ഫ്രാന്‍സിലെ പ്രവാച നിന്ദ: സര്‍ഗാത്മക പ്രതിരോധമാണ് ബഹിഷ്കരണം
തിരുപ്പിറവിയുടെ 1495-ാം വാര്‍ഷികം ആഘോഷിക്കപ്പെടുന്ന ഈ പുണ്യമാസത്തില്‍ തന്നെ പ്രവാചക നിന്ദയുടെ വാര്‍ത്തകളും ഫ്രാന്‍സില്‍ നിന്നു വരുന്നത് ഏറെ വേദനിപ്പിക്കുന്നതാണ്.
ക്ലാസ് റൂമിനുള്ളില്‍ ഉത്തരവാദപ്പെട്ടൊരു അധ്യാപകന്‍ പ്രവാചക നിന്ദയുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിനോടും അയാളെ പിന്തുണച്ച് ഫ്രഞ്ച് ഭരണകൂടം എടുത്ത നിലപാടിനെതിരെയും മുസ്ലിം ലോകത്തുടനീളം ശക്തമായ പ്രതിഷേധങ്ങളാണ് അലയടിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശം മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, അത് അന്യരുടെ വികാരങ്ങള്‍ വ്രണപ്പെടുത്താതിരിക്കണം എന്ന മാന്യത ഫ്രഞ്ചുകാരും മറ്റു പാശ്ചാത്യരും പുലര്‍ത്തുക തന്നെ വേണം. ഇവിടെയാണവര്‍ ഖുര്‍ആനിക സംസ്‌കാരം പഠിക്കേണ്ടത്: അല്ലാഹുവിനെ വിട്ട് അവര്‍ ആരാധിക്കുന്ന ദൈവങ്ങളെ നിങ്ങള്‍ ശകാരിക്കരുത്; വിവരമില്ലാതെ, അതിക്രമമായി അവര്‍ അല്ലാഹുവിനെ ചീത്തപറയാന്‍ അതു നിമിത്തമാകും. (വി.ഖു 6:108).
പ്രവാചക നിന്ദ നടത്തിയതിന്റെ പേരില്‍ ആ അധ്യാപകനെ നിഷ്ഠുരമായി വധിച്ചത് അത്യധികം ഹീനവും ന്യായീകരിക്കാനാവാത്തതുമാണെന്നതില്‍ സംശയമില്ല. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ കുറ്റകരവും ശിക്ഷാര്‍ഹവുമാണത്. അവിവേകികള്‍ക്കും മൂഢന്മാര്‍ക്കും മാപ്പുനല്‍കാനാണ് ഇസ്‌ലാമിക ശാസനം.
എന്നാല്‍, ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി തന്നെ മതനിന്ദയെ തള്ളിപ്പറയുന്നതിനു പകരം പ്രോത്സാഹജനകമായ നിലപാട് സ്വീകരിക്കുക എന്നത് അങ്ങേയറ്റം ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണ്. അദ്ദേഹത്തിന്റെ നിരന്തരമുള്ള ഇസ്‌ലാം വിരുദ്ധ പ്രസ്താവനകള്‍ ഈയര്‍ത്ഥത്തില്‍ ദൗര്‍ഭാഗ്യകരവുമാണ്. ഇത്തരക്കാര്‍ ജസീന്ത ആര്‍ഡെയ്‌നെ കണ്ടുപഠിക്കേണ്ടതുണ്ട്.
ഇസ്‌ലാമിനെതിരെ നിരന്തര ആരോപണ-അവഹേളന ശരങ്ങള്‍ എയ്തു വിശ്വാസികളെ ആരൊക്കെ സമ്മര്‍ദത്തിലാക്കിയാലും വിവേകപൂര്‍ണമായ പ്രതിരോധങ്ങള്‍ തീര്‍ക്കുകയാണ് നാം ചെയ്യേണ്ടത്. വ്യക്തമായ ഇസ്‌ലാം വിരുദ്ധ സമീപനങ്ങളുമായി മുന്നോട്ടുപോവുന്ന ഫ്രാന്‍സിനെതിരെ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചു കൊണ്ടുള്ള കാംപയിന്‍ അത്തരമൊരു സര്‍ഗാത്മക പ്രതിരോധമാണ്.
ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങളും വ്യാജ പ്രചരണങ്ങളും ലോകവ്യാപകമായി അരങ്ങു തകര്‍ത്തു കൊണ്ടിരിക്കുമ്പോഴും മറുവശത്ത് ഈ പവിത്ര മതത്തിന്റെ അടിസ്ഥാന ആശയങ്ങളെ യഥാവിധി മനസ്സിലാക്കി പുണ്യമതം പുല്‍കുന്നവരുടെ തോത് ദിനംപ്രതി വര്‍ധിച്ചുവരുന്നുണ്ടെന്ന വസ്തുതയും നാം കാണാതിരുന്നു കൂടാ.
'അല്ലാഹുവിന്റെ പ്രകാശം സ്വവക്ത്രങ്ങള്‍കൊണ്ട് ഊതിക്കെടുത്താമെന്നാണവരുടെ വിചാരം. അല്ലാഹുവാകട്ടെ- സത്യനിഷേധികളെത്ര അനിഷ്ടപ്പെട്ടാലും-തന്റെ പ്രകാശം പൂര്‍ത്തീകരിച്ചേ അടങ്ങുകയുള്ളൂ' (വി.ഖുര്‍ആന്‍ 9:32)
Leave A Comment