മതം കൂടിയ കൊറോണയും 'മത'മില്ലാത്ത ആൾക്കൂട്ടങ്ങളും
മതസഹിതമായ ഒരു മതേതര രാജ്യത്ത് മതം പ്രധാനമാകുന്നത് അതിന്റെ മിതത്വം കൊണ്ടാണ്. അമിതമാവുമ്പോഴും നിയമഘടനയിൽ അധിനിവേശം ചെയ്യുമ്പോഴും മതേതരത്വത്തെ അസ്ഥിരപ്പെടുത്താനും രാജ്യത്തെ അസ്വസ്ഥമാക്കാനും കഴിയുമെന്നതാണ് രാഷ്ട്രീയമായി അതിന്റെ മിടുക്ക്. ഇത് പ്രായോഗികമായി ബോധ്യപ്പെടാൻ നിലവിൽ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തോളം പോന്ന ഉദാഹരണം വേറെയില്ല. മതേതരത്വത്തിന്റെ ചിലവിൽ സ്റ്റേറ്റിൽ മതത്തെ തിരുകിക്കയറ്റി മതനിരപേക്ഷ സമൂഹത്തെ മതാടിസ്ഥാനത്തിൽ സമർത്ഥമായി എങ്ങനെ വിവേചിക്കാം എന്ന അത്ര സുഖകരമല്ലാത്ത പാഠമാണ് പുതിയ ഇന്ത്യ ലോകത്തെ പഠിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ ഒരു ആഗോള ദുരന്തത്തെ പോലും സ്റ്റേറ്റ് ഭരിക്കുന്നവർ മതോന്മുഖമായി സമീപിച്ച രീതിയിലുണ്ട് ഇന്ത്യൻ മതേതരത്വം ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നതിന്റെ ഉത്തരം.
പറഞ്ഞ് വരുന്നത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ട് വ്യത്യസ്ത മതങ്ങളുടെ ആചാരങ്ങളിൽ ഗവണ്മെന്റും മാധ്യമങ്ങളടങ്ങിയ പ്രബുദ്ധ സമൂഹവും സ്വീകരിച്ച വ്യത്യസ്ത നടപടികളെ കുറിച്ചാണ്. ദിനം പ്രതി 500 കോവിഡ് കേസുകൾ ഉണ്ടായിരുന്ന 2020 ഏപ്രിലിൽ ദൽഹി നിസാമുദ്ധീൻ മർകസിൽ കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് മതസമ്മേളനം നടത്തിയതിന് അധികൃതര്‍ക്കെതിരെ കേസെടുത്തതാണ് ഒന്ന്. വെറും 3000 പേർ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിന്റെ ഭാഗമായി അന്ന് അറസ്റ്റ് ചെയ്തത് 233 പേരെയാണ്. കോവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തിയവർക്കെതിരെയുള്ള ഗവണ്മെന്റിന്റെ ജാഗ്രതാ ബോധത്തോട് ഐക്യപ്പെട്ടവർ അതിന്റെ മറവിൽ നുഴഞ്ഞ് കയറിയ വർഗീയ വിഷത്തെയും ഏറ്റ് പിടിക്കുന്നത് നമ്മൾ കണ്ടു. '
കൊറോണ ബോംബ്','കൊറോണ ജിഹാദ്' എന്നീ സംജ്ഞകളെ വലിയ തലക്കെട്ടിൽ ആഘോഷിച്ച മാധ്യമങ്ങൾ രാജ്യത്ത് കോവിഡ് പരത്തുന്നത് മുസ്ലിംകളാണെന്ന ഏറ്റുപിടിച്ച ആരോപണങ്ങളോട് വല്ലാതെ കയർത്തില്ല. ഗവണ്മെന്റും ആ വർഗീയാധിക്ഷേപത്തിനെതിരെ നിയമ നടപടികൾ കൈക്കൊണ്ടില്ല. ഒരു വർഷമിപ്പുറം ദിനം പ്രതി ഒരു ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 2021 ഏപ്രിലിൽ ഹരിദ്വാറിലെ മെഗാ കുംഭമേള സകല നിയമങ്ങൾക്കും അതീതമാകുന്ന മത മേധാവിത്വമാകുന്നതാണ് രണ്ട്. ലക്ഷക്കണക്കിനാളുകളാണ് യാതൊരു വിധ പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കാതെ പ്രസ്തുത മത ചടങ്ങിൽ പങ്കെടുത്ത് കൊണ്ടിരിക്കുന്നത്. കുംഭമേളയിൽ പങ്കെടുത്ത 4201 പേർക്ക് നിലവിൽ കോവിഡ് ബാധിച്ചതായി ഔദ്യോഗികമായി സ്ഥിരീകരണവുമായി. ഇതുവരെയും നിയമനടപടികൾ സ്വീകരിക്കാൻ ഗവണ്മെന്റിനോ ഈ നിയമ നിഷേധത്തെ നിഷേധാത്മകമായ സംജ്ഞകൾ കൊണ്ട് വേദനിപ്പിക്കാൻ മാധ്യമങ്ങൾക്കോ താത്പര്യമില്ലാത്തിടത്താണ് നമ്മൾ പ്രശ്നം കാണുന്നത്.
Also Read:സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്: ആദ്യമായി നിര്‍ദ്ദേശിച്ചത് മുഹമ്മദ് നബിയായിരുന്നു
പ്രതിരോധം മാനുഷീകവും നിയമം മതകീയവും എന്ന തലത്തിൽ രാജ്യത്തെ വിവേചിക്കുന്ന ഈ ഇരട്ട നിലപാടിനെതിരെ പല കോണിൽ നിന്നും ശബ്ദം ഉയർന്നിട്ടും ഏപ്രിൽ 30 വരെ മേള ഇതേ കണക്ക് തുടരുമെന്നാണ് ഔദ്യോഗിക പ്രസ്താവനകൾ വരുന്നത്. കൂടാതെ, ചടങ്ങിൽ ആഭ്യന്തര മന്ത്രിയടക്കം നിയമ നിർവ്വാഹകരുടെ സാന്നിധ്യം കൂടിയാവുമ്പോൾ അപഹാസ്യം എന്ന പോലെ നിയമം എത്ര മേൽ നിസ്സഹായം കൂടിയാണ് എന്ന വേദന നിറഞ്ഞ ആശങ്കയാണ് നമ്മൾ പങ്ക് വക്കേണ്ടി വരുന്നത്.
മതവിവേചനം ഇന്ത്യയിൽ ഒരു സാധാരണ സംഭവമായി മാറിയ നിലക്ക് ഇക്കാര്യത്തിൽ മാത്രം 'എന്ത് കൊണ്ടാണിങ്ങനെ' എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്നാലും രണ്ടിന്റെയും സാമൂഹ്യ പശ്ചാത്തലം വ്യത്യസ്തമായിരുന്നു എന്നതായിരിക്കാം അധികാരികളുടെ നിയമ നടപടിയിലെ ഈ വിഭിന്നതക്ക് ഒരുപക്ഷെ ന്യായമായി പറയപ്പെടുക. എന്നാൽ അവിടെയുമുണ്ട് പ്രശ്നം. കോവിഡ് വ്യാപനത്തിന് കാരണമായി എന്ന പ്രത്യേക പശ്ചാത്തലത്തിൽ മൂർധന്യ ദശയിൽ നിയന്ത്രണമേർപ്പെടുത്തപ്പെട്ട മർക്കസും ഡൽഹിയിലെ മറ്റ് പള്ളികളും ഇപ്പോഴും നിയന്ത്രണാധീനമായി തന്നെ തുടരുകയാണ്.
പുണ്യ മാസത്തിൽ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് പള്ളിയിൽ ആരാധന നടത്താൻ അനുമതി തേടിയ വഖഫ് ബോർഡിനോട് ഒരു നിലക്കും അത് സാധ്യമല്ല എന്ന രീതിയിലാണ് അധികാരികൾ പ്രതികരിച്ചിരിക്കുന്നത്. അപ്പോഴാണ് ഡൽഹിക്ക് വെറും 237 കിലോമീറ്റർ അപ്പുറത്തുള്ള ഹരിദ്വാറിൽ ആരാധനയുടെ തന്നെ പേരിൽ ഈ നിയമം നഗ്നമായി ലംഘിക്കപ്പെടുന്നത്. ന്യായങ്ങളുടെ ഏതൊക്കെ മാപിനി കൊണ്ടളന്നാലും സാമൂഹ്യ പശ്ചാത്തലവും കാരണവും സമാന സ്വഭാവമുള്ളവയായിരിക്കെ ഇതിൽ പച്ചയായ മതവിവേചനമേ ആർക്കും കാണാനൊക്കൂ.
Also Read:കൊറോണ വൈറസ് : വിശ്വാസി ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ
കുംഭമേളമെന്നല്ല, മതേതര ഇന്ത്യയിൽ ഏത് മതാചാരവും ബഹുമാന്യമായി തന്നെയാണ് ഗണിക്കപ്പെടേണ്ടത്. സർവ്വ മാനങ്ങളിലും ഈ സമാനത പുലർത്തപ്പെട്ടാലേ മതേതരത്വത്തിന്റെ പരമാർത്ഥം പൂർണ്ണമാകൂ. തിരഞ്ഞെടുപ്പ് കാലത്തെ ആൾക്കൂട്ടക്കാഴ്ചകളെ അവഗണിച്ച് കുംഭമേളത്തെ മാത്രം തിരഞ്ഞെടുത്താക്രമിക്കുന്നുവെന്ന ആരോപണം ഇത്തരുണത്തിൽ ഒട്ടും പ്രസക്തമാവുന്നില്ല. കാരണം, ആ ആൾക്കൂട്ടങ്ങളെ പൂർണ്ണമായും അപലപിക്കുമ്പോഴും അതിലെ 'വിവേചനമില്ലായ്മ' മൂലം അവ കൊവിഡിൽ കവിഞ്ഞ ആശങ്കകൾക്ക് വക വച്ചിരുന്നില്ലെന്നതാണ് സത്യം. ഇവിടെ കോവിഡിനൊപ്പം മതമേധാവിത്തമെന്ന വീര്യം കൂടിയ രോഗം കൂടിയാണ് പ്രസരിക്കുന്നതെന്നതിനാലാണ് കുംഭമേളം നിഷേധാത്മകമാവുന്നത്. ആ നിലക്ക്, നിയമപരമായി നിയന്ത്രിക്കപ്പെടാത്ത പക്ഷം കോവിഡ് കഴിഞ്ഞാലും ഇന്ത്യൻ മതേതരത്വത്തിലെ മറ്റൊരു കരടായി ഇത്തവണത്തെ മെഗാ കുംഭമേളം ശേഷിക്കുമെന്നുറപ്പാണ്.
Leave A Comment