ഭിന്നതയുടെ കാരണങ്ങള്‍
ഇസ്‌ലാമിന്റെ മുഖ്യധാരയില്‍ നിന്നു വിഘടിച്ചുപോകാന്‍, അവാന്തര പ്രസ്ഥാനങ്ങളെല്ലാം പ്രാമാണികവും മതപരവുമായ നിരവധി ന്യായങ്ങളും കാരണങ്ങളും പ്രത്യക്ഷത്തില്‍ നിരത്തിയിരുന്നുവെങ്കിലും പരോക്ഷമായ പല പശ്ചാത്തലങ്ങളും അവകള്‍ക്കുണ്ടായിരുന്നുവെന്നതാണ് വസ്തുത. അത് മറച്ചുവെച്ച് പ്രമാണങ്ങളുടെ പഴുതുകളില്‍ കടിച്ചുതൂങ്ങി അതിജീവനം നടത്താനാണ് അവര്‍ പലപ്പോഴും ശ്രമിക്കുക. മുസ്‌ലിംകള്‍ക്കിടയില്‍ ശിഥിലീകരണത്തിനും ചേരിതിരിവിനും വഴിവെച്ച അത്തരം കാരണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1. പൈശാചിക ശക്തികളുടെ നുഴഞ്ഞുകയറ്റം: ഇസ്‌ലാമിന്റെ വളര്‍ച്ചയും ശാക്തീകരണവും ആശങ്കയോടെ നോക്കിക്കണ്ടിരുന്ന തമസ്സിന്റെ ഉപാസകര്‍, ഇസ്‌ലാമികാദര്‍ശത്തെ ആയുധം കൊണ്ട് തകര്‍ക്കാന്‍ സാധിക്കുകയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍, ഇസ്‌ലാമിന്റെ വേശം കെട്ടിയ കുറേ ചാരന്മാരെ മുസ്‌ലിംകളിലേക്ക് പറഞ്ഞയച്ചു. ഇമ്മിണി ബല്യ ഇസ്‌ലാമിസ്റ്റുകളായി വേശം കെട്ടിയ ഈ ചാര സംഘം കുറെ നിഷ്‌കളങ്കരായ വിശ്വാസികളെ ചൂണ്ടലിട്ടു പിടിച്ചു. പിന്നീട് പല ഘട്ടങ്ങളിലായി തങ്ങളുടെ സാംസ്‌കാരിക അജണ്ഡകള്‍ അവരില്‍ കുത്തിവെച്ചു. അവര്‍ പിന്നീടതിനെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്തികൊണ്ടുവരികയും സമൂഹത്തിന്റെ ശൈഥില്യത്തിനു ആക്കം കൂട്ടുകയും ചെയ്തു. ജൂത, ക്രൈസ്തവ വിഭാഗമാണ് മുസ്‌ലിംകള്‍ക്കെതിരെ ഈ തന്ത്രം കാര്യമായി പ്രയോഗിച്ചിട്ടുള്ളത്. ഇസ്‌ലാമിന്റെ പേരില്‍ ഉടലെടുത്ത മിക്ക അവാന്തര പ്രസ്ഥാനങ്ങളുടെ പിന്നിലും ഈ വിഭാഗത്തിന്റെ ചരടുവലികളും സാംസ്‌കാരിക സ്വാധീനവും കാണാം.
2. ഭൗതിക വാദത്തിന്റെ സ്വാധീനം: വിവിധ സാഹിത്യങ്ങളിലൂടെയും താരതമ്യ പഠനങ്ങളിലൂടെയും മുസ്‌ലിം ലോകത്ത് ഇറക്കുമതി ചെയ്യപ്പെട്ട ഭൗതിക വാദം, പലപ്പോഴും മുസ്‌ലിംകളില്‍ പുതിയ പ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്‍കി. ഒരു കാലത്ത് ഗ്രീക്ക് ഫിലോസഫി, റോമന്‍-യവന ചിന്തകള്‍ സൃഷ്ടിച്ച സ്വാധീനം, പേര്‍ഷ്യന്‍ മിത്തുകള്‍ തുടങ്ങിയവയുടെ ഇടപെടല്‍ നിരവധി ചിന്താപ്രസ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കി. പിന്നീട് യൂറോപ്പിലുണ്ടായ നവോത്ഥാനവും മുസ്‌ലിംകളില്‍ മതനവീകരണ പ്രസ്ഥാനങ്ങളുടെ രംഗ പ്രവേശത്തിനു കാരണമായി. ദിവ്യ സന്ദേശത്തിലധിഷ്ഠിതമായ മതവിശ്വാസങ്ങളെയും പ്രാമാണിക വചനങ്ങളെയും കേവല ബുദ്ധിയും യുക്തിയുടെയും തുലാസിലിട്ട് അളന്നുശരിപ്പെടുത്താന്‍ ശ്രമിച്ചതും കാര്യകാരണ ബന്ധങ്ങളുടെ കയറില്‍ കെട്ടിയിട്ടതുമായ പ്രവണത മുസ്‌ലിംകളിലെ അവാന്തര പ്രസ്ഥാനങ്ങളില്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. ഭൗതിക വാദം അവയില്‍ ചെലുത്തിയ സ്വാധീനത്തിന്റെ പ്രകടനങ്ങളായിരുന്നു യുക്തിയുടെ അപ്രമാദിത്വവുമായി ബന്ധപ്പെട്ട പൊളിച്ചെഴുത്തുകള്‍.
3. അന്യമത സ്വാധീനം: പ്രവാചക കാലശേഷം അറേബ്യന്‍ ഉപഭൂഘണ്ഡത്തിനു പുറത്തുള്ളവര്‍ വ്യാപകമായി ഇസ്‌ലാം ആശ്ലേഷിക്കുകയും രാജ്യങ്ങളും സമൂഹങ്ങളും ഇസ്‌ലാമിനു കീഴില്‍ വരികയും ചെയ്തു. ഈ വിഭാഗങ്ങളില്‍ പലര്‍ക്കും ഇസ്‌ലാമിനെ ആഴത്തില്‍ പഠിക്കാന്‍ സാധിച്ചില്ല. മിക്ക വിഷയങ്ങളിലും അവര്‍ മതത്തെ അംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെങ്കിലും ചില കാര്യങ്ങളില്‍ അവര്‍ തങ്ങളുടെ പഴയ സംസ്‌കാരം പിന്തുടര്‍ന്നു. ഇതിനെതിരെ കാര്യബോധമുള്ള പണ്ഡിതന്മാര്‍ രംഗത്തുവന്നപ്പോള്‍ ആ സമൂഹങ്ങള്‍ അവരെ അനുസരിച്ചുവെങ്കിലും ചെറിയ ഒരു വിഭാഗം അപ്പോഴും മാറിനിന്നു. ഈ മാറിനിന്നവര്‍ പിന്നീട് വാശിയോടെ തങ്ങളുടെ ചെയ്തികള്‍ക്ക് ഇസ്‌ലാമിന്റെ പ്രതിച്ഛായ നല്‍കിയപ്പോള്‍ അതൊരു പ്രസ്ഥാനമായി മാറി.
4. അഗാതജ്ഞാനത്തിന്റെ അഭാവം: മത പ്രമാണങ്ങളെ ആഴത്തില്‍ പഠിക്കാതെ ഉപരിപ്ലവമായി വിലയിരുത്തിയ ബുദ്ധിജീവികളും ഭൗതിക വിജ്ഞാനം നേടിയവരുമായ വിശ്വാസികള്‍, ഇസ്‌ലാമിനെ സ്വന്തം അനുമാനങ്ങള്‍ക്കനുസരിച്ച് പലപ്പോഴും വ്യാഖ്യാനിച്ചു. മറ്റു സംസ്‌കാരങ്ങളോട് സാമ്യത തോന്നിക്കുന്ന ഇസ്‌ലാമിലെ ആചാരാനുഷ്ഠാനങ്ങളെയെല്ലാം അവര്‍ അനിസ്‌ലാമികമെന്ന് വിമര്‍ശിച്ചു. ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കു വിരുദ്ധമായ നടപടികളാണ് മുസ്‌ലിം ബഹുഭൂരിപക്ഷം സ്വീകരിക്കുന്നത് എന്നവര്‍ ആരോപിച്ചു. പ്രമാണങ്ങളെ ഉപരിപ്ലവമായി മാത്രം വിലയിരുത്തിയ ഈ വിഭാഗത്തിനു ഇസ്‌ലാമിന്റെ യഥാര്‍ത്ഥ നിലപാട് വ്യക്തമാക്കിക്കൊടുക്കാന്‍ മഹാജ്ഞാനികളായ പണ്ഡിതന്മാര്‍ ശ്രമിച്ചെങ്കിലും അവരത് അംഗീകരിച്ചില്ല. ‘ബുദ്ധിജീവി’കളെയും ‘അഭ്യസ്ത വിദ്യ’രെയും ആകര്‍ഷിച്ച ഈ വിഭാഗത്തിന്റെ ചിന്തകള്‍ പല പ്രസ്ഥാനങ്ങള്‍ക്കും ജന്മം നല്‍കി.
5. രാഷ്ട്രീയ പ്രശ്‌നങ്ങള്‍: അധികാരാരോഹണവുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ക്കിടയില്‍ രൂപപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കുകയും സംഘട്ടനത്തിനു വഴിവെക്കുകയും ചെയ്തു. ഇതില്‍ സ്വന്തം പക്ഷത്തിനു മേല്‍ക്കോയ്മ ലഭിക്കാന്‍ ഓരോ വിഭാഗവും പ്രമാണങ്ങളെ സ്വന്തം അഭിലാഷങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ചു. തങ്ങളെ കുറിച്ച് പ്രമാണങ്ങളില്‍ സംഭവിച്ചുവെന്നു പ്രചരിപ്പിക്കപ്പെട്ട വ്യാഖ്യാനങ്ങള്‍ പലപ്പോഴും ജനഹൃദയങ്ങളില്‍ സ്വാധീനിച്ചു. പക്ഷേ, പിന്നീട് രാഷ്ട്രീയ അധികാരം വീണുകിട്ടിയവര്‍, ആദ്യം അവര്‍ തന്നെ നല്‍കിയ വ്യാഖ്യാനങ്ങളെ അവഗണിച്ചു സ്വന്തം ശൈലി സ്വീകരിച്ചപ്പോള്‍, പഴയ വ്യാഖ്യാനങ്ങളുയര്‍ത്തിപ്പിടിച്ച് ജനങ്ങളില്‍ പലരും കലാപത്തിനൊരുങ്ങി. ഭരണാധികാരികള്‍ യഥാര്‍ത്ഥ മതത്തില്‍ നിന്നും വ്യതിചലിച്ചുവെന്നും മത നിയമങ്ങളിലധിഷ്ഠിതമായ പുതിയ ഭരണകൂടം ആവശ്യമാണെന്നും പറഞ്ഞു രംഗപ്രവേശം ചെയ്തവര്‍ തങ്ങളുടെ വാദങ്ങള്‍ക്കനുകൂലമായി പുതിയ ചിന്താധാരകള്‍ക്ക് ജന്മം നല്‍കി.
ഇങ്ങനെ വിവിധ കാരണങ്ങളും പശ്ചാത്തലങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ അവാന്തര പ്രസ്ഥാനങ്ങള്‍ ഉടലെടുക്കാന്‍ ഹേതുവായിട്ടുണ്ട്. ഇവ ആഴയത്തില്‍ പരിശോധിച്ചാല്‍ തന്നെ ഈ അവാന്തര വിഭാഗങ്ങളുടെ രംഗപ്രവേശനത്തിനു നിമിത്തം ഇസ്‌ലാമിനോടുള്ള ആത്മര്‍ത്ഥതയോ ആത്മബന്ധമോ അല്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
പിഴക്കാത്ത പ്രവചനങ്ങള്‍
എ.ഡി. 632ല്‍ മുഹമ്മദ് നബി(സ) ഈ ഭൗതിക ലോകത്തുനിന്നു യാത്രയായെങ്കിലും അന്ത്യനാള്‍ വരെ തന്റെ സമുദായത്തില്‍ സംഭവിക്കാനിരിക്കുന്ന ചലന നിശ്ചലനങ്ങളത്രയും ദീര്‍ഘദര്‍ശനം നടത്തിയാണ് അവിടുന്ന് കടന്നുപോയത്. ഇസ്‌ലാമിന്റെ പേരില്‍ ഉടലെടുക്കാനിരിക്കുന്ന സര്‍വ്വ അവാന്തര പ്രസ്ഥാനങ്ങളെയും തിരുമേനി (സ) മുന്നില്‍ കണ്ടു. അവര്‍ ഉന്നയിക്കാനിരിക്കുന്ന വാദങ്ങളെ കുറിച്ചും അവരുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി. അത്തരം ഘട്ടങ്ങളില്‍ സമുദായം ഏത് പക്ഷത്തു നില്‍ക്കണമെന്ന് വ്യക്തമായി പഠിപ്പിച്ചു. പുത്തന്‍വാദങ്ങളുടെ വേലിയേറ്റത്തിനിടയിലും മത നവീകരണത്തിന്റെ കാറ്റിലും കോളിലും സമുദായ നൗക ആടിയുലയാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുതന്നു. ഈ സമുദായത്തിലെ അംഗങ്ങള്‍ എത്ര ചേരിയില്‍ അണിനിരക്കുമെന്നു പോലും അവിടുന്ന് പ്രവചിച്ചു. അവയില്‍ ചിലത് കാണുക:
‘നിങ്ങളുടെ മുമ്പുള്ള വേദഗ്രന്ഥക്കാര്‍ എഴുപത്തിരണ്ട് മതവിഭാഗങ്ങളായി വേര്‍പിരിഞ്ഞു. എന്നാല്‍ എന്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി വേര്‍പിരിയുന്നതാണ്. അതില്‍ എഴുപത്തിരണ്ടും നരകത്തിലാണ്. ഒരു വിഭാഗം സ്വര്‍ഗത്തിലും’ (അബൂദാവൂദ് 4597, തുര്‍മുദി 2640, ഇബ്‌നുമാജ 3991, 92, 93 അഹ്മദ് 2/332).
സമുദായത്തില്‍ സംഭവിക്കാനിരിക്കുന്ന ശിഥിലീകരണവും ചേരിതിരിവും ആദ്യമേ നോക്കി കാണുകയാണിവിടെ പ്രവാചകന്‍(സ). വിവിധ വാദങ്ങളുയര്‍ത്തി ഉമ്മത്തിനെ വ്യത്യസ്ത ചേരികളിലേക്ക് കൊത്തിവലിച്ചു നരകത്തിലെത്തിക്കാന്‍ ശൈഥില്യത്തിന്റെ ശക്തികള്‍ ശ്രമിക്കുമ്പോള്‍, അങ്കലാപ്പിലാക്കുന്ന സമുദായത്തിനു രക്ഷപ്പെടാനുള്ള വഴിയേതെന്ന് പ്രസ്തുത ഹദീസില്‍ തന്നെ നബി(സ) വ്യക്തമാക്കുന്നുണ്ട്. എഴുപത്തി മൂന്നില്‍ ഒരു വിഭാഗം മാത്രമാണ് സ്വര്‍ഗ്ഗത്തില്‍ എന്ന പ്രവാചകന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് സ്വഹാബികള്‍ ചോദിച്ചു: ”സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന ആ വിഭാഗം ആരാണ് നബിയേ?’ നബി(സ) മറുപടി പറഞ്ഞു: ‘ഞാനും എന്റെ സ്വഹാബത്തും നിലകൊള്ളുന്ന പാതയിലൂടെ നീങ്ങുന്നവര്‍.’
രക്ഷയുടെ മാര്‍ഗം ഏതെന്ന് വളച്ചുക്കെട്ടില്ലാതെ വ്യക്തമാക്കിയിരിക്കുകയാണ് മുഹമ്മദ് നബി(സ). ഇതേ ആശയം ഉള്‍ക്കൊള്ളുന്ന പ്രഖ്യാപനങ്ങള്‍ നബി(സ) അന്തി ഉപദേശത്തിലും നടത്തിയതായി കാണാം. ”എന്റെ ശേഷം നിങ്ങളില്‍ നിന്ന് വല്ലവരും ജീവിച്ചിരിക്കുന്ന പക്ഷം, ധാരാളം ഭിന്നതകള്‍ അയാള്‍ കാണേണ്ടിവരും. അന്നേരം രക്ഷക്കുവേണ്ടി നിങ്ങള്‍ എന്റെ സുന്നത്തും സന്മാര്‍ഗ്ഗ ദര്‍ശകരായ എന്റെ പ്രതിനിധികളുടെ സുന്നത്തും മുറുകെ പിടിക്കുക. അണപ്പല്ല് കൊണ്ട് നിങ്ങളതിനെ കടിച്ചുപിടിക്കുക. നവീന ആശയങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. എല്ലാ നവീനാശയങ്ങളും മാര്‍ഗഭ്രംശമാകുന്നു.” (അബൂദാവൂദ് 4607, തുര്‍മുദി 2678, ഇബ്‌നുമാജ 42,43 അഹ്മദ് 4/126).
മുഹമ്മദ് നബി(സ)യും സ്വഹാബത്തും നിലകൊണ്ട പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കുകയില്ലെന്നും അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും രൂക്ഷമാകുമ്പോള്‍ അവരുടെ മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്നും തിരുനബി തന്നെ ഉണര്‍ത്തുകയാണിവിടെ. ഭിന്നതയുടെ വക്താക്കള്‍ ഉയര്‍ത്തുന്ന ന്യായങ്ങള്‍ക്കും വാദങ്ങള്‍ക്കും മുന്നില്‍ വിശ്വാസികള്‍ പതറിപോകാന്‍ കൂടുതല്‍ സാധ്യതയുണ്ടായത്‌കൊണ്ടാണ് അവരുടെ ചര്യകള്‍ മുറുകെ പിടിച്ചാല്‍ മാത്രം പോരാ, അണപ്പല്ലുക്കൊണ്ട് കടിച്ചുപിടിക്കുക കൂടി വേണമെന്ന് നബി (സ) പ്രത്യേകം നിര്‍ദ്ദേശിച്ചത്.
സമുദായത്തില്‍ ഭിന്നതയുണ്ടായാല്‍, വിശ്വാസികളെവിടെ നില്‍ക്കണമെന്ന് പഠിപ്പിക്കുന്ന മറ്റൊരു നബിവചനം കാണുക: ”തീര്‍ച്ചയായും എന്റെ സമുദായം പിഴച്ച മാര്‍ഗ്ഗത്തില്‍ ഏകോപിക്കുകയില്ല. നിങ്ങള്‍ ഭിന്നതകള്‍ കണ്ടാല്‍ ബഹുഭൂരിപക്ഷത്തെ പിന്തുടരുക.” (ഇബ്‌നു മാജ 3940).
മുസ്‌ലിം ഉമ്മത്തില്‍ വ്യാപകമായി വ്യതിയാനവും മാര്‍ഗഭ്രംശവും സംഭവിക്കുകയില്ലെന്നു ഉറപ്പിച്ചു പറയുകയാണിവിടെ പ്രവാചകന്‍. അഭിപ്രായ വ്യത്യാസവും ചേരിതിരിവും ഉടലെടുത്താല്‍ വിശ്വാസാദര്‍ശങ്ങളിലും ആചാര നടപടികളിലും മുസ്‌ലിം ബഹുഭൂരിപക്ഷം എവിടെയാണോ നില്‍ക്കുന്നത്, ആ പക്ഷത്ത് നില്‍ക്കണമെന്നാണ് പ്രവാചകാധ്യാപനം. ഉത്തമ നൂറ്റാണ്ടു മുതല്‍ ഇന്നോളം വിവിധ ഘട്ടങ്ങളിലായി നിരവധി പ്രസ്ഥാനങ്ങളും ചിന്താസരണികളും ചേരിതിരിഞ്ഞുണ്ടായിട്ടുണ്ടെന്നത് ശരി. പക്ഷേ, ഇവര്‍ക്കാര്‍ക്കും മുസ്‌ലിം മുഖ്യധാരയെ കീഴ്‌പ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. എക്കാലത്തുമുള്ള മുസ്‌ലിം ബഹുഭൂരിപക്ഷം ഇസ്‌ലാമിന്റെ യഥാര്‍ത്ഥ പന്ഥാവില്‍ തന്നെയായിരുന്നു നിലകൊണ്ടിരുന്നത്. അവരില്‍ ഈമാനികാവേശവും ചൈതന്യവും കുറഞ്ഞുവന്ന നാളുകളും നിഷ്‌ക്രിയത്വത്തിന്റെ ഘട്ടങ്ങളും തിന്മകള്‍ തിമര്‍ത്തു പെയ്ത സന്ദര്‍ഭങ്ങളും ഉണ്ടായിരിക്കാം. അതൊന്നും ഉമ്മത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങളെയോ മൗലിക ആചാരങ്ങളെയോ പിടികൂടിയില്ല. അത്തരം പ്രശ്‌നങ്ങളെല്ലാം ഓരോ നൂറ്റാണ്ടിലും രംഗപ്രവേശം ചെയ്ത നവോത്ഥാന നായകന്മാര്‍ (മുജദ്ദിദ്) അടിച്ചമര്‍ത്തിയതായി കണ്ടെത്താനാകും. നാളിതുവരെയുള്ള ഇസ്‌ലാമിക ബഹുഭൂരിപക്ഷം എന്നും സുരക്ഷിതത്വത്തിന്റെയും സത്യത്തിന്റെയും സരണിയിലായിരുന്നുവെന്നു സാരം.
അതുകൊണ്ട് തന്നെയാണ് ഇസ്‌ലാമിന്റെ ലേബളില്‍ രംഗപ്രവേശം ചെയ്ത സര്‍വ്വ അവാന്തര പ്രസ്ഥാനങ്ങളും മുസ്‌ലിം മുഖ്യധാരക്കെതിരെ വാളെടുത്തതും ഉറഞ്ഞുതുള്ളിയതും. ഈ പ്രസ്ഥാനങ്ങളെല്ലാം അവകാശപ്പെടുകയും ബാക്കിയുള്ളവരെ മുഴുവന്‍ പിഴച്ചവരായി ചിത്രീകരിക്കുകയുമാണ് ചെയ്തത്. തൗഹീദിന്റെയും ഇസ്വ്‌ലാഹിന്റെയും വാഹകരാണെന്ന് അവകാശവാദമുന്നയിച്ച ഈ വിഭാഗങ്ങള്‍ക്കൊന്നും മുസ്‌ലിം ഭൂരിപക്ഷത്തിനു മേല്‍ ശിര്‍ക്കും കുഫ്‌റും ആരോപിക്കാന്‍ യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. സ്വഹാബികള്‍ ജീവിച്ച ഉത്തമ നൂറ്റാണ്ടിലുടലെടുത്ത ആദ്യത്തെ അവാന്തര പ്രസ്ഥാനം തന്നെ പ്രമുഖ സ്വഹാബികളെയെല്ലാം കാഫിറുകളാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്തത്. അവിടുന്നിങ്ങോട്ടുള്ള സര്‍വ്വ പുത്തന്‍ കൂറ്റുകാരുടെയും പ്രധാനായുധം ഈ ശിര്‍ക്കും കുഫ്‌റും ബിദ്അത്തുമൊക്കെ തന്നെയായിരുന്നു. ഇന്ന് നമുക്കിടയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന മതനവീകരണ പ്രസ്ഥാനങ്ങള്‍ പോലും ശിര്‍ക്ക്-കുഫ്‌റ് ബിദ്അത്തുകളുടെ ചട്ടകൂട്ടില്‍ നിന്ന് മാറിയിട്ടില്ല എന്നത് അവര്‍ക്കിടയിലെ പരസ്പര ബന്ധത്തെയാണല്ലോ സൂചിപ്പിക്കുന്നത്. അധികാരവും സമ്പത്തും സ്വാധീനവും സാധ്യമായ മറ്റു സംവിധാനങ്ങളുമെല്ലാം ഉപയോഗപ്പെടുത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും മുസ്‌ലിം ബഹുഭൂരിപക്ഷം പുത്തന്‍വാദങ്ങളെയും പ്രസ്ഥാനങ്ങളെയും തിരസ്‌കരിച്ചു എന്നത് അത്ഭുതം തന്നെ. മുസ്‌ലിം മുഖ്യധാര നിത്യശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
എഴുപത്തിരണ്ട് ഏജന്‍സികള്‍
മുസ്‌ലിം സമുദായം എഴുപത്തിമൂന്ന് വിഭാഗമായി ചേരിതിരിയുമെന്നും അതില്‍ എഴുപത്തിരണ്ടും നരകത്തിലേക്ക് വിശ്വാസികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയാണെന്നുമുള്ള ആശയം വ്യക്തമാക്കുന്ന ഹദീസുകള്‍ വളരെ പ്രസിദ്ധമാണ്. എന്നാല്‍ ഈ ഹദീസ് സ്വീകാര്യമല്ലെന്നു പറഞ്ഞു ചിലര്‍ തള്ളിക്കളയാറുണ്ട്. ഹദീസ് ദുര്‍ബല (ളഈഫ്) മാണെന്നാണവരുടെ വാദം. ഇബ്‌നു ഹസം തന്റെ ‘അല്‍ ഫസ്‌ലു ഫില്‍ മിലലി വന്നിഹല്‍’ എന്ന ഗ്രന്ഥത്തില്‍ ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആധുനികനായ യൂസുഫുല്‍ ഖറദാവിയും ഈ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, ഈ വീക്ഷണങ്ങളെ പണ്ഡിത ലോകം തള്ളിക്കളയുകയാണുണ്ടായത്. കാരണം നിരവധി പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട സ്വീകാര്യമായ (സ്വഹീഹ്) ഹദീസാണിത്. അബൂഹുറൈറ, അനസ്, മുആവിയ, ഔഫ് ബിന്‍ മാലിക്(റ) തുടങ്ങിയ സ്വഹാബികളില്‍ നിന്നുള്ള പ്രസ്തുത ഹദീസ് സ്വീകാര്യയോഗ്യമായ നിവേദക പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടതാണ്.
അബൂദാവൂദ് (4596, 4597), തുര്‍മുദി (2640), ഇബ്‌നു മാജ (3991, 3992, 3993), അഹ്മദ് (2/332) മുതലായ ഹദീസ് ഗ്രന്ഥങ്ങളെല്ലാം അത് ഉദ്ധരിച്ചിട്ടുണ്ട്. നവീന ചിന്താഗതിക്കാരനായ നാസ്വിറുദ്ദീന്‍ അല്‍ബാനി (1914-1999) തന്റെ ‘സ്വഹീഹ് തുര്‍മുദി’യിലും ‘സില്‍സിലത്തുസ്വലീഹ’ (203, 204,1492)യിലും ഈ ഹദീസ് സ്വീകാര്യയോഗ്യമാണെന്ന് അംഗീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഈ ഹദീസില്‍ സൂചിപ്പിച്ച എഴുപത്തി രണ്ട്, സമുദായത്തിലുണ്ടാകുന്ന അവാന്തര വിഭാഗങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കാണോ എന്നതില്‍ അഭിപ്രായാന്തരങ്ങളുണ്ട്. അത് കൃത്യമായ കണക്കല്ലെന്നും ജൂത-ക്രിസ്ത്യാനികളെക്കാള്‍ ചേരിതിരിവിന്റെ വിഷയത്തില്‍ മുസ്‌ലിംകള്‍ ഒരു പിടി മുന്നിലായിരിക്കുമെന്നറിയിക്കാനുള്ള പ്രയോഗം മാത്രമാണതെന്നും ഒരു വിഭാഗം ഇമാമുമാര്‍ പറയുന്നു. ‘ജൂത-ക്രിസ്ത്യാനികള്‍ എഴുപത്തിരണ്ട് വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗമായി പിരിയും.’ എന്ന നബിവചനം അതിലേക്കുള്ള സൂചനയാണ്. മാത്രമല്ല ‘എഴുപത്’ എന്ന സംഖ്യയെ ധാരാളം എന്ന അര്‍ത്ഥത്തില്‍ അറബിയില്‍ സാധാരണ പ്രയോഗിക്കാറുണ്ട്. ”നിങ്ങള്‍ എഴുപത് തവണ അവര്‍ക്ക് വേണ്ടി മാപ്പിരന്നാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല” എന്ന ഖുര്‍ആന്‍ (9:80) വചനം ഉദാഹരണം.
നാളിതുവരെ സമുദായത്തിലുടലെടുത്ത പ്രസ്ഥാനങ്ങളെ മുഴുവന്‍ എണ്ണിക്കണക്കാക്കുക പ്രയാസം. അഭിപ്രായാന്തരങ്ങളുടെ വിഷയത്തില്‍ അവ എഴുപത്തിരണ്ട് കവിഞ്ഞിട്ടുണ്ടെന്നുറപ്പ്. എന്നാല്‍ മൗലികമായ അഭിപ്രായാന്തരങ്ങളുടെ വിഷയത്തില്‍ സമുദായത്തില്‍ എഴുപത്തി രണ്ടുചേരികള്‍ തികഞ്ഞു എന്നു പറയാനും സാധ്യമല്ല. പൊതുധാരയില്‍ നിന്നു വിഘടിച്ചു നിന്ന ഒരാള്‍ രംഗത്തുവന്ന് പുതിയ ചില വാദങ്ങളുയര്‍ത്തുകയും കുറെ അനുയായികളെ സൃഷ്ടിക്കുകയും ചെയ്യുന്നു. പിന്നീടതിന് സൈദ്ധാന്തികവും പ്രാമാണികവുമായ കവചം നല്‍കുമ്പോള്‍ ഉള്‍പിരിവുകളും ഉള്‍പാര്‍ട്ടികളും ഉടലെടുക്കുന്നു. അതങ്ങിനെ വളരുകയും പിളരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ പ്രക്രിയ മുസ്‌ലിം ചരിത്രത്തിലുടനീളം നമുക്ക് കാണാം. അപ്പോള്‍ ‘എഴുപത്തിമൂന്ന്’ എന്ന പ്രയോഗം സമുദായത്തില്‍ രൂപംകൊള്ളുന്ന ചേരിതിരിവിന്റെ തീക്ഷ്ണതയെ സൂചിപ്പിക്കുന്ന ഒരു പ്രയോഗമാണെന്ന ഇമാമുകളുടെ അഭിപ്രായം കൂടുതല്‍ ആശയ വ്യക്തതയും ന്യായവും നല്‍കുന്നു.
ഈ രീതി സ്വീകരിച്ചുകൊണ്ടാണ് പല ഇമാമുകളും അവരുടെ ഗ്രന്ഥങ്ങളില്‍ നിശ്ചിത എണ്ണം പറയാതെ അവാന്തര വിഭാഗങ്ങളെ പരിചയപ്പെടുത്തുക മാത്രം ചെയ്തത്. ഇമാം അബുല്‍ ഹസനില്‍ അശ്അരി(874-936) യുടെ ‘മഖാലത്തുല്‍ ഇസ്‌ലാമിയ്യീന്‍’ എന്ന ഗ്രന്ഥവും ഫഖ്‌റുദ്ദീന്‍ റാസി (1149-1209)യുടെ ‘ഇഅ്തിഖാദത്തു ഫിറഖില്‍ മുസ്‌ലിമീന്‍’ തുടങ്ങിയവ അതിന്റെ ഉദാഹരണങ്ങളാണ്.
എഴുപത്തിമൂന്ന് എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ അവാന്തര വിഭാഗങ്ങളുടെ വാദങ്ങളും വിശ്വാസങ്ങളും പരിശോധിച്ച് അവയെ അക്കമിട്ടു പരിചയപ്പെടുത്തിയവരാണ് ചില ഇമാമുകള്‍. അബ്ദുല്‍ ഖാഹിര്‍ ബഹ്ദാദിയുടെ ‘അല്‍ ഫര്‍ഖു ബൈനല്‍ ഫിറഖ്’ എന്ന ഗ്രന്ഥത്തിലും മുഹമ്മദ് ഹുസൈന്‍ അലവി തന്റെ ‘കിതാബുല്‍ അദ്‌യാന്‍’ എന്ന ഗ്രന്ഥത്തിലും ഈ ശൈലി സ്വീകരിച്ചതായി കാണുന്നു. ഇമാം ഇബ്‌നുല്‍ ജൗസിതന്റെ ‘തല്‍ബീസു ഇബ്‌ലീസ്’ എന്ന ഗ്രന്ഥത്തില്‍ ഈ എഴുപത്തി രണ്ട് വിഭാഗങ്ങളെ വ്യക്തമായി തന്നെ എണ്ണിയിട്ടുണ്ട്. അവകള്‍ അടിസ്ഥാനപരമായി ആറെണ്ണമാണെന്നും ഓരോന്നിനും പന്ത്രണ്ട് വീതം ഉപ വിഭാഗങ്ങളുണ്ടായെന്നും അദ്ദേഹം സ്ഥാപിക്കുന്നു. അങ്ങനെയാണ് എഴുപത്തി രണ്ട് വിഭാഗം (6×12=72) തികയുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ‘ബയാനുല്‍ ബദഇ ഫില്‍ ഉസ്വൂലി’ലും ഈ അഭിപ്രായം കാണാം. ഹറൂറിയ്യ, ഖദ്‌രിയ്യ, ജുഹ്മിയ്യ, മുര്‍ജിഅ, റാഫിള, ജബ്‌രിയ്യ എന്നിവയാണ് ആറ് അടിസ്ഥാന കക്ഷികള്‍. അവയുടെ ഉള്‍പ്പാര്‍ട്ടികള്‍ ഇവയാണ്.
I. ഹറൂറിയ്യ:
1. അസ്‌റഖിയ്യ, 2. ഇബാളിയ്യ, 3. സഅ്‌ലബിയ്യ, 4. ഹാസിമിയ്യ, 5. ഖലഫിയ്യ, 6. മുകര്‍റമിയ്യ, 7. കന്‍സിയ്യ, 8. ശിംറാഖിയ്യ, 9. അഖ്‌സനിയ്യ, 10. മുഹക്കമിയ്യ, 11. മുഅ്തസില, 12. മൈമൂനിയ്യ.
II. ഖദ്‌രിയ്യ:
1. അഹ്മരിയ്യ, 2. സനവിയ്യ, 3. മുഅ്തസില, 4. കൈസാനിയ്യ, 5. ശൈത്വാനിയ്യ, 6. ശരീകിയ്യ, 7. വഹ്മിയ്യ, 8. റാവന്തിയ്യ, 9. ബതരിയ്യ, 10. നാകിസിയ്യ, 11. ഖാസിത്വിയ്യ, 12. നസ്സാമിയ്യ.
III. ജുഹ്മിയ്യ:
1. മുഅത്വില, 2. മിര്‍രീസിയ്യ, 3. മുല്‍തസിഖ, 4. വാരിദിയ്യ, 5. സനാദി, 6. ഹുറഖിയ്യ, 7. മഖ്‌ലൂഖിയ്യ, 8. ഫാനിയ്യ, 9. മുഗീരിയ്യ, 10. വാഖിഫിയ്യ, 11. ഖബ്‌രിയ്യ, 12. ലഫ്‌ളിയ്യ.
IV. മുര്‍ജിഅ:
1, താരികിയ്യ, 2. സാഇബിയ്യ, 3. റാജിയ, 4. ശാകിയ്യ, 5. ബൈഹസിയ്യ, 6. മന്‍ഖൂസിയ്യ, 7. മുസ്തസ്‌നിയ്യ, 8. മുശബ്ബിഹ, 9. ഹശവിയ്യ, 10. ളാഹിരിയ്യ, 11. ബിദഇയ്യ, 12. യൂനുസിയ്യ.
V. റാഫിള:
1. അലവിയ്യ, 2. അംരിയ്യ, 3. ശീഇയ്യ, 4. ഇസ്ഹാഖിയ്യ, 5. നാവൂസിയ്യ, 6. ഇമാമിയ്യ, 7. യസീദിയ്യ, 8. അബ്ബാസിയ്യ, 9. മുതനാസിഖ, 10. റജ്ഇയ്യ, 11. ലാഇനിയ്യ, 12. മുതറബ്ബിസ്.
VI. ജബ്‌രിയ്യ:
1. മുള്ത്വരിബ, 2, അഫ്ആലിയ്യ, 3. മഫ്‌റൂഗിയ്യ, 4. നജ്ജാരിയ്യ, 5. മത്താനിയ്യ, 6. കസ്ബിയ്യ, 7. സാബിഖിയ്യ, 8. ഹുബിയ്യ, 9. ഖൗഫിയ്യ, 10. ഫിക്‌രിയ്യ, 11. ഖിസ്സിയ്യ, 12. മഇയ്യ.
ഹിജ്‌റ ആറാം നൂറ്റാണ്ടു വരെയുണ്ടായ അവാന്തര പ്രസ്ഥാനങ്ങളാണിത്. അതിനുശേഷവും നിരവധി കക്ഷികള്‍ വിവിധ വാദമുഖങ്ങളുയര്‍ത്തി രംഗപ്രവേശം ചെയ്തിട്ടുണ്ട്. എന്നാല്‍ പില്‍ക്കാലത്തുണ്ടായ മിക്ക പ്രസ്ഥാനങ്ങളും മുമ്പു ചരമമടഞ്ഞു പോയ കക്ഷികളുടെ വാദങ്ങളില്‍ നിന്നു പലതും കടമെടുക്കുകയായിരുന്നു. ചന്തവും ചാരുതയുമുള്ള കുറെ വാദങ്ങളുമായി പെട്ടെന്നു പ്രത്യക്ഷപ്പെടുകയും ഒരു ആള്‍കൂട്ടത്തെ ആകര്‍ഷിക്കുകയും പിന്നീട് കൊച്ചു കൊച്ചു സംഘങ്ങളായി ഭിന്നിച്ചു ഇല്ലാതാകുകയുമാണ് അവാന്തര കക്ഷികളുടെ പൊ തു ചരിത്രം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചരിത്ര പുസ്തകങ്ങളിലേക്കു ഖബറടക്കം ചെയ്യപ്പെട്ട കക്ഷികളുടെ പഴകിപുളിച്ച വാദങ്ങള്‍, തെച്ചുമിനുക്കി പുതിയ കുപ്പിയിലിട്ട് അവതരിപ്പിക്കുകയാണ് പില്‍ക്കാലത്തുണ്ടായത്. മുമ്പ് പൊതുധാരയോടു പരാജയപ്പെട്ടു അരങ്ങൊഴിഞ്ഞ പ്രസ്ഥാനങ്ങളുടെ ഉടയാടകളാണ്, ഇന്നു അരങ്ങത്തുള്ള അവാന്തരക്കാര്‍ എടുത്തണിഞ്ഞു അഹങ്കാരം നടിക്കുന്നതെന്ന് ഇസ്‌ലാമിലെ ഉള്‍പ്പിരിവുകളുടെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാകും.
(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)
Leave A Comment