മുസ്‍ലിം ലോകം സ്വീഡനെതിരെ തിരിയുമ്പോൾ

മുസ്‍ലിം വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയ സ്വീഡനിലെ ഖുർആൻ കത്തിക്കൽ സംഭവത്തോട് വിവിധങ്ങളായ പ്രതിഷേധ സമരങ്ങളിലൂടെയും ബഹിഷ്കരണങ്ങളിലൂടെയും പ്രതികരിച്ചുകൊണ്ടിരിക്കുകയാണ് പല ഇസ്‍ലാമിക രാജ്യങ്ങളും. സുഡാനിലെ സമാനതകളില്ലാത്ത മനുഷ്യത്വ പ്രതിസന്ധിയും സംഘട്ടനങ്ങളുമെല്ലാം കാര്യമായ പരിഹാരമേതുമില്ലാതെ നൂറ് ദിവസം പിന്നിടുകയാണ്. ഫലസ്തീനികൾക്കു നേരെ ജനാധിപത്യത്തിന്റെയോ മനുഷ്യത്വത്തിന്റെയോ ഒരു കണിക പോലും ഇക്കാലമത്രയും പ്രകടിപ്പിച്ചിട്ടില്ലാത്ത ഇസ്രായേൽ ഭരണകൂടം, പുതിയതായി നടപ്പിലാക്കപ്പെട്ട നിയമത്തെ ചൊല്ലി ജനാധിപത്യത്തെ രക്ഷിക്കാൻവേണ്ടിയുള്ള ഇസ്രായേലികളുടെ തന്നെ സമരത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളും പരിസ്ഥിതി നശീകരണത്തിന്റെ ഫലമായുള്ള കാട്ടുതീകളും മറ്റും തുർക്കിയയിലും അൽജീരിയയിലും മെഡിറ്റേറിയൻ രാജ്യങ്ങളിലുമെല്ലാം ഇടതടവില്ലാതെ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ഈ ആഴ്ച്ചയിലെ മുസ്‍ലിംലോക വിശേഷങ്ങൾ വായിക്കാം.

മതവിദ്വേഷത്തിനെതിരെ

സ്വീഡനിലെ ഖുർആൻ കത്തിക്കൽ സംഭവത്തിന്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. ലോക മുസ്‍ലിം രാജ്യങ്ങളും സംഘടനകളും നിശിതമായി വിമർശിക്കുകയും തള്ളിപ്പറയുകയും ചെയ്ത സംഭവത്തിൽ സ്വീഡനെതിരെയും വർധിച്ചുവരുന്ന ഇത്തരം ഭരണകൂട പിന്തുണയോടെ നടത്തപ്പെടുന്ന മതവിദ്വേഷ പ്രവർത്തനങ്ങൾക്കെതിരെയും  അമർഷം രേഖപ്പെടുത്തികൊണ്ട് നിരവധി മുസ്‍ലിം രാജ്യങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയുണ്ടായി. 

ഇത്തരത്തിൽ ഇറാഖിലെ സ്വീഡൻ എംബസിക്ക് നേരെ നടന്ന പ്രതിഷേധം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി. സ്വീഡൻ എംബസിക്ക് തീവെച്ച  സമരക്കാർ ഭരണാസിരാകേന്ദ്രങ്ങളും വിദേശ എംബസികളുമടങ്ങുന്ന ബഗ്ദാദിലെ ഗ്രീൻസോണിൽ ഇരച്ചുകയറി ഡെൻമാർക്ക് എംബസിയെയും ലക്ഷ്യം വെച്ചെങ്കിലും പൊലീസ് തടയുകയായിരുന്നു. ഇറാഖിനു പുറമേ പാകിസ്താനിലും ഇത്തരത്തിൽ ഖുർആൻ കത്തിക്കലിനെതിരെ വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറുകയുണ്ടായി. ഇറാഖിലെ സ്വീഡൻ എംബസി ആക്രമത്തെ തുടർന്ന് ഡെൻമാർക്കിലും ഒരാൾ ഖുർആൻ കത്തിക്കുകയുണ്ടായി. സ്വീഡനും നോർവെയും ഡെൻമാർക്കുമടങ്ങുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നിയമപരമായി ഖുർആൻ കത്തിക്കുന്നതിന് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ യാതൊരു നിയന്ത്രണവുമില്ലെന്നതാണ് യാഥാർത്ഥ്യം. മതവികാരങ്ങളെ ഉൾക്കൊള്ളാതെ ആശയതലത്തിലും പ്രായോഗികതലത്തിലും അസഹിഷ്ണുതാ സമീപനത്തോടെ പാശ്ചാത്യ രാജ്യങ്ങൾ നടപ്പാക്കുന്ന സമ്പൂർണ ആവിഷ്കാര സ്വാതന്ത്ര്യമാണ് പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. 

ഇസ്രായേലിലെ ജനാധിപത്യ മുറവിളി

വ്യാപക ജനപങ്കാളിത്തമുളള പ്രതിഷേധസമരങ്ങളും ഭരണകൂട വിമർശനവുമെല്ലാം കാലങ്ങളായി ഇസ്രായേൽ സാമൂഹിക പരിസരത്ത് കേട്ടുകേൾവിയില്ലാത്തതായിരുന്നു. എന്നാൽ അഞ്ചാം തവണയും ഭരണത്തിലേറിയ നെതന്യാഹുവിന്റെ പുതിയ അതിതീവ്ര വലതുപക്ഷ മന്ത്രിസഭയുടെ പല നടപടികളും ഇസ്രായേലികളിൽ തന്നെ അസ്വരാസ്യങ്ങൾ സൃഷ്ടിക്കാനിടയായിട്ടുണ്ട്. വിവാദപരമായ നീതിന്യായ പരിഷ്കരണ നിയമം ഇതിലൊന്നാണ്. ബില്ലുമായി നെതന്യാഹു ഭരണകൂടം വന്നത് മുതൽ തന്നെ ജനാധിപത്യത്തിന്റെ മരണമണിയായി ഇതു മാറുമെന്നും ജനാധിപത്യം ഭീഷണിയിലാണെന്നുമുള്ള ആശങ്കകൾ പങ്കുവെച്ചുകൊണ്ട് ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. പലസമയങ്ങളിലും സമരം തീവ്രമാകുകയും ഗവണ്മെന്റ് സ്വത്തുകൾ പലതും നശിപ്പിക്കപ്പെടുകയും ചെയ്തു.

പുതുതായി നെസറ്റിൽ ചേർന്ന നിയമനിർമാണ സെഷനിൽ ഈ നീതിന്യായ പരിഷ്കരണ ബില്ല് അവതരിപ്പിക്കുമെന്ന് മുമ്പേ സൂചന ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് കയിഞ്ഞയാഴ്ച്ച ഇസ്രായേലിനെ സ്തംഭിപ്പിക്കുന്ന രീതിയിൽ സമരങ്ങൾ നടന്നു. എന്നാൽ ഇവയെല്ലാം അവഗണിച്ച് ഒടുവിൽ ഇസ്രായേൽ മന്ത്രിസഭ ബില്ല് പാസ്സാക്കി നിയമമാക്കിയിരിക്കുകയാണ്. ഈ നിയമപ്രകാരം ഭരണകൂടത്തിന്റെ അല്ലെങ്കിൽ മന്ത്രിസഭയുടെ തീരുമാനങ്ങളെ അസാധുവാക്കാനുള്ള അധികാരം കോടതികൾക്കുണ്ടാവില്ല. അഴിമതി കേസും മറ്റുമായി നെതന്യാഹുവിനെതിരായി പല കോടതി വിധികളും മുമ്പ് വന്നിട്ടുണ്ടായിരുന്നു. നീതിന്യായ വ്യവസ്ഥയ്ക്ക് കടിഞ്ഞാണിടാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തിനു പിന്നിൽ ഇതും ഒരു കാരണമായേക്കാം.

നൂറ് ദിവസം പിന്നിടുന്ന സുഡാനി കലാപം

സുഡാനിലെ സൈനിക സംഘർഷങ്ങളും സായുധ കലാപങ്ങളും തുടങ്ങിയിട്ട് നൂറ് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. നൂറ് ദിവസങ്ങൾക്കിപ്പുറവും വ്യക്തമായ ഒരു പരിഹാരത്തിലോ സമാധാന ശ്രമത്തിലോ എത്തിച്ചേരാൻ ഇരുകക്ഷികൾക്കും സാധിച്ചിട്ടില്ല എന്നത് അത്യധികം ആശങ്കയുളവാക്കുന്ന വസ്തുതയാണ്. ഹമീദ്തിക്ക് കീഴിലുള്ള റാപ്പിഡ് സെക്യൂരിറ്റി ഫോഴ്സും ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന് കീഴിലുള്ള സൈന്യവും അക്രമങ്ങളുടെ തീവ്രത പരമാവധി വർധിപ്പിക്കാനും സർവപ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണങ്ങൾക്കു കീഴിലാക്കാനും ശ്രമിക്കുകയല്ലാതെ അക്രമങ്ങൾക്ക് അയവു വരുത്താനോ വെടിനിർത്തൽ കരാറുകൾ പാലിക്കാനോ സമാധാന ശ്രമങ്ങളിൽ ആത്മാർത്ഥമായി പങ്കുചേരാനോ ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത.

സുഡാനി ജനങ്ങളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അതിഭയാനകമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. സമീപകാലത്തു കണ്ടതിൽ വെച്ചേറ്റവും വലിയ മനുഷ്യത്വ പ്രതിസന്ധിയാണ് സുഡാനി ജനത നേരിടുന്നത്. മൂവായിരത്തിലധികം പേർ ഇതിനകം തന്നെ മരണപ്പെടുകയും മൂന്ന് ലക്ഷത്തിലധികം പേർ കുടിയൊഴിഞ്ഞു നാടുവിടാൻ നിർബന്ധിതരാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ  ഭക്ഷ്യ പ്രതിസന്ധി അതിതീവ്രമായി തുടരുകയാണ്. ദാരിദ്ര്യവും വിഷപ്പും സുഡാനെയൊന്നാകെ വരിഞ്ഞുമുറുക്കുന്ന ഭീകരാവസ്ഥയാണ് നിലനിൽക്കുന്നത്.

വർധിക്കുന്ന ദുരന്തങ്ങൾ

ലോകത്തിന്റെ വിവിധയിടങ്ങളിലായി നിരവധി പ്രകൃതിദുരന്ത സംഭവങ്ങൾ കയിഞ്ഞയാഴ്ച്ചയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. മെഡിറ്റേറിയൻ പ്രദേശങ്ങളിലും തുർക്കിയും ഗ്രീസും ഇറ്റലിയുമടങ്ങുന്ന യൂറോപ്പിന്റെ തെക്കൻ ഭാഗത്തും ശക്തമായ കാട്ടുതീ പരക്കുകയും വ്യാപക നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും വരെ കാരണമാവുകയും ചെയ്തു. അൽജീരിയയിൽ നടന്ന അതിവിനാശകരമായ കാട്ടുതീയിൽ മരിച്ചത് 34 പേരാണ്. ഇതിൽ പത്ത് പേർ തീ അണയ്ക്കാൻ ചുമതലയുണ്ടായിരുന്ന സൈനികരായിരുന്നു. തുർക്കിയെ വീണ്ടും പ്രകൃതി ഭയപ്പെടുത്തിയത് മറ്റൊരു ഭൂകമ്പത്തിന്റെ രൂപത്തിലായിരുന്നു. റെക്ടർ സ്കൈലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കാര്യമായ ആൾനാശമോ നഷ്ടങ്ങളോ വരുത്തിവെച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് തുർക്കിയയിൽ അരങ്ങേറിയിരുന്ന അതിതീവ്ര ഭൂകമ്പത്തിൽ ആയിരക്കണക്കിനു പേരായിരുന്നു മരണപ്പെട്ടത്. അതിന്റെ നടുക്കത്തിൽ നിന്നും തുർക്കിയൻ ജനത ഇപ്പോഴും മോചിതരായിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter