ഇറാൻ യുദ്ധം അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ
ഓപ്പറേഷൻ എപിക് ഫ്യുറി എന്ന ഓമനപ്പേരിട്ട് 2026 ഫെബ്രുവരി 28 ന് ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുല്ലാഹ് അലി ഖാംനാഇയെ കൊലപ്പെടുത്തി അമേരിക്കയും ഇസ്രയേലും ആരംഭിച്ച ഇറാൻ യുദ്ധം, ആറ് മാസം പിന്നിടുമ്പോഴും ലക്ഷ്യങ്ങളൊന്നും പൂർത്തികരിക്കാനാകാതെ അനിശ്ചിതത്വത്തിലും ആശയക്കുയപ്പത്തിലും കെട്ടുപ്പിണഞ്ഞ് കൂടുതൽരൂക്ഷിതമാകുന്ന ദയനീയ കാഴ്ചകളാണ് ലോകം കണ്ട് കൊണ്ടിരിക്കുന്നത്. അതുമാത്രമല്ല സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും യുദ്ധവും കൊതിക്കാത്ത സ്വൈര്യ ജീവിതം ആഗ്രഹിക്കുന്ന ഒരു നവ രാഷ്ട്രീയ പശ്ചാത്തലം അമേരിക്കയിൽ ഉൾത്തിരിയാനും ഇറാൻ യുദ്ധം വഴിവെച്ചിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം.
നീണ്ട ഉപരോധങ്ങൾക്കിടയിലും ആയുധ ശേഷിയും സൈനിക ശക്തിയും ആർജിച്ചെടുത്ത ഇറാനെ മുട്ടുകുത്തിക്കാൻ നിലവിലെ ആകാശാക്രമണ ശൈലികളിലൂടെ അധികനാൾ നമുക്ക് പോകാനാകില്ലെന്നും, പുതിയ മാർഗ്ഗങ്ങൾ ആലോചിക്കാതെ ഇനിയും മുന്നോട്ട് പോയാൽ അമേരിക്കയെ കാത്തിരിക്കുന്ന പ്രത്യാഘാതങ്ങൾ കടുത്തതായിരിക്കുമെന്നും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ (സംയുക്ത സൈനിക മേധാവി) ജനറൽ ഡാൻ കെയ്ൻ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോറൂബിയോ, സി.ഐ.എ മേധാവി ജോൺ റാറ്റ് ക്ലിഫ് , വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് തുടങ്ങിയവരുമായി പങ്കുവെച്ച ആശങ്കകൾ ഇതിനോട് ചേർത്ത് വായിക്കുമ്പോൾ തുടങ്ങി വെച്ച യുദ്ധം നിറുത്താനാവാതെ കുഴങ്ങിനിൽക്കുന്ന അമേരിക്കയുടെ ദയനീയ സ്ഥിതി ഏറെ വലുതാണെന്ന് പറയേണ്ടിവരും.
ഇസ്രയേലിൻ്റെ ഇംഗിതത്തിനനുസരിച്ച് ഇറാൻ യുദ്ധത്തിനു മുന്നിട്ടിറങ്ങിയ പ്രസിഡൻ്റ് ട്രംപിൻ്റെ തീരുമാനം അമേരിക്കകാർക്കിടയിൽ പോലും കടുത്ത അമർഷത്തിനും ജനരോഷത്തിനും വഴിവെച്ചു വെന്നതുമാത്രമാണ് അമേരിക്കക്കുണ്ടായ ആത്യന്തികമായ നേട്ടം. രാജ്യത്ത് പ്രസിഡൻ്റ് ട്രംപിന്റെ ജനപ്രീതി (Approval Rating) 40% ആയി കുറയുകയും ഭരണവിരുദ്ധ വികാരം കുത്തനെ ഉയരുകയും, 70-80 ശതമാനം ആളുകളും യുദ്ധത്തിനെതിരെ ചിന്തിച്ചു തുടങ്ങുകയും ചെയ്തുവെന്ന അമേരിക്കൻ മുഖ്യാധാരാ മാധ്യമങ്ങളുടെ വെളിപ്പെടുത്തലുകൾ ഈ വസ്തുതകൾക്ക് ആക്കം കൂട്ടുന്നതാണ്.
2026 നവംബർ 3-ന് അമേരിക്കൻ ജനപ്രതിനിധി സഭകളിലേക്കു നടക്കാനിരിക്കുന്ന നിർണായകമായ മിഡ്‌ടേം ഇലക്ഷനു (പ്രസിഡന്റ് ഭരണകാലയളവിന്റെ കൃത്യം രണ്ട് വർഷം തികയുമ്പോൾ നടക്കുന്ന ഇലക്ഷൻ) മുമ്പായി ആഗസ്റ്റ് 4 ന് മിഷഗണിൽ നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൻ്റെ ഫലസൂചനകൾ ഈ മാറുന്ന അമേരിക്കൻ രാഷ്ട്രീയത്തിൻ്റെ പ്രാരംഭ ഗതിയായിട്ടുവേണം കരുതാൻ. പ്രസിഡൻ്റ് സ്ഥാനത്തേക്കോ സെനറ്റിലേക്കോ യോഗ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ഒരു പാർട്ടിക്കുള്ളിൽ തന്നെ നടക്കുന്ന അമേരിക്കയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് പ്രൈമറി ഇലക്ഷൻ. അങ്ങനെയുള്ള കടുത്ത മത്സരത്തിലാണ് മിഷഗണിൽ നിന്ന് കനത്ത പോരാട്ടം നടത്തി മിതവാദിയും ഇസ്രയേലിൻ്റെ നയങ്ങളെ പിന്തുണക്കുകയും ചെയ്ത ഹേലി സ്റ്റീവൻസിനേയും മധ്യനിലപാടുകാരിയായ മല്ലോറി മാക്മോറോയും മലർത്തിയടിച്ച് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി ഡോ. അബ്ദുല്‍ അൽസയീദ് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിയോഗിക്കപ്പെട്ടതാകട്ടെ മുൻ എഫ്.ബി.ഐ (FBI) ഉദ്യോഗസ്ഥൻ മൈക്ക് റോഗേഴ്സനാണ്. ഇനി നവംബറിൽ നടക്കുന്ന മിഡ് ടേം ഇലക്ഷനിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി രണ്ടാം മംദാനിയെന്നറിയപ്പെടുന്ന അബ്ദുല്‍ അൽസയീദിൻ്റെ പ്രധാന എതിരാളി കുടിയാണിദ്ദേഹം.
ഇതിനു സമാനമായ സ്ഥിതിവിശേഷം തന്നെയാണ് ടെന്നസിയിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ (5th Congressional District) നിന്ന് ഈയിടെ മത്സരിച്ച വിവാദ റിപ്പബ്ലിക്കൻ നേതാവ് ആൻഡി ഓഗിൾസി (Andy Ogles)നും നേരിടേണ്ടിവന്നത്. ടെന്നസിയിലെ മുൻ അഗ്രികൾച്ചറൽ കമ്മീഷണറായിരുന്ന ചാർളി ഹാച്ചറാണ് ഏതാണ്ട് 53.2% വോട്ടുകൾ നേടി ഓഗിൾസിനെതിരെ വൻ അട്ടിമറി വിജയം കരസ്ഥമാക്കിയത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഹൗസ് സ്പീക്കറുടെയും നേരിട്ടുള്ള പൂർണ്ണ പിന്തുണ ഉണ്ടായിരുന്നിട്ടും, നിലവിലെ ജനപ്രതിനിധി സഭാംഗമായ ആൻഡി ഓഗിൾസിന് ഈ തിരഞ്ഞെടുപ്പിൽ സ്വന്തം സീറ്റ് നിലനിർത്താനായില്ലയെന്നത് പ്രസിഡൻ്റ് ട്രംപിനും റിപബ്ലിക്കൻ പാർട്ടിക്കുള്ളിൽ തന്നെയും കൂടുതൽ അമ്പരപ്പും കടുത്ത ആശങ്കയും ഉയർത്തിയിട്ടുണ്ട്.
വിശിഷ്യ അമേരിക്ക പോലോത്ത ഒരു രാജ്യത്ത് മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയും കുടിയേറ്റ വിരുദ്ധ കാഴ്ചപ്പാടുകൾ ഉയർത്തികാട്ടിയും മത്സര രംഗത്ത് സജീവമായി ഇടപെട്ടിട്ടും കേവലം 46.8% വോട്ടുകൾ നേടാനേ നിലവിലെ സഭാംഗമായ ആൻഡി ഓഗിൾസിന് കഴിഞ്ഞുള്ളു. അതേ സമയം, ഹോർമുസ് കടലിടുക്കിലെ ഉപരോധം കാരണം വർദ്ധിച്ച് വരുന്ന ഉർജ്ജ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോഴും, ഇരുന്നൂറ് ബില്യൺ ഡോളറിന്റെ അടിയന്തിര സൈനിക ഫണ്ട് നീക്കി വെച്ച് വീണ്ടും ഇസ്രയേലിൻ്റെ താത്പര്യങ്ങളെ സംരക്ഷിക്കാൻ ട്രംപ് ഭരണകൂടം നടത്തുന്ന തെറ്റായ നയ നിലപാടുകൾ തുറന്നുകാട്ടിയ ചാർളി ഹാച്ചർക്കാകട്ടെ ഏതാണ്ട് 53.2% വോട്ടുകൾ കരസ്ഥമാക്കാനുമായി.
അത് കൊണ്ട് തന്നെ ഇവ്വിധം ഇറാൻ യുദ്ധം കൂടുതൽ നീണ്ട് പോയാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഗുരുതരമായ രാഷ്ട്രീയമായ തിരിച്ചടികൾ റിപബ്ലിക്കൻ പാർട്ടിക്ക് നേരിടേണ്ടിവരുമെന്ന് ആരെക്കാളുമേറെ പ്രസിഡൻ്റ്റ് ട്രംപിന് നന്നായിയറിയാം. അത് കൊണ്ട് തന്നെ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തുമ്പോഴും മറുവശത്ത് വെടി നിറുത്തൽ കരാറും സമാധാന ചർച്ചകളും ഒരേ സമയം നടക്കുന്നുണ്ടെന്ന ഇടക്കിടക്കുള്ള വൈറ്റ് ഹൗസിൻ്റെ പരിഹാസ പ്രസ്താവനകളിലൂടെയും പത്രകുറിപ്പുകളിലൂടെയും ഇറാൻ യുദ്ധത്തിൽ നിന്ന് തലയൂരാനാകാതെ അനിശ്ചിതത്വത്തിലായ അമേരിക്കയുടെ ജാള്യതയാണ് നാം കാണുന്നത്.
അതേസമയം, തന്റെ നിലപാടുകളും നീക്കങ്ങളും അമേരിക്കക്കാര്‍ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്ന മൗഢ്യധാരണയിലാണ് പ്രസിഡണ്ട് ട്രംപ്. നവംബറിലെ മിഡ്ടേം തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി വന്‍വിജയം കൈവരിക്കുമെന്ന് അദ്ദേഹം പറയുന്നത് ആ വിശ്വാസത്തിലാണ്.
നിലവിലെ ഭരണകൂടത്തെ താഴെ ഇറക്കി തങ്ങള്‍ ആഗ്രഹിക്കുന്ന ഒരു സംഘത്തെ അധികാരത്തിലേറ്റുക, ആണവ പദ്ധതി പൂര്‍ണ്ണമായും നിര്‍ത്തലാക്കുക എന്നിവയായിരുന്നു യുദ്ധത്തിന്റെ ആരംഭത്തില്‍ അമേരിക്കയുടെ ലക്ഷ്യങ്ങള്‍. ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ അവ നിഷ്പ്രയാസം നേടിയെടുക്കാനാവുമെന്ന് പറഞ്ഞ് യുദ്ധം തുടങ്ങിയ ട്രംപിന് അധികം വൈകാതെ കാര്യങ്ങള്‍ ബോധ്യപ്പെട്ടു എന്ന് മാത്രമല്ല, ഹുര്‍മുസ് കടല്‍പാത ഇറാന്‍ അടച്ചതോടെ ലോകം മുഴുവന്‍ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കാനും തുടങ്ങി. അതോടെ, മറ്റു പല യുദ്ധങ്ങളില്‍നിന്നും വ്യത്യസ്തമായി, ഭൂരിഭാഗ ലോകരാജ്യങ്ങളും കേവലം കാണികള്‍ എന്നതില്‍നിന്ന് യുദ്ധത്തിന്റെ ഇരകളായി മാറുന്നതാണ് ലോകം കണ്ടത്. അതോടെ, ലോകരാഷ്ട്രങ്ങളെല്ലാം തനിക്കെതിരാവുമെന്ന് മനസ്സിലാക്കിയ ട്രംപിന് മുന്നില്‍ ഹുര്‍മുസ് കടലിടുക്ക് തുറക്കുക എന്നത് മാത്രമായി യുദ്ധത്തിന്റെ ലക്ഷ്യം ചുരുങ്ങി. എന്നാല്‍ മാസങ്ങള്‍ കടന്നുപോവുമ്പോഴും അത് പോലും യാഥാര്‍ത്ഥ്യമാക്കാനാവാതെ യുദ്ധക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ് ട്രംപും അമേരിക്കന്‍ സൈന്യവും എന്നതാണ് ഇന്നത്തെ അവസ്ഥ.
വൈകാതെ, വ്യക്തമായ ഒരു വിജയം കൈവരിക്കാനായില്ലെങ്കില്‍, വരുന്ന തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ടിക്ക് കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടിവരിക എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് നന്നായി അറിയാവുന്ന ഇറാനാകട്ടെ ബോധപൂർവ്വം ചർച്ചകൾ നീട്ടി കൊണ്ടുപോയി റിപബ്ലിക്കൻ പാർട്ടിക്ക് കനത്ത പരാജയം സമ്മാനിക്കാനുള്ള തന്ത്രങ്ങളും കരുനീക്കങ്ങളുമാണ് നടത്തുന്നത്. പ്രത്യേകിച്ച് നൂറംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്കെതിരെ വെറും 53 സീറ്റുകൾ മാത്രം നേടി ഭരണം കയ്യാളുന്ന പശ്ചാതലത്തിൽ റിപബ്ലിക്കൻ പാർട്ടിയുടെ പ്രതിഛായ തകർക്കുന്ന രീതിയിലുള്ള നിലവിലെ തിരഞ്ഞെടുപ്പ് പ്രതികരണങ്ങൾ വരാനിരിക്കുന്ന അമേരിക്കൻ രാഷ്ട്രീയ വ്യതിയാനങ്ങളുടെ ചലനത്തിന് കൂടുതൽ ശക്തിപകരുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.



Leave A Comment