src=മരുമക്കത്തായ രീതിയനുസരിച്ചുളള ഒരു വീട്. അവിടെ കയറി വരുന്ന പുതിയ പെണ്ണ്. അവള്‍ക്ക് താങ്ങാവേണ്ടത് ഭര്‍ത്താവിന്‍റെ ഉമ്മയാണ്. ‘അമ്മായിമ്മ’യാകുന്നതോടെ പിന്നെ ചില മാറ്റങ്ങളൊക്കെ ആ ഉമ്മയില്‍ പ്രകടമായി തുടങ്ങുന്ന ഒരു പതിവുണ്ട്. അടുത്ത കാലത്ത് അതിന് കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും ‘പരമ്പരാഗത’ അമ്മായിമ്മ ആയി തന്നെ തുടരാന്‍ ആഗ്രഹിക്കുന്ന ചിലരും നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് തന്നെ ഇല്ലാതില്ല. അമ്മായിമ്മയും മരുമകളും തമ്മിലുള്ള ബന്ധമാണ് ഈ കുറിപ്പിലെ വിഷയം. കല്യാണത്തോടെ ഒരു ആണിന്‍റെയും അവന്‍റെ പെണ്ണിന്‍റെയും ജീവിതത്തിന് പുതിയൊരു തലം കൈവരികയാണ്. രണ്ടുപേര്‍ തമ്മിലുള്ള ഈ ദാമ്പത്യത്തിന്‍റെ ഊഷ്മളതയെ നിശ്ചയിക്കുന്നത് അവര്‍ മാത്രമല്ല. മറിച്ച് ഭര്‍ത്താവിന്‍റെ ഉമ്മക്കും ഇവരുടെ പരസ്പര ബന്ധത്തില്‍ കാര്യമായി സ്വാധീനിക്കാനാകും. വിഷയത്തിലേക്ക് കടക്കും മുമ്പ് ഒരു കഥയാവാം. അമ്മായിമ്മ-മരുമകള്‍ വിഷയത്തില്‍ സാധാരണ കേട്ടുവരുന്ന ഒരു കഥ. കഥ ഇങ്ങനെ. ഏതോ നാട്ടിലെ ഒരു പാവം മരുമകള്‍. തന്‍റെ അമ്മായിമ്മയുടെ ബുദ്ധിമുട്ട് സഹിക്കാന്‍ ആകാതെ ഒരു പ്രതിവിധിയെ കുറിച്ച് ആലോചിച്ചു. അവസാനം ആരുമറിയാതെ സ്വന്തം ഭര്‍ത്താവിന്‍റെ ഉമ്മയെ കൊല്ലാന്‍ തന്നെ തീരുമാനിച്ചു. അതിന് എന്തുവഴി സ്വീകരിക്കുമെന്നായി പിന്നെ ചിന്ത. അങ്ങനെയാണ് തന്‍റെ പദ്ധതി അവതരിപ്പിച്ച് മരുമകള്‍ ഒരു ഡോക്ടറുടെ അടുത്ത് എത്തുന്നത്. ആരുമറിയാതെ പടിപിടിയായി അമ്മായിമ്മയെ കൊല്ലാന്‍ പറ്റുന്ന ഒരു വിഷമാണവള്‍ക്ക് വേണ്ടത്. ദിവസവും താന്‍ രാത്രി വെള്ളത്തില് അല്‍പം കലര്‍ത്തി അമ്മായിമ്മക്ക് കൊടുക്കും. അവസാനം ഒരു ദിവസം അത് പൂര്‍ണമായി വര്‍ക്ക് ചെയ്തു അമ്മായിമ്മ മരിക്കണം. അതൊരു സാധാരണ മരണമായേ ആരും കരുതൂ. അവളുദ്ദേശിക്കുന്ന തരത്തില്‍ കൊല്ലുന്നതിന് അനുയോജ്യമായ ഒരു പച്ചമരുന്നുണ്ടെന്നും അത് തരാമെന്നുമായി ഡോക്ടര്‍. അവള്‍ക്ക് വളരെ സന്തോഷം. മരുന്ന് വാങ്ങി തിരിച്ചുവരുമ്പോള് ഡോക്ടര്‍ അവളെ ഒന്നുകൂടെ അടുത്തു വിളിച്ചു. പ്രത്യേകം ഉപദേശിച്ചു: അമ്മായിമ്മയോട് കൂടുതല്‍ നല്ലരീതിയില്‍ പെരുമാറണം. എങ്കിലെ ആര്‍ക്കും സംശയം തോന്നാതിരിക്കുകയുള്ളൂ. ഇക്കാലത്തിനിടക്ക് എന്തെങ്കിലും പ്രശ്നമുണ്ടായില്‍ ആകെ കുഴപ്പമാകും. പ്രത്യേകം ശ്രദ്ധിക്കണം. അവള്‍ തലയാട്ടി. വീട്ടില്‍ വന്ന് അവള്‍ സ്വകാര്യമായി തന്‍റെ പദ്ധതി നടപ്പാക്കി തുടങ്ങി. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് നേരത്തെതിലും നല്ല രീതിയില്‍ അമ്മായിമ്മയോട് ഇടപെട്ടു തുടങ്ങി. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അമ്മായിമ്മയുടെ സ്വഭാവത്തിലും നല്ല മാറ്റം വന്നു. സ്വന്തം ഉമ്മയെക്കാളും അമ്മായിമ്മ തന്നെ സ്നേഹിച്ചു തുടങ്ങിയതു പോലെ. അവള്‍ക്ക് പിന്നെ കുറ്റബോധം തുടങ്ങി. തന്നെ ഇത്രയേറെ സ്നേഹിക്കുന്ന ഒരാളെയാണോ താന്‍ കൊല്ലാന്‍ ശ്രമിക്കുന്നതെന്ന് അവള്‍ ആലോചിച്ചു ദുഖിച്ചു. അവള്‍ പഴയ ഡോക്ടറുടെ അടുത്തേക്ക് ഓടിച്ചെന്നു: ‘ഡോക്ടര്‍ എന്‍റെ അമ്മായിമ്മ നല്ല സ്നേഹമുള്ള ഉമ്മയാണ്. ഞാന് വിഷം കൊടുത്ത് തുടങ്ങിയ ശേഷമാണ് എനിക്കത് മനസ്സിലായത്. എനിക്കവരെ കൊല്ലണ്ട. ഇതുവരെ ഞാന്‍ അവര്‍ക്ക് കൊടുത്ത മരുന്നിന് പ്രതിവിധിയായി മറ്റൊരു മരുന്ന് തരണം. എനിക്ക് അവരെ മരണത്തിന് വിട്ടുകൊടുക്കാന്‍ വയ്യ ഡോക്ടര്‍. എന്‍റെ അമ്മായിമ്മയെ രക്ഷിക്കണം’. ഡോക്ടര്‍ അവളോട് പ്രതിവചിച്ചു: ‘ഇല്ല പെങ്ങളെ. ആ പച്ചമരുന്നില്‍ ഒരു വിഷവുമില്ലായിരുന്നു. വിഷം നിങ്ങള് രണ്ടു പേരുടെയും മനസ്സിലായിരുന്നു. അതില്ലാതാക്കാന്‍ വേണ്ടിയുള്ള ചികിത്സയാണ് ഞാന്‍ നടത്തിയത്. അമ്മായിമ്മയോട് നല്ല രീതിയില്‍ പെരുമാറണമെന്ന് നിന്നോട് പ്രത്യേകം പറഞ്ഞത് അതു കൊണ്ടാണ്.’ *** *** മരുമക്കളോട് കഥയിലേതു പോലെ യഥാര്‍ഥത്തില്‍ നമ്മുടെ സ്നേഹവും പരിപാലനവും അമ്മായിമ്മയുടെ മുമ്പില്‍ പ്രകടിപ്പിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം. പരസ്പരം അറിഞ്ഞു പെരുമാറാന്‍ കഴിയുകയെന്നതാണ് മനുഷ്യന്‍റെ ഏറ്റവും വലിയ വിജയം. പുതിയ ഒരു വീട്ടിലെത്തിയ പെണ്ണിനെ സംബന്ധിച്ചിടത്തോളം അവളുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും അത് തന്നെയായിരിക്കും. അത് നമ്മള്‍ മരുമക്കള്‍ മനസ്സിലാക്കണം. ഒരുപക്ഷെ അമ്മായിമ്മയെക്കാളും വിദ്യാഭ്യാസം മരുമക്കളായ നമുക്ക് തന്നെയാണല്ലോ. പുതിയ കാലത്ത് പ്രത്യേകിച്ചും. അതു കൊണ്ട് തന്നെ നമുക്ക് ലഭിച്ച ഉയര്‍ന്ന വിദ്യാഭ്യാസത്തിന്‍റെ പക്വത നാം കാണിക്കണം. അതൊരു ഈഗോയുടെ ഭാഗമാക്കി എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. പ്രോയോഗിക ജീവതത്തില്‍ പരാജയപ്പെടുന്നുവെങ്കില് ഏത് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൊണ്ടും ഒരു കാര്യവുമില്ല. ജീവിതത്തിന്‍റെ പൊള്ളുന്ന പരീക്ഷകളെ വിജയിക്കാനായാല്‍ മാത്രമെ വിദ്യാഭ്യാസം കൊണ്ട് കാര്യമുള്ളൂ. അമ്മായിമ്മയുടെ സ്വഭാവപ്രകൃതി മനസ്സിലാക്കാന്‍ മരുമകള്‍ക്ക് ആയാല്‍ തന്നെ ഏകദേശം പ്രശ്നങ്ങളെല്ലാം തീരും. ഉദാഹരണത്തിന് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെ നന്മകളെ കുറിച്ച് അമ്മായിമ്മ ഒരിക്കലും പുകഴ്ത്തിപ്പറയുന്നില്ലെന്ന് വെക്കുക. എന്നാല്‍ അറിയാതെ പോലും വന്നുപോയ ചെറിയ തെറ്റുകളെ കുറിച്ച്, നല്ലനിലയില്‍ തന്നെ, നിങ്ങളോട് നേരിട്ട് സൂചിപ്പിക്കുന്ന സ്വഭാവക്കാരിയുമാകാം. അത് ആലോചിച്ച് നിങ്ങള്‍ക്ക് ടെന്‍ഷനാകാന്‍ വരട്ടെ. അതിനു മുമ്പ് അമ്മായിമ്മയുടെ സ്വഭാവത്തെ കുറിച്ച് മനസ്സിലാക്കിയാല്‍ മതി. നിങ്ങളുടെ അമ്മായിമ്മയുടെ പ്രകൃതിസ്വഭാവം അനുസരിച്ച് നന്മകളെ പുകഴത്തുന്ന ഒരു രീതി ഇല്ലായിരിക്കും. നിങ്ങളോട് മാത്രമല്ല, സ്വന്തം മക്കളോടും അവര്‍ അതെ രീതി തന്നെയാകും തുടരുന്നത്. അത് മനസ്സിലാക്കി കഴിഞ്ഞാല്‍പിന്നെ അനാവശ്യമായ ചിന്തകള്‍ നിങ്ങളില്‍ കടന്നു കൂടില്ലല്ലോ. അതിലുപരി ഇനി താനാ സ്ഥാനത്തെത്തുമ്പോള്‍ സ്വന്തം മരുമക്കളോട് എങ്ങനെ പെരുമാറണമെന്നതിന് ഒരു പാഠവുമായല്ലോ. ഉമ്മയുടെ സ്വഭാവരീതികളെ കുറിച്ച് ഭര്‍ത്താക്കള്‍ ഭാര്യക്ക് പറഞ്ഞുകൊടുക്കണം. ചിലപ്പോള്‍ ഉള്ള കാര്യങ്ങള്‍തുറന്നു പറയുന്നത് ഇഷ്ടമില്ലാത്ത ആളായിരിക്കും ഭര്‍ത്താവിന്‍റെ ഉമ്മ. അങ്ങനെയെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് പറയാനുള്ളത് എല്ലാ അവരോട് പറയുന്ന സ്വഭാവം ഒഴിവാക്കണം. ചിലപ്പോള്‍ ഒന്നും പറയാതിരിക്കുന്നതായിരിക്കും അവര്‍ക്ക് ദേശ്യം. എന്നാല്‍ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു ശീലിക്കണം. അതായത് അവരെ കൂടി സന്തോഷിപ്പിക്കുക എന്നുള്ളത് ഭര്‍ത്താവിനെ തന്നെ സന്തോഷിപ്പിക്കുന്നതിന്‍റെ ഭാഗമാണ് എന്നര്‍ഥം. ഏതായാലും സ്വന്തം മകന്‍റെ ജീവിതം തകരണമെന്ന് ഒരു ഉമ്മയും ആഗ്രഹിക്കില്ലല്ലോ. അമ്മായിമ്മമാരോട് പലപ്പോഴും ചില തെറ്റായ ധാരണകള്‍ അമ്മായിമ്മയുടെ മനസ്സില്‍ കടുന്നുകൂടാറുണ്ട്. ചാനലുകളിലെയും സിനിമയിലെയുമെല്ലാം അമ്മായിമ്മ കഥാപാത്രങ്ങള്‍ അവരുടെ ചിന്തകളെ അരക്കിട്ടുറപ്പിക്കുയും ചെയ്യുന്നു. നാല് കാമറ വെച്ച് ഷൂട്ട് ചെയ്യുന്ന സീരിയലല്ല നമ്മുടെ കുടുംബജീവിതം എന്ന ബോധം നമുക്കുണ്ടാകണം. താനിത്രയും കാലം വളര്‍ത്തി വലുതാക്കിയ മകനെ പുതുതായി വന്ന പെണ്ണ് സ്വന്തമാക്കിയെന്ന ഒരു തോന്നലിലാണ് അമ്മായിമ്മമാരുടെ ചിന്തകള്‍ മാറിത്തുടങ്ങുന്നത് എന്നത് മനശാസ്ത്രപഠനത്തിലൂടെ തെളിയിക്കപ്പെട്ട ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ആ ചിന്ത തന്നെ തെറ്റാണ്. കാരണം ഏതോ ഒരു ഉമ്മ പെറ്റുവളര്‍ത്തി വലുതാക്കിയ മകളെയാണ് നിങ്ങളുടെ മകന്‍ സ്വന്തമാക്കിയിരിക്കുന്നത്. എന്നുമാത്രമല്ല, നിങ്ങളുടെ മകന്‍ നിങ്ങളോടൊത്ത് തന്നെ നിങ്ങളുടെ വീട്ടിലുണ്ട്. എന്നാല് അവരുടെ മകളോ? അവളവരെ വിട്ടുപിരിഞ്ഞ് നിങ്ങളുടെ മകന് വേണ്ടി നിങ്ങളുടെ കൂട്ടത്തില് വന്നു ജീവിക്കുന്നു. അത് കൊണ്ട് മനശാസ്ത്രപരമായി ഇപ്പറഞ്ഞ ചിന്തക്ക് ഒരു അടിസ്ഥാനവുമില്ല. മരുമകളും അമ്മായിമ്മയും തമ്മില്‍ ഒരു ഗ്യാപ്പുണ്ട്. തലമുറയുടെ വിടവാണത്. രണ്ടുപേരും രണ്ടു തലമുറകളെ പ്രതിനിധീകരിക്കുന്നവരാണ്. സ്വന്തം പെണ്‍മക്കളുടെ കാര്യത്തില് ഈ തലമുറ ഗ്യാപ്പ് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവ ഉമ്മമാര്‍ക്ക് പോലും മരുമകളുടെ കാര്യത്തില് ഈ ചിന്ത വരുന്നില്ലെങ്കില് അത് ഏറെ പരിതാപകരമാണ്. പിന്നെയുള്ളത് മരുമകള്‍ വളര്‍ന്ന കുടുംബസാഹചര്യം നമ്മള്‍ മനസ്സിലാക്കണം എന്നതാണ്. കാരണം ഒരേവിട്ടിലേക്ക് കെട്ടിക്കൊണ്ടു വന്ന വിവിധ മരുമക്കള്‍ വിവിധ കുടുംബത്തില്‍ നിന്നുള്ളവരായിരിക്കും. ഓരോ കുടൂംബത്തിനും ഓരോ കുടംബപശ്ചാത്തലമായിരിക്കുമല്ലോ. നേരത്തെ നമ്മുടെ വീട്ടിലെത്തിയ മരുകളുമായിട്ട് ഇന്നലെ പുതുതായി വന്നവളെയും നാം ഇന്ന് താരത്മ്യം ചെയ്തു തുടങ്ങും. അത് തീരെ ശരിയല്ല. കാരണം അവളുടെ രണ്ടുപേരുടെയും ജീവിത സാഹചര്യം വിഭിന്നമാണ്. അത് രണ്ടില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു കുടുംബപശ്ചത്തലമായിരിക്കും നിങ്ങളുടെ വീട്ടിലേത്. അതുമായി പൊരുത്തപ്പെടുന്നതിന് കുറച്ച് സമയമെടുത്താക്കാം. അതെകുറിച്ച് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് ബോധമുണ്ടാകണം. ചിലത് അവള്‍ക്ക് മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. അതു നാമായിട്ട് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതായി വരും. ഒരു പക്ഷെ നിങ്ങളുടെ ആദ്യത്തെ മരുമകളെ സംബന്ധിച്ചിടത്തോളം അവളുടെ വീട്ടുപശ്ചാത്തലം നിങ്ങളുടെതിന് കുറച്ചൊക്കെ സമാനമായിരുന്നിരിക്കാം. അത് അത്ര തന്നെ സമാനമായിരിക്കണമെന്നില്ല പുതിയവളുടെ കാര്യത്തില്‍. അതിന് നാം ചെയ്യേണ്ടത് സമാനമായ കുടുംബപശ്ചാത്തലമുള്ളിടത്ത് നിന്ന് തന്നെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കുക എന്നതാണ്. അതില്ലെങ്കില്‍ പിന്നെ അവളെ നമ്മുടെ പശ്ചാത്തലവുമായി കാലക്രമേണ ഇണക്കുകയെന്നതാണ്. അതില്ലാതെ അവളുടെ സ്വഭാവത്തെ കുറിച്ച് കുറ്റം പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. ചുരുക്കത്തില്‍ രണ്ടു പേരും പരസ്പരം തിരിച്ചറഞ്ഞും പരസ്പരം സഹകരിച്ചും നടത്തിക്കൊണ്ടു പോകാനുള്ളതാണ് ഒരു കൂട്ടുകുടംബം. അതില്ലാതെ, ചാനലിലെ 'അമ്മ അമ്മായി അമ്മ 'പരിപാടിയില്‍ പങ്കെടുത്തതു കൊണ്ടൊന്നും കാര്യമില്ല. ഇടയ്ക്കിനി ഒരു പ്രശ്നമുണ്ടായാല്‍ തന്നെ അത് പരിഹരിക്കാനുള്ള ശ്രമം രണ്ടു ഭാഗത്ത് നിന്നും ഉണ്ടാകണം. അതില്ലാതെ പരസ്പരം ഈഗോ കാണിച്ച് നിങ്ങളുടെ മകനെ/ഭര്‍ത്താവിനെ ബുദ്ധിമുട്ടിക്കാനാകരുത് ശ്രമിക്കുന്നത്. അവലംബം: ഹുദാ സയ്യിദിന്‍റെ ലേഖനം
Leave A Comment