റമദാന്‍ കടന്നുവരുമ്പോള്‍- അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്

പുണ്യങ്ങളുടെ കൂമ്പാരവുമായി കടന്നുവരുന്ന റമദാനെ വരവേല്‍ക്കാന്‍ പണ്ടുമുതലേ നമ്മുടെ നാടുകളിലെല്ലാം നടന്നുവരുന്ന ഒരു ചടങ്ങാണല്ലോ നനച്ച്‌കുളി. വീടിന്റെ മുക്കുമൂലകള്‍ അടിച്ച്‌തുടച്ചും കെട്ടുഭാണ്ഡങ്ങളും മുഴുവന്‍ വസ്‌ത്രങ്ങളും അഴിച്ച്‌ അലക്കി റെഡിയാക്കിയും വാര്‍ഷികമായി നടന്നുവരുന്ന നല്ലൊരു നാട്ടുനടപ്പെന്നേ ഇതിനെക്കുറിച്ച്‌ പറയാനാവൂ.

നനച്ച്‌കുളി കഴിയുന്നതോടെ റമദാനിന്‌ തയ്യാറായി എന്നാണ്‌ ചിലരുടെ വിശ്വാസം. എന്നാല്‍ ഇതേക്കാളും നാം ചെയ്യേണ്ടത്‌ നമ്മുടെ മനസ്സുകളുടെ ശുദ്ധീകരണമല്ലേ. നമ്മുടെ ഹൃദയങ്ങളെ തെറ്റുകുറ്റങ്ങളുടെ അഴുക്കില്‍നിന്ന്‌ ഒന്ന്‌ അലക്കിത്തേച്ച്‌ ശുദ്ധിയാക്കേണ്ടതും അനിവാര്യമല്ലേ. ശുദ്ധമായ ഹൃദയങ്ങളോടെ നോമ്പനുഷ്‌ഠിക്കുമ്പോഴല്ലേ യഥാര്‍ത്ഥ വിശ്വാസിയാവുകയുള്ളൂ. കോഴി കൂവുന്ന നേരത്തെണീറ്റ്‌ കുമ്പ നിറച്ച്‌ ചോറും പോരാത്തതിന്‌ വല്ലേടവും നിറയാതെ കിടക്കുന്നുണ്ടെങ്കില്‍ അതിലേക്കായി വാഴപ്പഴവും ഒരു കട്ടന്‍ചായയും കുടിച്ച്‌ മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കുന്നതുവരെ ഒന്നും കഴിക്കാതെ നടന്നാല്‍ മാത്രം നോമ്പാവുമെന്നാണ്‌ പലരുടെയും വിശ്വാസം.

പലരും നോമ്പ്‌ നോറ്റ്‌ നട്ടുച്ചക്ക്‌ അങ്ങാടിയിലും മറ്റുമിരുന്ന്‌ കോഴിക്കാല്‍ കടിച്ചുപറിക്കുന്ന ലാഘവത്തോടെ ആരാന്റെ പച്ചയിറച്ചി തിന്നാന്‍ മല്‍സരിക്കുന്നത്‌ കാണുമ്പോള്‍ അവരോട്‌ സഹതാപമല്ലാതെ മറ്റെന്ത്‌ തോന്നാന്‍. ഇത്തരക്കാരോട്‌ ഒന്നേ പറയാനുള്ളൂ, ഏതായാലും കഷ്‌ടപ്പെട്ട്‌ നോമ്പെടുത്ത്‌ നടക്കുകയല്ലേ, അതിന്‌ പ്രതിഫലമായി ലഭിക്കുന്ന ലൈഫ്‌ടൈം സ്വര്‍ഗ്ഗവാസമെന്ന അല്ലാഹുവിന്റെ ഓഫര്‍ ആരാന്റെ പച്ചയിറച്ചി കൊത്തിത്തിന്ന്‌ മിസ്സാക്കണോ? പകല്‍ മുഴുവന്‍ പട്ടിണി കിടന്ന്‌ നോമ്പ്‌ തുറക്കുന്ന സമയത്ത്‌ വട്ടിപ്പലിശക്കാരെപ്പോലെ പകരം വീട്ടുന്നവരും നമ്മില്‍ കുറവല്ല.

മഗ്‌രിബ്‌ ബാങ്ക്‌ വിളിച്ചേടം മുതല്‍ കണ്ണില്‍ ഉറക്കം വരുന്നത്‌ വരെ കണ്ടതും കിട്ടിയതുമെല്ലാം വാരിവലിച്ച്‌ തിന്ന്‌ ഇശാഉം തറാവീഹും കട്ടാക്കി നടക്കുന്ന നോമ്പുകാരും ഒന്ന്‌ ഇരുത്തിച്ചിന്തിക്കേണ്ടതുണ്ട്‌. വയര്‍ നിറഞ്ഞ്‌ ഒരടി പോലും ഇനി നടക്കാനാവില്ലെന്ന അവസ്ഥയെത്തുമ്പോള്‍  കൂര്‍ക്കം വലിച്ചുറങ്ങി പിന്നെയെണീക്കുന്നത്‌ അടുത്ത തീറ്റമഹായജ്ഞത്തിനാണ്‌. ചുരുക്കത്തില്‍ നമ്മില്‍ ഭൂരിഭാഗം പേരെ സംബന്ധിച്ചേടത്തോളവും, ഉണ്ണാന്‍ ഉണര്‍ന്നിരിക്കുന്ന മാസമെന്ന്‌ റമദാനിനെ നിര്‍വചിച്ചാല്‍ തെറ്റാവുമെന്ന്‌ തോന്നുന്നില്ല.

പ്രിയ സുഹൃത്തുക്കളേ, ഈ റമദാനെങ്കിലും അതില്‍ നിന്നും വ്യത്യസമക്കാനുള്ള ശ്രമങ്ങള്‍ നാം ഇപ്പോഴേ തുടങ്ങണം. അമലുകളാല്‍ ധന്യമാക്കി പാപക്കറ കഴുകിക്കളഞ്ഞ്‌ പതിനാലാം രാവ്‌ പോലെ ഹൃദയത്തിന്‌ തിളക്കം നല്‍കാന്‍ ശ്രമിക്കുക. അതിനുള്ള തായ്യരെടുപ്പുകളുമായി നമുക്ക്‌ റമദാനിനായി കാത്തിരിക്കാം. നാഥന്‍ തുണക്കട്ടെ. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter