സൂറ ആലു ഇംറാന്‍- Page 61 (Ayath 84-91) ഭൂമി നിറയെ സ്വർണ്ണവും ഉപകാരപ്പെടില്ല

കഴിഞ്ഞ പേജില് പറഞ്ഞുവെച്ചത് എല്ലാ പ്രവാചകരും പ്രബോധനം ചെയ്തത് ദീനുല് ഇസ്ലാമാണെന്നും അത് പരിപൂര്ണമായി അംഗീകരിച്ച് ജീവിക്കുകയുമാണ് വേണ്ടത്.. മുന്കഴിഞ്ഞ പ്രപാചകന്മാരോടോക്കെ, ശേഷം വരുന്നവരെ അംഗീകരിക്കാനും വേണ്ട സഹായം ചെയ്തുകൊടുക്കാനും കരാര് ചെയ്ത വിഷയവും പറഞ്ഞു.

അപ്പോ എല്ലാവരും അംഗീകരിച്ച മതം ഒന്നു തന്നെയാണെന്നും, അതുകൊണ്ട് ചിലരുടെ ദൗത്യത്തില്‍ വിശ്വസിക്കുകയും, ചിലരുടെതില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യാന്‍ ഞങ്ങള്ക്ക് സാധ്യമല്ല എന്ന് പ്രഖ്യാപിക്കുവാന്‍ അല്ലാഹു നബിയോട് കൽപിക്കുകയാണ് 84 ല്.

 

അടുത്ത വചനത്തില്‍ അര്‍ഥശങ്കക്കു ഇടമില്ലാത്തവണ്ണം ഈ പരമാര്‍ഥം വീണ്ടും വ്യക്തമാക്കുന്നുണ്ട്.

 

قُلْ آمَنَّا بِاللَّهِ وَمَا أُنْزِلَ عَلَيْنَا وَمَا أُنْزِلَ عَلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَالنَّبِيُّونَ مِنْ رَبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ وَنَحْنُ لَهُ مُسْلِمُونَ (84)

 

താങ്കള്‍ പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഇബ്‌റാഹീം നബി, ഈസ്മാഈല്‍ നബി, ഇസ്ഹാഖ് നബി, യഅ്ഖൂബ് നബി അദ്ദേഹത്തിന്റെ സന്താനങ്ങള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും മൂസാ നബിക്കും ഈസാനബിക്കും മറ്റെല്ലാ നബിമാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ ഒരു വ്യത്യാസവും കല്‍പിക്കുന്നില്ല. ഞങ്ങള്‍ പരിപൂര്‍ണമായും അവനെ അനുസരിക്കുന്നവരാകുന്നു. (-ഇതാണ് ഞങ്ങളുടെ ആദര്‍ശം.) 

 

പരിശുദ്ധ ദീനിന്‍റെ വളച്ചുകെട്ടില്ലാത്ത, വളരെ സത്യസന്ധമായ വീക്ഷണം വ്യക്തമാക്കുന്നതാണ് ഈ സൂക്തം. അടിസ്ഥാനപരമായ വിശ്വാസം എന്താണ്- അല്ലാഹു പ്രപഞ്ചനാഥനും സ്രഷ്ടാവും നിയന്താവുമൊക്കെയാണ്. അതുകൊണ്ട് അവനെ വിശ്വസിക്കുക. ആ അല്ലാഹു അവതരിപ്പിച്ചതിലും വിശ്വാസമര്‍പ്പിക്കുക.

 

ഈ രണ്ട് കാര്യങ്ങളും പറഞ്ഞ ശേഷം പ്രമുഖരായ ചില പ്രവാചകരെ പേരെടുത്ത് പറഞ്ഞിരിക്കുകയാണ്. ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, മൂസാ, ഈസാ (അ) എന്നീ പ്രവാചകര്‍.

 

യഅ്ഖൂബ് നബി(അ)ന്റെ സന്താനപരമ്പരയെയും മറ്റു നബിമാരെ മൊത്തത്തിലും പരാമര്‍ശിച്ചിരിക്കുന്നു. ഇവരിലെല്ലാം നമ്മള്‍ മുസ്‌ലിംകള്‍ വിശ്വസിക്കുന്നുണ്ട്.

 

എന്നുമാത്രമല്ല, ഒന്നുകൂടി ഇത്രകൂടി പറയുന്നു: لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ وَنَحْنُ لَهُ مُسْلِمُونَ  'അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം കല്‍പിക്കുന്നില്ല; ഞങ്ങള്‍ പൂര്‍ണമായും അല്ലാഹുവിനെ അനുസരിക്കുന്നവരാണ്.' അല്ലാഹുവിനെ നിരുപാധികം അനുസരിക്കുന്നു എന്ന് പറഞ്ഞാല്  അവന്റെ മുഴുവന്‍ നബിമാരെയും ഞങ്ങള്‍ അംഗീകരിക്കുന്നു എന്നര്‍ഥം.

 

ഈ സൂക്തത്തില്‍ അല്ലാഹുവിനെ പറഞ്ഞതിന്റെ പിന്നില്‍ 'തങ്ങളിലേക്ക് ഇറക്കപ്പെട്ടതി'ന്റെ കാര്യമാണല്ലോ പറഞ്ഞത്.

 

قُلْ آمَنَّا بِاللَّهِ وَمَا أُنْزِلَ عَلَيْنَا

കാരണം, മറ്റു പ്രവാചകര്‍ക്ക് അവതീര്‍ണമായ വേദങ്ങളും ശരീഅത്തുകളുമൊക്കെ ഭേദഗതി വരുത്തപ്പെടുകയോ ദുര്‍ബലമാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോ നിലവിലുള്ളവയില്‍ എത്രകണ്ട് ശരിയുണ്ട് എന്ന് ഖുര്‍ആനും ഹദീസും മുഖേന മാത്രമേ അറിയാന്‍ കഴിയൂ. അതിനാലാണ് രണ്ടാം സ്ഥാനത്ത് അത് പറഞ്ഞത്. മുന്‍പ്രവാചകന്മാരുടെ നിയമങ്ങളും ശരീഅത്തുമൊക്കെ പൂര്‍ണമായും ഖുര്‍ആന്‍ ശരിവെച്ചിട്ടുണ്ട് എന്ന് ആ അമാനുഷിക ഗ്രന്ഥം തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.

 

وَمَا أُنْزِلَ عَلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ

പ്രവാചകന്‍മാര്‍ ലക്ഷക്കണക്കില്‍ കഴിഞ്ഞുപോയിട്ടുണ്ട്. കുറച്ചാളുകളുടെ പേരുകള് മാത്രമാണിവിടെ പറഞ്ഞത്. അറബികളുടെയും, വേദക്കാരുടെയും ഇടയില്‍ പല നിലക്കും കൂടുതല്‍ സുപരിചിതരായ, അവരൊക്കെ ആദരിക്കുന്ന ചിലരെ പറഞ്ഞു. മാത്രവുമല്ല, ചരിത്രപരവും മതപരവുമായ രംഗങ്ങളില്‍ എപ്പോഴും പറയപ്പെടുന്നവരാണവര്. അതുകൊണ്ടാണ് ഇബ്‌റാഹീം നബി (عليه السلام) തുടങ്ങി ചില നബിമാരുടെ പേരുകള്‍ പ്രത്യേകം പറഞ്ഞിരിക്കുന്നത്.

 

وَالْأَسْبَاطِ

യഅ്ക്വൂബ് നബി (عليه السلام)യുടെ പന്ത്രണ്ട് സന്താന പരമ്പരകളില്‍ ഉണ്ടായിട്ടുള്ള പ്രവാചകന്‍മാരെ ഉദ്ദേശിച്ചാണ് الأسْبَاطِ (സന്തതികള്‍) എന്ന് പറഞ്ഞിരിക്കുന്നത്.

 

ഇബ്‌റാഹീം നബി (عليه السلام) യെക്കുറിച്ചും മറ്റും പറഞ്ഞപ്പോള്‍ ‘അവരുടെ മേല്‍ ഇറക്കപ്പെട്ടത്’ (مَاأُنْزِلَ) എന്നും, പിന്നീട് മൂസാ, ഈസാ (عليه السلام) എന്നിവരെക്കുറിച്ചും പറഞ്ഞപ്പോള്‍ ‘അവര്‍ക്ക് നല്‍കപ്പെട്ടത്’ (مَا أُوتِيَ) എന്നുമാണ് അല്ലാഹു പ്രയോഗിച്ച വാക്കുകള്‍.

 

അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യും സന്ദേശവും ലഭിക്കുക, ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടുക - ഇതൊക്െ ഏറെക്കുറെ എല്ലാ പ്രവാചകന്‍മാര്‍ക്കും ഉണ്ടാകുന്നതാണ്. എന്നാലും, മൂസാ നബി (عليه السلام)യുടെ തൗറാത്തും, ഈസാ നബി (عليه السلام)യുടെ ഇന്‍ജീലും പോലെയും, അവര് കാണിച്ച ദൃഷ്ടാന്തങ്ങള്‍ പോലെയും അത്ര പ്രസിദ്ധി മുഹമ്മ്ദ നബിയല്ലാത്ത മറ്റു പ്രവാചകന്‍മാരുടെ ഗ്രന്ഥങ്ങള്‍ക്കോ, ദൃഷ്ടാന്തങ്ങള്‍ക്കോ പൊതുവെ ഉണ്ടായിട്ടില്ല. അതുകൊണ്ടായിരിക്കാം അങ്ങനെ രണ്ടു രൂപത്തില് പറഞ്ഞത്.

 

അടുത്ത ആത്തും (85) ഇതിനോട് ചേര്ന്നുതന്നെ, വളരെ ഗൌരവത്തോടെയാണ് അല്ലാഹു പറയുന്നത്.

 

 وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ (85)

ഇസ്‌ലാം അല്ലാത്ത മറ്റു വല്ല മതവും ആരെങ്കിലും അന്വേഷിക്കുന്നുവെങ്കില്‍ അവനില്‍ നിന്നത് സ്വീകരിക്കപ്പെടുന്നതേയല്ല. അവന്‍ പരലോകത്ത് നഷ്ടം വന്നവനില്‍ പെട്ടവനായിരിക്കും. 

 

ജൂതന്മാരും ക്രിസ്ത്യാനികളുമൊക്കെ തങ്ങള്‍ അല്ലാഹുവിന്റെ ആളുകളാണെന്നും അവന്റെ പ്രീതി തങ്ങള്‍ക്കു മാത്രമേ ലഭിക്കുകയുള്ളുവെന്നും ജല്‍പിച്ചിരുന്നുവല്ലോ. അതേ സമയം അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ പലരെയും അവര്‍ തള്ളിക്കളഞ്ഞു, മുഹമ്മദ് നബി (സ്വ) യെ അവിശ്വസിച്ചു. ആ സ്ഥിതിക്ക് ഇവരെങ്ങനെ മുസ്‌ലിംകളോ അല്ലാഹുവിന്റെ ആളുകളോ ആകും? ഇസ്‌ലാമിനെ തള്ളിക്കളഞ്ഞ് മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരെ ഒരിക്കലും മുസ്‌ലിംകളെന്ന് പറയില്ല.

 

മനുഷ്യന്‍ സ്വീകരിക്കുവാന്‍ ബാധ്യസ്ഥനായ, എല്ലാ പ്രവാചകന്‍മാരും പ്രബോധനം ചെയ്ത മതം  അല്ലാഹുവിന്‍റെ നല്കിയ ഇസ്ലാം ദീന്‍ മാത്രമാണെന്ന് മുന്‍വചനങ്ങളില്‍ പറഞ്ഞല്ലോ. അതുതന്നെയാണ് ഇസ്‌ലാം മതം.

 

 إِنَّ الدِّينَ عِنْدَ الَّله اِلإسْلام (നിശ്ചയമായും അല്ലാഹുവിന്‍റെ അടുക്കല്‍ മതം ഇസ്‌ലാമാകുന്നു) എന്ന് 19-ാം ആയത്തിലും പറഞ്ഞരുന്നു. നമ്മളത് പഠിച്ചല്ലോ

 

അതുകൊണ്ട് ഇതര മതങ്ങള്‍ സ്വീകരിക്കുന്നവരില് അത് സ്വീകരിക്കപ്പെടുകയില്ല.

 

ഇതര മതങ്ങളുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെല്ലുമ്പോ, പരലോകത്തെത്തുമ്പോ കനത്ത നഷ്ടമാണുണ്ടാവുക. കനത്ത ശിക്ഷയും അനുഭവിക്കേണ്ടിവരും.

 

ഇന്ന് പൊതുവെ പറയാറുണ്ടല്ലേ - ‘മതം ഏതായാലും വിരോധമില്ല, മനുഷ്യന്‍ നന്നായാല്‍ മതി’ – കേള്‍ക്കാന് നല്ല രസമുള്ള സിദ്ധാന്തമാണ്. പേരുകൊണ്ട് മാത്രം മുസ്‌ലിംകളായ ചിലര്‍ അത് ഏറ്റുപിടിക്കുകയും ചെയ്യുന്നുണ്ട്.

 

ശരിയായൊരു മുഅ്മിനിന് അങ്ങനെ വിശ്വസിക്കാവതല്ല. എല്ലാവരോടും സൌഹാര്ദ്ദത്തോടെത്തന്നെ കഴിയണം... ദീന്‍ മുറുകെപിടിച്ചുവേണമെന്നു മാത്രം. അതല്ലേ നമ്മുടെ ഐഡന്റിറ്റി...

അടുത്ത ആയത്ത്- 86

 

ഈ 86 മുതല്‍ 89 വരെയുള്ള 4 ആയത്തുകള്‍ ഹാരിസുബ്‌നു സുവൈദ് എന്ന ഒരു അന്‍സ്വാരിയുടെ വിഷയത്തില് അവതരിച്ചതാണ്. അദ്ദേഹം മുസ്‌ലിമായി.  ശേഷം ശിര്‍ക്കിലേക്കുതന്നെ മടങ്ങി. പക്ഷേ, സത്യവിശ്വാസത്തിന്റെ പ്രാധാന്യവും നബി (സ്വ) യുടെ സത്യസന്ധതയുമൊക്കെ ഓര്‍ത്തപ്പോള്‍ ഹൃദയം കോരിത്തരിച്ചു. അദ്ദേഹം ദുഃഖപരവശനായി. ഇനി എന്തു ചെയ്യും? ഗുരുതരമായ ഈ പാതകം-ഇസ്‌ലാം വലിച്ചെറിഞ്ഞ് ശിര്‍ക്കിനെ പുനഃപ്രണയം ചെയ്തത്-ഏതെങ്കിലും നിലക്ക് പൊറുത്തുകിട്ടുമോ?

 

കുടുംബത്തില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്ന അദ്ദേഹം ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തനിക്ക് പശ്ചാത്താപമാര്‍ഗങ്ങളുണ്ടോ എന്ന് നബി (സ്വ) യോടന്വേഷിക്കാനായിരുന്നു അദ്ദേഹമാവശ്യപ്പെട്ടത്. കാര്യം നബി (സ്വ) യെ അറിയിച്ചപ്പോള്‍ ഈ സൂക്തങ്ങള്‍ അവതീര്‍ണമായി.

 

സ്വസഹോദരന്‍ ഈ ആയത്തുകള്‍ ഹാരിസിന് അറിയിച്ചുകൊടുത്തു. ഉടനെയദ്ദേഹം തിരുനബി (സ്വ) യുടെ സന്നിധിയില്‍ വന്ന് പശ്ചാത്താപം രേഖപ്പെടുത്തുകയും തൗബ സ്വീകരിക്കപ്പെട്ടതായി അവിടന്ന് ഹാരിസ്(റ)വിനെ അറിയിക്കുകയും ചെയ്തു (തഫ്‌സീര്‍ കബീര്‍ 8:128).

 

 كَيْفَ يَهْدِي اللَّهُ قَوْمًا كَفَرُوا بَعْدَ إِيمَانِهِمْ وَشَهِدُوا أَنَّ الرَّسُولَ حَقٌّ وَجَاءَهُمُ الْبَيِّنَاتُ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ (86)

 

സത്യവിശ്വാസം അവലംബിക്കുകയും അല്ലാഹുവിന്റെ ദൂതന്‍ സത്യവാന്‍ തന്നെയാണെന്ന് സാക്ഷ്യം വഹിക്കുകയും വ്യക്തമായ ലക്ഷ്യങ്ങള്‍ വന്നുകിട്ടുകയും ചെയ്ത ശേഷം സത്യത്തെ നിഷേധിച്ചുകളഞ്ഞ ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? അക്രമികളായ ജനതയെ അല്ലാഹു ഒരിക്കലും നേര്‍വഴിയില്‍ ആക്കുന്നതല്ല.

 

സത്യവിശ്വാസത്തിനു ശേഷം വീണ്ടും സത്യനിഷേധം സ്വീകരിച്ചവര്ക്ക് അല്ലാഹു എങ്ങനെ സന്മാര്‍ഗത്തെക്കുറിച്ച ബോധനം നല്‍കുമെന്നാണിവിടെ ചോദിക്കുന്നത്.

 

സത്യവിശ്വാസിയായി മാറിയ ഒരാള്‍ അതിന്റെ മഹിമയും ശ്രേഷ്ഠതകളുമൊക്കെ ഗ്രഹിച്ചവനായിരിക്കുമല്ലോ. എന്തുകൊണ്ട് ഈ വിശ്വാസം  എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും അവന്നറിയാം. മാത്രമല്ല, മുഹമ്മദ് നബി (സ്വ) സത്യസന്ധരായ റസൂലാണെന്ന് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. അതിനുംപുറമെ ഈ വിശ്വാസത്തിന്റെയും നബി (സ്വ) യുടെ ദൗത്യത്തിന്റെയും ശരി മനസ്സിലാക്കാന് പറ്റുന്ന ധാരാളം ദൃഷ്ടാന്തങ്ങളും അവനറിയാം.

 

ഇങ്ങനെ എല്ലാം അനുകൂല ചുറ്റുപാടുകളാണ്. എന്നിട്ടും അതൊക്കെ പിന്നെയും സത്യനിഷേധത്തിലേക്ക് മടങ്ങുന്നവന്‍ കടുത്ത ധിക്കാരിയല്ലേ..

 

2 കൂട്ടര്ക്കുള്ള താക്കീതാണീ ആയത്ത്..

 

വേദഗ്രന്ഥങ്ങള്‍ മുഖേന, മറ്റു തെളിവുകള്‍ മുഖേന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സത്യപ്രവാചകനാണന്നും അവിടുന്ന് കൊണ്ടു വന്നതും സത്യസന്ധമാണെന്നും ബോധ്യവും വിശ്വാസവും ഉണ്ടായിക്കഴി ഞ്ഞിട്ടും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കാത്ത വേദക്കാര്ക്ക്

 

അതുപോലെ , സത്യവിശ്വാസം സ്വീകരിച്ച് കഴിഞ്ഞശേഷം പുറത്തുപോയവര്ക്കും

 

നബി (സ്വ) മദീനയില്‍ വന്നപ്പോള്‍ അവിടെ ബനൂഖുറൈള, ബനുന്നളീര്‍ തുടങ്ങിയ ജൂതഗോത്രങ്ങളും ക്രിസ്തീയ വിഭാഗങ്ങളുമുണ്ടായിരുന്നല്ലോ. പണ്ഡിതന്മാരും പുരോഹിതന്മാരുമൊക്കെയുണ്ടായിരുന്ന ആ സമൂഹം നബി (സ്വ) യുടെ ആഗമത്തെക്കുറിച്ച് വിശ്വസിച്ചിരുന്നു. നബി (സ്വ) യുടെ ലക്ഷണങ്ങളും സവിശേഷതകളുമൊക്കെ ഗ്രഹിക്കുകയും ചെയ്തവരാണവര്‍. അവിടന്ന് നിയുക്തരായ ശേഷമാകട്ടെ അവര്‍ പഠിച്ചുവെച്ചിരുന്ന ദൃഷ്ടാന്തങ്ങള്‍ പലതും പ്രത്യക്ഷപ്പെടുകയും ചെയ്തു.

 

എന്നിട്ടൊന്നും അവര്‍ ആ പ്രവാചകനില്‍ വിശ്വസിച്ചില്ല. 'തങ്ങള്‍ ഗ്രഹിച്ചുവെച്ചിരുന്നത് വന്നെത്തിക്കഴിഞ്ഞപ്പോള്‍ അവരദ്ദേഹത്തെ നിഷേധിച്ചുകളഞ്ഞു!' (അല്‍ബഖറ 89).

 

ഇങ്ങനെ വക്രമനസ്സും പിടിവാശിയും അസൂയയുമായി നടക്കുന്നവരെ അല്ലാഹു എങ്ങനെ സന്മാര്‍ഗത്തിലേക്ക് നയിക്കും? وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ  അവര്‍ സ്വയം സന്മാര്‍ഗതല്‍പരര്‍ അല്ലല്ലോ.

 

 أُولَٰئِكَ جَزَاؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ (87)

അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയുമെല്ലാം ശാപമുണ്ടാകുക എന്നതുതന്നെയാണ് അവര്‍ക്കുള്ള പ്രതിഫലം. 

 

മതത്തില്‍ നിന്ന് പുറത്തുപോയി സത്യനിഷേധികളുമായവര്‍ നിര്‍ഭാഗ്യവാന്മാരാണ്. അല്ലാഹുവിന്റെയും മലക്കുകളുടെയും മാത്രമല്ല, സര്‍വസൃഷ്ടികളുടെയും ശാപത്തിന്  വിധേയരായിത്തീരും.

 

എന്താണീ ശാപം -

അല്ലാഹുവിന്റെ ശാപമെന്നാല്‍ തന്റെ അനുഗ്രഹങ്ങളില്‍ നിന്ന് അവനെ അകറ്റുക എന്നാണര്‍ഥം. കഷ്ടനഷ്ടങ്ങളും യാതനകളും വേദനകളുമൊക്കെ വന്നുചേരാനും പരലോകത്ത് ശിക്ഷിക്കപ്പെടാനും ഇത് കാരണമാകുന്നു.

 

മലക്കുകളുടെയും മനുഷ്യരുടെയും ശാപമെന്നത് ശാപവാക്കുകള്‍ തന്നെ.

 

പരലോകത്തു ചെല്ലുമ്പോള്‍ അവിശ്വാസികളുടെ ഓരോ വിഭാഗവും സമുദായവും മറ്റെ വിഭാഗത്തെയും സമുദായത്തെയും ശപിക്കും

كُلَّمَا دَخَلَتْ أُمَّةٌ لَّعَنَتْ أُخْتَهَا 'ഓരോ സമൂഹം നരകത്തില്‍ പ്രവേശിക്കുമ്പോഴും അത് മറ്റേ സമൂഹത്തെ ശപിക്കും' (അഅ്‌റാഫ് 38).

 

ثُمَّ يَوْمَ الْقِيَامَةِ يَكْفُرُ بَعْضُكُم بِبَعْضٍ وَيَلْعَنُ بَعْضُكُم بَعْضًا (العنكبوت 25)

 

'അന്ത്യനാളില്‍ നിങ്ങളില്‍ (അവിശ്വാസികളില്‍) ചിലര്‍ മറ്റു ചിലരെ നിഷേധിക്കുകയും ശപിക്കുകയും ചെയ്യുന്നതാണ്' (അന്‍കബൂത്ത് 25).

 

ഈ ശാപത്തിനു പുറമെ ഭൗതികലോകത്തുവെച്ചുതന്നെ സത്യനിഷേധികളും ബഹുദൈവവിശ്വാസികളും യുക്തിവാദികളുമൊക്കെ പരസ്പരം ശപിച്ചുകൊണ്ടിരിക്കുന്നത് നമുക്കറിയാവുന്നതാണല്ലോ.

 

 خَالِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنْظَرُونَ (88)

അതില്‍ അവര്‍ നിരന്തരം ജീവിക്കുന്നവരാണ്. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയോ ഇട നല്‍കപ്പെടുകയോ ചെയ്യുന്നതല്ല. 

 

അടുത്ത ആയത്ത്-89

 

86 മുതല്‍ 89 വരെയുള്ള നാല് സൂക്തങ്ങള്‍ ഹാരിസുബ്‌നു സുവൈദ് എന്ന ഒരു അന്‍സ്വാരിയുടെ കാര്യത്തിലാണവതരിച്ചതെന്ന് പറഞ്ഞല്ലോ... ഇനിയുള്ള ആയത്തില് അദ്ദേഹത്തിന്റെ ഖേദത്തെക്കുറിച്ചും തൌബയെക്കുറിച്ചുമാണ് പറയുന്നത്.

 إِلَّا الَّذِينَ تَابُوا مِنْ بَعْدِ ذَٰلِكَ وَأَصْلَحُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ (89)

എന്നാല്‍ അതിനുശേഷം പശ്ചാത്തപിച്ചു മടങ്ങുകയും നല്ലത് ചെയ്യുകയും ചെയ്തവര്‍ അതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതാണ്. (അവരുടെ തെറ്റുകള്‍ അല്ലാഹു പൊറുത്തുകൊടുക്കും.) അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും തന്നെയാകുന്നു. 

 

അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ, കാരുണ്യത്തിന്റെ വ്യാപ്തിയും ആഴവും സൂചിപ്പിക്കുകയാണ് ഈ സൂക്തം. അസത്യത്തിലും അന്ധകാരത്തിലും അജ്ഞതയിലും മുഴുകിക്കഴിയുന്നതിനിടക്ക് സത്യമാര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ അനുഗ്രഹം ലഭിക്കുക എന്നത് അമൂല്യമായൊരു കാര്യമാണ്. അങ്ങനെ ആ വെളിച്ചം കിട്ടിയ ശേഷം അത് വലിച്ചെറിയുക-ഇത് ഗുരുതരമായ പാതകമാണെന്നാണല്ലോ നേരത്തെ പറഞ്ഞത്.

 

ഇനി, ഈ ഗുരുതരമായ തെറ്റ് ചെയ്തതിനു ശേഷവും ഒരാള്‍ക്ക് വീണ്ടും മനഃപരിവര്‍ത്തനം വന്ന് അയാള്‍ ഇസ്‌ലാമിലേക്ക് വരാനുദ്ദേശിച്ചാലോ? അയാളെ സ്വാഗതം ചെയ്യും. ഏത് വന്‍പാപവും പൊറുത്തുകൊടുക്കാന്‍ മാത്രം വിശാലനാണ് അല്ലാഹു.

 

ശരിയായ പശ്ചാത്താപവും നിഷ്‌കളങ്കമായ മനഃസ്ഥിതിയും ചെയ്തുപോയ കുറ്റത്തെക്കുറിച്ച ബോധ്യവുമുണ്ടായാല്‍ അവനെ ശുദ്ധിയാക്കും, പാപമുക്തനാക്കുകയും ചെയ്യുന്നതാണ്.

 

തിരുനബി (സ്വ) യില്‍ നിന്ന് അബൂമൂസല്‍ അശ്അരി(റ) ഉദ്ധരിക്കുന്നു: പകല്‍പാപിയുടെ പശ്ചാത്താപം സ്വീകരിക്കുന്നതിനായി രാത്രി അല്ലാഹു തന്റെ അനുഗ്രഹം വിശാലമാക്കി വെക്കും; നിശാദോഷിയുടെ പശ്ചാത്താപം സ്വീകരിക്കുന്നതിനായി പകലും അല്ലാഹു തന്റെ അനുഗ്രഹം വിശാലമാക്കിവെക്കും (മുസ്‌ലിം).

 

അടുത്ത ആയത്ത്-90

 

സത്യവിശ്വാസം സ്വീകരിച്ച ശേഷം സത്യനിഷേധി ആയിത്തീരുകയും പിന്നീട് തൗബ ചെയ്ത് മടങ്ങി പ്രവൃത്തികള്‍ നന്നാക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുമെന്ന് മുമ്പ് പറഞ്ഞുവല്ലോ. അത്തരമാളുകള്‍ ശരിയായ സത്യവിശ്വാസികള്‍ തന്നെയാണ്. അതേ വിശ്വാസത്തിലും തദനുസൃതമായ കര്‍മങ്ങളിലും അടിയുറച്ച് ജീവിച്ചുമരിക്കുന്നതായാല്‍ പരലോകവിജയികളും സൗഭാഗ്യവാന്മാരും തന്നെയാണവര്‍.

 

ഇനി ഈ 90-ാം വാക്യത്തില്‍ പറയുന്നത് മറ്റൊരു വിഭാഗത്തെ കുറിച്ചാണ്. സത്യവിശ്വാസം കൈക്കൊണ്ട ശേഷം സത്യനിഷേധിയാവുക; അതേ സത്യനിഷേധത്തില്‍ തന്നെ മരണം വരെ തുടരുക; അങ്ങനെ മരണവേളയില്‍ പരലോകശിക്ഷ മുന്നേക്കൂട്ടി കാണിച്ചുകൊടുക്കുമ്പോള്‍ തൗബ ചെയ്തു മടങ്ങി നന്നായിത്തീരുവാന്‍ വിഫലശ്രമം നടത്തുക. ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഈ സാഹചര്യത്തില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കില്ല എന്നാണിവിടെ വ്യക്തമാക്കുന്നത്.

 

إِنَّ الَّذِينَ كَفَرُوا بَعْدَ إِيمَانِهِمْ ثُمَّ ازْدَادُوا كُفْرًا لَنْ تُقْبَلَ تَوْبَتُهُمْ وَأُولَٰئِكَ هُمُ الضَّالُّونَ (90)

 

നിശ്ചയമായും സത്യത്തില്‍ വിശ്വസിച്ച ശേഷം അതിനെ നിഷേധിക്കുകയും പിന്നീട് ആ നിഷേധത്തെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവരുടെ തൗബ സ്വീകരിക്കപ്പെടുന്നതേയല്ല. അവര്‍ വഴിപിഴച്ചവര്‍ തന്നെയാകുന്നു. 

 

ഖുര്‍ആനില്‍ ഇങ്ങനെ കാണാം: (ദുഷ്പ്രവൃത്തികള്‍ ചെയ്യുകയും അങ്ങനെ അവരില്‍ ആര്‍ക്കെങ്കിലും മരണം ആസന്നമായാല്‍ 'ഞാന്‍ ഇപ്പോള്‍ ഇതാ തൗബ ചെയ്ത് മടങ്ങിയിരിക്കുന്നു' എന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് തൗബ ഇല്ല-അവരുടെ തൗബ സ്വീകരിക്കപ്പെടുകയില്ല)

 

 إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَنْ يُقْبَلَ مِنْ أَحَدِهِمْ مِلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِ ۗ أُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُمْ مِنْ نَاصِرِينَ (91)

നിശ്ചയമായും സത്യത്തെ നിഷേധിക്കുകയും സത്യനിഷേധികളായിക്കൊണ്ടുതന്നെ മരിക്കുകയും ചെയ്തവരാരോ അങ്ങനെയുള്ള ഒരാളില്‍ നിന്നും, അയാള്‍ ഭൂമി നിറയെ സ്വര്‍ണം (ചെലവ് ചെയ്തിട്ടുണ്ടായിരുന്നാലും) സ്വീകരിക്കപ്പെടുന്നതല്ല. (അപ്രകാരം തന്നെ) അത് പ്രായശ്ചിത്തമായി നല്‍കിയാലും (സ്വീകരിക്കപ്പെടുന്നതല്ല). അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്. അവര്‍ക്ക് സഹായികളാരും ഉണ്ടായിരിക്കുന്നതല്ല. 

 

അവിശ്വാസികളായ ആളുകള്‍ അവിശ്വാസികളായിക്കൊണ്ടു തന്നെ - മരണമടയുന്നപക്ഷം, അവര്‍ക്ക് പരലോകത്ത് രക്ഷയില്ല;

 

മരണവേളയില്‍ ഖേദം പ്രകടിപ്പിച്ചത് കൊണ്ടോ, വല്ല പ്രായശ്ചിത്തവും മുഖേനയോ, അവിശ്വാസികളായിരിക്കെ അവര്‍ ചെയ്‌ത ഏതെങ്കിലും നല്ല കാര്യങ്ങള്‍ കൊണ്ടോ -ഒന്നും- അവിടെ അവര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുവാനുമില്ല. ഈ വിഷയം ക്വുര്‍ആനില്‍ പലേടത്തും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്.

 

ഒരാള്‍ വിശ്വാസിയോ, അവിശ്വാസിയോ, സന്‍മാര്‍ഗിയോ, ദുര്‍മാര്‍ഗിയോ എന്നുള്ളതിന്‍റെ അവസാനത്തെ തീരുമാനം മരണത്തോടുകൂടിയാണ് തീരുമാനിക്കപ്പെടുന്നതെന്ന് അര്ഥം.

 

സത്യനിഷേധത്തോടുകൂടിത്തന്നെ മരണപ്പെടുന്നവന്‍ തന്റെ ജീവിതകാലത്ത് വല്ല നന്മയും ചെയ്തിട്ടുണ്ടെങ്കില്‍, നല്ല കാര്യങ്ങള്‍ക്കായി ഭൂമി നിറയെ സ്വര്‍ണം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ പോലും അല്ലാഹു സ്വീകരിക്കുന്നതല്ല.

 

അബ്ദുല്ലാഹിബ്‌നു ജദ്ആന്‍ എന്ന ആള്‍ അതിഥികളെ സല്‍ക്കരിക്കുകയും ബന്ധനസ്ഥരെ മോചിപ്പിക്കുകയും സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ആളായിരുന്നു. അദ്ദേഹത്തിനതെല്ലാം പരലോകത്ത് പ്രയോജനപ്പെടുമോ എന്ന് നബി (സ്വ) യോട് ചോദിക്കപ്പെട്ടപ്പോള്‍ അവിടന്നിങ്ങനെയാണ് മറുപടി പറഞ്ഞത്: 'അദ്ദേഹം ഒരിക്കലും എന്റെ രക്ഷിതാവേ, പ്രതിഫലം നല്‍കുന്ന ദിവസത്തില്‍ എന്റെ പാപങ്ങള്‍ എനിക്ക് നീ പൊറുത്തുതരേണമേ എന്ന് പറഞ്ഞിട്ടില്ലല്ലോ.' അതായത് അദ്ദേഹത്തിന് അല്ലാഹുവിന്റെ തൗഹീദിലും പരലോകത്തിലും വിശ്വാസമുണ്ടായിരുന്നില്ല എന്ന്.

 

അത്തരം ആളുകളില്‍ നിന്ന് പരലോകത്തുവെച്ച് പ്രായശ്ചിത്തം സ്വീകരിക്കപ്പെടുന്നതുമല്ല.

 

അല്ലാഹു പറയുന്നു:

 

إِنَّ الَّذِينَ كَفَرُوا لَوْ أَنَّ لَهُم مَّا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لِيَفْتَدُوا بِهِ مِنْ عَذَابِ يَوْمِ الْقِيَامَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ (36)المائدة

 'സത്യനിഷേധികള്‍ പുനരുത്ഥാന ദിനത്തിലെ ശിക്ഷയില്‍ നിന്ന് മുക്തി ലഭിക്കേണ്ടതിന് പ്രായശ്ചിത്തം നല്‍കുവാന്‍ ഭൂമിയിലുള്ള സമ്പത്തു മുഴുവനും അവര്‍ക്കുണ്ടാവുകയും അതോടൊപ്പം അത്ര വേറെയും ഉണ്ടായിരിക്കുകയും ചെയ്താലും അവരുടെ പക്കല്‍ നിന്ന് അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്' (5:36).

 

സത്യനിഷേധികള്‍ മൂന്നു വിഭാഗമുണ്ടെന്ന് ഇവിടെ നിന്ന് മനസ്സിലാക്കാം.

 

1-കുഫ്‌റിനു ശേഷം ആത്മാര്‍ഥമായി പശ്ചാത്തപിച്ചവരാണ് ഒന്നാം കക്ഷി-ആ പശ്ചാത്താപം ഫലപ്രദമായിരിക്കും. 89-ാം സൂക്തം അതാണ് വ്യക്തമാക്കിയത്.

 

2-പുറമെ ബാഹ്മായി മാത്രം പശ്ചാത്തപിക്കുന്നവരാണ് രണ്ടാം കക്ഷി. അത് സത്യത്തില് നിഷേധാധിക്യത്തെയാണല്ലോ സൂചിപ്പിക്കുന്നത്. 90-ാം സൂക്തം വിവക്ഷിക്കുന്നത് അവരെയാണ്.

 

3-സത്യനിഷേധിയായി, യാതൊരു മനസ്സാക്ഷിക്കുത്തുമനുഭവപ്പെടാതെ അതേ നിഷേധത്തിലടിയുറച്ച് മരിച്ചുപോവുകയും ചെയ്യുന്നവരത്രെ മൂന്നാം കക്ഷി. 91-ാം ആയത്തിന്റെ പ്രതിപാദ്യം ഇവരാകുന്നു.

 

അനസുബ്‌നു മാലിക്(റ)വില്‍ നിന്ന് ബുഖാരി-മുസ്‌ലിം(റ) ഉദ്ധരിക്കുന്നു-നരകക്കാരില്‍ പെട്ട ഒരാളോട് അന്ത്യനാളില്‍ ഇങ്ങനെ ചോദിക്കപ്പെടും: ഭൂമിയിലുള്ള മുഴുവന്‍ സാധനവും നിനക്കധീനപ്പെട്ടതായിരുന്നുവെങ്കില്‍ ഈ നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടുവാന്‍ അവ ദണ്ഡം ചെയ്യുന്നതിന് നീ സന്നദ്ധനാണോ? അവന്‍ പ്രതികരിക്കും: അതെ.

 

തല്‍സമയം അല്ലാഹു പറയും: അതിനേക്കാള്‍ എത്രയോ നിസ്സാര കാര്യമല്ലേ നിന്നോട് ഞാനാവശ്യപ്പെട്ടിരുന്നത്? നീ പിതാവായ ആദമിന്‍റെ عليه السلام മുതുകില്‍ വെച്ച്, എന്നോട് യാതൊരു വസ്തുവെയും പങ്കു ചേര്‍ക്കരുത് എന്ന് മാത്രമാണ് ഞാനാവശ്യപ്പെട്ടത്. എന്നാല്‍ നീയാകട്ടെ, ശിര്‍ക്കില്‍ മാത്രം അയിടുറച്ചുനില്‍ക്കുകയാണുണ്ടായത്.

----------------------------------------------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter