മുഖ്യധാരാചരിത്രം ടിപ്പുവിനോട് അനീതി കാണിച്ചിട്ടുണ്ട്
മെയ് 4, 2017 നിന്നും പുനപ്രസിദ്ധീകരിച്ചത്
ടിപ്പുസുല്‍ത്താന്‍ വിവിധ രൂപത്തിലായി എന്നും ഓര്‍മിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങളായും മഹാപുരുഷനായും. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സഞ്ജയ്ഖാന്‍, ഭഗ്‌വാന്‍ എസ്. ഗിദ്വാനിയുടെ The Sword of Tipu Sultan എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരു ടെലി സീരിയല്‍ ഉണ്ടാക്കിയതു മുതല്‍ തന്നെ ഇത് വിവിധ രൂപത്തില്‍ കാണാം. 2014 ല്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചതോടെ ഈ വിവാദം ഒന്നുംകൂടി ശക്തമായി. കഴിഞ്ഞ വര്‍ഷം ടിപ്പുജയന്തി ആഘോഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായത് ആര്‍.എസ്.എസിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ കലാപാന്തരീക്ഷത്തില്‍ ഒരാള്‍ക്ക് ജീവഹാനി സംഭവിക്കുകവരെ ചെയ്തു. ഇത്തവണയും കര്‍ണാടക മുഖ്യമന്ത്രി ടിപ്പു ജയന്തി ആഘോഷം പ്രഖ്യാപിച്ചിരിക്കയാണ്. എതിരാളികള്‍ കുന്തമുനകളുമായി പുറപ്പെട്ടുകഴിഞ്ഞു.
മുമ്പ് ടിപ്പുവിന്റെ പേരില്‍ കര്‍ണാടകയില്‍ ഒരു യൂണിവേഴ്‌സിറ്റി പണിയാന്‍ തീരുമാനം ഉയര്‍ന്നിരുന്നു. എതിരാളികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അതിന്റെ പ്രവര്‍ത്തനം നിലക്കുകയാണുണ്ടായത്. എന്തുകൊണ്ടാണ് ടിപ്പു സുല്‍ത്താന്‍ ചിലയാളുകള്‍ക്ക് മാത്രം അനഭിമതനാകുന്നത്? ചോദ്യം ഇവിടെ പ്രസക്തമാകുന്നു.
പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ടിപ്പുവിന്റെ പേര് ചില കേന്ദ്രങ്ങളില്‍ അലോസരമുണ്ടാക്കുന്നത്. ഒന്ന്, തനിക്കെതിരെ ഉയര്‍ന്നുവന്നവര്‍ക്കുനേരെ അദ്ദേഹം കൈക്കൊണ്ട, പിന്നീട് വിവാദമായി അവതരിപ്പിക്കപ്പെട്ട ചില സമീപനങ്ങള്‍. രണ്ട്, പില്‍ക്കാല ചരിത്രം അദ്ദേഹത്തെ നോക്കിക്കണ്ട വിവിധ രീതികള്‍, അദ്ദേഹം സ്വന്തം ഉണ്ടാക്കിയെടുത്ത സാമൂഹിക ഇമേജ് തുടങ്ങിയവ.
മുഖ്യധാരാചരിത്രം ടിപ്പുവിനോട് പലപ്പോഴും നീതി കാണിച്ചിരുന്നില്ല എന്നതാണ് സത്യം. ഇവിടെ, അദ്ദേഹത്തെ ഏതെങ്കിലും ഒരു പ്രത്യേക വീക്ഷണകോണിലൂടെ മാത്രം നോക്കിക്കാണുന്നത് ശരിയല്ല. അതനുസരിച്ച് അദ്ദേഹത്തിനുമേല്‍ അസഹിഷ്ണുതയും മതവിദ്വേഷവും കെട്ടിവെക്കുന്നതും നീതിയാവില്ല. കാരണം, വിവിധ തരം ചിന്തകളെയും നിലപാടുകളെയും പ്രതിനിധീകരിച്ച ഒരു വേറിട്ട വ്യക്തിത്വമായിരുന്നു ടിപ്പു സുല്‍ത്താന്‍. മതങ്ങള്‍ തമ്മിലുള്ള സഹിഷ്ണുതയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. സ്വതന്ത്ര ചിന്താഗതികളെ അദ്ദേഹം സമന്വയിപ്പിച്ചു. കൊളോണിയല്‍ വിരുദ്ധതയെയും അന്തര്‍ദേശീയതയെയും അദ്ദേഹം ഒരുമിച്ചുകൂട്ടി. സൂഫിസത്തില്‍ ആഴ്ന്നിറങ്ങിയ ഒരു വേര് താന്‍ ജീവിതത്തില്‍ സൂക്ഷിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഇതിനെല്ലാം സാധിച്ചിരുന്നത്. എന്നാല്‍, ടിപ്പുവിന്റെ സൂഫീ ലോകത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ അധികവും പഠിച്ചിട്ടില്ല എന്നതാണ് സത്യം. ചിശ്തി സൂഫി സരണിയായിരുന്നു അദ്ദേഹത്തിന്റെ വഴി.
പല മേഖലയിലും ഒരു അടിസ്ഥാന വാദിയായിരുന്നു ടിപ്പു സുല്‍ത്താന്‍. തനിക്ക് നിനിയന്ത്രണമുള്ള രാജ്യത്ത് മുഴുവന്‍ ആല്‍ക്കോഹോള്‍ നിരോധിച്ച ആദ്യ വ്യക്തിയായിട്ട് അദ്ദേഹത്തെ കാണാന്‍ കഴിയും. ഏതെങ്കിലും ഒരു മതത്തിന്റെ പ്രതലത്തില്‍നിന്നുകൊണ്ടായിരുന്നില്ല ഈ നിരോധനം. പ്രത്യുത, ധാര്‍മികതയുടെയും ആരോഗ്യത്തിന്റെയും പ്ലാറ്റ്‌ഫോമില്‍നിന്നായിരുന്നു. സമ്പൂര്‍ണ മദ്യനിരോധനം എന്റെ ഹൃദയാഭിലാഷമാണ് എന്നുവരെ അദ്ദേഹം പറയുകയുണ്ടായി. റോക്കറ്റ് ടെക്‌നോളജി യുദ്ധങ്ങളില്‍ ആദ്യമായി പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. അന്നത്തെ മൈസൂര്‍ സ്റ്റെയ്റ്റില്‍ ആദ്യമായി പട്ടുനൂല്‍പുഴു വളര്‍ത്തല്‍ പദ്ധതി കൊണ്ടുവന്നതും അദ്ദേഹം തന്നെ. സവര്‍ണ ഉന്നത ജാതി ഹിന്ദുക്കളുടെ സ്വത്ത് മരവിപ്പിക്കുകയും അത് താഴ്ന്ന ജാതിക്കാരായ ശൂദ്രന്മാര്‍ക്കിടയില്‍ വിഹിതിച്ചുനല്‍കുകയും ചെയ്ത ഒന്നാമത്തെ ഭരണാധികാരിയും ടിപ്പു തന്നെ. പൂര്‍ണമായും ഫ്യൂഡല്‍ വ്യവസ്ഥയില്‍ പിടിമുറുകിയിരുന്ന ഒരു സാമൂഹിക പശ്ചാത്തലത്തില്‍ സാമ്പത്തിക പുരോഗതിയുടെ പുതിയ വഴികള്‍ തുറന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ സാമ്പത്തിക വികസന കാഴ്ച്ചപ്പാടുകള്‍. ഇന്നത്തെ കൃഷ്ണരാജ സാഗര്‍ നിലനില്‍ക്കുന്ന സ്ഥലത്ത് കാവേരി നദിക്ക് ഒരു ഡാം പണിയണമെന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ലാല്‍ ബാഗ് എന്നപേരില്‍ ജൈവവൈവിധ്യങ്ങളുടെ ഒരു തോട്ടവും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. ഇത്രമാത്രം വൈവിധ്യങ്ങളുടെ വികസനമുഖമായിരുന്നു ടിപ്പു സുല്‍ത്താന്‍. എന്നിട്ടും മതവിദ്വേഷ ചര്‍ച്ചകളില്‍ മാത്രം അദ്ദേഹത്തെ ഒതുക്കി നിര്‍ത്തുന്നത് ചിലരുടെ വര്‍ഗീയ അജണ്ടകളുടെ ഭാഗം മാത്രമാണ്.
പ്രതിവര്‍ഷം ടിപ്പു ക്ഷേത്രങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഗ്രാന്റ് മാത്രം മതി അദ്ദേഹത്തിന്റെ മതസഹിഷ്ണുതയുടെ വിശാലത മനസ്സിലാക്കാന്‍. 156 ല്‍ അധികം ക്ഷേത്രങ്ങള്‍ക്ക് ഭൂമിയോ സ്വര്‍ണമോ മറ്റോ ആയി അദ്ദേഹം ഓരോ വര്‍ഷവും സംഭാവനകള്‍ നല്‍കിയിരുന്നു. ശങ്കരാചാര്യ സ്ഥാപിച്ച ശ്രിങ്കേരി മഠം മറാഠി സൈന്യം ആക്രമിച്ചപ്പോള്‍ അത് നിര്‍മിച്ചുനല്‍കാനും ബിംബങ്ങളെ പുന:സ്ഥാപിക്കുകവഴി ഹിന്ദു ആരാധനക്ക് അവിടെ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും കല്‍പന പുറപ്പെടുവിച്ചത് അദ്ദേഹമാണ്. നഞ്ചങ്കോട്ടെ പ്രസിദ്ധമായ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന് അദ്ദേഹം നല്‍കിയ ഭീമമായ സംഭാവന പ്രസിദ്ധമാണ്. കാഞ്ചിയിലെ ക്ഷേത്രത്തിന്റെ നിര്‍മാണപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിലേക്ക് 10,000 സ്വര്‍ണനാണയമാണ് അദ്ദേഹം നല്‍കിയിരുന്നത്. മേല്‍ക്കോട്ട് ക്ഷേത്രത്തിലെ ഇരു വിഭാഗം പാതിരിമാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. കലാലെയിലെ ലക്ഷ്മികാന്ത ക്ഷേത്രത്തിന് സമ്മാനങ്ങളും അദ്ദേഹം നല്‍കിയിരുന്നു. എല്ലാറ്റിലുമപ്പുറം, കര്‍ണാടകയിലെ ക്ഷേത്രനഗരം എന്നു പ്രസിദ്ധമായ ശ്രീരംഗാപട്ടണമായിരുന്നു അവസാന കാലം വരെ തന്റെ ഭരണത്തിന്റെ ആസ്ഥാനം.
മൈസൂരിലെ ആദ്യ ചര്‍ച്ച് നിര്‍മിക്കുന്നതിനു പിന്നില്‍ പ്രധാന കണ്ണിയായി വര്‍ത്തിച്ചതും ടിപ്പു തന്നെയായിരുന്നു. പ്രമുഖ ചരിത്രകാരന്‍ ബി.എ. സാലത്തോര്‍ തന്റെ പ്രസിദ്ധമായ ചരിത്ര ഗ്രന്ഥത്തില്‍ അദ്ദേഹത്തെ 'ഹിന്ദു ധര്‍മയുടെ സംരക്ഷകന്‍' എന്ന് വിശേഷിപ്പിച്ചത് ഒരിക്കലും അസ്ഥാനത്തായിരുന്നില്ല. മറിച്ച്, ടിപ്പുവിന്റെ ഇത്തരം സംഭാവനകളെയെല്ലാം മനസ്സിലാക്കിയതുകൊണ്ടായിരുന്നു ഈ പ്രതികരണം.
പിന്നെ, നിര്‍ബന്ധ മതപരിവര്‍ത്തനം എന്ന് ഒരാക്ഷേപം അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവരുന്നത് ചില രാഷ്ട്രീയ അധിക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമാണ്. ഒന്നുകില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത് ദക്ഷിണ കന്നഡയിലെ ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട് കൊളോണിയല്‍ ആഖ്യാനങ്ങളിലാണ്. അല്ലെങ്കില്‍, കൂര്‍ഗുകളുമായി നടന്ന ഗറില്ലാ യുദ്ധങ്ങളുമായി ബന്ധപ്പെട്ടാണ് ഇത് ഉയര്‍ന്നുവന്നിട്ടുള്ളത്. ടിപ്പുവിന്റെ മതപരമായ പ്രത്യയശാസ്ത്രം ഉയര്‍ത്തിക്കാട്ടി ഇവിടങ്ങളിലെല്ലാം വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു ചില ചരിത്രകാരന്മാര്‍. അതിലെല്ലാം അവര്‍ക്ക് പ്രത്യേകം അജണ്ടകളുമുണ്ടായിരുന്നു.
ഏകദേശം 16 വര്‍ഷം മാത്രം ഭരണം നടത്തിയ ഒരു ഭരണാധികാരിക്കെതിരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിതമായ ഈ ഇറങ്ങിപ്പുറപ്പാട് സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ നിര്‍മാണ രാഷ്ട്രീയ ഭരണ ചര്‍ച്ചകളില്‍ ടിപ്പു എന്നും ഒരു അനിഷേധ്യ നായകനായി നിലനില്‍ക്കും എന്നുതന്നെയാണ്.
അവലംബം: www.deccandigest.com
വിവ. ഇര്‍ശാന അയ്യനാരി
(മൈസൂര്‍ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് ലക്ചററാണാ ലേഖകന്‍)
Leave A Comment