Thursday, 28 January 2021

മാതാക്കള്‍ അമൃതോടൊപ്പം ആത്മവീര്യവും പകര്‍ന്നുനല്‍കിയാല്‍

ഹനീഫ് റഹ്‌മാനി പനങ്ങാങ്ങര

04 January, 2021

+ -
image

'മോളേ... പരീക്ഷയ്ക്കിടയില്‍പ്പോലും ഞാനങ്ങു മറഞ്ഞാല്‍ നീ തളരരുത്. എല്ലാ പരീക്ഷയും എഴുതണം. നന്നായി പഠിച്ച് ജോലി വാങ്ങി ഉപ്പച്ചിയെ നോക്കണം'. ഉമ്മയുടെ ആ അവസാന ആഗ്രഹം സാധിപ്പിച്ചുകൊണ്ട് അധ്യാപകര്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഫാത്തിമ പരീക്ഷ എഴുതി. എസ്.എസ്.എല്‍.സി. പരീക്ഷയുടെ അഞ്ചാം ദിനത്തില്‍ രാവിലെ ഒന്‍പതരയോടെ ഹിന്ദി പരീക്ഷയെഴുതാന്‍ ക്ലാസിലെത്തിയ ഫാത്തിമ എന്ന വിദ്യാര്‍ഥിനിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. കാര്യം ചോദിച്ച അധ്യാപികയോട് അവള്‍ പറഞ്ഞു, 'ടീച്ചറേ എന്റെ ഉമ്മയുടെ ഖബറടക്കം നടക്കുകയാണിപ്പോള്‍...'. മരണ മുഖത്തു കിടക്കുമ്പോഴും ജീവിതം മുഴുവൻ കൊണ്ടുനടക്കാനുള്ള പ്രചോദനം മകള്‍ക്ക് പകരുകയായിരുന്നു ആ ഉമ്മ. മണ്ണോടുചേരാന്‍ ഉമ്മച്ചിയെ പള്ളിയങ്കണത്തിലേക്കെടുക്കുന്നതിനു തൊട്ടുമുമ്പേ ഫാത്തിമയ്ക്ക് പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തേണ്ടിയിരുന്നു. അത് അവളുടെ ഉമ്മയുടെ അവസാന ആഗ്രഹമായിരുന്നു.

ലോക്‌ഡൗൺ തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഹൃദയം സ്പർശിച്ച വാർത്തകളിൽ ഒന്നായിരുന്നു മേല്‍പറഞ്ഞ ഫാത്തിമയുടേത്. ലോക്‌ഡൗണിൽ ആന്ധ്രയിൽ കുടുങ്ങിപ്പോയ മകനെ തിരിച്ചെത്തിക്കാൻ മൂന്ന് ദിവസം കൊണ്ട് 1400 കിലോമീറ്റർ സ്കൂട്ടറിൽ സഞ്ചരിച്ച തെലുങ്കാന സ്വദേശിയായ അമ്മ റസിയാ ബീഗവും വാർത്തയിൽ ഇടം പിടിച്ചിരുന്നു.

“സ്വാതന്ത്ര്യം കയ്യില്‍ തരാതെ ഞാനെന്റെ രാജ്യത്തേക്കില്ല. ഒരു അടിമ രാജ്യത്ത് മരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അടിമ രാജ്യത്തെക്കാളും നല്ലത് സ്വതന്ത്രമായ ഈ വിദേശ രാജ്യമാണ്. എന്റെ നാടിന് മോചനം നല്‍കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ ഈ രാജ്യത്ത് എനിക്ക് ആറടി മണ്ണ് തരൂ ...” എന്ന് ലണ്ടനിലെ വട്ടമേശ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിൽ വീരഗർജ്ജനം മുഴക്കിയ മൗലാനാ മുഹമ്മദലി ജൗഹറിന് പോരാട്ടവീര്യം പകർന്നത് ബീഗം ആബിദ എന്ന അവരുടെ ഉമ്മയായിരുന്നു. ഇരുപത്തിഏഴാം വയസ്സില്‍ തന്നെ വിധവയാകേണ്ടി വന്ന അവര്‍ക്ക് നാല് മക്കളായിരുന്നു. കഷ്ടപ്പാടുകള്‍ക്കിടയിലും മക്കള്‍ക്കെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ ഏറെ ശ്രദ്ധിച്ചു.
സ്വാതന്ത്ര്യസമര രംഗത്ത് മുന്നിട്ടിറങ്ങിയ ഇവര്‍ പിൽക്കാലത്തു മക്കളായ ഷൗക്കത്തലിയെയും മുഹമ്മദലിയെയും സമരാവേശം പകർന്ന് രംഗത്തിറക്കുക കൂടി ചെയ്തു. ഉമ്മ പകർന്നു നൽകിയ ഊർജ്ജം തന്നെയായിരുന്നു ഖിലാഫത് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായി നിലകൊള്ളുന്നതിലേക്കും ഗാന്ധിജിയുടെ വലംകൈയായി നിന്ന് ബ്രിട്ടീഷ് മേധാവികളുടെ ഉറക്കം കെടുത്തുന്നതിലേക്കും നയിച്ചതും.

പ്രമുഖനായ പണ്ഡിതനാണ് റബീഅതുൽ റഅ്‍യ്. അദ്ദേഹത്തിന്റെ പിതാവ് ഫാറൂഖ് സൈന്യത്തിലാണ്. കുടുംബാവശ്യങ്ങൾക്കായി മുപ്പതിനായിരം ദീനാർ ഭാര്യയെ ഏല്പിച്ചാണ് അദ്ദേഹം സൈനിക സേവനത്തിനുപോയത്. കാലം കുറേ കഴിഞ്ഞു, പക്ഷെ ഫാറൂക് തിരിച്ചുവന്നില്ല. കൊല്ലപ്പെട്ടെന്നും അല്ല യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ടതാണെന്നൊക്കെ വാർത്തകൾ പ്രചരിച്ചു. എന്നാൽ പിന്നീട് അദ്ദേഹം തിരിച്ചെത്തി. കുടുംബവിവരങ്ങളെല്ലാം അന്വേഷിച്ചു. കൂട്ടത്തില്‍, അന്ന് ഏൽപിച്ചിരുന്ന മുപ്പതിനായിരം ദീനാർ എന്ത് ചെയ്‌തുവെന്നും ഭാര്യയോട് തിരക്കി. മകനെ പഠിപ്പിക്കാൻ ചെലവഴിച്ചു എന്നായിരുന്നു ഭാര്യയുടെ പ്രതികരണം. മകനെ പഠിപ്പിക്കാൻ അത്രയും കാശോ എന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു.

അതിനിടെ നമസ്‌കാര സമയമായി. നമസ്‌കാര ശേഷം പള്ളിയിൽ നടക്കുന്ന ദർസ് അദ്ദേഹം ശ്രദ്ധിച്ചു. പ്രമുഖരായ മാലികുബിൻ അനസും അബൂ ഹനീഫയും സുഫ്‌യാനുസൗരിയും യഹ്‌യ ബിൻ സഈദും ഉൾപ്പെടയുള്ളവർ പഠിതാക്കളായി അവിടെയുണ്ട്. തന്റെ മകൻ റബീഅയാണ് ആ അദ്ധ്യാപകൻ എന്ന് തിരിച്ചറിഞ്ഞ ഫാറൂഖിന്റെ നയനങ്ങൾ ആനന്ദാശ്രു പൊഴിച്ചു. ഭാര്യയോട് പറഞ്ഞു: "മുപ്പതിനായിരം ദീനാർ അല്ല, ഈ ലോകം മുഴുവൻ ഞാൻ ബലി കഴിക്കാം എന്റെ പൊന്നുമോന് വേണ്ടി."

ബാലനായിരിക്കെ മുഹ്‌യദ്ദീൻ ശൈഖിന് ഉമ്മ നൽകിയ ഉപദേശം ബാഗ്ദാദ് യാത്രക്കിടെ കൊള്ളക്കാരുടെ മുൻപിലും പാലിക്കപ്പെട്ടതിലൂടെ അദ്‌ഭുതങ്ങൾ സംഭവിച്ചതും കൊള്ള സംഘം നേർമാർഗ്ഗത്തിലായതും സുവിദിതമാണ്.

ചുരുക്കത്തില്‍ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം മാതാവ് എന്നത് ഏതാനും മാസക്കാലത്തെ ക്ലിഷ്ടതകളുടെ ചുരുക്കപ്പേരല്ല. മറിച്ച്, അത് എല്ലാമെല്ലാമാണ്. മക്കളുടെ സുഖസന്തോഷങ്ങൾ പുഞ്ചിരികളായി വിടരുന്നതും വിജയങ്ങളായി വളരുന്നതും കാത്തുകാത്തിരിക്കുന്ന ആയുഷ്കാലങ്ങൾ. അവരുടെ പ്രാർത്ഥനകളാണ് മക്കളെ പരുവപ്പെടുത്തുന്നത്.

അതേസമയം, മക്കളുടെ ജീവിതം കുളംതോണ്ടാൻ അവരുടെ അനിഷ്ട ചിന്തയും ധാരാളം, മനസ്സിലുടലെടുക്കുന്ന നീരസവിചാരം മാത്രം മതിയാവും അതിന്. അത്രമാത്രം ശക്തമാണ് ആ പദവി.