതാണ്. പൊളിഞ്ഞു കിടക്കുന്ന വീടുകൾ, അവശിഷ്ടങ്ങൾക്കടിയിൽ മൂടപ്പെട്ട ഒരു കുഞ്ഞു ഷൂ, സൈറണുകൾക്ക് ശേഷമുള്ള നിശബ്ദത തുടങ്ങിയ ഫലസ്തീൻ ചിത്രങ്ങളെല്ലാം മുസ്അബ് കവിതകളിലൂടെ ആവിഷ്കരിച്ചപ്പോൾ, അവ ഗസ്സയിലെ നിലവിളികളുടെ പ്രതിഫലനമായി മാറി. വാൾട്ട് വിറ്റ്‌മാൻ്റെയും മഹ്മൂദ് ദർവിഷിന്റെയും കൃതികൾ അദ്ദേഹത്തിന്റെ വായനയിൽ എന്നും നിറഞ്ഞു നില്‍ക്കുകയും എഴുത്തിനെ ഏറെ സ്വാധീനിക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷിനെ ഒരു ഭാഷയായി മാത്രമല്ല, ഒരു പ്രതിരോധ ഉപാധിയായി കൂടിയാണഅ അദ്ദേഹം കണ്ടത്. 2023 ലെ യുദ്ധം അദ്ദേഹത്തെയും കുടുംബക്കാരെയും പൂര്‍ണ്ണമായും തകർത്തു. വീട് തകർന്നു പട്ടിണിയിലായ കുടുംബത്തോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റഫാ അതിർത്തിയിൽ ഇസ്രായേൽ സൈന്യത്തിൻറെ പിടിയിലാകുകയും ചെയ്തു. തുടർന്ന് ജയിലില്‍ കഴിച്ച് കൂട്ടിയ ദിനങ്ങളിലെല്ലാം ഇസ്രാഈലിന്റെ വിധ്വാംസക കൃത്യങ്ങൾക്കെതിരെയുള്ള വെടിയുണ്ടകളെന്നോണമാണ്, അദ്ദേഹം കവിതകൾ എഴുതിയത്.
അബൂത്വാഹയുടെ ആദ്യ കവിതാസമാഹാരമായ "Things You May Find Hidden in My Ear" അമേരിക്കൻ ബുക്ക് അവാർഡ് അടക്കമുള്ള നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2024 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതിയായ "Forest of Noise" New York Times-ലെ മികച്ച പുസ്തകമായി തെരഞ്ഞെടുത്തു. 2025 മുതൽ ന്യൂയോർക് ടൈംസില്‍ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങൾ മുന്‍നിര്‍ത്തിയാണ്, അവസാനം പുലിസ്റ്റർ പ്രൈസ് ഫോർ ബുക്ക് അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്. അതോടെ, അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കാനും അദ്ദേഹത്തിനായി.
ഹമാസ് നടത്തുന്ന അതിക്രമങ്ങളെ തമസ്കരിക്കുന്നു എന്ന ആരോപണം ഉയര്‍ത്തി, അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും നടക്കുന്നുണ്ട്. ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന അബൂത്വാഹാ, തന്റെ ജനതയുടെ അനുഭവങ്ങൾ ലോകത്തിനു മുന്നിൽ എത്തിക്കാനാണ് തന്റെ എഴുത്തും സാഹിത്യവാസനയും സമർപ്പിച്ചിരിക്കുന്നത് എന്ന് തന്നെ പറയാം.
പുലിസ്റ്റർ അവാർഡ് നേടിയ അദ്ദേഹത്തിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരുന്നു. "ഞാൻ ഇപ്പോൾ പുലിസ്റ്റർ അവാർഡ് നേടിയിരിക്കുന്നു. ഇത് പ്രതീക്ഷയാകട്ടെ. ഇത് ഒരു കഥയാകട്ടെ", എന്നാണ് അദ്ദേഹം കുറിച്ചത്. ഈ വാക്കുകൾ അദ്ദേഹത്തിന്റെ സുഹൃത്തും ഫലസ്തീനിയൻ കവിയുമായ റഫാത്ത് അൽഅലീറി അവസാനം എഴുതിയ വരികളായ "ഞാൻ മരിക്കേണ്ടിയിരിക്കുന്നു എങ്കിൽ, അത് ഒരു കഥയാകട്ടെ" എന്നതിലേക്കുള്ള സൂചനയാണ്. തന്റെ ഈ വിജയത്തെ ഗാസയിലെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും 2023-ൽ ഒരു ഇസ്രായേലി എയർസ്ട്രൈക്കിൽ കൊല്ലപ്പെട്ട 31 കുടുംബാംഗങ്ങൾക്കും സമർപ്പിക്കാനും അദ്ദേഹം മറന്നില്ല.
തികച്ചും വ്യക്തിഗതമായും രാഷ്ട്രീയമായും പ്രത്യക്ഷമാകുന്ന എഴുത്തിലൂടെ, മുസ്അബ് ലോകമനസാക്ഷിയെ ചിന്തിപ്പിക്കാൻ തുടങ്ങിയ ഒരു കവി കൂടിയാണെന്ന് പറയാം. ഫലസ്തീൻ അതിസങ്കീർണ്ണമായ ചരിത്രം അനുഭവിച്ച് കൊണ്ടിരിക്കുന്ന ഒരു ദേശമായി മാറിയപ്പോൾ, അവിടെ താമസിക്കുന്ന ജനങ്ങളുടെ നിസ്സഹായത, പ്രതിരോധം എന്നിവയെ തന്റെ കവിതകളിൽ പ്രതിഫലിപ്പിക്കുകയാണ് അദ്ദേഹം. ഗസ്സയിൽ നിന്നും അമേരിക്കയിലെ സാഹിത്യശാലകളിലേക്കുള്ള യാത്ര, ഒരു അഭയാർഥി കുട്ടിയെന്ന നിലയിൽ ജീവിതം തുടങ്ങിയതിൽ നിന്ന് പദവിയുള്ള ഒരു ആഗോള സാഹിത്യശബ്ദമായി വളർന്നത്, അസാധാരണമായ സാഹസികതയുടെ നേട്ടമാണ്. Forest of Noise എന്ന രണ്ടാം കൃതിയിൽ, യുദ്ധം, ഭീകരത, വിലാപം, സ്നേഹം, പ്രതീക്ഷ തുടങ്ങിയ വിരുദ്ധ വികാരങ്ങൾ കൃത്യമായി ഉൾകൊള്ളുന്നുണ്ട്. വ്യക്തിപരമായ ദുഃഖം പൊതുവായ രാഷ്ട്രീയ പ്രസ്താവനയായി മാറുമ്പോൾ, തന്റെ എഴുത്തിന് ഉപയോഗിച്ച ഭാഷ തന്നെ പ്രതിരോധത്തിന്റെയും മോചനത്തിന്റെയും ഉപാധിയായിട്ടാണ് മാറുന്നത്. പുരസ്കാരത്തോടനുബന്ധിച്ച വിമർശനങ്ങളെ അവഗണിക്കാതെ തന്നെ, അതിനപ്പുറത്തേക്ക് എഴുത്തിന്റെ ശക്തിയെ ഉപയോഗിച്ച് പൊളിച്ചെഴുതുകയാണ് അബൂത്വാഹയുടെ ലക്ഷ്യം. തന്റെ നിലപാടുകൾക്ക് വിലയിടാതെ, മനുഷ്യാവകാശങ്ങളുടെയും സംസ്കാരങ്ങളുടെയും സംരക്ഷണത്തിന് അർപ്പിതനായ ഒരു എഴുത്തുകാരൻ എന്ന നിലയിലാണ് അദ്ദേഹത്തെ ചരിത്രം നോക്കിക്കാണുക, തീര്‍ച്ച.
അദ്ദേഹത്തിന്റെ ഏതാനും ചില കവിതകള്‍ക്ക് ഇങ്ങനെ അര്‍ത്ഥം കുറിക്കാം.
i
എന്റെ ചെവി തുറക്കുമ്പോൾ,
സ്നേഹത്തോടെ തൊടുക.
എന്റെ ഉമ്മയുടെ ശബ്ദം അതിനുള്ളിലെവിടെയോ
ചേർന്നിരിക്കുന്നു.
ഉമ്മയുടെ ശബ്ദമാണ്
എനിക്ക് തലകറങ്ങുമ്പോൾ
ബാലൻസിനായി താങ്ങാവുന്നത്.
ഞാൻ പാടുന്ന
അറബി പാട്ടുകളും,
ഞാൻ ചൊല്ലുന്ന ഇംഗ്ലീഷ് കവിതകളും,
വീടിനുപിറകിലെ ചിറകിട്ടടിക്കുന്ന
പക്ഷികൾക്ക് ഞാൻ പാടുന്ന ഗാനവും
നിനക്ക് കേൾക്കാം.
നീ കേട്ട് തഴയ്ക്കുമ്പോൾ,
ഇവയെല്ലാം തിരിച്ചു എന്റെ ചെവിക്കുള്ളിൽ
മറക്കാതെ വെക്കണം.
ഒരു പുസ്തകശാലയിൽ പുസ്തകങ്ങൾ തിരിച്ച് വെക്കുന്നതുപോലെ
ii
ഡ്രോൺ മുഴക്കുന്ന ശബ്ദം,
F-16 യുദ്ധവിമാനത്തിന്റെ നിലവിളി,
വീടുകളിലേക്കും വയലുകളിലേക്കും ശരീരങ്ങളിലേക്കും
വീഴുന്ന ബോംബുകളുടെ കൂഗളം,
പറക്കുന്ന റോക്കറ്റുകളുടെ ഈർച്ച...
എന്റെ ചെറുതായ ചെവിക്കുഴിയിൽ നിന്നെല്ലാം
നീ നീക്കിക്കളയൂ.
നിന്റെ പുഞ്ചിരിയുടെ സുഗന്ധം
മുറിവിൽ തളിക്കുക.
ജീവന്റെ പാട്ട് എന്റെ രക്തത്തിൽ
കുത്തിവെച്ച് എന്നെ ഉണർത്തൂ.
നിന്റെ ചിന്തകളുമായി എന്റെ മനസ്സിനെ
കൂടെയാടാൻ സാവധാനം കതവില്‍ തട്ടൂ,
എന്റെ ഡോക്ടറേ, പകലിലും രാത്രിയിലും.
എന്താണ് വീട്:
സ്കൂളിലേക്ക് പോകുമ്പോൾ
വഴിയരികിൽ എനിക്ക് തണൽനൽകിയ മരങ്ങളാണത്,
വേരോടെ പറിച്ചുമാറ്റുന്നതിന് മുമ്പ്.
ചുമരുകൾ
ഇടിഞ്ഞുവീഴുന്നതിന് മുമ്പ്,
എന്റെ മുത്തശ്ശിയുടെയും മുത്തച്ചന്റെയും
പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് വിവാഹചിത്രമാണ്.
തണുത്ത രാത്രികളിൽ പുഴുക്കൾ കിടന്നിരുന്ന
എന്റെ ചേട്ടന്റെ നമസ്‌കാരവിരിയാണത്.
പിന്നീട് കവർച്ച ചെയ്യപ്പെട്ട് മ്യൂസിയത്തിൽ വെച്ചതാണ്.
എന്റെ അമ്മ ചോറും കോഴിയും വേവിച്ച അടുപ്പാണത്,
ബോംബ് നമ്മുടെ വീടിനെ ചാരമാക്കുന്നതിനു മുമ്പ്.
ഞാൻ ഫുട്ബോൾ കാണുകയും കളിക്കുകയും ചെയ്ത
കഫേയാണത്.
എന്റെ കുഞ്ഞ് ഇടയിൽ കയറി ചോദിച്ചു:
നാല് അക്ഷരങ്ങൾ മാത്രമുള്ളൊരു വാക്കിൽ
ഇതെല്ലാമുണ്ടാകുമോ?
(Things You May Find Hidden in My ear എന്ന സമാഹാരത്തിൽ നിന്ന്)
Leave A Comment