സമസ്ത മദ്റസകള്‍ ജൂണ്‍ രണ്ടു മുതല്‍ ഓണ്‍ലൈനായി തുടങ്ങും

മദ്രസ്സ അദ്ധ്യായന വര്‍ഷം ജൂണ്‍ 2 ന് (ശവ്വാല്‍ 21)ആരംഭിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി ഓണ്‍ ലൈന്‍ യോഗം തീരുമാനിച്ചു. കോവിഡ് -19 വ്യാപന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ കാരണമാണ് സാധാരണ ശവ്വാല്‍ 9ന് ആരംഭിക്കേണ്ട മദ്രസ്സ അധ്യായന വര്‍ഷാരംഭം ഈ വര്‍ഷം ശവ്വാല്‍ 21ലേക്ക് മാറ്റിയത്.

മദ്രസ്സകള്‍ ഓഫ് ലൈന്‍ ആയി പ്രവര്‍ത്തിക്കുന്നത് വരെ ഓണ്‍ലൈന്‍ പഠനം തുടരാനും യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ പഠനത്തില്‍ പൂര്‍ണമായും മുഅല്ലിംകളുടെ ഇടപെടല്‍ ഉറപ്പാക്കും. വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ചാനല്‍ വഴി മുഫത്തിശുമാര്‍ മുഖേന റെയ്ഞ്ചു സെക്രട്ടറിമാരിലൂടെ മദ്രസ്സ മുഅല്ലിംകള്‍ക്ക് ലിങ്ക് കൈമാറും. ക്ലാസ്സ് മുഅല്ലിംകള്‍ പ്രത്യേകം വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി പഠനം കൂടുതല്‍ കാര്യക്ഷമമാക്കും.

ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുമ്പ് കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. ബുക്ക് ഡിപ്പോയില്‍ ഇതിനാവശ്യമായ ക്രമീകണങ്ങള്‍ ഏര്‍പ്പെടുത്തും. അക്കൗണ്ട് മുഖേന മുന്‍കൂട്ടി പണമടച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് മേഖലാ കേന്ദ്രങ്ങളിലേക്ക് പാഠപുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ സംവിധാനം ഉണ്ടാക്കും.

മെയ് 29, 30 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ച സേ പരീക്ഷയും സ്‌പെഷ്യല്‍ പരീക്ഷയും കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ നീട്ടി വെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. റിവാല്യൂവേഷന്‍, സെപരീക്ഷ, സ്‌പെഷ്യല്‍ പരീക്ഷ അപേക്ഷിക്കേണ്ട അവസാന തിയ്യതി മെയ് 30വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.
പുതിയ അധ്യായന വര്‍ഷത്തിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്രസ്സ കമ്മിറ്റി ഭാരവാഹികളോടും മുഅല്ലിംകളോടും യോഗം അഭ്യര്‍ത്ഥിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter