റമദാന് 23 –ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ഒരു രാവ് തേടി..

റമദാന്‍ അവസാനപത്തിലേക്ക് പ്രവേശിക്കുന്നതോടെ ലൈലതുല്‍ ഖദ്റിന്റെ പ്രതീക്ഷയിലാണ് മുസ്‍ലിം ലോകം. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ആ ഒരു രാത്രിക്കായി എല്ലാവരും കാത്തിരിക്കുന്നു. എന്നാണെന്നത് കൃത്യമായി അറിവില്ല, അവസാന പത്തുകളിലെ ഒറ്റയിട്ട രാത്രികളിലാണ് അത് പ്രതീക്ഷിക്കപ്പെടുന്നത് എന്ന് ഹദീസുകളില്‍നിന്ന് മനസ്സിലാക്കാം, അത് കൊണ്ട് തന്നെ ഈ രാത്രികളില്‍ എല്ലാവരും പരമാവധി ആരാധനാകര്‍മ്മങ്ങളുമായി സജീവമാക്കുന്നു. 

പ്രവാചകര്‍(സ്വ) അവസാന പത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ മുണ്ട് മുറുക്കി ഉടുത്ത് ആരാധനക്കായി ഒഴിഞ്ഞിരിക്കാറായിരുന്നു പതിവ് എന്നും ഹദീസുകളില്‍ കാണാം. 
ഏറെ ശ്രേഷ്ഠമായ ആ രാത്രിയുടെ അന്വേഷണത്തിനുമുണ്ട് വല്ലാത്തൊരു സുഖം. കൃത്യമായി ഇടം പറയാതെ, അടയാളങ്ങള്‍ പറഞ്ഞുതന്ന് ഒളിപ്പിച്ചുവെച്ച ഒരു നിധിയാണ് ലൈലതുല്‍ ഖദ്റ് എന്ന് പറയാം, ശ്രമിക്കുന്നവര്‍ക്കെല്ലാം അത് കിട്ടുമെന്നതാണ് ഭൌതികനിധിയില്‍നിന്ന് വ്യത്യസ്തമാക്കുന്നത് എന്ന് മാത്രം. 

Also Read:റമദാന്‍24. പലര്‍ക്കും എന്നും നോമ്പാണ്.. അവരെ കുറിച്ച് എപ്പോഴെങ്കിലും നാം ആലോചിച്ചിട്ടുണ്ടോ..

അത്തരം ഒരു നിധി അന്വേഷിച്ച് കണ്ടെത്തുമ്പോഴുണ്ടാവുന്ന സന്തോഷം ഒന്ന് ഓര്‍ത്ത് നോക്കൂ. ഇനി കണ്ടെത്താനായില്ലെന്ന് കരുതുക, എങ്കിലും ആ അന്വേഷണത്തിന് പോലും പ്രതിഫലം കിട്ടും എന്നാരെങ്കിലും പറഞ്ഞാലോ, പരമാവധി അന്വേഷണം നടത്താനും ആ പ്രതിഫലം കഴിയുന്നത്ര സ്വന്തമാക്കാനും ആയിരിക്കില്ലേ നമ്മുടെ ശ്രമം, അങ്ങനെ വരുമ്പോള്‍ അന്വേഷണവഴിയിലെ ആ ശ്രമങ്ങള്‍ക്ക് പോലും വല്ലാത്തൊരു രുചിയും മാധുര്യവുമുണ്ട്. 

അത് തന്നെയാണ്, വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലൈലതുല്‍ഖദ്റിന്റെ കാര്യത്തിലും ആസ്വദിക്കാനാവുന്നത്. അവസാന പത്തിലെ ഒറ്റയിട്ട ഓരോ രാത്രിയിലും അത് അന്വേഷിക്കുമ്പോള്‍, ഒട്ടേറെ പ്രതിഫലമാണ് കൈക്കലാക്കുന്നത്, അത് ലഭ്യമാവുന്നതോ, അണുമണി തൂക്കം നന്മപോലും ലഭിക്കുന്നത് വലിയൊരു കാര്യമായി തോന്നുന്ന പരലോകത്തും. 
ആയതിനാല്‍ നമ്മുടെ കൈകളിലെത്തിയ ഈ സുഭഗ ദിനങ്ങളെ പരമാവധി ചൂഷണം ചെയ്യുക, നല്ല നാളേക്കായുള്ള കരുതലുകള്‍ കഴിയുന്നത്ര ആര്‍ജ്ജിക്കാനാവട്ടെ ഈ ദിനരാത്രങ്ങള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter