വിയോജിക്കുന്നവരെ ദേശദ്രോഹികളാക്കുന്നത് ഭരണഘടനയെ മുറിവേല്‍പ്പിക്കലെന്ന് സുപ്രീം കോടതി ജഡ്ജ്

16 February, 2020

+ -
image

അഹമ്മദാബാദ്: വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നത് ഭരണഘടനയുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കലാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അഹമ്മദാബാദിൽ നടന്ന ഒരു പരിപാടിയിൽ സംവദിക്കവേയാണ് അദ്ദേഹം പൗരത്വ സമര വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന സമരങ്ങളിൽ അണിനിരക്കുന്ന പ്രതിഷേധക്കാരെ സംഘ്പരിവാർ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരാമര്‍ശങ്ങള്‍. ഹിന്ദു ഇന്ത്യ, മുസ്‌ലിം ഇന്ത്യ എന്നുള്ള ആശയങ്ങള്‍ തള്ളിക്കളഞ്ഞാണ് ഭരണഘടന നിര്‍മ്മിച്ചത്. ഭരണഘടന രൂപീകരിച്ചവര്‍ മുന്നില്‍ കണ്ടത് റിപബ്ലിക് ഓഫ് ഇന്ത്യ മാത്രമായിരുന്നു. നമ്മളിലെ വ്യത്യസ്തതകള്‍ ബലഹീനതയല്ലെന്നും മനുഷ്യത്വത്തിന് വേണ്ടിയുള്ള ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. വിയോജിപ്പ് എന്നത് ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വാണ്. വിയോജിപ്പുകളെ നിശബ്ദമാക്കുന്നതും ഭയം ജനിപ്പിക്കുന്നതും, വ്യക്തി സ്വാതന്ത്യം ഹനിക്കുന്നതും ഭരണ ഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വ്യക്തികള്‍ക്കും യാതൊരു പ്രതികാര നടപടിയും ഭയക്കാതെ അഭിപ്രായം പറയാന്‍ കഴിയുന്ന ഇടങ്ങള്‍ ഉറപ്പുവരുത്തുക എന്നതാണ് ജനാധിപത്യം. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് ജനാധിപത്യത്തിന്റെ മൂല്യങ്ങളുടെ മേല്‍ കുത്തക അവകാശപ്പെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പ്രതിഷേധങ്ങൾക്ക് അവസരം നൽകുകയാണ് യഥാർത്ഥ ജനാധിപത്യ സർക്കാർ ചെയ്യുകയെന്നും ഓർമിപ്പിച്ചു.

RELATED NEWS