സ്ത്രീസുരക്ഷയും അഭിമാനവും ഉറപ്പ് വരുത്തുമോ ഈ കോടതി വിധി?
വിവാഹേതര ലൈംഗിക ബന്ധം ക്രമിനല്‍ കുറ്റമല്ലെന്ന സുപ്രിംകോടതി വിധി ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. വ്യത്യസ്ത ചിന്തയും വിശ്വാസവുമായി ജീവിക്കുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ ഈ വിധി തികച്ചും പക്ഷപാതിത്തപരമാണ്. അതിലപ്പുറം രാജ്യത്തിന്റെ നൈതികതയെ ചോദ്യം ചെയ്യുന്നതും അതോടൊപ്പം അതിന്റെ സാംസ്‌കാരിക ഭദ്രതയില്‍ പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്നതുമാണ്.
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (ഐ.പി.സി) 497 ാം വകുപ്പ് റദ്ദാക്കിയാണ് ഇപ്പോള്‍ പുതിയ വിധി വന്നിരിക്കുന്നത്. ഭാര്യയുടെ യജമാനനല്ല ഭര്‍ത്താവെന്നും ഭാര്യയുടെ ആത്മാഭിമാനം സുപ്രധാനമാണെന്നുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വിധി.
വിവാഹേതര ലൈംഗിക ബന്ധത്തിന് പ്രോത്സാഹനം നല്‍കുന്ന ഈ വിധി രാജ്യത്തെ കുടുംബങ്ങള്‍ പരസ്പരം നിലനിര്‍ത്തിവരുന്ന ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ഇത് സ്വപ്‌നം കണ്ടത്തിലും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴി തുറക്കും. രാജ്യത്തിന്റെ സാംസ്‌കാരിക ചേര്‍ച്ചയെപോലും ഇത് തകിടംമറിച്ചേക്കും. അത്തരത്തിലുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും പുതിയ വിധിയുടെ സാഹചര്യത്തില്‍ ഉണ്ടായേ മതിയാകൂ.
ഇത് കുടുംബ വ്യവസ്ഥിതിയെ തകര്‍ക്കുകയും പാശ്ചാത്യ സംസ്‌കാരത്തെ അടിച്ചേര്‍പ്പിക്കുകയും ചെയ്യുന്ന വിധിയാണ്. ഏതൊരാള്‍ക്കും പര ലൈംഗിക ബന്ധം സ്വച്ഛന്തമായി തുടരാന്‍ ഭരണഘടന അവകാശം നല്‍കുന്നത് രാജ്യത്തെ തകര്‍ക്കും. അവിടത്തെ ഐക്യവും ഒരുമയും ഇല്ലാതാക്കും. കുടുംബങ്ങളാണല്ലോ ഏതൊരു രാജ്യത്തെയും ഏറ്റവും ചെറിയ സാമൂഹിക യൂണിറ്റുകള്‍. അതിന്റെ തകര്‍ച്ച രാജ്യത്തിന്റെ കൂടി തകര്‍ച്ചയിലേക്ക് ചെന്നെത്തിയേക്കും.
കൂടാതെ, രാജ്യത്ത് നിലനിന്നിരുന്ന സംസ്‌കാരത്തിന് നേരെയുള്ള സംസ്‌കാരിക അധിനിവേശത്തിന് വളം വെച്ചുകൊടുക്കുന്ന വിധികൂടിയായി ഇതിനെ വായിക്കാം. ലൈംഗിക അരാജകത്വമാണ് ഇതിലൂടെ സംഭവിക്കുന്നത്.
ഭാവിയില്‍ സ്വത്തവകാശം, പിതൃനിര്‍ണയം തുടങ്ങി നിരവധി വ്യവഹാരത്തര്‍ക്കങ്ങള്‍ക്കും ഇത് വഴിവെച്ചേക്കും.
പ്രത്യക്ഷത്തില്‍ അരാജകവാദികളെ സന്തോഷിപ്പിക്കുക മാത്രം ചെയ്യുന്ന ഈ വിധി രാജ്യത്തിന്റെ സുരക്ഷിത ഭാവിക്കും സ്ത്രീത്വത്തിന്റെ അഭിമാനകരമായ അസ്തിത്വത്തിനും എതിരാണെന്നതാണ് സത്യം. വളരെ സാവധാനം മാത്രമേ അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങുകയുള്ളൂ. രാജ്യം അങ്ങനെയൊരു ദുരന്തത്തിലേക്ക് നിപതിക്കുന്നതിനു മുമ്പുതന്നെ ഇത്തരം അരാജക വിധികളുടെ പ്രാമാണികതയെക്കുറിച്ച് സജീവമായ ചിന്തകള്‍ നടന്നേമതിയാകൂ.
Leave A Comment