റോഹിങ്ക്യ- വര്‍ഷം രണ്ട് പിന്നിടുമ്പോഴും മുസ്‍ലിം രാഷ്ട്രങ്ങള്‍ ഉറങ്ങുക തന്നെയാണ്..

കഴിഞ്ഞ ഓഗസ്റ്റ് 15 ന് റോഹിങ്ക്യന്‍ മുസ്‍ലിം വംശഹത്യക്ക് രണ്ട് വയസ്സ് തികഞ്ഞിരിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓഗസ്റ്റ് മാസത്തിലായിരുന്നു മുസ്ലിംകള്‍ക്കെതിരെ സൈന്യവും ബുദ്ധ തീവ്രവാദികളും വംശീയാക്രമണം നടത്തിയതും വലിയൊരു വിഭാഗം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ പാലായനം ചെയ്തതും.                 

അക്രമത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയതിന്‍റെ പേരില്‍ മ്യാന്‍മര്‍ ഭരണകൂടത്തിന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. 2016 -2017 വര്‍ഷങ്ങളിലായി ഏഴരലക്ഷത്തിലധികം റോഹിങ്ക്യകളെ നാട് കടത്തിയതുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രൊസിക്യൂട്ടേര്‍സ് ഓഫീസ് പ്രഖ്യാപിച്ചിട്ടുമുണ്ട്.

എന്നിട്ടും രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഈ ദുരിതത്തിന് കാരണമായ അക്രമ ഭരണകൂടത്തെ ശിക്ഷിക്കാനുള്ള യാതൊരു തരത്തിലുള്ള നടപടികളും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ഉണ്ടായിട്ടില്ല. സർക്കാർ പ്രതിനിധികൾക്ക് യാത്രാ നിരോധനങ്ങൾ ഏർപ്പെടുത്തിയത് മാത്രമാണ് പരാമർശനീയമായ ഏക നടപടി. മുസ്‍ലിം വിരുദ്ധ സമീപനങ്ങളും അവയോടുള്ള നിസ്സംഗതയും അന്താരാഷ്ട്രതലത്തില്‍ തന്നെ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നുവെന്നതിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.

ദക്ഷിണേഷ്യൻ  രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനും വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേസമയം മേഖലയിലെ 2 വൻ ശക്തികളായ ചൈനയിലും ഇന്ത്യയിലും മുസ്‍ലിംകള്‍ പരസ്യമായിത്തന്നെ അനീതിക്കിരയാകുകയുമാണ്. യുഎന്നിൽ എപ്പോഴും മ്യാൻമറിനെ പരസ്യമായി പിന്തുണക്കുന്ന ചൈന ഉയ്ഗൂർ മുസ്‍ലിംകൾക്കെതിരെ മനുഷ്യത്വരഹിതമായ സമീപനങ്ങളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. സിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗൂർ മുസ്‍ലിംകളെ തൊഴിൽ നൈപുണി കേന്ദ്രങ്ങൾ എന്ന് പേരിട്ടു വിളിക്കുന്ന വലിയ തടവ് കേന്ദ്രങ്ങളിൽ അടച്ചുകൊണ്ട് ഒരു വലിയ ജനതയെ തന്നെ വംശീയമായി ഉൻമൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഉയ്ഗൂർ മുസ്‍ലിംകളുടെ ഭാഷയും അവരുടെ പരമ്പരാഗത ചിഹ്നങ്ങളും മതസ്ഥാപനങ്ങളും കേന്ദ്രങ്ങളും എല്ലാം ചൈനീസ് സേന നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈയടുത്തായി അറബി-മുസ്‍ലിം ചിഹ്നങ്ങൾ പരസ്യമായി ഉപയോഗിക്കുന്നത് പോലും രാജ്യത്തുടനീളം നിരോധിച്ചിരിക്കുകയാണ്. അമേരിക്കയടക്കം അന്താരാഷ്ട്രതലത്തിൽ നിന്ന് ഉയർന്ന എതിർപ്പുകളെയെല്ലാം മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ പിന്തുണ കൊണ്ട് ചൈന പൂർണ്ണമായും തള്ളിയിരിക്കുകയാണ്.

സമാനമായി, മേഖലയിലെ മറ്റൊരു ശക്തിയായ ഇന്ത്യയിലും മുസ്ലിം വിരുദ്ധ സമീപനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭരണത്തിലിരിക്കുന്ന സര്‍ക്കാറുകളും അതിന് കൂട്ടുനില്‍ക്കുന്നതാണ് പലപ്പോഴും കാണുന്നത്. ഒരു മാസം മുമ്പ് മുസ്‍ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതും (മറ്റു പല സംസ്ഥാനങ്ങളും ഇപ്പോഴും പ്രത്യേകപദവിയില്‍ തന്നെ തുടരുമ്പോഴും) 30 ശതമാനത്തോളം മുസ്‍ലിംകൾ ജീവിക്കുന്ന ആസാമിൽ ബംഗ്ലാദേശിൽ നിന്നും കുടിയേറിയെന്ന പേരില്‍ മുസ്‍ലിംകളെ ഉന്നമിട്ട് ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതുമെല്ലാം ഇതിന്റെ ഭാഗമായി വേണം വായിക്കാന്‍.

ഈ നടപടികൾക്കെതിരെയൊന്നും അന്താരാഷ്ട്രതലത്തിൽ വലിയ എതിർപ്പുകൾ ഉയരാത്തത് ഓരോ ഭരണകൂടത്തിനും തങ്ങളുടെ ചെയ്തികള്‍ തുടരാനുള്ള പ്രചോദനം നല്‍കുകയാണ്. തുർക്കി ഒഴികെയുള്ള ഉള്ള മറ്റ് ഇസ്‍ലാമിക രാജ്യങ്ങളൊന്നും കിരാത നടപടികൾക്കെതിരെ കാര്യമായി ശബ്ദമുയര്‍ത്തിയിട്ടില്ല. മുസ്‍ലിം രാഷ്ട്രങ്ങള്‍ മനുഷ്യത്വത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ഒന്നിച്ച് നില്‍ക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ഒരു കാലം വന്നിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചുപോവുകയാണ്. പക്ഷെ, ആ ഭരണാധികാരികളധികവും സ്വയം നിലനില്‍പ്പിന് വേണ്ടി എന്തിനോടും ഏതിനോടും സമരസപ്പെടുകയോ സ്വാര്‍ത്ഥ ലോഭങ്ങള്‍ക്കായി യമന്‍ അടക്കമുള്ള സഹോദര രാജ്യങ്ങളെ ആക്രമിക്കുകയോ ചെയ്യുന്ന സങ്കടകരമായ കാഴ്ചയാണ് ഇപ്പോഴും നമുക്ക് കാണാനാവുന്നത്.

ഇസ്രയേലിനെതിരെ ലോകത്ത് ബി.ഡി.എസ് മൂവ്മെന്‍റ് എന്ന പേരിലുള്ള വലിയ പ്രതിഷേധ രീതികള്‍‌ ഉള്ളത് പോലെ മ്യാന്‍മറിലേതടക്കമുള്ള മുസ്‍ലിം വേട്ടക്കെതിരെ വലിയ സമ്മർദങ്ങള്‍ ഉയരാത്ത പക്ഷം അനീതിയും വർഗീയ നീക്കങ്ങളും ഇനിയും തുടരുകയും കൂടുതല്‍ വ്യാപിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter