ഖത്തര്‍: കാരുണ്യത്തിന്റെ തുള്ളികള്‍
അറേബ്യന്‍ ഗള്‍ഫിലെ ഒന്നാം നമ്പര്‍ സമ്പന്ന രാഷ്ട്രമാണ് ഖത്തര്‍. ശിലായുഗത്തിനു മുമ്പുതന്നെ ഈ മണല്‍ക്കാട്ടില്‍ മനുഷ്യര്‍ പാര്‍പാരംഭിച്ചതായി ചരിത്രമുണ്ട്. ''അലാഉബ്‌നു ഹള്‌റമി(റ)'' വഴിക്കാണ് ഇവിടെ ഇസ്‌ലാമിന്റെ അരുണോദയം സംഭവിച്ചത്.
''മുന്‍ദിര്‍ ബിന്‍ സാവ'' എന്ന അഗ്നിയാരാധകനായ ബഹറൈന്‍ രാജാവ് ഇസ്‌ലാം സ്വീകരിച്ചതോടെയാണ് ഖത്തറിലും ഇസ്‌ലാമിന്റെ പ്രചരണം വിപുലപ്പെട്ടത്. മാറിമാറി വന്ന വൈദേശികാധിനിവേശം ഈ ഈത്തപ്പനയുടെ നാട്ടിന്റെ നട്ടെല്ലൊടിച്ചു. 18ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ''അല്‍താനി'' കുടുംബത്തിന്റെ കൈയില്‍ ഭരണമെത്തി. സഊദിയിലെ ഹിജാസാണ് ഇവരുടെ വേരുകള്‍. 1916ലെ ഒന്നാം ലോക യുദ്ധ കാലത്ത് ബ്രിട്ടനും ഖത്തറും ഒപ്പുവച്ച ഉടമ്പടി പ്രകാരം ബ്രിട്ടന്റെ സംരക്ഷണത്തിലായിരുന്നു ഖത്തര്‍. 1971ല്‍ ഖത്തര്‍ സ്വതന്ത്രമായി. 11437 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്യതിയുള്ള ഈ നാടിന്റെ അധിക ഭാഗവും വിജനമാണ്. പരന്നുകിടക്കുന്ന മരുഭൂമി. ചെങ്കുത്തായ പാറക്കെട്ടുകള്‍. 2010ലെ കാനേഷുമാരി പ്രകാരം 18,53,563 ആണ് ജനസംഖ്യ. ഖത്തര്‍ റിയാല്‍ നാണയം. 1971ല്‍ തന്നെ ഐക്യരാഷ്ട്ര സഭയില്‍ അംഗത്വമായി. തുടര്‍ന്നു നിരവധി അന്താരാഷ്ട്ര സമിതികളില്‍ അംഗത്വം നേടി. ഒട്ടേറെ അന്താരാഷ്ട്ര വേദികള്‍ക്ക് ഖത്തര്‍ ആതിഥ്യമരുളി. ശൈഖ് ഹമദ്ബിന്‍ ഖലീഫ അല്‍താനിയാണിപ്പോഴത്തെ ഭരണാധികാരി. ഖത്തറില്‍ വലിയതോതില്‍ എണ്ണ സമ്പത്തുണ്ട്. ഈ മഹാ അനുഗ്രഹം രാഷ്ട്രത്തിന്റെ വന്‍ മുന്നേറ്റത്തിനും പൗരന്മാരുടെ സൗകര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതില്‍ ഭരണകൂടം വലിയ വിജയം വരിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ചികിത്സ പൂര്‍ണമായും സൗജന്യമാണ്. വിദ്യാഭ്യാസത്തിന് മികച്ച പരിഗണന നല്‍കുന്നു. അന്താരാഷ്ട്ര പ്രശസ്ത യുനിവേഴ്‌സിറ്റികള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വൈദ്യ ശുശ്രൂഷ ലഭിക്കുന്ന വിധമുള്ള ആധുനിക ചികിത്സാ കേന്ദ്രത്തിന്റെ നിര്‍മാണങ്ങള്‍ പുരോഗമിച്ചുവരികയാണ്.
സ്വദേശി-വിദേശി വ്യത്യാസമില്ലാതെ ചികിത്സാ സൗകര്യം തികച്ചും സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്നു. അറബിയാണ് ഭാഷ. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളും സംസാരിക്കുന്നു. ശരീഅത്ത് അടിസ്ഥാനപ്പെടുത്തിയ ഭരണഘടനയാണ് നിലവിലുള്ളത്. 90 ശതമാനം മുസ്‌ലിംകളാണ്. തൊട്ടടുത്ത് ക്രിസ്ത്യാനികളും മറ്റുള്ളവരും ഉണ്ട്. 1970ല്‍ ഒരു അറബി പത്രം പ്രസിദ്ധീകരിച്ചു തുടങ്ങി. ഇപ്പോള്‍ നിരവധി മാധ്യമങ്ങള്‍ പുറത്തിറങ്ങുന്നു. സര്‍ക്കാര്‍ ടി.വിക്ക് പുറമെ 'അല്‍ജസീറ ടി.വിയുടെ ആസ്ഥാനവും ഖത്തറിലാണ്. യു.എസിന്റെ പെന്റഗണ്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സൈനികാസ്ഥാനം ഖത്തറിലാണ്. ഗള്‍ഫ് യുദ്ധം വഴിത്തിരിവായത് ഖത്തറില്‍നിന്ന് സംഖ്യകക്ഷികള്‍ക്ക് സൈനിക ഓപ്പറേഷന്‍ നടത്താന്‍ സൗകര്യം ലഭിച്ചതുകൊണ്ടു കൂടിയായിരുന്നുവല്ലോ.
നാലു മലയാള പത്രങ്ങള്‍ക്ക് ഖത്തറില്‍ എഡിഷനുകള്‍ ഉണ്ട്. ചന്ദ്രിക, മാധ്യമം, വര്‍ത്തമാനം, തേജസ് എന്നിവയാണത്. മികച്ച മലയാളി വായനക്കാര്‍ ഉള്ള ചന്ദ്രിക കേരളീയരുടെയും ലോകത്തിന്റെയും ചലനങ്ങള്‍ അടയാളപ്പെടുത്തി സമൂഹത്തില്‍ ചര്‍ച്ചയ്ക്ക് ഇടം നേടിയിട്ടുണ്ട്. കെ.എം.സി.സി ഖത്തറിലെ ശ്രദ്ധേയ സംഘടനയാണ്. പ്രവാസി ക്ഷേമ പ്രവര്‍ത്തനത്തില്‍ ഒന്നാം സ്ഥാനം തന്നെ അവര്‍ നേടിയിരിക്കുന്നു. 10 ഖത്തര്‍ റിയാല്‍ അടച്ച് അംഗത്വമെടുക്കുന്ന ഏതൊരു പ്രവാസിയും മരണപ്പെട്ടാല്‍ ആറു ലക്ഷം ഇന്ത്യന്‍ രൂപ നല്‍കുന്ന മഹത്തായ കര്‍മപദ്ധതി അവര്‍ വിജയകരമായി നടപ്പിലാക്കിവരുന്നു. ഏകദേശം പതിമുവ്വായിരത്തിലധികം അംഗബലമുള്ള സംഘടനയ്ക്ക് ദോഹയില്‍ ആധുനിക സൗകര്യങ്ങള്‍ ഉള്ള ഓഫീസ് പ്രവര്‍ത്തിക്കുന്നു. മലപ്പുറത്ത് നടപ്പിലാക്കിയ ''ബൈത്തുര്‍റഹ്മ'' പദ്ധതി പോലെ ഏറെ ശ്രദ്ധേയമായ പദ്ധതിയാണ് ഈ പ്രവാസി ക്ഷേമ പദ്ധതി. പി.എച്ച്.എസ് തങ്ങളാണിപ്പോഴെത്തെ അധ്യക്ഷന്‍. പതിറ്റാണ്ടുകളായി ഖത്തറിലെ ജീവകാരുണ്യ സേവന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ ജനകീയനായ നായകന്‍.
കേരളത്തിലെ എല്ലാ മത സംഘടനകള്‍ക്കും ഖത്തറില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. ചിലര്‍ക്കെല്ലാം മദ്‌റസകളും ഉണ്ട്. ഇന്ത്യന്‍ സമൂഹത്തിനു നിരവധി മികച്ച സ്‌കൂളുകള്‍ സ്വന്തമായി ഉണ്ട്. സി.കെ.മേനോന്‍ നടത്തുന്ന ഭവന്‍സ് സ്‌കൂളില്‍ സമസ്തയുടെ രണ്ട് മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നു. ക്ലാസ് മുറികളും മറ്റ് സൗകര്യങ്ങളും സൗജന്യമായി മിസ്റ്റര്‍ മേനോന്‍ അനുവദിച്ചിട്ടുണ്ട്. ഇദ്ദേഹമാണ് വടക്കെ മലബാറില്‍ നാദാപുരത്തിനടുത്ത് സ്വന്തമായി പള്ളി നിര്‍മിച്ച് മത സൗഹാര്‍ദത്തിന്റെ മാതൃക ഉണ്ടാക്കിയ വ്യക്തിത്വം.
കേരള ഇസ്‌ലാമിക് സെന്റര്‍ - ഖത്തറിലെ കേരളീയ സുന്നികളുടെ ഔദ്യോഗിക കേന്ദ്രം, ദോഹ ജദീദില് ആസ്ഥാനം, കീഴില്‍ ദോഹ ജദീദ്, വക്‌റ, മത്വാര് ഖദീം, മദീന ഖലീഫ എന്നിവിടങ്ങളിലായി നാല് മദ്‌റസകള്‍, 500ലേറെ വിദ്യാര്‍ത്ഥികള്‍, 26 സ്റ്റാഫ്. പൊതുജനങ്ങള്‍ക്കായി വെള്ളിയാഴ്ച രാവുകളില്‍ ആത്മീയ സദസ്സും (സലാത്ത്) വെള്ളിയാഴ്ച ബ്രഹത്തായ ഖുര്‍ആന്‍ ക്ലാസും സ്ഥിരമായി നടത്തപ്പെടുന്നു. പ്രഗല്‍ഭ വാഗ്മികള്‍ നടത്തുന്ന ഈ ക്ലാസുകള്‍ ഖത്തറിലെ പ്രവാസി മുസ്‌ലിം സുഹ്യത്തുക്കള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. നാട്ടില്‍നിന്നു സന്ദര്‍ശനാര്‍ത്ഥം ഇവിടെ എത്തുന്ന പണ്ഡിതന്മാര്‍ ഈ ക്ലാസുകളില്‍ സ്ഥിരമായി സംബന്ധിക്കാറുണ്ട്.
കൂടാതെ, സമൂഹ നോമ്പ് തുറ, ഖത്തര്‍ ദേശീയ ദിനം, മീലാദ് ഫെസ്റ്റ് തുടങ്ങിയ അവസരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. 5000ത്തോളം ആളുകള്‍ അത്തരം സംഗമങ്ങളില്‍ പങ്കെടുക്കാറുണ്ട്.
ഖത്തറില്‍ സേവനം ചെയ്യുന്ന കേരളത്തിലെ വിവിധ മതകലാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മ; അസോസിയേഷന്‍ ഓഫ് ലോയല്‍ ഇസ്‌ലാമിക് ഫ്രന്‍സ്. ഒദ്യോഗിക രൂപീകരണം നടന്നിട്ട് ഒരു വര്‍ഷം. എല്ലാ മാസവും യോഗം ചേര്‍ന്ന് കൂട്ടത്തിലെ ആരെങ്കിലും പ്രത്യേക വിഷയങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ച നടത്തുന്നു. അംഗങ്ങളുടെ ഭൗതിക, വൈജ്ഞാനിക, ബൗദ്ധിക പുരോഗതിയാണ് പ്രധാന ലക്ഷ്യം. കൂട്ടായ്മയിലൂടെ ഇസ്‌ലാമിക് സെന്ററിനും സമൂഹത്തിനും സാധ്യമാവുന്ന സേവന സഹകരണങ്ങള്‍ നല്‍കുക എന്നതും ലക്ഷ്യമാണ്.
എസ്.കെ.എസ്.എസ്.എഫ് സജീവമായി പ്രവര്‍ത്തന രംഗത്ത് അവിടെയുണ്ട്. ഈയിടെ കാളമ്പാടി ഉസ്താദ് അനുസ്മണവും മനുഷ്യജാലികയും അതിവിപുലമായി നടത്തി. മെംബര്‍ഷിപ്പ് കാമ്പയിന്‍ നടത്തി കഴിയുന്നത്ര മെംബര്‍മാരെ ചേര്‍ത്ത് സംഘടന ശക്തിപ്പെടുത്തുന്നുണ്ട്.
കേരളത്തിലെ വിശിഷ്യാ മലബാറിലെ നിരവധി മഹല്ലുകളിലെയും നിവാസികളുടെ കൂട്ടായ്മയും പ്രവര്‍ത്തനവും നടന്നുവരുന്നു. ഒരു പഞ്ചായത്തിലെ വിവിധ മഹല്ലുകളുടെ കൂട്ടായ്മകളും സജീവമായി പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ മുഴുവന്‍ മഹല്ലുകളുടെയും ദീനീ ചലനങ്ങള്‍ നിരീക്ഷിക്കാനും അവയെയെല്ലാം മാത്യകാ മഹല്ലുകളാക്കി മാറ്റാനുമായി നാട്ടില്‍ ഫുള്‍ടൈം കോഡിനേറ്ററെ നിയമിച്ചു ശമ്പളം നല്‍കിപ്പോരുന്നവ വരെ ഇത്തരം കൂട്ടായ്മകളിലുണ്ട്.
കേരള ഇസ്‌ലാമിക് സെന്റര്‍ പലതവണ ക്ഷണിച്ചെങ്കിലും എനിക്കത് സ്വീകരിക്കാന്‍ സാധ്യമായിരുന്നില്ല. 1993കളില്‍ സംസ്ഥാന സുന്നി യുവജനസംഘം സെക്രട്ടറിമാരില്‍ ഒരാളായി പ്രവര്‍ത്തിച്ചിരുന്ന എടക്കഴിയൂര്‍ സ്വദേശി എന്റെ ബഹുമാന്യ സഹപ്രവര്‍ത്തകന്‍ അബൂബക്കര്‍ അല്‍ ഖാസിമിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ നബിദിന പരിപാടികളില്‍ സംമ്പന്ധിക്കുന്നതിന് 2013 ഫെബ്രുവരി 14ന് ഞാന്‍ മൂന്ന് ദിവസത്തെ അവധി വാങ്ങി ഖത്തറിലെത്തി. ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഖത്തറിലെ സുന്നി നേത്യത്വം ഖാസിമിയുടെ നായകത്വത്തില്‍ വമ്പിച്ച വികാസം പ്രാപിക്കുകയാണ്. ഹാഫിളും മികച്ച സംഘാടകനും വിദ്യാസമ്പന്നനുമായ ഇസ്മാഈല്‍ ഹുദവിയാണിപ്പോഴത്തെ മുഖ്യ കാര്യദര്‍ശി. പ്രതിഭാധനന്മാരായ മുഹമ്മദലി ഖാസിമി, ഇഖ്ബാല്‍ സാഹിബ്, കൊളത്തൂര്‍ ഉസ്താദ്, മുനീര്‍ ഹുദവി, മജീദ് ഹുദവി, കെ.ബി.കെ. അസീസ് മൗലവി, ഫൈസി, ദാരിമി തുടങ്ങിയവരുടെ നേത്യത്വവും ഹസ്സന്‍ ഹാജി, മുഹമ്മദലി ഹാജി, മൊയ്തീന്‍കുട്ടി വയനാട്, സൈനുല്‍ ആബിദീന്‍ മമ്മു, ലത്വീഫ്, ഹബീബ് സാഹിബ് തുടങ്ങിയ ഉമറാക്കളും അനേകായിരം നിസ്വാര്‍ത്ഥ പ്രവര്‍ത്തകരും പണ്ഡിതരും ഒരു മെയ്യ് പോലെ.
ഒരുമ തീര്‍ത്ത സംഘബോധത്തിന്റെ ഗുണഫലങ്ങള്‍. 15.02.2013ന് വെള്ളിയാഴ്ച ഇന്ത്യന്‍ കള്‍ച്ചര്‍ സെന്റര്‍ ഹാളില്‍ മദ്‌റസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടി ഏകദേശം എട്ടര മണിക്കൂര്‍ നീണ്ടു നിന്നു. എംബസിയിലെ പ്രധാന ഉദ്യാഗസ്ഥന്‍ ശശികുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഉസ്താദുമാരുടെ കഠിനാധ്വാനം, ഭാവനാ കമ്മിറ്റിയുടെ സമര്‍പ്പണം, രക്ഷിതാക്കളുടെ പിന്തുണ ഇതൊക്കെ ഒത്തുവന്നപ്പോള്‍ ഫെസ്റ്റിവല്‍ ഒരു ചരിത്രസംഭവമായി. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാഡമി അഡ്മിനിസ്‌ട്രേറ്റര്‍ ഇബ്രാഹീം ഫൈസി പെരാല്‍, ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ ഫൈസി തുടങ്ങിയ പ്രമുഖ വ്യക്തികള്‍ സമ്മേളനത്തിലെ പ്രഭാഷകരായി. പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ അകളങ്ക സ്‌നേഹവും, സേവനവും വേണ്ടതിലധികം അനുഭവിച്ചു. താമസം, ഭക്ഷണം, യാത്ര സൗകര്യങ്ങളെല്ലാം അര്‍ഹതപ്പെട്ടതിന്റെയും എത്രയോ അധികം ലഭ്യമാക്കി. എല്ലാവര്‍ക്കും അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ!
കേവലം മൂന്ന് നാള്‍ ഒരു രാഷ്ട്രത്തിന്റെ മുക്ക് മൂലകളില്‍ പാര്‍ക്കുന്ന മലയാളി മുസ്‌ലിം സമൂഹത്തിലെ ചെറുശതമാനവുമായി ബന്ധപ്പെടാനേ കഴിയൂ. എങ്കിലും പ്രാസ്ഥാനിക നേതാക്കളുടെ കൃത്യനിഷ്ടയും, 'ടൈം മാനേജ്‌മെന്റും'' കാരണം സമയം ഒട്ടും പാഴായില്ല. ദോഹയിലെ ഖുര്‍ആന്‍ മ്യൂസിയം പതിനാല് നൂറ്റാണ്ടുകള്‍ തീര്‍ത്ത ചരിത്രങ്ങളുടെ അടയാളമായി അത്ഭുതമായി നിലകൊള്ളുന്നു.
ദശലക്ഷക്കണക്കായ ഡോളര്‍ ചെലവില്‍ നിര്‍മിച്ച ഈ സാംസ്‌കാരിക സമുഛയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വിവിധകാലങ്ങളില്‍, നാടുകളില്‍ എഴുതപ്പെട്ട ഖുര്‍ആന്‍ പതിപ്പുകള്‍, ഉപകരണങ്ങള്‍, നാണയങ്ങള്‍, നിര്‍മാണ വൈഭവത്തിന്റെയും സൂക്ഷ്മതയുടെയും സാക്ഷ്യങ്ങള്‍ കഠിനാധ്വാനത്തിന്റെ കഥകള്‍ പേറി അതിമനോഹര ഇരിപ്പിടങ്ങളില്‍ നമ്മുടെ ചിന്തകള്‍ക്ക് ചിറക് മുളപ്പിച്ചവിടെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു.
ദോഹയിലെ രാജവീതഥികളും ആധുനിക ഷോപ്പിംഗ് മാളുകളും, പരവതാനികളും വൈവിദ്ധ്യ നിറത്തിലുള്ള പൂന്തോട്ടങ്ങളും കണ്ണില്‍ കൗതുകവും മനസ്സില്‍ ആനന്ദവും വളര്‍ത്തുമ്പോള്‍ മ്യൂസിയം ബുദ്ധിയെയും വിചാരത്തെയും ത്രിസിപ്പിക്കുകയാണ് ചെയ്യുന്നത്.
പള്ളികള്‍ ഏറെ സൗകര്യങ്ങളൊരുക്കിയിരിക്കുന്നു. നിസ്‌കാരങ്ങള്‍ക്ക് നിറയെ സ്വദേശി, വിദേശി സാന്നിദ്ധ്യം. വീടുകളിലൊരുക്കിയ പ്രൗഢമായ സല്‍ക്കാരങ്ങള്‍, മൗലീദ് സദസ്സ്, പ്രാര്‍ത്ഥനായോഗം, മതപഠനക്ലാസ് എല്ലാറ്റിലും പങ്കെടുക്കാനായി. എല്ലാവര്‍ക്കും നന്ദി.
Leave A Comment