ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ ആശങ്കപങ്കുവെച്ച് ഒരു സുന്നഹദോസ്

(റോയിട്ടേര്‍സിന്റെ മതകാര്യ വാര്‍ത്താ എഡിറ്റര്‍ ടോം ഹെനേഗന്‍, റോമില്‍ കഴിഞ്ഞ വാരത്തില്‍ നടന്ന ക്രിസ്ത്യന്‍ സുന്നഹദോസിനെ വിലയിരുത്തി abs-cbnnews.com ല്‍ എഴുതിയ പോസ്റ്റ്)    റോയിട്ടേര്‍സിന്റെ മതകീയ വാര്‍ത്തകളുടെ എഡിറ്ററാണ് ടോം     വിവര്‍ത്തനം - 

ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിന് മുമ്പില്‍ എന്ത് ചെയ്യണമെന്നറിയാതെ റോമില്‍ സമ്മേളിച്ച ക്രിസ്ത്യന്‍ പാതിരിമാരുടെ സുന്നഹദോസ് പിരിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 262 ബിഷപ്പുമാര്‍ ചേര്‍ന്ന സുന്നഹദോസിലാണ്, യൂറോപ്പില്‍ ചര്‍ച്ചിന്റെ സ്വാധീനം ദൈനംദിനം കുറഞ്ഞുവരുന്നതും തല്‍സ്ഥാനത്ത് ഇസ്‌ലാം വളര്‍ന്നുവരുന്നതും ആശങ്കയോടെ വിലയിരുത്തിയത്. ഇതിന് എങ്ങനെ തടയിടാമെന്ന് തലപുകഞ്ഞാലോചിച്ച്, മൂന്നാഴ്ച നീണ്ടുനിന്ന സുന്നഹദോസ് കഴിഞ്ഞയാഴ്ച അവസാനത്തോടെ റോമില്‍ തിരശ്ശീല വീണപ്പോഴും കൃത്യമായ പരിഹാരം കാണാനായിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകം ക്ഷണിക്കപ്പെട്ട 262 ബിഷപ്പുമാര്‍ മാത്രം പങ്കെടുത്ത യോഗത്തിലെ, പ്രധാന ചര്‍ച്ചാ വിഷയം ഇസ്‌ലാമിന്റെ വളര്‍ച്ചയായിരുന്നെന്ന്, സുന്നഹദോസില്‍ പങ്കെടുത്ത, അള്‍ജീരിയയില്‍നിന്നുള്ള കോണ്‍സ്റ്റന്റൈനിലെ ബിഷപ്പ് പോള്‍ ഡെസ്ഫാര്‍ജസ് റോമിലെ പത്രപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയതിങ്ങനെയായിരുന്നു, ഇസ്‌ലാമിന്റെ വളര്‍ച്ച യൂറോപ്പിനെ ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 2 ബില്യണ്‍ അനുയായികളുള്ള മതമാണ് ക്രിസ്ത്യാനിസം, അതില്‍ പകുതിയും കതോലിക്കുകളാണ്. എന്നാല്‍ 1.3 ബില്യണ്‍ മാത്രമാണ് മുസ്‌ലിം ജനസംഖ്യ, അതില്‍ അഞ്ചില്‍ നാല് ഭാഗവും അറബ് രാജ്യങ്ങള്‍ക്ക് പുറത്തുള്ളവരും. മുസ്‌ലിംകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കയാണ്, അതേ സമയം ക്രിസ്ത്യാനികളുടെ എണ്ണം യൂറോപ്പില്‍ ദൈനംദിനം കുറയുകയും ചെയ്യുന്നു.”

സുന്നഹദോസില്‍ പങ്കെടുത്ത സിഡ്നി കര്‍ദ്ദിനാള്‍ ജ്യോര്‍ജ് പെല്ലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, “പാശ്ചാത്യലോകത്തെ ഇസ്‌ലാമിന്റെ സാന്നിധ്യത്തെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ച് കൂടുതല്‍ ഗഹനമായ പഠനങ്ങളും അവലോകനവും നടക്കേണ്ടിയിരിക്കുന്നു.”

രാഷ്ട്രീയ ശാക്തീകരണം

അറബ് വസന്തത്തെ തുടര്‍ന്ന് പലയിടങ്ങളിലും ഇസ്‌ലാമിക ശക്തികളാണ് അധികാരത്തിലെത്തിയതെന്നും അതോടെ അവിടങ്ങളിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കാകുലരാണെന്നും സുന്നഹദോസ് വിലയിരുത്തി. ജനസംഖ്യയുടെ പത്ത് ശതാനം വരുന്ന ഈജിപ്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആശങ്കകള്‍ ബോധ്യപ്പെടുത്താന്‍, അസ്യൂത് കോപ്റ്റിക്ബിഷപ് കിറിലോസ് വില്യം ഒരു പെയ്ന്റിംഗ് തന്നെ വരച്ച് അവതരിപ്പിച്ചു. മുസ്‌ലിം ബ്രദര്‍ഹുഡ് അധികാരത്തിലെത്തിയ ശേഷം ഓരോദിവസവും രാഷ്ട്രത്തെ ഇസ്‌ലാമികവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഈജിപ്തില്‍ നടക്കുന്നതെന്നും ക്രിസ്തീയര്‍ രണ്ടാം കിട പൌരന്മാരായാണ് ഇന്ന് ഈജിപ്തില്‍ പരിഗണിക്കപ്പെടുന്നതെന്നും അവരുടെ പല അവകാശങ്ങളും നിഷേധിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഈജിപ്തില്‍ ക്രിസ്തീയര്‍ അനവധി വിദ്യാലയങ്ങളും ആശുപത്രികളും നടത്തി സമൂഹത്തില്‍ അര്‍ഹമായതിലേറെ പ്രാധാന്യം നേടുന്നുണ്ടെന്ന് ഇയ്യിടെ ഒരു ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതിനെയും അദ്ദേഹം വിമര്‍ശിച്ചു, പലരും ക്രിസ്തീയരോട് ഈജിപ്ത് വിട്ട് പോവാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ ഈജിപ്ത് ഞങ്ങളുടെ രാഷ്ട്രമാണെന്നാണ് അവരോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സ്ഥിതിയും ഏറെ ആശങ്കാകരമാണെന്ന് ടോഗോ ബിഷപ് നികോഡീം ബെനിസണ്‍ അഭിപ്രായപ്പെട്ടു. പരമ്പരാഗത വിശ്വാസങ്ങളില്‍നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്ന ആഫ്രിക്കരെ തങ്ങളുടെ മതത്തിലേക്ക് ചേര്‍ക്കാന്‍ ക്രിസ്ത്രീയരും മുസ്‌ലിംകളും മല്‍സരിക്കുകയാണ് അവിടെ. എന്നാല്‍, കനത്ത തിരിച്ചടിയാണ് അവിടെ ക്രിസ്ത്യാനിസത്തിന് ഏറ്റുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിനോടൊപ്പം മതമൌലികവാദവും അവിടെ അതിവേഗം പ്രചാരം നേടുകയാണ്, ഇത് ചര്‍ച്ചിനെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഒരൊറ്റദിവസം കൊണ്ട് തന്നെ പലരും ഇസ്‌ലാം ആശ്ലേഷിക്കുന്നുണ്ട്, അവരിലാരും തന്നെ പിന്നീട് തിരിച്ചുവരാനോ മാറിചിന്തിക്കാനോ തയ്യാറുമല്ല.  അതേസമയം, ഒരാള്‍ ക്രിസ്ത്യാനിസം സ്വീകരിക്കണമെങ്കില്‍ പലപ്പോഴും മൂന്ന് വര്‍ഷം വരെ അവര്‍ക്ക് പിന്നാലെ പ്രവര്‍ത്തിക്കേണ്ടി വരുന്നു, എന്നാല്‍ ഏത് സമയവും അവര്‍ തിരിച്ചുപോവാനോ മതം മാറാനോ സാധ്യതകള്‍ ഏറെയാണ് താനും.

ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങളായ, ഏകദൈവവിശ്വാസവും മുഹമ്മദിന്റെ പ്രവാചകത്വവും മനസ്സിലാക്കാന്‍ ഏറെ സരളമാണെന്നതാണ് ഇസ്‌ലാമിന്റെ പ്രധാന ആകര്‍ഷണമെന്ന് ഡമസ്കസ് ബിഷപ് പാട്രിയാര്‍ക് ലഹാം അഭിപ്രായപ്പെട്ടു. അതേ സമയം, നമ്മുടെ അടിസ്ഥാന വിശ്വാസമായ ത്രിയേകത്വം ഏറെ സങ്കീര്‍ണ്ണവും മനസ്സിലാക്കിക്കൊടുക്കാന്‍ ഏറെ പ്രയാസവുമാണ്.

മതപരിവര്‍ത്തനം നിയമവിരുദ്ധം

ഇസ്‌ലാമില്‍നിന്ന് ഇതര മതങ്ങളിലേക്ക് പോകുന്നത് പല മുസ്‌ലിം രാഷ്ട്രങ്ങളിലും നിയമവിരുദ്ധമാണെന്നും അതിനാല്‍ അവിടങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും പല ബിഷപ്പുമാരും ഊന്നിപ്പറഞ്ഞു. പലയിടങ്ങളിലും രഹസ്യമായി മാത്രമേ മതപരിവര്‍ത്തനം സാധ്യമാവൂ. അള്‍ജീരിയയിലെയും ലബനാനിലെയും ചില മുസ്‌ലിംകള്‍ ഇതിനകം അതിരഹസ്യായി ക്രിസ്ത്യാനിസം സ്വീകരിച്ചിട്ടുണ്ടെന്ന് അവിടങ്ങളിലെ ബിഷപ്പുമാര്‍ വെളിപ്പെടുത്തി. ആശുപത്രികളും വിദ്യാലയങ്ങളും സംപ്രേഷണ മാധ്യമങ്ങളുമടങ്ങുന്ന മിഷണനറി നെറ്റ് വര്‍കിലൂടെയാണ് അവിടങ്ങളില്‍ പലപ്പോഴും മതപ്രചാരണം സാധ്യമാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നിടത്തൊക്കെ, അവ പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുണ്ടെന്നും സൌഹൃദവേദികളില്‍ നമ്മുടെ വിശ്വാസകാര്യങ്ങളെ പരിചയപ്പെടുത്താന്‍ അവസരം ലഭിക്കുന്നുണ്ടെന്നും അത്തരം മേഖലകളിലെ ബിഷപ്പുമാര്‍ സന്തോഷമറിയിച്ചു.

വാര്‍ത്താമാധ്യമങ്ങളില്‍ പലപ്പോഴും നാം കാണുന്നതിന് വിരുദ്ധമായി നൈജീരിയയിലെ ക്രിസ്ത്യാനികള്‍ സുരക്ഷിതരാണെന്നും അവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് അവിടത്തെ ഭൂരിപക്ഷമുസ്‌ലിംകളെന്നും അബുജാ ബിഷപ്പ് ജോണ്‍ ഒനയ്യെകാന്‍ വെളിപ്പെടുത്തി.

വത്തിക്കാന്‍ കൌണ്‍സില്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് തലവന്‍ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ നടത്തിയ, യൂറോപ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായി മാറാന്‍ പോകുകയാണെന്ന് കാണിക്കുന്ന വീഡിയോ പ്രദര്‍ശനത്തോടെയായിരുന്നു സുന്നഹദോസിലെ ഇസ്‌ലാമിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ചത്.

എന്നാല്‍ അത് കേവലം പ്രചാരണമാണെന്നും അതില്‍ വഞ്ചിതരാവരുതെന്നും ഇത്തരം കുപ്രചാരണങ്ങള്‍ മറ്റൊരു കുരിശുയുദ്ധമായി മാറാതിരിക്കണമെന്നും ഫ്രാന്‍സ് കര്‍ദ്ദിനാള്‍ ആന്‍ഡ്രീ ട്രോയിസ് അഭിപ്രായപ്പെട്ടു.

ചുരുക്കത്തില്‍ യൂറോപ്പില്‍ വിശേഷിച്ചും ഇതര സ്ഥലങ്ങളില്‍ പൊതുവായും ഇസ്‌ലാം വളരുന്നതിലെ ആശങ്കകളായിരുന്നു ഈ സുന്നഹദോസില്‍ പ്രധാനമായും ചര്‍ച്ചാവിധേയമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 262 ബിഷപ്പുമാര്‍ ഒന്നിച്ചിരുന്ന് പ്രധാനമായും ചര്‍ച്ച ചെയ്തത് ഇതാണെന്നത് തന്നെ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് ഏറ്റവും വലിയ തെളിവാണെന്നതില്‍ സംശയമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter