അബൂ ത്വല്‍ഹ അല്‍ അന്‍സാരി(റ)-1
സ്വഹാബി പ്രമുഖന്‍, യഥാര്‍ത്ഥ നാമം സൈദ് ബിന്‍ സഹ്ല്‍. മദീനയിലെ ബനൂ നജ്ജാര്‍ ഗോത്രത്തില്‍ പെട്ടവനാണ് അബൂ ത്വല്‍ഹ.
ഒരു സുപ്രഭാതത്തിലാണ് റുമൈസാഅ് ബിന്‍ത്ത് മല്‍ഹാന്‍ അന്നജ്ജാരിയ എന്ന ഉമ്മു സുലൈം വിധവയായ വാര്‍ത്ത അബൂ ത്വല്‍ഹ(റ) യുടെ കര്‍ണ്ണപുടങ്ങളിലെത്തുന്നത്. അവളുടെ ഭര്‍ത്താവ് മരണപ്പെട്ടിട്ടുണ്ട്. കേട്ടയുടനെ അയാള്‍ സന്തോഷപൂര്‍വം തുള്ളിച്ചാടി. ഒന്നുമല്ല കാര്യം ഉമ്മു സുലൈം ബുദ്ധിമതിയും തന്റേടിയും സല്‍ഗുണസമ്പന്നയുമായ യുവതിയാണ്. എത്രയും പെട്ടന്ന് തന്നെ അവളെ വിവാഹമന്വേഷിക്കണം. മറ്റാരും അവളെ വിവാഹമന്വേഷിക്കും മുമ്പ് അവിടെയെത്തണമെന്ന് അബൂ ത്വല്‍ഹ തീരുമാനിച്ചു. അബൂ ത്വല്‍ഹക്കറിയാം അവള്‍ തന്നെയല്ലാതെ മറ്റാരെയും വരനായി സ്വീകരിക്കാന്‍ താത്പര്യപ്പെടില്ലെന്ന്. കാരണം ഇത് അബൂ ത്വല്‍ഹയാണ്. ഉന്നതന്‍, സമ്പന്നന്‍, പൗരുഷത്തിന്റെ സര്‍വ്വഗുണങ്ങളും സമ്മേളിച്ച യുവകോമളന്‍, ബനൂ നജ്ജാര്‍ ഗോത്രത്തിലെ ധീരനായ യോദ്ധാവ്, യസ്‌രിബിന്റെ മണ്ണിനെ ത്രസിപ്പിക്കുന്ന എണ്ണപ്പെട്ട അമ്പെയ്ത്തുകാരില്‍ ഒരാള്‍... അബൂ ത്വല്‍ഹയുടെ വിശേഷങ്ങളാണിത്.
അയാള്‍ ഉമ്മു സുലൈമി(റ)ന്റെ വീട് ലക്ഷ്യമാക്കി നടന്നു. ആ നടത്തത്തിനിടയില്‍ ഒരു കാരിമുള്ള് അയാളുടെ മനസ്സില്‍ തറച്ചു. അത് തന്റെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുമോ എന്നയാള്‍ ഭയപ്പെടുന്നു. 'മിസ്അബ് ബിന്‍ ഉമൈര്‍(റ) മക്കയില്‍ നിന്ന് മദീനയില്‍ വന്ന് മുഹമ്മദിന്റെ മതം പ്രചരിപ്പിക്കുകയാണ്. ഒരു പാടു പേര്‍ ആ മതത്തില്‍ ചേര്‍ന്നിട്ടുണ്ട്. അയാളുടെ ക്ലാസ് കേള്‍ക്കാന്‍ അവളും പോയിരുന്നു. അയാളുടെ വലയില്‍ വീണ് അവള്‍ മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുമോ' അബൂ ത്വല്‍ഹ അസ്വസ്ഥനാണ്.
'ഇല്ല, പ്രശ്‌നമില്ല കാരണം അവളുടെ മുന്‍ ഭര്‍ത്താവ് മുഹമ്മദിനെ വിശ്വസിച്ചിട്ടില്ല, അവന്റെ മതത്തില്‍ ചേര്‍ന്നിട്ടുമില്ല, അയാള്‍ തന്റെ പ്രപിതാക്കളുടെ മതത്തിലായിരുന്നല്ലോ ജീവിച്ചിരുന്നത്' -അബൂ ത്വല്‍ഹ സമാധാനിച്ചു.
അയാള്‍ ഉമ്മു സുലൈമിന്റെ ഭവനത്തിലെത്തി. അകത്ത് പ്രവേശിക്കാന്‍ സമ്മതം തേടി. 'അതെ പ്രവേശിച്ചോളൂ'. അവള്‍ അയാള്‍ക്ക് അകത്ത് പ്രവേശിക്കാനുള്ള സമ്മതം നല്‍കി. കൊച്ചു മകനായ അനസ് അവളുടെ അരികിലുണ്ട്. അബൂ ത്വല്‍ഹ തന്റെ ആഗമനോദ്യേശം വിവരിച്ചു. മനസ്സ് തുറന്ന് അവള്‍ക്ക് മുന്നില്‍ കാര്യമവതരിപ്പിച്ചു. എല്ലാം ശ്രദ്ധയോടെ ശ്രവിച്ചതിന്ന് ശേഷം അവള്‍ പറഞ്ഞു: 'അബൂ ത്വല്‍ഹ, നിങ്ങളെ പോലുള്ളവര്‍ വിവാഹാന്വോഷണം നടത്തിയാല്‍ ഞാനതിന്നു വിസമ്മതിക്കുകയില്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ നിങ്ങളെ ഭര്‍ത്താവായി സ്വീകരിക്കുകയില്ല. കാരണം നിങ്ങള്‍ അവിശ്വാസിയാണ്'.
'സമ്പത്തും കുലീനതയുമുള്ള മറ്റൊരാളെ അവള്‍ ഭര്‍ത്താവായി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്, തന്നെ ഒഴിവാക്കാന്‍ അവള്‍ വെറുതെ ന്യായം നിരത്തുകയാണ്'.- അബൂ ത്വല്‍ഹ ആത്മഗതം ചെയ്തു.
അയാള്‍ ചോദിച്ചു: 'അല്ലാഹു തന്നെയാണ് സത്യം, എന്നെ ഭര്‍ത്താവായി സ്വീകരിക്കാന്‍ ഉമ്മു സുലൈമിനെന്താ തടസ്സം'.
അവള്‍ ചോദിച്ചു: 'നിങ്ങള്‍ക്കെന്താണ് തടസ്സം'.
'വിവാഹത്തിനാവിശ്യമായ സ്വര്‍ണ്ണമോ വെള്ളിയോ എന്റെ കൈവശമില്ല അത് മാത്രമാണ് എന്റെ തടസ്സം'- അബൂ ത്വല്‍ഹ പ്രതിവചിച്ചു.
ഉമ്മു സുലൈം: 'അപ്പോള്‍ സ്വര്‍ണ്ണവും വെള്ളിയുമാണ് നിങ്ങളുടെ പ്രശ്‌നം'
'അതെ'- അബൂ ത്വല്‍ഹ മറുപടി പറഞ്ഞു.
അവള്‍ പറഞ്ഞു: ' അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും പിന്നെ നിങ്ങളെയും സാക്ഷിനിര്‍ത്തി ഞാന്‍ പറയുന്നു എനിക്ക് സ്വര്‍ണമോ വെള്ളിയോ ആവശ്യമില്ല. പകരം നിങ്ങള്‍ ഇസ്‍ലാം മതം സ്വീകരിച്ചാല്‍ മതി. നിങ്ങളുടെ ഇസ്‍ലാം ആശ്ലേഷമാണ് എന്റെ മഹ്‌റ്, അതാണെനിക്കിഷ്ടം'.
ഇത് കേട്ട അബൂ ത്വല്‍ഹയുടെ മനസ്സില്‍ ആദ്യം ഓടിയെത്തിയത്, തന്റെ വീട്ടില്‍ തനിക്ക് മാത്രം ആരാധിക്കാനായി സ്ഥാപിച്ച ബിംബത്തിന്റെ രൂപമാണ്. യസ്‌രിബിലെ മറ്റു പ്രമാണിമാരെപ്പോലെ വീട്ടില്‍ സ്വകാര്യ ബിംബത്തെ അബൂ ത്വല്‍ഹയും നിര്‍മ്മിച്ചിരുന്നു.
ഉമ്മു സുലൈമിന് ഇത് ഒരു സുവര്‍ണാവസരമാണ്. അതവള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. അബൂ ത്വല്‍ഹയെ സത്യമതത്തിലേക്ക് ക്ഷണിക്കാനുള്ള അവസരം അവള്‍ നഷ്ടപ്പെടുത്തിയില്ല. അവള്‍ ചോദിച്ചു: 'അബൂ ത്വല്‍ഹാ നീ ആരാധിക്കുന്ന ബിംബം ഭൂമിയില്‍ പൊട്ടിമുളച്ചതല്ലേ?'
അബൂ ത്വല്‍ഹ: 'അതെ'.
വീണ്ടും ഉമ്മു സുലൈം തന്റെ യുക്തി പ്രയോഗിച്ചു: 'ഒരു മരകഷ്ണത്തിന്റെ പകുതി ഭാഗം കൊണ്ട് താങ്കള്‍ ബിംബത്തെ ഉണ്ടാക്കി. ശേഷിച്ച പകുതി ആരോ കൊണ്ടു പോയി ഭക്ഷണം പാകം ചെയ്യാന്‍വേണ്ടി വിറകായി ഉപയോഗിച്ചു. എന്തൊരു കഷ്ടം, ഇതാണോ നിങ്ങളുടെ? ദൈവം നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ. നിങ്ങളിപ്പോള്‍ ഇസ്ലാം സ്വീകരിച്ചാല്‍ ഞാന്‍ നിങ്ങളെ ഭര്‍ത്താവായി സ്വീകരിച്ചുക്കൊള്ളാം. ഈ വിവാഹത്തിനു പകരം നിങ്ങളെനിക്ക് ഒന്നും മഹര്‍ നല്‍കേണ്ടതില്ല. നിങ്ങളുടെ ഇസ്‍ലാമാശ്ലേഷണം വിവാഹധനമായി സ്വീകരിക്കാനാണെക്കിഷ്ടം.'
അബൂ ത്വല്‍ഹ ഉമ്മു സുലൈമിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചു. അയാള്‍ ചോദിച്ചു: 'അതിന് ആരാണ് എനിക്ക് ഇസ്‍ലാമിനെ കുറിച്ച് പറഞ്ഞ് തരിക?.
ഞാന്‍ പറഞ്ഞു തരാം- ഉമ്മു സുലൈം പ്രതിവചിച്ചു.
'എന്നാല്‍ പറയൂ ഞാനെന്ത് ചെയ്യണം'.അബൂ ത്വല്‍ഹ ചോദിച്ചു
അവള്‍ പറഞ്ഞു: 'ആദ്യം നീ ശഹാദത്ത് കലിമ ഉച്ചരിക്കുക, ശേഷം വീട്ടില്‍ചെന്ന് ബിംബത്തെ തച്ചുടക്കുക.'
അബൂ ത്വല്‍ഹയുടെ മുഖത്ത് പുതിയ പ്രകാശം ഉദിച്ചുപൊങ്ങി. അത് വാചകങ്ങളായി അബൂ ത്വല്‍ഹയുടെ അധരങ്ങള്‍ മന്ത്രിക്കാന്‍ തുടങ്ങി: 'അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാ വഅന്ന മുഹമ്മദ റസൂലുല്ലാഹ്'.
അബൂ ത്വല്‍ഹ ഇപ്പോള്‍ സത്യമതത്തിന്റെ അനുയായിയാണ്. ഇസ്ലാം ആശ്ലേഷണത്തിനു ശേഷം അബൂ ത്വല്‍ഹയും ഉമ്മു സുലൈമും തമ്മിലുള്ള വിവാഹം നടന്നു. അബൂ ത്വല്‍ഹായുടെ സ്വപ്നം പൂവണിഞ്ഞു. ആ സ്വപ്ന സാക്ഷാത്കാരത്തിന് ഈമാനിക ശോഭ കരുത്തേകി. ഇപ്പോള്‍ ഉമ്മു സുലൈമിന്റെ സത്യവിശ്വാസിയായ ഭര്‍ത്താവാണ് അബൂ ത്വല്‍ഹ(റ)
ഉമ്മു സുലൈമിനെ സംബന്ധിച്ചിടത്തോളം ഇത് അവള്‍ക്കൊരു അംഗീകാരവും ഖ്യാതിയുമായിരുന്നു. മുസ്ലിംകള്‍ അവളെ പുകഴ്ത്തി പറഞ്ഞു: 'ഉമ്മു സുലൈമിന്റെ മഹ്‌റിനേക്കാള്‍ ഉന്നതമായ ഒരു മഹ്‌റ് ഞങ്ങള്‍ക്ക് കേട്ടുകേള്‍വിയില്ല. കാരണം അവളുടെ മഹ്‌റ് ഇസ്ലാമാകുന്നു'.
അന്നു മുതല്‍ അബൂ ത്വല്‍ഹ(റ) ഇസ്ലാമിന്റെ സുന്ദര പതാകയ്ക്കുകീഴില്‍ അണിനിരന്ന് ജീവിതമാരംഭിച്ചു. തന്റെ സര്‍വ ഊര്‍ജ്ജവും സത്യമതത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി സമര്‍പ്പിച്ചതായിരുന്നു ആ ജീവിതം.
Leave A Comment