എം.ഐ തങ്ങള്‍:    ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികന്‍

രാജ്യത്തിന്റെ മതേതര ജനാധിപത്യ വ്യവസ്ഥയെ അപകടപ്പെടുത്തുമാറ് വളര്‍ന്നുവന്ന ഫാഷിസത്തിനും ന്യൂനപക്ഷങ്ങളെ ദുര്‍ബലമാക്കുന്ന തീവ്രവാദത്തിനും എതിരായ സാമൂഹിക ബോധവത്കരണത്തിലും രാഷ്ട്രീയ ശാക്തീകരണത്തിലും എം.ഐ തങ്ങള്‍ വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. 1980കളില്‍ ഫാഷിസവും തീവ്രവാദവും സംഘര്‍ഷഭരിതമായി തെരുവില്‍ പ്രവേശിച്ചു തുടങ്ങുമ്പോള്‍ ആപത്തു മുന്‍കൂട്ടികണ്ട് ചിന്തയും തൂലികയുമായി അതിനെ പ്രതിരോധിച്ചു അദ്ദേഹം. ചരിത്രത്തില്‍നിന്നുള്ള പാഠങ്ങള്‍ നല്‍കിയ വെളിച്ചത്തിലായിരുന്നു അദ്ദേഹം ദിശതെറ്റാതെ സമൂഹത്തിന് വഴികാണിച്ചത്. 

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മുസ്്‌ലിംലീഗിന്റെ നയ രൂപീകരണത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ സൈദ്ധാന്തികനാണദ്ദേഹം. ആഴമേറിയ വായനയും പഠനവും ചിന്തയും ഉറച്ച അഭിപ്രായ പ്രകടനങ്ങളുമെല്ലാമായി സംഘടനയുടെ അരങ്ങിലും അണിയറയിലും അദ്ദേഹം ഒരു പോരാളിയായി നിലകൊണ്ടു. പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ സമുദായത്തെയും സംഘട നയെയും പ്രാപ്തമാക്കുന്നതില്‍ അദ്ദേഹം നല്‍കിയ ആശയപരമായ പിന്‍ബലം അനര്‍ ഘമായിരുന്നു. 
കേരളത്തില്‍ ആദ്യമായി ഫാഷിസത്തിനും തീവ്രവാദത്തിനും എതിരെ ബഹുജന സംഘാടനവുമായി ഇറങ്ങിപ്പുറപ്പെട്ട സംഘടനയാണ് മുസ്‌ലിംലീഗ്. അന്നുയര്‍ത്തിയ മുദ്രാവാക്യങ്ങളുടെ ശില്പിയായിരുന്നു എം.ഐ തങ്ങള്‍. ഫാഷിസം കടന്നുവരുന്ന വഴികളെ കുറിച്ച് അണികളെ കൃത്യമായി ബോധ്യപ്പെടുത്തി. തീവ്രവാദത്തിന്റെ വിത്തുകള്‍ കടന്നുകൂടി സമുദായം ദുര്‍ബലമായിത്തീരുന്ന ആപത്തിനെ കുറിച്ച് അദ്ദേഹം ദാര്‍ശനികമായ മുന്നറിയിപ്പുകള്‍ നല്‍കി. 
സമുദായത്തിലെ എല്ലാ ചിന്താധാരകളെയും ഉള്‍കൊള്ളാനും അവരെ ഒരുമിപ്പിച്ചിരുത്താനും കഴിയുന്ന ഐക്യത്തിന്റെ കുടയാവണം മുസ്‌ലിംലീഗ് എന്നത് അദ്ദേഹം ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു. മുസ്‌ലിം ഉമ്മത്ത് എന്ന സാര്‍വദേശീയ ചിന്തയെ ഇന്ത്യന്‍ പാരമ്പര്യത്തോട് കണ്ണിചേര്‍ത്ത് അവതരിപ്പിച്ചു അദ്ദേഹം. 
ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ എല്ലാ വഴികളും വെല്ലുവിളികളും ആഴത്തില്‍ മനസ്സിലാക്കി. രാഷ്ട്രീയ ഇസ്‌ലാമും ഇസ്‌ലാമിലെ രാഷ്ട്രീയവും കൃത്യമായി വ്യാഖ്യാനിക്കാനും പഠിപ്പിക്കാനും കഴിഞ്ഞു. വ്യക്തിത്വത്തില്‍ മുസ്്‌ലിം സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുകയെന്നതാണ് പ്രധാനമെന്ന് സമര്‍ത്ഥിച്ചു. 
ബഹുസ്വര സമൂഹത്തിലെ ഇസ്്‌ലാമിക ജീവിത ക്രമവും ഇടപെടലും ഇഴുകിച്ചേരലും സൈദ്ധാന്തികമായി വിശദീകരിച്ച അദ്ദേഹം പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ മദീന കരാറിനെ ആധുനിക രാഷ്ട്രീയവുമായി വിശകലനം ചെയ്തു. ലോകത്തെ ഏതാണ്ട് എല്ലാ മുസ്്‌ലിം നേതാക്കളുടെയും ചരിത്രവും സംഭാവനകളും ആഴത്തില്‍ പഠിക്കുകയും ആ അറിവുകള്‍ സമൂഹത്തിന് കൈമാറുകയും ചെയ്തു. 
ആയിരക്കണക്കിന് പഠന ക്ലാസുകളിലൂടെ പുതു തലമുറയെ രാഷ്ട്രീയമായ ഉള്‍ക്കരുത്തും ലക്ഷ്യബോധവുമുള്ളവരാക്കാന്‍ എം.ഐ തങ്ങള്‍ക്ക് കഴിഞ്ഞു. 1980 കളില്‍ ശരീഅത്തിനെതിരായ കമ്യൂണിസ്റ്റ് പ്രചാര വേലകളെ അതിന്റെ വേരുകളില്‍ ചെന്ന് പ്രതിരോധിക്കാന്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് കഴിഞ്ഞു. 
എല്ലാ മത-രാഷ്ട്രീയ-പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും കൃത്യമായ അറിവുണ്ടായിരുന്നു. മുസ്‌ലിം സമുദായത്തില്‍ അനൈക്യം സൃഷ്ടിക്കുന്നവരെ തൂലികയും നാവും ഉപയോഗിച്ച് ചെറുത്തു അദ്ദേഹം. പല നാടുകള്‍ ചുറ്റി സഞ്ചരിച്ചും അനേകം ഗ്രന്ഥങ്ങള്‍ വായിച്ചും നേടിയ അറിവും അനുഭവവും ചേര്‍ത്തുവെച്ചാണ് മുസ്്‌ലിംലീഗിന്റെ നയ രൂപീകരണത്തിന് ഉറച്ച നിലമൊരുക്കിയത്. 
അധികാരവും പദവിയും മോഹിച്ചില്ലെന്ന് മാത്രമല്ല, അവയുമായി അകലം പാലിക്കുകയും ചെയ്തു എം.ഐ തങ്ങള്‍. മുസ്്‌ലിംലീഗ് സംഘടനാ ചുമതലകള്‍ പോലും സ്‌നേഹപൂര്‍വം നിരസിച്ചു. സംസ്ഥാന ഭാരവാഹിയാവാന്‍ സമ്മതിച്ചത് പോലും സ്‌നേഹ നിര്‍ബന്ധത്തിലായിരുന്നു. സീതി സാഹിബ് അക്കാദമി എന്ന മുസ്്‌ലിംലീഗ് പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വമേറ്റെടുത്തത് ശാരീരിക അവശതകള്‍ വകവെക്കാതെ നിറഞ്ഞ സന്തോഷത്തോടെയായിരുന്നു. പുതു തലമുറയെ മുസ്്‌ലിംലീഗ് ആശയം പഠിപ്പിക്കുകയെന്നത് ജീവിത ചര്യയാക്കിയ അദ്ദേഹത്തിന്റെ വായനയും അറിവും ചിന്തയുമെല്ലാം അതിനായി അര്‍പ്പിച്ചു.
അദ്ദേഹത്തിന്റെ പിതാവിനൊപ്പം പാണക്കാട് വരാറുണ്ടായിരുന്ന ബാല്യകാലം മുതല്‍ തങ്ങളുമായി സൗഹൃദമുണ്ട്. ഉര്‍ദുവിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യം ഉണ്ടായിരുന്നതിനാല്‍ കനപ്പെട്ട ഒട്ടേറെ പുസ്തകങ്ങള്‍ വായിക്കാനും ചിന്തയെ രൂപപ്പെടുത്താനും എം.ഐ തങ്ങള്‍ക്ക് സാധിച്ചു. ജീവിതമെന്നാല്‍ അദ്ദേഹത്തിന് വായനയും പഠനവുമായിരുന്നു. 
പകരം വെക്കാനില്ലാത്ത പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി കേരളത്തിലെ ഏതെങ്കിലും മുസ്ലിം ലീഗ് ഘടകം ഒരു പഠന പരിപാടിക്ക് രൂപം നല്‍കുമ്പോള്‍ ആദ്യം ഉയര്‍ന്നു വരുന്ന പേര് എം ഐ തങ്ങളുടേത് ആയിരുന്നു. അത് കൊണ്ട് തന്നെ എം.ഐ തങ്ങളുടെ തിയ്യതിക്ക് അനുസരിച്ചായിരുന്നു മറ്റേത് നേതാവിനെയും പ്രസ്തുത പരിപാടിയിലേക്ക് ഉറപ്പിച്ചിരുന്നത് . 
മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാക്കള്‍ തൊട്ട് ഇന്ന് വരെയുള്ള ഏതൊരു പ്രധാന വ്യക്തിത്വത്തിന്റെയും ചരിത്രവും എം.ഐ തങ്ങള്‍ക്ക് മനഃ പാഠമായിരുന്നു. ലോകമുസ്‌ലിം രാഷ്ട്രീയത്തിന്റെ ഗതിവിഗതികളില്‍ തുടങ്ങി നമ്മുടെ നാട്ടിലെ ചെറു ചലനങ്ങള്‍ വരെ കോര്‍ത്തിണക്കി അദ്ദേഹം അവതരിപ്പിക്കുന്ന ഒരു പ്രഭാഷണം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും സംശയം തീരുമായിരുന്നു. 
സലാഹുദ്ദീന്‍ അയ്യൂബിയുടെയും സര്‍സയ്യിദിന്റെയും ഇഖ്ബാലിന്റെയും മൗലാനാ മുഹമ്മദലിയുടെയും മുഹമ്മദലി ജിന്നയുടെയും, ഖാഇദെ മില്ലത്തിന്റെയും ജീവിതം ഒരേപോലെ പഠിച്ചു അവതരിപ്പിച്ചിരുന്നു എം.ഐ തങ്ങള്‍. അനേകം ഗ്രന്ഥങ്ങളില്‍നിന്നുള്ള അറിവുകളാണ് ഒറ്റനില്‍പില്‍ സദസ്സിനു കൈമാറിയിരുന്നത്.
ചന്ദ്രിക പത്രത്തില്‍ എഴുതിയിരുന്ന ലേഖനങ്ങളും ചന്ദ്രിക വാരാന്തപ്പതിപ്പിലും വാരികയിലും അദ്ദേഹം തയ്യറാക്കിയിരുന്ന പരമ്പരകളും വായിച്ചു പഠിച്ചാണ് പല രാഷ്ട്രീയ ചരിത്രത്തെയും മഹാ പുരുഷന്മാരെയും അടുത്തറിഞ്ഞിരുന്നത്. ഏതൊരു വിഷയവും ആഴത്തില്‍ പഠിച്ചു അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. 
മാപ്പിളനാട് ദൈ്വവാരികയിലൂടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പരിചിതമായ എം.ഐ തങ്ങളുടെ എഴുത്തുകള്‍ പിന്നീട് അദ്ദേഹം ചന്ദ്രികയില്‍ എത്തിയപ്പോള്‍ കൂടുതല്‍ വിശാലമായ വായനക്കാരുടെ ലോകം സൃഷ്ടിച്ചു. 
ചന്ദ്രിക പത്രാധിപര്‍ ആയി പ്രവര്‍ത്തിച്ച എം.ഐ തങ്ങള്‍ തന്റെ ചിന്തയും നാവും തൂലികയും ആരോഗ്യവും സമുദായത്തിനായി സമര്‍പ്പിച്ചു. പദവികള്‍ വഹിച്ചപ്പോഴും അല്ലാത്തപ്പോഴും ഒരു മുതിര്‍ന്ന നേതാവിന്റെ സ്ഥാനവും ആദരവും അദ്ദേഹത്തിന് നല്‍കി പ്രവര്‍ത്തകരും നേതാക്കളും. 
അനേകം ലേഖനങ്ങളും ഈടുറ്റ പുസ്തകങ്ങളും ചൂടേറിയ ചിന്തകളും ഇവിടെ അവശേഷിപ്പിച്ചാണ് എം.ഐ തങ്ങള്‍ വിടവാങ്ങുന്നത്. പക്ഷേ അദ്ദേഹത്തിന്റെ വേര്‍പാടിന്റെ നഷ്ടം അതിതീവ്രമായി സംഘടനയെയും സമുദായത്തെയും സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ എക്കാലവും ഉണ്ടാകും. അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter