സോറി എന്ന വാക്ക്

ലോകം ഇന്നോളം കണ്ടെത്തിയ ഏറ്റവും ശക്തമായ ആയുധമേതെന്ന് നിങ്ങൾക്കറിയുമോ?അത് ക്ഷമയാണ്, വെറും ക്ഷമയല്ല; നിരുപാധികമായ ക്ഷമ.
 മാരക ശേഷിയുള്ള അണു ബോംബിനേക്കാൾ ശത്രുവിനെ കീഴടക്കാനാകുന്ന മാന്ത്രികായുധമാണത്.

ഇനി,  മനുഷ്യന് പറയാൻ സാധിക്കുന്ന ഏറ്റവും പവിത്രമായ വാക്ക് ഏതെന്നറിയാമോ? ‘സോറി’ (SORRY) എന്ന വാക്കാണത്. പറയേണ്ട സമയത്ത് ആത്മാർഥമായി പറഞ്ഞാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. 

ഒരുവന് സ്വീകരിക്കാവുന്ന ഏറ്റവും ശ്രേഷ്ടമായ പൊസിഷൻ ഏതെന്നോ? സാഷ്ടാംഗം നമിക്കലാണ്; അതും കാരുണ്യവാനായ ദൈവത്തിന്റെ മുന്നിൽ. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ദൈവത്തോട് സ്രാഷ്ടാംഗത്തിലായി പ്രാർത്ഥിക്കുന്ന വിശ്വാസിക്ക് തണലായ്, താങ്ങായ്, ആശ്വാസമായ് ദൈവമെന്നും കൂടെയുണ്ടാവും.

അങ്ങനെ ഒക്കെ ചെയ്യുന്നത് തോൽവിയുടെ അടയാളമാണെന്നു കരുതി ഒരിക്കലും വിലകുറച്ച് കാണേണ്ടതില്ല. അത് ആഴമേറിയ ചില ജീവിത ബോധ്യങ്ങളുടെ ബാഹ്യപ്രകടനമാണ് എന്ന് മനസിലാക്കുക.തന്റെ ഉയരം അറിയാവുന്ന ഒരാൾക്കേ മറ്റൊരാളുടെ മുമ്പിൽ താഴാൻ പറ്റൂ. ആന്തരിക വലിപ്പം ഉള്ളവർക്ക് മാത്രമേ ചെറുതാകാൻ പറ്റൂ.യഥാർത്ഥ ജീവിതവിജയം സിദ്ധിച്ചവർക്കു മാത്രമേ ജയിക്കാമായിരുന്നിട്ടും മറ്റൊരാൾക്ക് മുന്നിൽ തോറ്റു കൊടുക്കാനാവൂ.

ലോകത്തിന്നോളം ഉണ്ടായിട്ടുള്ള സകല യുദ്ധങ്ങളുടെയും ഉത്ഭവം എന്തിൽ നിന്നാണെന്ന് ഒന്ന് അന്വേഷിച്ചു നോക്കൂ.ആരോ ഒരാൾ ‘സോറി’ എന്ന ഒരു വാക്കു പറയാൻ മടി കാണിച്ചിടത്ത് നിന്നാണ് അതിന് തുടക്കം.ഏതോ ഒരാൾ ഒന്ന് തോറ്റു കൊടുക്കാനും ചെറുതാകാനും തയാറാകാഞ്ഞതുകൊണ്ടാണ് അതിന് തുടക്കം. 
വ്യക്തി ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും സമൂഹത്തിലുമൊക്കെ ഉടലെടുക്കുന്ന അസമാധാനങ്ങൾക്കൊക്കെ തുടക്കവും അവിടെ നിന്നുതന്നെയാണ്.

അതെ, പറയേണ്ടിടത്ത് പറയേണ്ട ആൾ പറയേണ്ട സമയത്ത് പറയേണ്ട പോലെ പറഞ്ഞിരിക്കേണ്ട വാക്കാണ് സോറി (SORRY) എന്നത്. മഹത്തായ അർത്ഥതലങ്ങളുള്ള ആ വാക്ക് ആത്മാർത്ഥമായ് ആര് അനിവാര്യമായ സമയങ്ങളിൽ പറയുന്നുവോ അവനാണ് വിജയി.

ക്ഷമ ചോദിക്കുന്നതും ക്ഷമിച്ച് കൊടുക്കുന്നതുമാണ് മനുഷ്യർക്കിടയിൽ ഇന്നോളം നടന്നിട്ടുള്ള ഏറ്റവും മൂല്യമുള്ള വിനിമയങ്ങൾ എന്ന് തിരിച്ചറിഞ്ഞ് നമ്മുടെ ജീവിതത്തിൽ നമ്മളത് ശീലമാക്കിയാൽ നമ്മളെ തേടി ജീവിത വിജയം വരും തീർച്ച. 

(മുജീബുല്ല KM സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം.)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter