അമരമീയോർമ്മ...

കേരളീയരുടെ ഹൃദയ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ച മുസാഫിർ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓർമ്മയായിട്ട് പന്ത്രണ്ടാണ്ട് തികയുന്നു. മനസ്സാന്തരങ്ങളിൽ സമാശ്വാസത്തിന്റെ ഖൈമ കെട്ടി കടന്ന് പോയ ആ യാത്രികന്റെ പ്രയാണം പന്ത്രണ്ട് സംവത്സരങ്ങൾക്കിപ്പുറത്ത് ഓർമ്മകളിലൂടെ പുനർജനിക്കുന്നു.

കൊറോണ വ്യാപിക്കുന്നതിന് മുമ്പ് ഒരു ചൊവ്വാഴ്ച കൊടപ്പനക്കൽ തറവാട്ടിൽ പോയിരുന്നു. പ്രഭാതം വെള്ളകീറിത്തുടങ്ങിയിട്ടുണ്ടായിരുന്നുള്ളൂ.   അപ്പോഴേക്കും ജനങ്ങളെ കൊണ്ട് മുറ്റം നിറഞ്ഞ് തുടങ്ങിയിരുന്നു. പൂമുഖത്തെ വട്ടമേശക്കരികിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളിരിപ്പുണ്ട്. ആ വട്ടമേശക്ക് ചുറ്റും പലരുമുണ്ടായിരുന്നു. സാധാരണക്കാർ, സമ്പന്നർ, പണ്ഡിതർ, പാമരർ, മുസ്ലിംകൾ, അന്യമതസ്ഥർ.... അവിടെ മതങ്ങൾക്കപ്പുറത്ത്  മനുഷ്യർ സംവദിക്കുന്നു, സ്നേഹത്തിന്റെ ഭാഷയിൽ. പക്ഷേ, എന്തോ ഒന്ന് നഷ്ടപ്പെട്ടത് പോലെ ... പന്ത്രണ്ട് വർഷങ്ങൾക്കപ്പുറം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കാണാനായിരുന്നു അവർ വന്നിരുന്നത്. പലർക്കും പലതായിരുന്നു ആവശ്യം. ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധത്തിന് സ്നേഹത്തിന്റെ പട്ടുനൂൽ സ്പർശം ലഭിക്കാൻ, പുര നിറഞ്ഞ് നിൽക്കുന്ന പെൺകുട്ടികളെ കെട്ടിച്ചയക്കാൻ, ജീവിതത്തിന്റെ ദശാസന്ധികളിൽ കൂട്ട് വന്ന ആകുലതകൾ പറഞ്ഞ് തീർക്കാൻ, അങ്ങനെ പലതും. മറ്റു ചിലർ വന്നത് ആ മുഖമൊന്ന് ദർശിക്കാനായിരുന്നു. ആ നറുനിലാമഴ നനയുവാൻ അവർ കാതങ്ങൾ താണ്ടി കടലുണ്ടിപ്പുഴയോരത്ത് ഒഴുകിയെത്തി. എല്ലാത്തിനും ശിഹാബ് തങ്ങളുടെ അടുത്ത് പരിഹാരമുണ്ടായിരുന്നു. സമസ്യകൾക്ക് സമാശ്വാസമുണ്ടായിരുന്നു. രോഗങ്ങൾക്ക് ശമനമുണ്ടായിരുന്നു. മന:ക്ലേഷങ്ങൾക്ക് സന്തോഷമുണ്ടായിരുന്നു. കലാപകാലുഷ്യങ്ങൾക്ക് ശാന്തിമന്ത്രമുണ്ടായിരുന്നു. പിണക്കങ്ങൾക്ക് ഇണക്കമുണ്ടായിരുന്നു.

ആരായിരുന്നു ശിഹാബ് തങ്ങൾ ?. ജീവിതത്തിന്റെ നിമ്നോന്നതകളിൽ പലപ്പോഴും മനസ്സിനെ മദിച്ച ചോദ്യമായിരുന്നു അത്. എത്ര കൂട്ടിക്കിഴിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യം ... ശിഹാബ് തങ്ങൾ എല്ലാമായിരുന്നു. നിരാലംബർക്ക് ആശ്രിതൻ, രാഷ്ട്രീയ കേരളത്തിലെ ജനസമ്മതൻ, മുസ്‌ലിം കൈരളിയുടെ ആത്മീയാചാര്യൻ, വിശ്വവിഖ്യാതമായ അൽ അസ്ഹർ സർവകലാശാലയുടെ സന്തതി.... അങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നു അവിടുത്തെ പോരിശകൾ.

അധികാരത്തിന്റെ കോട്ടകൊത്തളങ്ങളിൽ വ്യാപരിക്കുന്നതിനപ്പുറത്ത് മനുഷ്യരുടെ ഹൃദയങ്ങളിലാണ് തങ്ങൾ സുൽത്താനായി വാണത്. മനുഷ്യഹൃദയങ്ങളിൽ അവർ മുഹബ്ബത്തിന്റെ ഖൈമ കെട്ടി. ആലംബം നഷ്ടപ്പെട്ടവർക്ക്, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർക്ക്, പ്രതീക്ഷയുടെ പുലരികളസ്തമിച്ചവർക്ക്, എല്ലാവർക്കും വേണ്ടത് ശിഹാബ് തങ്ങളെ ആയിരുന്നു. ആധിയുടെ ഇരുട്ടത്ത് തങ്ങൾ ആശ്വാസത്തിന്റെ റാന്തൽ വിളക്ക് കത്തിച്ചുവെച്ചു. അങ്ങനെ വെളിച്ചമില്ലാത്തവർക്ക് വെളിച്ചമായി മാറി. സ്വയം മെഴുക് തിരി നാളമായി കത്തിയെരിഞ്ഞു. ഒരു ജ്വല്ലറി ഉദ്ഘാടനം കഴിഞ്ഞ് മരണവീട്ടിൽ സന്ദർശിക്കവെ മകളുടെ കല്യാണം നടത്തുന്നതിന്റെ സാമ്പത്തിക പരാധീനതകളുടെ കെട്ടഴിച്ചു വെച്ച പാവപ്പെട്ട ഒരു സ്ത്രീക്ക് ഉദ്ഘാടനത്തിന് ഉപഹാരമായി കിട്ടിയ സ്വർണം അവർക്ക് എത്രയുണ്ടെന്ന് പോലും നോക്കാതെ തങ്ങൾ കൊടുത്തതും അന്ന് സഹയാത്രികനായ ഹാജി അത് ഇരുപത്തിയഞ്ച് പവനോളം വരുമെന്നും പറഞ്ഞ അനുഭവസാക്ഷ്യങ്ങൾ തങ്ങളുടെ സാരസമ്പൂർണമായ ജീവിതത്തിന്റെ ചില ഏടുകൾ മാത്രം.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വലിയ ജനസമ്മതിയുള്ള രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ അമരത്തിരിക്കുമ്പോഴും ഇതര രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളോടും തങ്ങൾ സൗഹൃദം നിലനിർത്തിപ്പോന്നു. കടുത്ത ലീഗ് വിരോധികൾ പോലും തങ്ങളുടെ മുന്നിൽ ആദരവോടെ നമ്രശിരസ്കരായി. ശിഹാബ് തങ്ങൾ ആയിരങ്ങൾക്ക് മുന്നിൽ ആവേശത്തിന്റെ അലയൊലികൾ തീർത്ത വാക്കിന്റെ സാഗരമായിട്ടല്ല ജനഹൃദയങ്ങളിൽ കുടികൊണ്ടത്. മറിച്ച്, സദാസമയവും മിതമായി സംസാരിച്ച്, സൗമ്യമായി ഇടപെട്ട്, പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചാണ് തങ്ങൾ മനസ്സകങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയത്. അവിടുത്തെ മൗനം പോലും വാചാലമായിരുന്നു. ആ മൗനത്തിന് ആയിരം വാക്കുകളുടെ അകസാരങ്ങളുണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് ദേശീയ രാഷ്ട്രീയത്തിലെ അതികായർ പോലും പ്രതിസന്ധി ഘട്ടങ്ങളിൽ ശിഹാബ് തങ്ങളുടെ വാക്കുകൾക്ക് കാതോർത്തത്. ശിഹാബ് തങ്ങൾ എന്ത് പറയുന്നു എന്നായിരുന്നു അവർക്കറിയേണ്ടിയിരുന്നത്. എല്ലാത്തിലും അവസാന വാക്കായിരുന്നു ശിഹാബ് തങ്ങൾ.

1992 ഡിസംബർ കാലഘട്ടം. ഓർമ്മകളുടെ സൂക്ഷിപ്പു പെട്ടിയിൽ ഒരിക്കലും വായിക്കരുതെന്നാലോചിച്ച് ഉപേക്ഷിച്ച് പോയ ബാബ് രിയെന്ന വലിയ വിവാദങ്ങളുടെ തുടർച്ചകൾ ഉള്ളടക്കം ചെയ്ത പുസ്തകമിരിപ്പുണ്ട്. ശിഹാബ് തങ്ങളെ കുറിച്ചോർക്കുമ്പോൾ ബാബ് രിയെ നമുക്ക് മറക്കാനാകില്ല. കലാപകലുഷിതമായ ബാബ് രിത്തകർച്ച വിദ്വേഷത്തിന്റെ വലിയ കനലുകളാണ് കോരിയിട്ടത്. അവ പിന്നീട് അഗ്നിനാളങ്ങളായി കത്തിജ്ജ്വലിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കലാപങ്ങളുടെ നീണ്ട ഘോഷയാത്രകൾ നടന്നു. ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. മുസ്‌ലിംകളും ഹിന്ദുമത വിശ്വാസികളും വിദ്വേഷത്തിന്റെ ധ്വജവാഹകരായി. എന്നാൽ മറിച്ചായിരുന്നു കേരളത്തിലെ സ്ഥിതി. കേരളീയർ ആയുധങ്ങൾ മൂർച്ച കൂട്ടി പോരിനിറങ്ങുമ്പോഴാണ് തങ്ങൾ മാലാഖയായി അവതരിച്ചത്. "നിങ്ങൾ സംയമനം പാലിക്കുക" - കേരള ചരിത്രത്തിലെ തന്നെ അഭൂതപൂർവമായ ഐതിഹാസിക പ്രഖ്യാപനമാണ് തങ്ങൾ അന്ന് നടത്തിയത്. തങ്ങൾ സമാധാനത്തിന്റെ വെള്ളരിപ്പിറാക്കളെ കേരളത്തിന്റെ വെറുപ്പിന്റെ ആകാശത്തിലേക്ക് പറത്തി വിട്ടു. ആ മന്ദമാരുതൻ മനസ്സിലെ തീക്കനലുകളെ കെടുത്തിക്കളഞ്ഞു. ഇന്നും ഉത്തരേന്ത്യൻ മുസ്‌ലിംകൾ സവർണാധിപത്യത്തിന്റെ കറുത്ത കരങ്ങളിൽ ഞെരിഞ്ഞമരുന്നത് പൂർവ്വകാല കലാപങ്ങളുടെ കനലിപ്പോഴും മനസ്സകങ്ങളിൽ എരിയുന്നത് കൊണ്ടാണ്.

Also Read:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മതങ്ങളുടെ മതിൽകെട്ടുകൾക്കപ്പുറത്തേക്ക് പടർന്നു പന്തലിച്ച തണൽമരമായിരുന്നു. ജീവിതത്തിന്റെ വെയിൽപുറങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ ജാതിഭേദമന്യേ ഒരു ജനസമൂഹം ആ തണൽമരത്തിന് ഓരം ചേർന്നു നിന്നു. ആ വൃക്ഷത്തിന് കീഴിൽ ആർക്കും വെയിലേൽക്കാറില്ലായിരുന്നു. അവിടെ അവർ സങ്കടക്കഥകളുടെ പൊതിയഴിച്ചു വെച്ചു. എല്ലാവർക്കും തങ്ങൾ സമാശ്വാസം പകർന്നു. ചിലപ്പോൾ ഒരു വാക്ക് മതിയായിരുന്നു, ആയുഷ്കാലമത്രയും നിഴലായി കൂട്ട് വന്ന നൊമ്പരങ്ങൾ നിഷ്പ്രഭമാക്കാൻ. തങ്ങളവിടെ മതം നോക്കിയില്ല. തങ്ങളുടെ  വട്ടമേശക്ക് ചുറ്റും അവർ മതസൗഹാർദ്ദത്തിന്റെ വരി തീർത്തു. 

മതസൗഹാർദ്ദ സംഗമങ്ങളുടെ സ്ഥിരം അതിഥിയായിരുന്നു തങ്ങൾ. ഭൂലോകത്ത് കൊടപ്പനക്കൽ തറവാട്ടിലെ സന്തതികളേക്കാൾ മതസൗഹാർദ്ദം പറയാൻ മറ്റാർക്കവകാശമുണ്ടെന്ന് ഒരു വേള നിനച്ചു പോയി. മുമ്പ് എല്ലാ ചൊവ്വാഴ്ചകളിലും കൊടപ്പനക്കൽ തറവാട്ടിലെ മതസൗഹാർദ്ദ കാഴ്ചകളുടെ ദൃശ്യത അനുഭവിച്ചരാണ് നാം കേരളീയർ. സങ്കടങ്ങൾ പറഞ്ഞു വരുന്നവർക്ക് തങ്ങൾ സ്നേഹം വിളമ്പിക്കൊടുത്തു. അവരുടെ മനസ്സ് നിറയാൻ അവിടുത്തെ ഒരു നിമിഷത്തെ സാന്നിധ്യമായിരുന്നു വേണ്ടിയിരുന്നത്. 

അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ വാതിൽ തകർക്കപ്പെട്ടത് കേരളത്തിന്റെ മതസൗഹാർദ്ദത്തിനേറ്റ വിള്ളലായിരുന്നു. 
പ്രശ്നം പരിഹരിക്കാൻ തങ്ങൾ മുന്നിൽ നിന്ന് പ്രവർത്തിച്ചു. കേടുപാടുകൾ തീർക്കാൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് സംഭാവന നൽകിയാണ് തങ്ങളന്ന് മാതൃകയായത്. ഇവിടെ മതങ്ങളുടെ പേരിൽ കലാപങ്ങളുണ്ടാകരുതെന്ന് തങ്ങൾ ശാഠ്യം പിടിച്ചു. മതസൗഹാർദ്ദത്തിന്റെ വലിയ മേലാപ്പ് തീർക്കുകയായിരുന്നു ശിഹാബ് തങ്ങൾ.

മുസ്‌ലിം കൈരളിയുടെ ആത്മീയാചാര്യൻ കൂടിയായിരുന്നു ശിഹാബ് തങ്ങൾ. ആത്മീയ സംഗമങ്ങളിൽ, പ്രാർത്ഥനാ സദ സ്സുകളിൽ, എല്ലാത്തിലും തങ്ങൾ വേണമായിരുന്നു. ആയിരക്കണക്കിന് വേദികളിൽ തങ്ങൾ ഉദ്ഘാടകനായോ പ്രാർത്ഥനക്ക് നേതൃത്വം നൽകിയോ സാന്നിധ്യം കൊണ്ട് ധന്യമാക്കി. കടൽ കടന്ന് വന്ന്, കേരളത്തിൽ മതപ്രബോധനത്തിന് ബീജാവാപം നൽകിയ ഹള്റമികളുടെ പിന്മുറക്കാരായതിന്റെ, അവരെ കാലങ്ങളായി ഭവ്യതയുടെ കസേരയിട്ടിരുത്തിയതിന്റെ അനന്തരഫലങ്ങളായിരുന്നു അവ. അവരുടെ പ്രാർത്ഥനക്ക് ജനം കാതോർത്തു. ഏകസ്വരത്തിൽ ആമീൻ ചൊല്ലി, നിർവൃതിയുടെ കൈ മുഖത്തേക്കാവാഹിച്ചു. തങ്ങളുടെ നേരിയ ശബ്ദത്തിലുള്ള പ്രാർത്ഥനകളിൽ എളിമയും വിശുദ്ധിയും ഒന്നിച്ചിരുന്നു. ശുഭവസ്ത്രധാരിയായ തങ്ങൾ ജീവിതത്തിലും ആ തൂവെള്ള വിശുദ്ധി നിലനിർത്തിപ്പോന്നു. ആ മനസ്സിനുള്ളിലെ വെളിച്ചം പുറത്തേക്ക് പുഞ്ചിരിയായി തെളിഞ്ഞ് വന്നു. ആ തെളിമയുള്ള പുഞ്ചിരിപ്പുഴയിൽ എല്ലാവരും മനസ്സിന്റെ വിഷമങ്ങളെ കഴുകിക്കളഞ്ഞു. 

തോരാതെ പെയ്യുന്ന വർഷക്കാല മഴകളിൽ രൗദ്രഭാവം പൂണ്ട് വരുന്ന കടൽത്തിരനാവുകൾ ജീവിതം നക്കിത്തുടച്ചപ്പോൾ തീരദേശവാസികൾ ആദ്യം ഓടിയെത്തിയത് കൊടപ്പനക്കൽ തറവാട്ടിലെ പൂമുഖത്തായിരുന്നു. തങ്ങൾ വന്നൊന്ന് പ്രാർത്ഥിക്കും. കടലിന്റെ മക്കൾ ആമീൻ പറയും. ആർത്തിരമ്പുന്ന അലമാലകൾ അപ്പോഴേക്ക് ശാന്തത കൈവരിക്കും. എന്നിട്ട് ഭവ്യതയോടെ തിരിച്ച് പോകും. കേരളത്തിലെ പല തീരദേശവാസികൾക്കും വിശിഷ്യാ മലബാറിലെ തീരദേശവാസികൾക്ക് ഇത്തരം അനുഭവങ്ങൾ പറയാനേറെയുണ്ടാകും.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മനുഷ്യരെ മാത്രമല്ല സ്നേഹിച്ചത്. പുഴകളെ, പൂക്കളെ, പൂമ്പാറ്റകളെ, മരങ്ങളെ, മലകളെ, എല്ലാത്തിനെയും ശിഹാബ് തങ്ങൾ കൗതുകത്തോടെ നോക്കി നിന്നു. വീട്ടിൽ നാനാവിധ ജീവികളെ വളർത്തി പരിപാലിച്ചു. വീട്ടിൽ വളർത്തിയിരുന്ന ചെമ്മരിയാട് വീടിന്റെ മുറ്റം വിട്ട് കടന്ന്, റോഡ് മുറിച്ചു കടക്കുമ്പോൾ എതിരെ വന്ന വാഹനം തട്ടി ചത്ത ദിവസം തങ്ങൾ കൊച്ചു കുട്ടിയെ പോലെ സങ്കടപ്പെട്ടിരുന്നുവെന്ന് ഓർമ്മക്കുറിപ്പുകളിൽ വായിക്കാനിടയായി. നിഷ്കളങ്കമായിരുന്നു ആ മനസ്സ്. ഡൽഹിയിൽ പാർട്ടിയുടെ അടിയന്തര യോഗം നടക്കുമ്പോൾ തങ്ങൾ ഗസ്റ്റ് ഹൗസിലെ റോസാ പുഷ്പം നോക്കി നല്ല ഭംഗിയുണ്ടല്ലേ എന്ന് ചോദിച്ചുവെന്ന് അന്ന് തങ്ങളുടെ കൂടെയുണ്ടായിരുന്ന എം. പി അബ്ദുസ്സമദ് സമദാനി സാഹിബ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ പറയുന്നത് കേട്ടിട്ടുണ്ട്. നീലഗിരിയിലൂടെ പോകുമ്പോൾ വഴിയോരങ്ങളിലെ കുരങ്ങുകൾക്ക് നൽകാൻ കടലയും സബർജിലുമൊക്കെ കൈയിൽ കരുതിയിരുന്നു തങ്ങൾ. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി കാണാൻ വലിയ ആവേശത്തോടെ തങ്ങൾ മൂന്നാറിലേക്ക് യാത്ര പോയിരുന്നു.

ആയുഷ്കാലമത്രയും ചെയ്ത സുകൃതങ്ങളുടെ അവശേഷിപ്പുകളാണ് ശിഹാബ് തങ്ങൾ വിട പറഞ്ഞന്ന് നാം ദർശിച്ചത്. ആയിരങ്ങളുടെ കണ്ണുകളിൽ കണ്ണീർ പെയ്യിച്ചാണ് ശിഹാബ് തങ്ങൾ പെയ്തൊഴിഞ്ഞത്. ആകുലതകൾ അലതല്ലിയെത്തിയ ജീവിത സാഗരത്തിൽ "എല്ലാം ശരിയാകു"മെന്ന ഒറ്റ വാക്കിന്റെ സാന്ത്വന നൗക തുഴഞ്ഞെത്തിയ തങ്ങളുടെ പൂമുഖമവസാനമായി കാണാൻ അവർ കാതങ്ങളേറെ താണ്ടിയാണ് ആൾക്കൂട്ടത്തിലലിഞ്ഞു ചേർന്നത്. ഭൂലോകത്ത് സുകൃതങ്ങൾ ചെയ്തവർ മരണ ശേഷവും സ്മരിക്കപ്പെടുമെന്ന കവി വാക്കിന്റെ ശരിപ്പകർപ്പാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter