അനുഗ്രഹങ്ങള്‍ വിസ്മരിക്കരുത്
അബൂഹുറൈറ(റ)വില്‍നിന്ന് നിവേദനം, റസൂല്‍(സ) പറഞ്ഞു: ''നിങ്ങള്‍ നിങ്ങളേക്കാള്‍ താഴ്ന്നവരിലേക്ക് നോക്കുക. നിങ്ങളേക്കാള്‍ ഉന്നതരിലേക്ക് നോക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതരുന്ന അനുഗ്രഹങ്ങളെ നിങ്ങള്‍ ചെറുതായി കാണാതിരിക്കാന്‍ അത് ഏറ്റവും നല്ലതാണ്.''(ബുഖാരി, മുസ്‌ലിം)
സൃഷ്ടിപരമായി മനുഷ്യര്‍ തുല്യരാണെങ്കിലും ഒരു സമൂഹ ജീവി എന്ന നിലക്കെടുക്കുമ്പോള്‍ വ്യക്തിപരമായും കുടുംബപരമായും വര്‍ഗപരമായും മറ്റു പല വിധേനയും അവരെ വിവിധ ചേരികളാക്കിത്തിരിക്കാന്‍ സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വര്‍ഗ വര്‍ണ ചേരിതിരിവുകളും ഭാഷ-ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള തരംതിരിവുകളുമെല്ലാം ഇത്തരം വിഭജനങ്ങള്‍ സാധ്യമാണെന്നതിനുള്ള തെളിവുകളാണ്. ഭൗതിക വൃത്തത്തില്‍ ചിന്തിക്കുമ്പോള്‍ സമ്പന്നനും ദരിദ്രനും രണ്ടു തട്ടുകളിലേക്ക് വിഭജിക്കപ്പെടും പോലെ മതകീയ വൃത്തത്തിലൂടെ ചിന്തിക്കുമ്പോള്‍ കര്‍മങ്ങളുടെ കണക്കനുസരിച്ച് ജനങ്ങള്‍ ഇതേ ചേരികളിലേക്ക് തിരിക്കപ്പെടുന്നു.
മേലുദ്ധരിക്കപ്പെട്ട തിരുവചനം വിരല്‍ചൂണ്ടുന്നത് ഭൗതികമായ ചേരികളിലേക്കാണ്.അല്ലാഹുവിന്റെ അനുഗ്രഹമൊന്നു കൊണ്ടുമാത്രം സമ്പന്നനായി ജീവിക്കുന്ന കോടീശ്വരന്റെ മണിമാളികയെ നോക്കി നെടുവീര്‍പ്പിടുവാനേ അരവയര്‍ പട്ടിണിയടക്കാന്‍ തെരുവു തോറും അലയുന്ന ഭിക്ഷുവിന് യോഗമുള്ളൂ.  ഇവിടെ മണിമാളികയുടെ മട്ടുപ്പാവില്‍ ചാരുകസേരയില്‍ ആസനസ്ഥനായ കോടിപതിക്കും തെരുവില്‍ വെയിലില്‍നിന്നും മോചനം തേടി വൃക്ഷച്ചുവട്ടില്‍ വിശ്രമിക്കുന്ന ദരിദ്ര ഭിക്ഷുവിനും താന്താങ്ങളുടേതായ വിഷമതകളും അനുഭൂതികളുമുണ്ട്. കോടീശ്വരനാഗ്രഹിക്കുന്നത് ഇനിയുമിനിയും സമ്പാദിക്കണമെന്നാണെങ്കില്‍ ദരിദ്രനായ പഥികന്റെ ഉള്ളിലെ മോഹം ഒരു ചെറ്റക്കുടിലെങ്കിലും വെച്ചുകെട്ടാന്‍ കഴിഞ്ഞെങ്കിലെന്നായിരിക്കും. എന്നാല്‍ കുബേരന്റെയും കുചേലന്റെയും സ്രഷ്ടാവായ അല്ലാഹു ഇരുവര്‍ക്കും ഒട്ടനവധി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിട്ടുണ്ടെന്നത് അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. ഇതാണ് മഹാനായ  പ്രവാചകന്‍(സ) തങ്ങളുടെ തിരുവചനത്തിന്റെ അകപ്പൊരുള്‍. അല്ലാഹു ചെയ്തു തന്ന അനുഗ്രഹങ്ങള്‍ മറക്കാതിരിക്കാനൊരു പോംവഴി നിര്‍ദ്ദേശിക്കുകയാണ് മഹാനായ റസൂല്‍ തിരുമേനി ചെയ്യുന്നത്. തങ്ങളുടെ താഴെ തട്ടിലുള്ളവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എത്രമാത്രമുണ്ടെന്നറിയുന്നവര്‍ സ്വാഭാവികമായും അല്ലാഹു തങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹ വര്‍ഷങ്ങളെക്കുറിച്ച് ബോധവാന്‍മാരായിരിക്കും. സമ്പന്നതയുടെ മടിത്തട്ടിലില്‍ വളര്‍ന്നവനും തെരുവിന്റെ കാരുണ്യം തേടിയലയുന്നവനും ഇത് സാധ്യമാണ്.
തന്നേക്കാള്‍ സമ്പത്ത് കുറഞ്ഞവനെക്കുറിച്ച് ചിന്തിക്കുമ്പോഴും ശരാശരി നിലവാരത്തില്‍ ജീവിക്കുന്ന തന്റെ അയല്‍വീട്ടുകാരന്റെ കഷ്ടതകളറിയുമ്പോഴും ധനികന് തനിക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചുള്ള ബോധം മനസ്സിലുദിക്കുന്നു. ഇതു തന്നെയാണ് ദരിദ്രരായ ഭിക്ഷാംദേഹികളുടെയും അവസ്ഥ. അന്ധനും മുടന്തനുമായ ഒരു യാചകനെ കാണുമ്പോള്‍ ശരീരവൈകല്യങ്ങളില്ലാത്ത ഒരു യാചകന് തനിക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചറിയാന്‍ വഴിയൊരുങ്ങിയേക്കും. ഇതിന്റെ വിപരീത ദിശയിലൂടെ ചിന്തിക്കുമ്പോള്‍ നേര്‍വിപരീതമായൊരു ഫലമാണവിടെ തെളിഞ്ഞുകാണുക. തന്നേക്കാള്‍ മേല്‍തട്ടിലിരിക്കുന്ന ഒരു വ്യക്തിയെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അല്ലാഹു തനിക്കൊന്നും ചെയ്തില്ലെന്ന ഒരു മിഥ്യാബോധമാണ് മനസ്സിലുദിക്കുക. എന്നാല്‍ തനിക്കു നല്‍കപ്പെട്ട പലതും ആ ധനികന് ലഭിക്കാതെ പോയിട്ടുണ്ടല്ലോ എന്നൊരു മറുചിന്ത അവന്റെ മനസ്സില്‍ രൂപംകൊള്ളുക വളരെ അപൂര്‍വ്വമായിരിക്കും. ഉന്നതങ്ങളിലേക്കുള്ള ആഗ്രഹങ്ങള്‍ മനുഷ്യനെ അസൂയാലുവാക്കിത്തീര്‍ക്കുന്നുവെന്നത് മറ്റൊരു വസ്തുതയാണ്.
ഇതേ ആശയങ്ങള്‍ കുറിക്കുന്ന മറ്റൊരു തിരുവചനം കാണുക: നബി(സ) പറഞ്ഞു:''നിങ്ങള്‍ ധനാഢ്യരെ സമീപിക്കുന്നത് കുറക്കുക. കാരണം, അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ നിസ്സാരമാക്കാതിരിക്കാന്‍ ഏറ്റവും യോജിച്ച ഒരു നടപടിയാണ്.'' ആരാധനാ കര്‍മ്മങ്ങള്‍ പോലുള്ള മതകീയ കാര്യങ്ങളിലും ഈ വസ്തുത പ്രായോഗികമാണ്. ഇവിടെ ഇതിന്റെ ഫലം നേര്‍വിപരീതമായിരിക്കുമെന്നു മാത്രം. മതകാര്യങ്ങളില്‍ ഉന്നതങ്ങള്‍ കൈവരിച്ച ഒരാളെക്കുറിച്ച് ഒരുവന്‍ ചിന്തിച്ചാല്‍ അവന് തന്റെ ന്യൂനതകള്‍ വ്യക്തമാകുകയും അതവന് സുകൃതങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രേരണയാകുകയും ചെയ്യും. ഇബ്‌നു ബഥാന്‍(റ) പറഞ്ഞു: ''ഈ ഹദീസ് നന്‍മയെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു.
കാരണം, ഒരു മനുഷ്യന്റെ മതകീയമായ ആരാധനാമുറകളില്‍ തന്നേക്കാള്‍ മുന്‍പന്തിയിലുള്ള ഒരാളെ കണ്ടാലേ ആ രംഗത്ത് കൂടുതല്‍ പരിശ്രമിയാകുകയുള്ളൂ. അപ്പോള്‍ റബ്ബിലേക്കടുപ്പിക്കുന്ന കാര്യങ്ങള്‍ അധികരിപ്പിക്കുന്നതില്‍ വ്യാപൃതനാവാന്‍ അവന്‍  ശ്രമം നടത്തും. അപ്രകാരം തന്നെ, ഭൗതിക കാര്യങ്ങളില്‍ തന്റെ താഴേക്കിടയിലുള്ളവനെ കണ്ടാലേ തന്നെക്കുറിച്ച യഥാര്‍ത്ഥ അവബോധം  അവനുണ്ടാകൂ. അങ്ങനെ, സ്രഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാന്‍ അവന്‍ തയ്യാറാവുകയും ചെയ്യും.'' ചുരുക്കത്തില്‍, ഈ ഹദീസ് നിര്‍ദ്ദേശിക്കുന്നത് ഒറ്റമൂലിയാണ്. ഒരാള്‍ തന്നേക്കാള്‍ ഉന്നതനെ കാണുന്ന അവസരത്തില്‍ അവനിലുദിക്കുന്ന അസൂയയുടെ ചികിത്‌സയാണ് തന്നെക്കാള്‍ അധഃസ്ഥിതരിലേക്ക് കണ്ണയക്കുമ്പോള്‍ ലഭിക്കുന്നത്. അല്ലാഹു കാരുണ്യവാനും സൃഷ്ടികളില്‍ അവനുദ്ദേശിക്കുന്നവര്‍ക്ക് ഉദ്ദേശിക്കുന്നത്ര അനുഗ്രഹങ്ങള്‍ ചൊരിയുന്നവനും ആണെന്ന ഒരു ബോധം മനസ്സില്‍ സൂക്ഷിക്കുന്ന ഒരുത്തനും സ്രഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ വിസ്മരിക്കാന്‍ സാധിക്കില്ല.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter