കോളറയും നിപയും കഴിഞ്ഞ് ഇപ്പോ കോവിഡും..  മഹാമാരികള്‍ക്ക് സാക്ഷിയാവാന്‍ കണ്ണംപറമ്പ്

എഴുത്ത്: എംഎച്ച് പുതുപ്പറമ്പ്. വിവരശേഖരണം:റാശിദ്

05 May, 2020

+ -
image

ഏപ്രില്‍ 24, ഞായറാഴ്ച.. സമയം ഉച്ച കഴിഞ്ഞ് 3 മണി...

കണ്ണംപറമ്പ് ശ്മശാനത്തിലേക്ക് ഒരു കുഞ്ഞുമയ്യിതുമായി ഒരു ആംബുലന്‍സ് കടന്നുവരുന്നു. കോവിഡ് ബാധിച്ച് മരണപ്പെട്ട, കോഴിക്കോട് ജില്ലയിലെ നൈഹ എന്ന കുഞ്ഞുമോളുടേതായിരുന്നു അത്. കൂടെയുണ്ടായിരുന്നത്, സുരക്ഷാവസ്ത്രങ്ങള്‍ അണിഞ്ഞ് സ്വന്തം പിതാവും ആരോഗ്യപ്രവര്‍ത്തകരും മാത്രം. ആ ഇളംപൈതലിനെ ഏറ്റ് വാങ്ങുമ്പോള്‍, നൂറ്റാണ്ടിലേറെ പരിചയവും തഴക്കവുമുള്ള ആ ഖബ്റ്സ്ഥാന് പോലും കണ്ണീര്‍ പൊടിഞ്ഞിട്ടുണ്ടാവും, തീര്‍ച്ച.

രണ്ട് തവണയായി നാടിനെ പിടിച്ചുകുലുക്കിയ കോളറ, രണ്ട് വർഷം മുമ്പ് നടുക്കം സൃഷ്ടിച്ചുകടന്നുപോയ നിപ എന്നിവക്ക് പിന്നാലെ കോവിഡ് കൂടി എത്തിയതോടെ,  നാല് മഹാമാരികളിലെ ഇരകള്‍ക്ക് അന്ത്യവിശ്രമം ഒരുക്കാനായി എന്നത് കണ്ണംപറമ്പിന്റെ മാത്രം വിധി. ഒന്നൊര നൂറ്റാണ്ടിലേറെ നീളുന്ന ആയുസ്സിനിടയിലുണ്ടായ ആ കണ്ണീര്‍ കഥകള്‍ അയവിറക്കുകയാണ് കണ്ണംപറമ്പ് ഖബ്ര്‍സ്ഥാന്‍ ഇവിടെ.

1858. നാടാകെ കോളറ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. എന്റെ തൊട്ടടുത്തായി പഴമയുടെ പ്രൌഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന കോഴിക്കോട് ​നഗരം പോലും ആള്‍പെരുമാറ്റം പോലുമില്ലാതെ വിജനമായിരിക്കുന്നു. എവിടെയും ശ്മശാന മൂകത തളം കെട്ടി നില്‍ക്കുകയാണ്. നൂറ് കണക്കിന് പേരാണ് ദിവസവും മരിച്ചുവീഴുന്നത്. മരണത്തിന്റെ ആധിക്യത്തില്‍ കണ്ണീരുറവകള്‍ പോലും വറ്റിപ്പോയ ദിനങ്ങള്‍.

ഇടതടവില്ലാതെ മയ്യിതുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. എന്റെ പരിസരപ്രദേശങ്ങളിലായുള്ള 48ഓളം ചെറിയ ചെറിയ പറമ്പുകളിലായാണ് മയ്യിതുകള്‍ സംസ്കരിക്കുന്നത്. പലപ്പോഴും വേണ്ടവിധം ഖബറടക്കാന്‍ പോലും ആളുകളില്ലാത്ത അവസ്ഥ. പലരും കഴിയും വിധം കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെങ്കിലും, എല്ലാവരും ആശങ്കയിലാണ്. കോളറ പിടിപെട്ട് മരണപ്പെടുന്നവരെ അ​ട​ക്കം ചെ​യ്യു​ന്ന​ത്​ വലിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബ്രിട്ടീഷ് സർക്കാറും ഉദ്യോഗസ്ഥരും തുറന്ന് പറയുകയും ചെയ്തിരിക്കുന്നു. അതോടെ, പല ഖബ്റ്സ്ഥാനിന്റെയും പരിസരവാസികള്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു. അവസാനം, മലബാർ മജിസ്‌ട്രേറ്റായിരുന്ന റോബിൻസണ്‍ ഇതിനൊരു പരിഹാരം കാണാനായി പ്രമുഖരുടെ യോഗം വിളിച്ചു. ഒരു പൊതുശ്മശാനം എന്ന പരിഹാരത്തിലായിരുന്നു ആ യോഗം എത്തിച്ചേര്‍ന്നത്.

എന്റെ ജനനം

യോഗം നടന്നതും അതിലൂടെ കൈകൊണ്ട പൊതുവായി ഒരു സര്‍ക്കാര്‍ ശ്മശാനമെന്ന തീരുമാനവും ഞാനും കേട്ടറിഞ്ഞു. വൈകാതെ, യോഗതീരുമാനപ്രകാരമുള്ള റിപ്പോര്‍ട്ട് റോബിൻസൺ മേലധികാരികള്‍ക്ക് കൈമാറി. അതോടെയാണ്, എന്റെ പേര് പലരുടെയും ചുണ്ടുകളില്‍ ഇടം പിടിച്ചത്. സര്‍ക്കാര്‍ ശ്മശാനത്തിനായി അവര്‍ നിര്‍ദ്ദേശിച്ചത് ഞങ്ങള്‍ മൂന്ന് പേരെയായിരുന്നു, ബേ​പ്പൂ​ര്‍  റോഡിലെ ടോ​ള്‍ ഗേ​റ്റി​നു സ​മീ​പ​മു​ള്ള പള്ളിപറമ്പ്, മിതപറമ്പ് എന്നിവരായിരുന്നു മറ്റു രണ്ടു പേര്‍.

1859 ജൂ​ലൈ 16ന്, അധികാരികളുടെ അവസാന തീരുമാനം വന്നു, ആ പ്രദേശത്തുകാരുടെ അന്ത്യവിശ്രമത്തിന് ഇടമാവാനുള്ള വിധി കണ്ണംപറമ്പെന്ന എനിക്കായിരുന്നു. ആദ്യം കേട്ടപ്പോള്‍ വിഷമം തോന്നിയെങ്കിലും അല്‍പം കൂടി ചിന്തിച്ചപ്പോള്‍ സന്തോഷമാണ് തോന്നിയത്. ജീവിച്ചിരിക്കുന്നവരെപോലെ തെറ്റുകള്‍ ചെയ്യുന്നവരല്ലോ മരിച്ചവര്‍. അതിലുപരി, മഹാമാരിയില്‍ മരിക്കുന്നവര്‍ രക്തസാക്ഷികള്‍ക്ക് തുല്യരാണെന്നും ഞാന്‍ കേട്ടിരുന്നു. എങ്കില്‍ അവര്‍ക്ക് അന്ത്യവിശ്രമമൊരുക്കാനാവുക എന്നത് ചെറിയ കാര്യമല്ലല്ലോ. ഞാന്‍ സന്തോഷത്തോടെ തന്നെ ആ ദൌത്യം ഏറ്റെടുത്തു. അല്ലെങ്കിലും ഓര്‍ത്തുനോക്കിയാല്‍ ഈ മനുഷ്യര്‍ എത്ര പാവങ്ങളാണ്. പ്രയാസങ്ങളുടെയും പ്രാരാബ്ധങ്ങളുടെയും കടല്‍നീന്തിയാണ് പലരും ജീവിതം തള്ളിനീക്കുന്നത്. അധികപേരും ഒന്ന് സ്വസ്ഥമായി നീണ്ടുനിവര്‍ന്ന് കിടക്കുന്നത് തന്നെ മരണത്തോടെയാണെന്ന് പറഞ്ഞാല്‍ പോലും തെറ്റാവില്ല. അവര്‍ക്ക് മെത്തയൊരുക്കുകയെന്നത് ഞങ്ങള്‍ക്ക് ചെയ്യാനാവുന്ന സേവനം തന്നെ. 

വൈകാതെ എന്നെ അണിയിച്ചൊരുക്കാനായി അധികാരികളും ജോലിക്കാരുമെത്തി. നഗരത്തിൽ സൗത്ത് ബീച്ചിനപ്പുറം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന എന്നെ സർക്കാർ വിലക്ക് വാങ്ങി, അത്യാവശ്യം ഉയരത്തില്‍തന്നെ ചുറ്റുമതിൽ കെട്ടി എന്നെ അവര്‍ സുന്ദരമാക്കി. ആ മതില്‍ കണ്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്, മരിച്ചുകിടക്കുന്നവര്‍ ഒരിക്കലും ഓടിപ്പോകില്ലെന്ന് ഉറപ്പല്ലേ, പിന്നെന്തിനാണാവോ മതില്. പിന്നെയാണ് തോന്നിയത്, ജീവിച്ചിരിക്കുന്നവര്‍ക്ക് സുരക്ഷിതബോധം നല്കാനായിരിക്കാം അതെന്ന്. അല്ലെങ്കിലും അവര്‍ക്കാണല്ലോ എപ്പോഴും പേടി, പ്രത്യേകിച്ച് മരിച്ചവരെ. ഓരോ വൈരുധ്യങ്ങളെന്നല്ലാതെ എന്ത് പറയാന്‍.

അതോടെ, ഞാന്‍ പ്രസിദ്ധമായി. ദിവസവും പല മയ്യിതുകള്‍ കടന്നുവന്നു. കണ്ണീരോടെ ഖബറടക്കി ബന്ധുക്കളെല്ലാം തിരിച്ചുപോവുമ്പോള്‍ ഞാന്‍ അവരുടെ ആധികള്‍ക്കും സുഖസൌകര്യങ്ങള്‍ക്കും മൂകസാക്ഷിയായി. അവര്‍ക്ക് താരാട്ട് പാടാന്‍ കൂടെ അറബിക്കടലിന്റെ ഓളങ്ങളും പരന്നൊഴുകുന്ന നിലാവും മാത്രമായിരുന്നു കൂട്ട്. എല്ലാവര്‍ക്കും സൌഖ്യമായിരിക്കണേ എന്ന് ഞാന്‍ എപ്പോഴും ഉള്ളുരുകി പ്രാര്‍ത്ഥിക്കുമായിരുന്നു.

അധികം വൈകാതെ കോളറ പത്തിമടക്കിപിന്മാറി. ജനങ്ങളും, അതിലേറെ സര്‍ക്കാറും ആശ്വാസം കൊണ്ടു. ബന്ധുക്കളുടെ മയ്യിതുകള്‍ സ്വന്തം മഹല്ലില്‍ ഖബറടക്കണമെന്ന സ്നേഹവാശിയിലേക്ക് അവര്‍ തിരിച്ചുപോയി. അതോടെ, എന്റെ മൂല്യം പതുക്കെ താഴോട്ട് പോയി. എങ്കിലും മഹാമാരി മാറിയല്ലോ എന്നതില്‍ ഞാനും ഏറെ സന്തുഷ്ടയായിരുന്നു. അതോടെ, ബ്രിട്ടീഷ് അധികൃതർ  എന്നെ പ്രദേശത്തെ മുസ്‌ലിം കമ്മിറ്റിക്ക് കൈമാറി. ശേഷം നഗരത്തിൽ നിന്ന് എപ്പോഴെങ്കിലുമെത്തുന്ന അനാഥ മയ്യിത്തുകൾ മാത്രമായി എന്റെ മടിത്തട്ട് തേടിയെത്തുന്ന കുഞ്ഞുങ്ങള്‍. അപ്പോഴും ഔദ്യോഗികമായി മുസ്‍ലിംകളുടെ പൊതുശ്മശാനം എന്ന സ്ഥാനത്തേക്ക് ഞാന്‍ അവരോധിക്കപ്പെട്ടിരുന്നില്ല.

കോളറയുടെ രണ്ടാംവരവ്

1890-91 കാ​ല​ഘ​ട്ടം... മൂന്ന് പതിറ്റാണ്ട് മുമ്പ് പത്തിമടക്കി പിന്തിരിഞ്ഞ് പോയ കോളറ തിരിച്ചുവന്നത് ഏറെ ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. ദീനാര്‍ദ്രദിനങ്ങളുടെ രണ്ടാം വരവായിരുന്നു അത്, പൂര്‍വ്വാധികം ശക്തിയോടെ.  വീണ്ടും എന്നെത്തേടി മയ്യിതുകളുടെ പ്രവാഹം തുടങ്ങി. പഴയ നാളുകളുടെ നടുക്കുന്ന ഓര്‍മ്മകളാണ് അത് എനിക്ക് തിരിച്ചുതന്നത്. 

ഇതോടെ മുസ്‍ലിംകള്‍ക്കായി ഒരു പൊതുശ്മശാനം വേണമെന്ന ആവശ്യം ശക്തമായി. കലക്ടർ ഇൻ ചാർജായിരുന്ന ഡബ്ല്യു ഡ്യുമഗ്ൺ, കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി 1890 ജൂലൈ ഏഴിന് ഒരു യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തിൽ തൊപ്പിലകത്ത് കോയട്ടിഹാജിയും പങ്കെടുത്തിരുന്നു. മാപ്പിളമാർക്ക് ഒരു പൊതു ശ്മശാനം എന്ന ആശയം ശക്തമായി മുന്നോട്ട് വെച്ചത് അദ്ദേഹമായിരുന്നു. സ്ഥലം ഖാളിയായിരുന്ന ഇമ്പിച്ചിക്കോയ തങ്ങളും ഇതിനെ പിന്താങ്ങി. അവസാനം കോഴിക്കോട് നഗരത്തിന്റെ ഔദ്യോഗിക  മുസ്‍ലിം പൊതുശ്മശാനമെന്ന സ്ഥാനം എനിക്ക് ചാര്‍ത്തപ്പെട്ടു. 1901 നവംബറിൽ നടന്ന നഗരസഭാ യോഗത്തിൽ കോഴിക്കോട് നഗരത്തിലെ നിശ്ചിത പ്രദേശങ്ങളിലെ മയ്യിത്തുകൾ കണ്ണംപറമ്പിൽ മാത്രമേ ഖബറടക്കാൻ പാടുള്ളൂവെന്ന് ഉത്തരവിറക്കുകയും ചെയ്തു. 

എന്റെ അയല്‍വാസികള്‍

എന്റെ ജനനവും വളര്‍ച്ചയും പറയുമ്പോള്‍, എന്റെ നല്ലവരായ അയല്‍ക്കാരെയും പറയാതിരിക്കാനാവില്ല. മഹാമാരിയില്‍ മരണപ്പെടുന്നവരെ ഖബ്റടക്കാന്‍ പരിസരവാസികള്‍ സമ്മതിക്കാതിരിക്കലാണ് പതിവ്. എന്നാല്‍ ഇതിൽ നിന്ന് ഏറെ വ്യത്യസ്തരാണ് ആയിരത്തിലേറെ വരുന്ന എന്റെ അയല്‍ക്കാര്‍. തടസ്സം സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, സംസ്കരിക്കാൻ ആവശ്യമായ എല്ലാ സഹായവും സ​ഹ​ക​ര​ണ​വും ന​ല്‍​കു​ക കൂടി ചെയ്യുന്നു അവര്‍. അത് കാണുമ്പോള്‍ വല്ലാത്ത അഭിമാനവും എന്തെന്നില്ലാത്ത ആത്മനിര്‍വൃതിയും തോന്നാറുണ്ട്. രണ്ട് വര്‍ഷം മുമ്പ് നിപ ബാധിച്ച് മരണപ്പെട്ട സഹോദരന്റെ മയ്യിത് ഖബ്റടക്കിയപ്പോഴും ഇയ്യിടെ കോവിഡ് ബാധിച്ച നൈഹ മോളെ മറവ് ചെയ്തപ്പോഴും ആ ആതിഥ്യമര്യാദ നിങ്ങളും കണ്ടതാണല്ലോ.

കോഴിക്കോട്ടെ പേരാമ്പ്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിപ, വായുവിലൂടെ പകരുമെന്നതിനാൽ എല്ലാവരും ഏറെ ആശങ്കയിലായിരുന്നു. മയ്യിത് ഖബറടക്കാന്‍ പോലും ആരും ധൈര്യപ്പെട്ടില്ലെന്നതായിരുന്നു സത്യം. അന്നും അക്കാര്യം ഭംഗിയായി നിര്‍വ്വഹിച്ചത് എന്റെ അയല്‍ക്കാരായിരുന്നു. പല മഹാമാരികളെയും കണ്ടും കൊണ്ടും അറിഞ്ഞ അവര്‍ക്ക് അതെല്ലാം ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു.

ജീവിതത്തിന്റെ ചഞ്ചലതയും മഹാമാരികള്‍ക്ക് മുമ്പില്‍ മനുഷ്യന്റെ നിസ്സഹായതയും നേരില്‍ കണ്ടവരുടെ മക്കളാണല്ലോ അവര്‍. പ്രപഞ്ചനാഥന്‍ വിധിച്ചതേ വരൂ എന്നും വിധിച്ചത് വരുക തന്നെ ചെയ്യുമെന്നുമുള്ള വിശ്വാസം അവരുടെ മനസ്സില്‍ അത്രമേല്‍ ഉറച്ച് പോയിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. 

        എല്ലാവരും എന്റെ മക്കളാണ്

ജീവനറ്റ മൃതദേഹങ്ങളായി കടന്നുവരുന്നവരെ ഇരുകൈയ്യും നീട്ടി ഏറ്റ് വാങ്ങി മാറോട് ചേര്‍ത്ത് പിടിച്ചുറക്കുമ്പോള്‍, അവരെല്ലാം എന്റെ മക്കളാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് കൊണ്ട് തന്നെ, അവരുടെയെല്ലാം കൃത്യമായ പേര് വിവരങ്ങള്‍ കൂടി എനിക്ക് ഏറെ പ്രധാനമാണ്, അവരുടെ സ്വഛന്ദമായ ഉറക്കം പോലെത്തന്നെ. കാരണം, എല്ലാം കഴിഞ്ഞ്, പുനര്‍ജ്ജനനത്തിന്റെ കാഹളം ഊതപ്പെടുമ്പോള്‍, എല്ലാവരെയും ഒരു അസ്ഥിക്കഷ്ണം പോലും പരസ്പരം മാറാതെ തിരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തവും എനിക്ക് തന്നെയാണല്ലോ.

​ഓരോരുത്തരുടെയും കൃത്യമായ വി​വ​ര​ങ്ങ​ളും മ​റ​മാ​ടി​യ സ്ഥ​ല​വുമെല്ലാം കമ്പ്യൂട്ടറില്‍ രേ​ഖ​​പ്പെ​ടു​ത്തുകയാണ് ഇന്ന് എന്റെ രക്ഷാധികാരികള്‍ ചെയ്യുന്നത്. അത് കൊണ്ട് തന്നെ, കാലമെത്ര ക​ഴി​ഞ്ഞാ​ലും കു​ടും​ബ​ങ്ങ​ൾക്ക് ഖബറിടങ്ങൾ തിരിച്ചറിയാനാവുമെന്നത് വലിയ സൗകര്യമാണ്.

എന്റെ വീരപുത്രര്‍

മഹാമാരിയുടെ ഇരകളും ഊരും പേരുമറിയാത്ത അനാഥ മൃതദേഹങ്ങളുമായി ഒട്ടേറെ പേരുണ്ടെങ്കിലും, കൂട്ടത്തില്‍ നാടിന്റെ വീരപുത്രരായ പലരും എന്റെ മക്കളായുണ്ട് എന്നതും പ്രത്യേകം പറയേണ്ടതാണ്. സ്വാതന്ത്ര്യ സമര സേനാനികളായ മുഹമ്മദ് അബ്ദുർറഹ്‌മാൻ സാഹിബ്, ഇ മൊയ്തു മൗലവി, മുൻ മന്ത്രിമാരായ പി എം അബൂബക്കർ, പി പി ഉമർകോയ, ബി വി അബ്ദുല്ലക്കോയ എം പി, ഒളിമ്പ്യൻ റഹ്‌മാൻ, മുൻ മേയർ കുന്നത്ത് ആലിക്കോയ തുടങ്ങി, ശൈഖ് മുഹമ്മദ് നഖ്ശബന്തിയോ പോലോത്ത ആത്മീയ നേതാക്കളിലൂടെ ആ പട്ടിക ഏറെ നീണ്ടുപോകും.

13ഏക്കറിലായി പരന്ന് കിടക്കുന്ന ഞാനാണ് കേരളത്തിലെ ഏറ്റവും വലിയ ഖബ്റ്സ്ഥാനെന്ന് പലരും പറയാനുണ്ട്. അഥവാ, ഇനിയും എന്റെയുള്ളില്‍ ധാരാളം ഇടം ബാക്കിയാണെന്നര്‍ത്ഥം. അതെല്ലാം നിറയണമെന്ന് എനിക്കൊരിക്കലും ആഗ്രഹമില്ല, ജീവന്‍ വെടിഞ്ഞെത്തുന്നവര്‍ക്ക് അന്ത്യനിദ്രക്ക് ഇടം കിട്ടാതാവരുതേ എന്ന് മാത്രമാണ് എന്റെ ഉദ്ദേശ്യം. അതോടൊപ്പം, ഇത്തരം മഹാമാരികള്‍ ഇനിയും ഉണ്ടാവാതിരിക്കണേ എന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും.

എന്ന് കണ്ണീരോടെ കണ്ണംപറമ്പ്, കോഴിക്കോട്