ബുർഖ ധരിച്ച തന്റെ ചിത്രം കളിയാക്കി ട്വീറ്റ് ചെയ്ത തസ്ലിമ നസ്റിന് മറുപടിയുമായി ഖദീജ റഹ്മാന്‍

16 February, 2020

+ -
image

ന്യൂഡൽഹി: തന്റെ ബുര്‍ഖയിട്ട ചിത്രം പങ്കുവെച്ച് കളിയാക്കി ട്വീറ്റ് ചെയ്ത എഴുത്തുകാരി തസ്ലിമ നസ്റിന് ചുട്ട മറുപടിയുമായി ഗായകൻ എ.ആർ റഹ്മാന്‍റെ മകള്‍ ഖദീജ റഹ്മാന്‍ രംഗത്ത്. ഒരുവര്‍ഷത്തിന് ശേഷം വിവാദം വീണ്ടുമെത്തി. രാജ്യത്ത് എന്തെല്ലാം പ്രശ്നങ്ങള്‍ നടക്കുന്നു. എന്നാല്‍, ചിലര്‍ക്ക് സ്ത്രീകള്‍ എന്ത് ധരിക്കുന്നുവെന്നതാണ് പ്രശ്നം. ഫെമിനിസത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്ന് അറിയാന്‍ ഗൂഗിളില്‍ നോക്കിയാല്‍ മതി. എന്‍റെ വഴി ഞാന്‍ തെരഞ്ഞെടുത്തതില്‍ ഞാന്‍ സന്തുഷ്ടയാണ്. എന്നെ അംഗീകരിക്കുന്നവരോടും ഞാനാരാണെന്ന് മനസ്സിലാക്കിയവരോടും എനിക്ക് നന്ദിയുണ്ട്- ഖദീജ വ്യക്തമാക്കി.

ആളുന്ന തീയും നീലാകാശവുമുള്ള ചിത്രമാണ് എഴുത്തിനൊപ്പം ഖദീജ പങ്ക് വെച്ചത്. കാര്‍സന്‍ കോല്‍ഹോഫിന്‍റെ കവിത ഉദ്ധരിച്ചായിരുന്നു ഖദീജയുടെ മറുപടി. എന്നെ കണ്ട് ആര്‍ക്കെങ്കിലും വീര്‍പ്പുമുട്ടലുണ്ടെങ്കില്‍ പുറത്തിറങ്ങി കുറച്ച്‌ ശുദ്ധവായു ശ്വസിക്കൂവെന്നാണ് കവിതയിലുള്ളത്. താന്‍ എആര്‍ റഹ്മാന്‍റെ സംഗീതം ഇഷ്ടപ്പെടുന്നു. പക്ഷേ ബുര്‍ഖ ധരിച്ച അദ്ദേഹത്തിന്‍റെ മകളെ കാണുമ്പോള്‍ വല്ലാത്ത വീര്‍പ്പ് മുട്ടലാണ്. വിദ്യാഭ്യാസം നേടിയ, സാംസ്കാരിക കുടുംബത്തില്‍ നിന്ന് വരുന്നവര്‍ പോലും വളരെ എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്നത് വല്ലാതെ വിഷമമുണ്ടാക്കുന്നു- ഇങ്ങനെയായിരുന്നു തസ്ലീമ ട്വീറ്റ് ചെയ്തത്.

എആര്‍ റഹ്മാനോടൊപ്പം ഒരു ചടങ്ങില്‍ ഖദീജ ബുര്‍ഖ ധരിച്ചെത്തിയത് നേരത്തെയും വിവാദമായിരുന്നു. എന്ത് ധരിക്കണമെന്നത് മകളുടെ ഇഷ്ടമാണെന്നായിരുന്നു വിവാദത്തില്‍ എ ആര്‍ റഹ്മാന്‍റെ മറുപടി.

RELATED NEWS