അധ്യായം 2. സൂറ ബഖറ- (Ayath 260-264) 4 പക്ഷികൾ-700 ധാന്യമണികൾ
അല്ലാഹുവില്‍ വിശ്വസിച്ച് അവന്‍റെ രക്ഷാകര്‍തൃത്വം സ്വീകരിച്ചവരുടെയും ഥാഗൂത്തില്‍ വിശ്വസിച്ച് അതിന്‍റെ പിന്നാലെ പോയവരുടെയും ഉദാഹരണങ്ങളാണല്ലോ പറഞ്ഞുകൊണ്ടിരിക്കുന്നത്. 2 എണ്ണം കഴിഞ്ഞ പേജില്‍ പറഞ്ഞു: നംറൂദിന്‍റെയും ഉസൈര്‍ എന്നവരുടെയും.
ഇനി മൂന്നാമത്തെ ഉദാഹരണമാണ് പറയുന്നത്. അല്ലാഹു സത്യവിശ്വാസികളെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കും എന്നതിന്‍റെ മറ്റൊരു ഉദാഹരണം.
അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ്. മരിച്ചവരെ ജീവിപ്പിക്കാന്‍ അവന് പ്രയാസമില്ല. അത്തരമൊരു സംഭവം കഴിഞ്ഞ ആയത്തില്‍ വിവരിച്ചു. അതുപോലെയുള്ള മറ്റൊരു സംഭവം കൂടി പറയുകയാണ്.
ഇബ്റാഹീം നബി عليه السلام യുടെയും 4 പക്ഷികളുടെയും കഥ. മരിച്ചവരെ ജീവിപ്പിക്കുന്നത് നേരിട്ട് കാണിച്ചുതരുമോ എന്ന് മഹാനവര്‍കള്‍ റബ്ബിനോട് ചോദിച്ച സംഭവം.
മരിച്ചവരെ അല്ലാഹു ജീവിപ്പിക്കുമെന്ന് ഉറച്ച വിശ്വാസമുള്ള ആളുതന്നെയാണ് മഹാനായ ഇബ്‌റാഹീം നബിعليه السلام. നമുക്കൊക്കെ അതറിയാം. എന്നാലും സ്വന്തം കണ്ണുകൊണ്ടൊന്ന് കാണാന്‍ കഴിഞ്ഞാല്‍ മനസ്സിനൊരു സമാധാനമാകുമല്ലോ എന്ന് കരുതിയാണ് അങ്ങനെ ചോദിച്ചത്. കാണുമ്പോള്‍ വിശ്വാസം ഒന്നുകൂടി ഉറക്കും. മാത്രമല്ല, അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പ്രബോധനം ചെയ്യുമ്പോള്‍ അത് കൂടതുല്‍ എഫക്ടീവും ആകുമല്ലോ. മരണാനന്തര ജീവിതത്തെപ്പറ്റി ആളുകള്‍ക്ക് കൃത്യമായി വിവരിച്ചുകൊടുക്കാനും അത് ഉപകരിക്കും.
ആ നിലക്കാണ് മഹാനവര്‍കള്‍ അല്ലാഹുവിനോട് വളരെ താഴ്മയോടെ ദുആ ചെയ്യുന്നത്: 'എന്‍റെ നാഥാ, മരണപ്പെട്ടവരെ നീ ജീവിപ്പിക്കുന്നത് എങ്ങനെയെന്ന് എനിക്കൊന്ന് നേരിട്ട് കാണിച്ചുതരുമോ.' അല്ലാഹു തിരിച്ചുചോദിച്ചു: 'താങ്കള്‍ക്ക് വിശ്വാസമില്ലേ?'
തന്‍റെ ഖലീലായ ഇബ്‌റാഹീം നബിعليه السلام ദൃഢമായി വിശ്വസിച്ചിട്ടുണ്ടെന്ന് അവനറിയാം. പിന്നെ എന്തിന് ചോദിച്ചു എന്നല്ലേ? ഇബ്‌റാഹീം നബിعليه السلامന്‍റെ മറുപടി മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയാണത്. എന്താണാ മറുപടി:'എന്‍റെ മനസ്സമാധാനത്തിനു വേണ്ടിയാണ് റബ്ബേ'.
വിശ്വസിച്ച ഒരു കാര്യം കണ്ണുകൊണ്ട് നേരില്‍ കാണാന്‍ ആഗ്രഹമുണ്ടാകുന്നത് സ്വാഭാവികമാണ്. നമുക്കൊക്കെ ഉറപ്പുള്ള പല കാര്യങ്ങളും, നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നത്, ആ കാര്യം ഉണ്ടോ ഇല്ലേ എന്ന സംശയമുണ്ടായതുകൊണ്ടല്ലല്ലോ. ഒരു ആഗ്രഹം ജനിച്ചാല്‍, അത് സാധിക്കുന്നതോടെ മനസ്സമാധാനം കൈവരും- അതുതന്നെ.
ഉദാഹരണമായി, ഇന്ത്യയിലെ വലിയൊരു പട്ടണമാണ് മുംബൈ. അതൊന്ന് നേരില്‍ കാണാന്‍ നമുക്കൊരു പൂതി. അതിപ്പോള്‍, ആ സിറ്റിയുണ്ടോ ഇല്ലേ എന്ന് സംശയിക്കുന്നതുകൊണ്ടല്ലല്ലോ. കണ്ടുകഴിഞ്ഞാലോ, അത് കണ്ടു എന്നൊരു സമാധാനവും കിട്ടും.
ചുരുക്കിപ്പറയാം. ഖലീലായ ഇബ്‌റാഹീം നബിعليه السلام ഇങ്ങനെ ഒരാഗ്രഹം പറഞ്ഞപ്പോള്‍, അല്ലാഹു തആലാ, ആയ്ക്കോട്ടെ എന്ന് പറഞ്ഞു.
നാല് പക്ഷികളെ പിടിക്കാന്‍ നിര്‍ദ്ദേശിച്ചു. ഓരോന്നിന്‍റെയും രൂപവും ആകൃതിയും മറ്റും നന്നായി പരിശോധിച്ച് മനസ്സിലാക്കി ഇണക്കി പരിചയിക്കാനും പറഞ്ഞു.
ഇങ്ങനെ പറയാന്‍ കാരണം, അങ്ങനെ ചെയ്യാതെ, പക്ഷികളെ പിടിച്ച് ഉടനെത്തന്നെ, രൂപമോ വലിപ്പമോ നിറമോ ഒന്നും നോക്കിമനസ്സിലാക്കാതെ, അങ്ങോട്ട് അറുത്ത് കഷ്ണിച്ചു മലയുടെ മുകളില്‍ കൊണ്ടുപോയി ഇട്ടാല്‍, അദ്ദേഹം വിളിക്കുമ്പോള്‍ ഓടിവരുന്ന പക്ഷികള്‍, നേരത്തെ അറുത്ത പക്ഷികള്‍ തന്നെയാണോ അല്ലേ എന്നൊന്നും മനസ്സിലാക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടാണ് നേരത്തെത്തന്നെ അത് നോക്കിമനസ്സിലാക്കാനും പരിചയപ്പെടാനും പറഞ്ഞത്. പ്രധാന മുഫസ്സിറുകളെല്ലാം ഇക്കാര്യം പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ഇബ്‌റാഹീം നബിعليه السلام നാല് പക്ഷികളെ പിടിച്ച് നല്ലവണ്ണം പരിശോധിച്ച്, എല്ലാം മനസ്സിലാക്കി. എന്നിട്ട് അറുത്ത് കഷ്ണം കഷ്ണമാക്കി എല്ലാം കൂട്ടിക്കുഴച്ച്, ഓരോ അംശം ഓരോ മലയില്‍ കൊണ്ടുപോയി വെച്ചു. (മലമുകളില്‍ വെക്കാന്‍ പറഞ്ഞത്, മഹാനവര്‍കള്‍ക്ക് നേരിട്ട് കാണാന്‍ വേണ്ടിയാണ്.) എന്നിട്ട് വിളിച്ചു: (അല്ലാഹുവിന്‍റെ അനുമതിയോടെ വരിക).
അത്ഭുതം! എല്ലിന്‍റെ പൊട്ടുകളും മാംസക്കഷ്ണങ്ങളും അങ്ങോട്ടുമിങ്ങോട്ടും പാറുന്നു. ഓരോ ഭാഗവും അതിന്‍റെ തന്നെ ഭാഗത്തോട് ചെന്നുചേരുന്നു! ആ പ്രക്രിയ പൂത്തിയായപ്പോള്‍ അവ മഹാനവര്‍കളുടെ അടുത്തേക്ക് പറന്നുചെല്ലുന്നു. ഇതെല്ലാം മഹാനവര്‍കള്‍ നോക്കിക്കാണുന്നു!
وَإِذْ قَالَ إِبْرَاهِيمُ رَبِّ أَرِنِي كَيْفَ تُحْيِي الْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِنْ ۖ قَالَ بَلَىٰ وَلَٰكِنْ لِيَطْمَئِنَّ قَلْبِي ۖ قَالَ فَخُذْ أَرْبَعَةً مِنَ الطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا ۚ وَاعْلَمْ أَنَّ اللَّهَ عَزِيزٌ حَكِيمٌ(260)
ഇബ്രാഹീം നബി അപേക്ഷിച്ച സന്ദര്‍ഭം സ്മരണീയമാണ്-നാഥാ, മരിച്ചവരെ എങ്ങനെയാണ് നീ ജീവിപ്പിക്കുക എന്ന് എനിക്കു കാണിച്ചു തരേണമേ! അല്ലാഹു ചോദിച്ചു: താങ്കള്‍ വിശ്വസിച്ചിട്ടില്ലേ? നബി മറുപടി നല്‍കി: ഉവ്വ്, പക്ഷെ എന്‍റെ ഹൃദയം സമാധാനപൂര്‍ണമാകാനാണ്. അവന്‍ കല്‍പിച്ചു: താങ്കള്‍ നാലു പക്ഷികളെ പിടിച്ചിണക്കി (നല്ലവണ്ണം നോക്കി മനസ്സിലാക്കി, അറുത്ത്, കഷ്ണിച്ച്) അവയുടെ ഓരോ ഭാഗം ഓരോ മലയില്‍ വെക്കുക. പിന്നീട് അവയെ വിളിക്കുക, ധൃതിപ്പെട്ട് അവ താങ്കളുടെയടുത്തേക്കു വരുന്നതാണ്. നിശ്ചയം, അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാണ് എന്ന് അറിയുക.
മിക്ക ആയത്തുകളിലുമുള്ള പോലെ, ഈ ആയത്തിന്‍റെ അവസാനവും, ഉള്ളടക്കം കൂടുതല്‍ ദൃഢീകരിക്കുന്നൊരു സമാപന വാക്യമുണ്ട്. وَاعْلَمْ أَنَّ اللَّهَ عَزِيزٌ حَكِيمٌ
عَزِيزٌ എന്നാല്‍ ‘പ്രതാപമുള്ളവന്‍, ശക്തന്‍, ബഹുമാന്യന്‍’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. മറ്റാര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയാത്തവന്‍, എല്ലാവരെയും അതിയജിക്കുന്നവന്‍ എന്നൊക്കെയാണ് ഉദ്ദേശ്യം. ഇങ്ങനെയൊക്കെ സംഭവിച്ചത് അല്ലാഹുവിന്‍റെ അജയ്യമായ ശക്തി കൊണ്ടാണല്ലോ.
മനുഷ്യന്‍റെ മതൃദേഹം കത്തിച്ച് ഭസ്മമാക്കി കാറ്റില്‍ പറത്തിയാലും വെള്ളത്തില്‍ ഒഴുക്കിയാലും ശരീരം മണ്ണിലലിഞ്ഞാലും അതൊന്നും അല്ലാഹുവിന് വിഷയമല്ല. അവനുദ്ദേശിക്കുമ്പോള്‍, ആ പക്ഷികളെ ജീവിപ്പിച്ചതുപോലെ ഒരു വിളി മാത്രം; സ്വൂര്‍ എന്ന കാഹളത്തില്‍ ഒരു ഊത്ത്. എല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കും.
حَكِيمٌ എന്നാല്‍ ‘അഗാധ ജ്ഞാനമുള്ളവന്‍, യുക്തിമാന്‍, വിജ്ഞാനി, തത്വജ്ഞന്‍’ എന്നൊക്കെയാണര്‍ത്ഥം.
ഈ ലോകത്ത് അല്ലാഹുവിന്‍റെ ഇഷ്ടത്തിന് വിപരീതമായി പലതും നടക്കുന്നുണ്ട്. അതെല്ലാം കാണുമ്പോള്‍, റബ്ബെന്താണ് നടപടി എടുക്കാത്തത്, അവന്‍ തോറ്റുപോയോ എന്നൊന്നും ആരും തെറ്റിദ്ധരിക്കേണ്ട. അല്ലാഹുവിന്‍റെ പ്രവൃത്തികളിലും നിശ്ചയങ്ങളിലും നിയമനിര്‍ദ്ദേശങ്ങളിലുമെല്ലാം പല യുക്തികളും അടങ്ങിയിട്ടുണ്ട്. തദടിസ്ഥാനത്തിലാണ് എല്ലാം നടക്കുന്നത്.
അല്ലാഹുവിനോട് കടുത്ത ധിക്കാരം കാണിക്കുന്നവരെ ചിലപ്പോള്‍ ഇവിടെ വെച്ച് ശിക്ഷിച്ചുകൊള്ളണമെന്നില്ല. ഇത് പരാജയമോ ദൗര്‍ബല്യമോ അല്ല; മറിച്ച്, അവന്‍റെ ചില യുക്തിക്കും താല്‍പര്യത്തിനും കാരുണ്യത്തിനുമെല്ലാം വിധേയമായിട്ടാണ് കാര്യങ്ങള്‍ സംഭവിക്കുന്നത് എന്നതു മാത്രമാണ്.
അടുത്ത ആയത്ത്-261
അല്ലാഹുവിന്‍റെ മാര്‍ഗവും ഥാഗൂതിന്‍റെ മാര്‍ഗവും വ്യത്യസ്തങ്ങളാണെന്ന് പറഞ്ഞു. അല്ലാഹുവിന്‍റെ മാര്‍ഗം സ്വീകരിച്ച സത്യവിശ്വാസികള്‍, ആ മാര്‍ഗത്തിന്‍റെ, അതായത് പരിശുദ്ധ ദീനിന്‍റെ വളര്‍ച്ചക്കുവേണ്ടി ത്യാഗം ചെയ്യണമെന്ന കല്പനയാണ് ഇനി നല്‍കുന്നത്.
ത്യാഗത്തിന്‍റെ ഒരു പ്രധാന ഭാഗമാണല്ലോ സമ്പത്ത് ചെലവഴിക്കുക എന്നത്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ (في سَبِيلِ الَّله) ചെലവഴിക്കുക. അതായത്, അവന്‍ തൃപ്തിപ്പെടുന്ന എല്ലാ നല്ല കാര്യങ്ങളിലും, പ്രത്യേകിച്ച് ധര്‍മസമരത്തിനും വേണ്ടി ചെലവഴിക്കുക. ഇങ്ങനെ ചെലവഴിക്കുന്നതിന്‍റെ പ്രാധാന്യവും, ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും വിവരിച്ചുതരികയാണ് ഇനിയുള്ള കുറച്ച് ആയത്തുകളില്‍.
എല്ലാ നന്മക്കും മിനിമം പത്തിരട്ടി പ്രതിഫലം ലഭിക്കുമെന്നത് ഒരു പൊതുപോളിസിയാണ്. തിന്മക്ക് അതേ അളവില്‍ മാത്രമേ കുറ്റം രേഖപ്പെടുത്തുകയുള്ളൂ. (സൂറ അന്‍ആം 160 ല്‍) ഇത് പറയുന്നുണ്ട്.
അതേസമയം, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുക എന്ന വലിയ നന്മക്ക് എഴുനൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കും. മാത്രമല്ല, അവനുദ്ദേശിക്കുന്നവര്‍ക്ക് കൂടുതലും നല്‍കും.
അതിനൊരു ഉദാഹരണം പറയുകയാണ്. ഭൂമിയില്‍ ഒരു മണി ധാന്യം നട്ടു, അത് മുളച്ചുവളര്‍ന്ന് കായ്ച്ചപ്പോള്‍ ഏഴ് കതിരുകളുണ്ടായി. ഓരോന്നിലും നൂറു വീതം മണികളുമുണ്ടായി. അപ്പോള്‍ ഒന്നിന് എഴുനൂറായല്ലോ.
ഒരു മടിയുമില്ലാതെ, പിശുക്കില്ലാതെ എത്ര പ്രതിഫലം നല്‍കാനും റബ്ബ് തയ്യാറാണ്. ആര്‍ക്കൊക്കെയാണ് കൂടുതല്‍ നല്‍കേണ്ടത്, എന്തിനൊക്കെയാണ് അധികം നല്‍കേണ്ടത് എന്നെല്ലാം അവന്നറിയാം.
مَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنْبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنْبُلَةٍ مِائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَنْ يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ (261)
അല്ലാഹുവിന്‍റെ വഴിയില്‍ തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണിയുടേതാണ്. അതു ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു; ഓരോന്നിലും നൂറുവീതം മണിയുണ്ട്. താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി അല്ലാഹു നല്‍കും; അവന്‍ വിപുലമായ ശേഷിയും ജ്ഞാനവുമുള്ളവനത്രേ.
എഴുനൂറിരട്ടി പ്രതിഫലം നല്‍കുമെന്ന് പറയാതെ, നൂറുമണിവീതമുള്ള ഏഴു കതിരുകള്‍ ഉല്‍പാദിപ്പിക്കുന്ന ധാന്യം പോലെ എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കണം. എന്തിനാണങ്ങനെ പറഞ്ഞത്? എല്ലാവര്‍ക്കും ഈ വര്‍ധനവ് കൃത്യമായി ഉണ്ടാകണമെന്നില്ല എന്ന് മനസ്സിലാക്കിത്തരാനാണ്. ചെലവഴിക്കുന്ന സമ്പത്തിന്‍റെ പരിശുദ്ധി, വിഷയത്തിന്‍റെ പ്രാധാന്യം, കൊടുക്കുന്നവന്‍റെ നിയ്യത്ത്... ഇതൊക്കെയനുസരിച്ചാണ് ആ വര്‍ദ്ധനവുണ്ടാവുക.
കൃഷിയും അങ്ങനെത്തന്നെയല്ലേ. വിത്തിന്‍റെഗുണം, മണ്ണിന്‍റെ ഗുണം, വെള്ളവും വളവും ലഭിക്കുന്ന തോത് ഇതൊക്കെയനുസരിച്ചാണല്ലോ അതിന്‍റെ വളര്‍ച്ചയും വിളവും ഉണ്ടാകുക.
ഈയൊരു കാര്യം മത്രമല്ല, എല്ലാ സല്‍ക്കര്‍മങ്ങളുടെയും സ്ഥിതി ഇങ്ങനെത്തന്നെയാണ്. നിരവധി ഹദീസുകളും ഇതുസംബന്ധമായുണ്ട്.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഒരാള്‍ നല്ല, ഥയ്യിബായ സമ്പാദ്യത്തില്‍നിന്ന് ഒരു കാരക്കക്കു സമാനമായതുപോലും ധര്‍മം ചെയ്താല്‍- പരിശുദ്ധമായതല്ലാതെ അല്ലാഹു സ്വീകരിക്കുകയില്ലതാനും- അല്ലാഹു അത് (സസേന്താഷം) സ്വീകരിക്കും. എന്നിട്ട്, ഒരാള്‍ തന്‍റെ കുതിരക്കുട്ടിയെ (ലാളിച്ചു) വളര്‍ത്തുന്നതുപോലെ, ആ കൊടുത്ത ആള്‍ക്കുവേണ്ടി അവന്‍ അത് വളര്‍ത്തിക്കൊണ്ടിരിക്കും. അങ്ങനെ, അത് മലപോലെ ആയിത്തീരും.’ (ബുഖാരി, മുസ്‍ലിം)
മൂക്കുകയറിട്ട ഒരൊട്ടകവുമായിവന്ന് ഒരാള്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പറഞ്ഞു: ‘റസൂലേ, ഇത് അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്കുള്ളതാണ്.’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മറുപടി: ‘പകരം നിനിക്ക് ഖിയാമത്തുനാളില്‍ എഴുനൂറ് ഒട്ടകം ലഭിക്കും.’ (അഹ്‍മദ്, നസാഈ)
وَاللَّهُ يُضَاعِفُ لِمَنْ يَشَاءُ
താനുദ്ദേശിക്കുന്നവര്‍ക്ക് അനേകമിരട്ടിയും അവന്‍ കൊടുക്കും. എത്ര കൊടുക്കാനും അവന്‍റെ കാരുണ്യം വിശാലമാണ്. وَاللَّهُ وَاسِعٌ عَلِيمٌ ആര്‍ക്കും എത്ര നല്‍കിയാലും ആ കാരുണ്യസ്രോതസ്സ് വറ്റുകയേയില്ല.
عَلِيمٌ
ഓരോരുത്തരുടെയും മനസ്സിലിരുപ്പും നിയ്യത്തുമൊക്കെ അറിയാം അവന്. അതനുസരിച്ച് വേണ്ടത് ചെയ്യുകയും ചെയ്യും.
റബ്ബിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവര്‍ വ്യത്യസ്ത തരക്കാരായിരിക്കുമല്ലോ. വളരെ കുറച്ചുമാത്രം കൊടുക്കുന്നവര്‍. ആകെ കഷ്ടപ്പാടിലായിരിക്കും, എന്നാലും പ്രതിഫലം മോഹിച്ച് ഉള്ളത് ദാനം ചെയ്യുന്നവര്‍. ആളുകളെ കാണിക്കാന്‍ വേണ്ടി, പേരെടുക്കാനോ മറ്റെന്തെങ്കിലും ഭൗതിക താല്‍പര്യങ്ങള്‍ക്കുവേണ്ടി കൊടുക്കുന്നവര്‍...
എങ്ങനെയായാലും, കൊടുക്കുന്നവരുടെ അവസ്ഥകളും സാഹചര്യങ്ങളുമൊക്കെ സ്പഷ്ടമായി അല്ലാഹുവിന് അറിയാം. അവരുടെ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ച് അവന്‍ പ്രതിഫലവും നല്‍കുകയും ചെയ്യും.
അടുത്ത ആത്ത്-262
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍, അതായത് നല്ല കാര്യങ്ങളില്‍ ചെലവഴിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇനിയുള്ള ഏതാനും ആയത്തുകളിലുള്ളത്.
വലിയ പുണ്യമുള്ള കാര്യമാണിത് എന്നതു ശരിതന്നെ. ആ പ്രതിഫലം മുഴുവനും കിട്ടണമെങ്കില്‍ ചില ഉപാധികളുണ്ട്. അതായത്, ദാനധര്‍മങ്ങളുടെ ഫലം കളയുന്ന മൂന്ന് കാര്യങ്ങളുണ്ട്. അത് മനസ്സിലാക്കി, ചെയ്യാതിരിക്കണം.
2 എണ്ണം ഈ ആയത്തിലും 3-ാമത്തേത് അടുത്ത ആയത്തിലുമുണ്ട്.
- مَنًّ ചെയ്ത ഉപകാരം എടുത്തുപറയുക. ഞാന്‍ അങ്ങനെ സഹായം ചെയ്തുതന്നില്ലേ, ഇത്ര പണം തന്നില്ലേ, ഇന്ന കാര്യം ശരിയാക്കിത്തന്നില്ലേ – ഇങ്ങനെയെല്ലാം പറയുന്ന ദുഃസ്വഭാവം. ദുരഭിമാനവും പേരെടുക്കാന്‍ ആഗ്രഹവും ഉള്ളവരാണിത് ചെയ്യുക. കിട്ടിയവരുടെ അന്തസ്സും മാനവും നഷ്ടപ്പെടുകയാകും ഫലം.
2) أذى സഹായം സ്വീകരിച്ചവനെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉപദ്രവിക്കുക. സ്വൈരം കൊടുക്കാതിരിക്കുക. ഏതെങ്കിലും നിലക്ക്-മാനസികമായോ ശാരീരികമായോ മറ്റേതെങ്കിലും രീതിയിലോ-ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക.
സഹായിച്ചതിന്‍റെ പേരില്‍, ഇങ്ങോട്ട് നന്ദി കാണിക്കാനോ കൂറ് പുലര്‍ത്തിക്കാണാനോ പ്രത്യുപകാരം ലഭിക്കാനോ മോഹിക്കുക. ഞാന്‍ സഹായിച്ചയാള്‍ എന്നോട് കടപ്പെട്ടവനാണെന്ന മോശം വിചാരം വെച്ചുപുലര്‍ത്തുക.
സഹായം വാങ്ങിയവനെ വേദനിപ്പിക്കുന്നതിനേക്കാള്‍ നല്ലത്, ഒന്നും കൊടുക്കാതെ നല്ല വാക്ക് പറഞ്ഞ് മടക്കുകയാണ്. അയാളുടെ പക്കല്‍ നിന്ന് വല്ല മര്യാദകേടും സംഭവിച്ചെങ്കില്‍ അത് മാപ്പ് ചെയ്യുകയും ചെയ്യുക.
അല്ലാഹുവിന്‍റെ വഴിയിലുള്ള ദാനധര്‍മങ്ങള്‍ക്കും ചെലവഴിക്കലുകള്‍ക്കും അവന്‍ വലിയ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്. ആ പ്രതിഫലം പാഴായിപ്പോകുമെന്ന ഭയം വേണ്ട. അങ്ങനെ ചെലവഴിച്ചതിനെക്കുറിച്ച് പിന്നീടൊരിക്കലും വ്യസനപ്പെടേണ്ടിവരികയുമില്ല.
الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ ثُمَّ لَا يُتْبِعُونَ مَا أَنْفَقُوا مَنًّا وَلَا أَذًى ۙ لَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (262)
സ്വന്തം ധനം ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുന്നവരും തുടര്‍ന്ന് ആ ഉപകാരമെടുത്തു പറയുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യാതിരിക്കുന്നവരും ആരോ, അവര്‍ക്ക് നാഥങ്കല്‍ തക്ക പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടി വരില്ല.
قَوْلٌ مَعْرُوفٌ وَمَغْفِرَةٌ خَيْرٌ مِنْ صَدَقَةٍ يَتْبَعُهَا أَذًى ۗ وَاللَّهُ غَنِيٌّ حَلِيمٌ (263)
പീഡനമുണ്ടായിക്കൊണ്ടിരിക്കുന്ന ദാനത്തെക്കാളുത്തമം നല്ലവാക്കും വിട്ടുവീഴ്ചയുമാണ്. അല്ലാഹു നിരാശ്രയനും ഏറെ സഹിഷ്ണുവുമാകുന്നു.
وَاللَّهُ غَنِيٌّ حَلِيمٌ
ദാനധര്‍മങ്ങള്‍ ചെയ്യാനുള്ള കല്‍പന മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ ഒരു പരീക്ഷണം തന്നെയാണല്ലേ. കാരണം, സമ്പത്ത് അത്രക്കിഷ്ടമാണ് എന്നതുതന്നെ. അതുകൊണ്ടുതന്നെയാണ്, ത്യാഗബോധവും അനുസരണശീലവും പരീക്ഷിച്ചറിയാന്‍, സമ്പത്ത് ചെലവ് ചെയ്യാന്‍ അല്ലാഹു പറഞ്ഞതും. അല്ലാതെ, അല്ലാഹുവിന് മനുഷ്യന്‍റെ സമ്പാദ്യം ആവശ്യമുണ്ടായിട്ടല്ല. ചെലവഴിക്കുന്നതിന്‍റെ ഗുണം അവര്‍ക്കു തന്നെയാണ്. ആയത്തിന്‍റെ അവസാനം غَنِيٌّ എന്ന് പറഞ്ഞത് അതാണ്.
ഇപ്പറഞ്ഞതൊന്നും അനസരിക്കാതെ, അല്ലാഹു നല്‍കിയ സമ്പത്ത്, അവനിഷ്ടപ്പെടുന്ന നല്ല വഴികളില്‍ ചെലവഴിക്കാന്‍ തയ്യാറാകാത്ത ധിക്കാരികളും എമ്പാടുമുണ്ട്. അഥവാ കൊടുത്താല്‍ തന്നെ, അതിന്‍റെ പേരില്‍ വാങ്ങിയവരെ ബുദ്ധിമുട്ടിക്കുന്നവരുമുണ്ട്. അവരെയൊന്നും കൈകാര്യം ചെയ്യാനോ, നിലക്ക് നിറുത്താനോ റബ്ബിന് കഴിയാഞ്ഞിട്ടല്ല. മറിച്ച്, അവന്‍ സഹിഷ്ണുവായതുകൊണ്ടാണ് പെട്ടെന്ന് നടപടിയെടുക്കാത്തത്. അങ്ങേയറ്റത്തെ ക്ഷമാശീലനായതുകൊണ്ടുമാണ്. അതാണ് حَلِيمٌഎന്ന് പറഞ്ഞിന്‍റെ ഉദ്ദേശ്യം.
അടുത്ത ആയത്ത്-264
ദാനധര്‍മങ്ങളുടെ ഫലം നഷ്ടപ്പെടുത്തുന്ന മൂന്നാമത്തെ കാര്യമാണ് ഇനി പറയുന്നത്. അതിന് നല്ലൊരു ഉദാഹരണവും പറയുന്നുണ്ട്.
- رِيَاء – മറ്റുള്ളവരെ കാണിക്കാനും, കാണണമെന്ന ഉദ്ദേശ്യത്തിലും കൊടുക്കുക. പേരിനും പെരുമെക്കും വേണ്ടി ചെലവഴിക്കുക.
ദാനധര്‍മങ്ങള്‍ക്ക് നിശ്ചയിച്ച അതിമഹത്തായ പ്രതിഫലം കിട്ടണമെങ്കില്‍, അതിന്‍റെ പിന്നില്‍ ദുരുദ്ദേശ്യങ്ങളൊന്നുമുണ്ടാകാന്‍ പാടില്ല. അങ്ങനെ ഉണ്ടായാല്‍ പ്രതിഫലം നിഷ്ഫലമായിപ്പോകുമെന്ന ഗൗരവമേറിയ താക്കീതാണ് ഈ ആയത്ത്. നേരത്തെ പറഞ്ഞ 2 കാര്യങ്ങളും ഒന്നുകൂടി ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്, ഗൌരവം സൂചിപ്പിക്കാന്‍ വേണ്ടി.
ഇങ്ങനെ ദാനധര്‍മങ്ങള്‍ ചെയ്യുന്നവരുടെ ഒരുദാഹരണവും പറയുന്നുണ്ട്:
മിനുസമുള്ള ഒരു വലിയ പാറക്കല്ല്. അതിനു മേലെ കുറേശ്ശെയായി മണ്ണടിഞ്ഞുകൂടി. ആ മണ്ണ് കണ്ടപ്പോള്‍, ഒരാള്‍ക്ക് തോന്നി, നല്ല മണ്ണ്, കൃഷിയിറക്കിയാലോ!
ആ പാറയുടെ സമതലത്തില്‍ അയാള്‍ വിത്തിട്ടു. കൃഷി ചെയ്തു. പെട്ടെന്നാണൊരു പെരുമഴ പെയ്തത്. ആ പാറക്കല്ലിന്‍റെ മുകളിലുണ്ടായിരുന്ന മണ്ണെല്ലാം കുത്തിയൊലിച്ചുപോയി. കൂടെ കൃഷിയും പോയി. ആ പാറക്കല്ല് മാത്രം പഴയതുപോലെ ബാക്കിയായി.
ചെയ്ത അധ്വാനവുമൊക്കെ പാഴായി. കൃഷിയില്‍ നിന്ന് വിളവെടുത്ത് ലാഭം നേടാമെന്ന അയാളുടെ പ്രതീക്ഷ തകിടം മറിഞ്ഞു.
ഇതായിരിക്കും ഇത്തരക്കാരുടെയും അവസ്ഥ. കൊടുത്തത് എടുത്തുപറയുന്ന, ദാനം വാങ്ങിയവനെ ഉപദ്രവിക്കുന്ന, ലോകമാന്യതക്കു വേണ്ടി കൊടുക്കുന്ന എല്ലാവരുടെയും പ്രതീക്ഷകളും ഇതുപോലെ അസ്ഥാനത്താകും, പ്രത്യേകിച്ച് പരലോകത്ത് ചെല്ലുമ്പോള്‍.
يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُمْ بِالْمَنِّ وَالْأَذَىٰ كَالَّذِي يُنْفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۖ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا ۖ لَا يَقْدِرُونَ عَلَىٰ شَيْءٍ مِمَّا كَسَبُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ(264)
സത്യവിശ്വാസികളേ, അല്ലാഹുവിലും ഖിയാമത്തിലും വിശ്വസിക്കാതെ ലോക മാന്യതക്കായി സ്വന്തം ധനം വ്യയം ചെയ്തവനെപ്പോലെ, നല്‍കിയ ദാനം എടുത്തുപറഞ്ഞും അതു സ്വീകരിച്ചവരെ ബുദ്ധിമുട്ടിച്ചും നിങ്ങള്‍ സ്വന്തം ദാനധര്‍മങ്ങള്‍ നിഷ്ഫലമാക്കിക്കളയരുത്. അവന്‍റെ ഉപമ മിനുത്ത ഒരു പാറക്കല്ലിന്‍റേതാണ്. അതിന്‍റെ ഉപരിതലത്തില്‍ മണ്ണുണ്ട്. അങ്ങനെ അതിനു പേമാരി ഏല്‍ക്കുകയും മണ്ണ് നീക്കി മിനുത്തതാക്കുകയുമുണ്ടായി. പ്രസ്തുതയാളുകള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ നിന്നു യാതൊന്നും അനുഭവിക്കുവാനാകില്ല. സത്യനിഷേധികളെ അല്ലാഹു മാര്‍ഗദര്‍ശനം ചെയ്യുന്നതല്ല.
തിരു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: മൂന്ന് വിഭാഗം ആളുകളുണ്ട്, ഖിയാമത്ത് നാളില്‍ അല്ലാഹു അവരോട് (ദേഷ്യം കാരണം) സംസാരിക്കുകയില്ല; നോക്കുകയുമില്ല; അവരെ സംസ്‌കരിക്കുകയുമില്ല. വേദനാജനകമായ ശിക്ഷയും അവര്‍ക്കുണ്ടായിരിക്കും: കൊടുത്തത് എടുത്തു പറയുന്നവന്‍, (അഹങ്കാരത്തോടെ) വസ്ത്രം നിലത്തടിക്കുന്നവന്‍, കള്ളസത്യം ചെയ്ത് ചരക്ക് വിറ്റഴിക്കുന്നവന്‍’ (മുസ്‍ലിം).
---------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment