നബി(സ) പറയുന്നു: ''ഒരാള്‍ മറ്റൊരു ഗ്രാമത്തിലെ തന്റെ സ്‌നേഹിതനെ കാണാന്‍ പോയി. മാര്‍ഗമധ്യെ അല്ലാഹു മനുഷ്യ രൂപത്തില്‍ ഒരു മാലാഖയെ ഏര്‍പ്പെടുത്തി. മലക്കിന്റെ അടുത്തെത്തിയപ്പോള്‍ മലക്ക് ചോദിച്ചു: ''താങ്കള്‍ എവിടെ പോകുന്നു?'' യാത്രികന്‍: ''ഞാന്‍ ഈ ഗ്രാമത്തിലെ എന്റെ സ്‌നേഹിതനെ കാണാന്‍ പോകുന്നു.'' ''നിങ്ങള്‍ക്ക് ഉപകാരപ്പെടുത്താന്‍ പറ്റിയ വല്ല ഗുണവും അദ്ദേഹത്തില്‍നിന്ന് ലഭിക്കാനുണ്ടോ?''-മലക്ക് വീണ്ടും ചോദിച്ചു. ''ഇല്ല, ഞാന്‍ അദ്ദേഹത്തെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്‌നേഹിക്കുന്നു''-യാത്രികന്റെ മറുപടി കേട്ട മലാഖ തുടര്‍ന്നു: ''ഞാന്‍ അല്ലാഹുവില്‍നിന്ന് നിങ്ങള്‍ക്ക് അയക്കപ്പെട്ട ദൂതനാകുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആ വ്യക്തിയെ സ്‌നേഹിച്ച പ്രകാരം അല്ലാഹു നിങ്ങളെയും സ്‌നേഹിച്ചിരിക്കുന്നു എന്ന കാര്യം അറിയിക്കുവാന്‍ വേണ്ടി അല്ലാഹുവില്‍ നിന്ന് നിങ്ങള്‍ക്ക് അയക്കപ്പെട്ട ദൂതനാകുന്നു ഞാന്‍.''(മുസ്‌ലിം)
വ്യക്തികള്‍ക്കിടയില്‍ സ്‌നേഹബന്ധമുണ്ടായിരിക്കുക, അത് പുഷ്ടിപ്പെടുത്താനും നിലനിര്‍ത്താനും ഇടക്കിടെ പരസ്പരം ചെന്നു കാണുക. ഇവയൊക്കെ ഇസ്‌ലാം ഉയര്‍ത്തിക്കാട്ടുന്ന പരസ്പര ബാധ്യതകളാണ്. മാനുഷിക ബന്ധം അരക്കിട്ടുറപ്പിക്കാനും സാമൂഹിക ജീവിതം സന്തോഷദായകമാകാനും അനിവാര്യമായ കാര്യങ്ങളാണിവ. അതിനാല്‍, സ്‌നേഹസന്ദര്‍ശനത്തെ പുണ്യകര്‍മമായി ഇസ്‌ലാം കാണുന്നു. ചെന്നു കണ്ടാല്‍ വല്ലതും ലഭിക്കുമെന്ന മോഹത്തോടെയല്ല, അല്ലാഹുവിന്റെ പ്രീതിയും അല്ലാഹു നിര്‍ദേശിച്ച സ്‌നേഹപാരസ്പര്യം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യവുമായിരിക്കണം സന്ദര്‍ശനത്തിന്. അങ്ങനെയാകുമ്പോള്‍ അല്ലാഹുവിന്റെ സ്‌നേഹം പ്രതിഫലമായി ലഭിക്കുമെന്നാണ് ഉദ്ധൃത വചനം വ്യക്തമാക്കുന്നത്.
സ്‌നേഹിതനില്‍നിന്ന് എന്തെങ്കിലും ഗുണം ലഭിക്കാനുണ്ടോ എന്ന മലക്കിന്റെ ചോദ്യത്തിനു 'ഇല്ല' എന്ന യാത്രികന്റെ മറുപടി നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ അടയാളമാണ്.
എല്ലാതരം മാനുഷിക ബന്ധങ്ങളുടെയും തനിമയും ഉദ്ദേശ്യശുദ്ധിയും അന്യംനിന്നുപോകുന്ന വര്‍ത്തമാനകാലത്ത് സ്‌നേഹബന്ധങ്ങളുടെയും കെട്ടുറപ്പ് നശിച്ചുകൊണ്ടിരിക്കുന്നു. പ്രകടനപരത എന്നതിനപ്പുറം മനസ്സില്‍ തട്ടുന്ന, ഹൃദയത്തിന്റെ അഗാധ തലത്തില്‍നിന്ന് ബഹിര്‍ഗമിക്കുന്ന സ്‌നേഹബന്ധങ്ങളെല്ലാം മനുഷ്യമനസ്സുകളില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെട്ട ദുരവസ്ഥയാണിന്ന്. ഉപരിപ്ലവകരമായ സ്‌നേഹപ്രകടനം തന്നെ എന്തെങ്കിലും കാര്യലാഭത്തിന്റെ പേരില്‍ മാത്രം പരിമിതമാണ്. സ്‌നേഹിതന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നതു പോലും ധര്‍മ്മമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. താന്‍ പുഞ്ചിരിച്ചാല്‍ അവനില്‍നിന്ന് എന്താണ് ലഭ്യമാകാനുള്ളതെന്നാണ് ആധുനിക മനുഷ്യന്റെ ഭാവം. മനുഷ്യപ്പറ്റില്ലാത്ത യന്ത്രമനുഷ്യരെയാണ് എവിടെയും കാണുന്നത്.
സൗഹാര്‍ദ സന്ദര്‍ശനവും അതിന്നു വേണ്ടി നടക്കുന്ന ഓരോ ചവിട്ടടിയും അല്ലാഹുവിന്റെ അടുക്കല്‍ വളരെ പ്രിയങ്കരമാണ്; പ്രതിഫലാര്‍ഹവുമാണ്. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: ''നബി(സ) പറഞ്ഞു: ഒരാള്‍ രോഗിയെ സന്ദര്‍ശിക്കുകയോ തന്റെ സ്‌നേഹിതനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കാണുകയോ ചെയ്താല്‍ മലക്ക് ഇപ്രകാരം വിളിച്ചുപറയുന്നതാണ്: നീ നല്ലത് ചെയ്തു. നിന്റെ നടത്തവും നല്ലതായി. സ്വര്‍ഗത്തില്‍ ഒരു വീട് നീ ഒരുക്കിയിരിക്കുന്നു.''(ഇബ്‌നുമാജ, തുര്‍മുദി)
അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യത്തിനു വേണ്ടി പരസ്പരം സ്‌നേഹിക്കുന്നതും കൂടിയിരിക്കുന്നതും സന്ദര്‍ശിക്കുന്നതും അങ്ങോട്ടുമിങ്ങോട്ടും എന്തെങ്കിലും നല്‍കുന്നതും അല്ലാഹുവിന്റെ സ്‌നേഹത്തിന് പാത്രീഭൂതരാകാന്‍ നിമിത്തമാകുമെന്ന് ഇമാം മാലിക്(റ) റിപ്പോര്‍ട്ട് ചെയ്ത തിരുവാക്യത്തില്‍ കാണാം. സത്യവിശ്വാസിയായ സ്‌നേഹിതനെ സന്ദര്‍ശിക്കുന്ന ഒരാള്‍ യാത്ര കഴിഞ്ഞു മടങ്ങുന്നതു വരെ അല്ലാഹുവിന്റെ റഹ്മത്തിലായിരിക്കുമെന്ന് നബി(സ) പ്രസ്താവിച്ചതായി ഇമാം ത്വബ്‌റാനിയുടെ ഹദീസില്‍ വന്നിട്ടുണ്ട്.
ഉപരിസൂചിത തിരുവാക്യങ്ങളെല്ലാം വ്യക്തമാക്കുന്നത് വ്യക്തികള്‍ തമ്മിലുള്ള സന്ദര്‍ശനം അല്ലാഹു തൃപ്തിപ്പെട്ട മാര്‍ഗത്തിലാണെങ്കില്‍ അത് ഇബാദത്താണ് എന്നാണ്. ഇടക്കിടെയുള്ള കൂടിക്കാഴ്ച സുഖവിവരങ്ങളറിയാനും നന്മ കൊണ്ട് പ്രാര്‍ത്ഥിക്കാനും അതുവഴി ഇസ്‌ലാമിക സാഹോദര്യം അരക്കിട്ടുറപ്പിക്കാനും വഴിവെക്കുമെന്ന കാര്യം തീര്‍ച്ചയാണ്. നബി(സ) പറഞ്ഞു: ''നീ ഇടക്കിടെ സന്ദര്‍ശിക്കുക. എന്നാല്‍ സ്‌നേഹത്താല്‍ നീ വര്‍ധിതനാകും.''(ത്വബ്‌റാനി) സാദാത്തുക്കള്‍, സ്വാലിഹുകള്‍, ആലിമുകള്‍ തുടങ്ങിയ ഖൈറിന്റെ അഹ്‌ലുകാരെ ചെന്നു കാണുന്നത് പ്രോത്സാഹജനകമാണ്. അവരുടെ ദുആ-ബറക്കാത്തുകളും പ്രാര്‍ത്ഥനകളും ലഭിക്കാന്‍ ഈ സന്ദര്‍ശനം കാരണമാകുന്നു. അത്തരക്കാരുടെ സാമീപ്യം ലഭിക്കുന്നത് തന്നെ അനുഗൃഹീതകാര്യമാണ്. ചാരിയാല്‍ ചാരിയത് മണക്കുമല്ലോ! സജ്ജനസമ്പര്‍ക്കത്തെ നബി(സ) ഉദാഹരണത്തിലൂടെ വിശദീകരിച്ചുതരുന്നുണ്ട്.
നല്ല മനുഷ്യന്റെയും ചീത്ത മനുഷ്യന്റെയും കൂടെയിരിക്കുന്നവരുടെയും ഉദാഹരണം (യഥാക്രമം) കസ്തൂരി ചുമന്നവന്റെയും ഉലയില്‍ ഊതുന്നവന്റെയും (കൂടെയിരിക്കുന്നവരുടേതു) പോലെയാണ്. കസ്തൂരിക്കാരന്‍ നിനക്ക് അല്‍പം കസ്തൂരി തന്നേക്കാം. അല്ലെങ്കില്‍ നീ വിലകൊടുത്തു വാങ്ങിയേക്കാം. അതുമില്ലെങ്കില്‍ നല്ല വാസന കിട്ടിയേക്കാം. ഉലയില്‍ ഊതുന്നവന്‍ നിന്റെ വസ്ത്രത്തെ കരിക്കും. അല്ലെങ്കില്‍ ഗുര്‍ഗന്ധമെങ്കിലും അവനില്‍ നിന്ന് നീ എത്തിക്കുന്നതാണ്.''(ബുഖാരി, മുസ്‌ലിം)
''മനുഷ്യന്‍ തന്റെ സ്‌നേഹിതന്റെ മതത്തിലായിരിക്കും. അതിനാല്‍ ആരോടാണ് ചങ്ങാത്തം കൂടുന്നതെന്ന് നിങ്ങളിലോരോരുത്തരും ചിന്തിക്കുക.''(അബൂദാവൂദ്, തുര്‍മുദി) നല്ലവരോടുള്ള സഹവാസം നന്മ കൈവരുത്തുമെന്നും ചീത്ത കൂട്ടുകെട്ട് അപകടമുണ്ടാക്കുമെന്നുമാണ് ഉദ്ധൃത വാക്യങ്ങള്‍ ദ്യോതിപ്പിക്കുന്നത്. സജ്ജനങ്ങളുമായാണ് കൂട്ടുകൂടേണ്ടതെന്നും അവരെ സന്ദര്‍ശിച്ചാണ് ബന്ധം സ്ഥാപിക്കേണ്ടതെന്നും അതു മാത്രമാണ് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സന്ദര്‍ശനമെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.
Leave A Comment