മിലിറ്ററി-സിവിലിയന്‍ കരാര്‍ : സുഡാന്‍ ജനാധിപത്യത്തിന്‍റെ പൊന്‍ പുലരിയിലേക്ക്

സുഡാനിലെ സൈനിക സമിതിയും ജനാധിപത്യ പ്രസ്ഥാന പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ ഒരു ഭരണ വിഭജന കരാര്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ജനാധിപത്യ പാതയിലേക്ക് സുഡാന് വഴി തെളിക്കുന്നതാണ് കരാര്‍ എന്ന വലിയ പ്രതീക്ഷയിലാണ് സുഡാന്‍ ജനത. കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡണ്ട് ഉമര്‍ ഹസന്‍ അല്‍ ബശീര്‍ രാജിവെച്ച ഉടന്‍ അധികാരം പിടിച്ചെടുത്ത സൈന്യവും സൈനിക ഭരണത്തിനെതിരെ പോരാട്ടത്തിനായി തെരുവിലിറങ്ങിയ ജനാധിപത്യ വിശ്വാസികളും ഇത് വരെ കനത്ത ഏറ്റുമുട്ടലിന്‍റെ വഴിയിലായിരുന്നു. സുതാര്യമായ ഒരു തെരഞ്ഞെടുപ്പ് നടത്തി അധികാരം പൂര്‍ണ്ണമായും ഒരു ജനാധിപത്യ സര്‍ക്കാരിന് കൈമാറണമെന്ന ആവശ്യത്തിന് നേരെ ശക്തമായ എതിര്‍പ്പായിരുന്നു സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്.

ഇരു വിഭാഗവും തങ്ങളുടെ നിലപാട് സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങിയതോടെ സുഡാന്‍ കനത്ത സംഘര്‍ഷാവസ്ഥയിലെത്തിച്ചേര്‍ന്നു; ജൂണ്‍ മൂന്നിന് തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്തിയ സൈന്യം 128 ലധികം പൗരന്മാരെയാണ് വധിച്ച് കളഞ്ഞത്. എന്നാല്‍ അത് കൊണ്ടൊന്നും പ്രതിഷേധക്കാരെ തുരത്താന്‍ സൈന്യത്തിന് സാധിച്ചില്ല.   ആഫ്രിക്കന്‍ യൂണിയന്‍ സുഡാനെ സംഘടനയില്‍ നിന്നും പുറത്താക്കുകയും അന്താരാഷ്ട്ര തലത്തില്‍ നിന്ന് സമ്മര്‍ദം ശക്തമാവുകയും ചെയ്തതോടെ മുപ്പത് വര്‍ഷം ഉമര്‍ ബശീറിന്‍റെ ഭരണ കാലത്ത് ചെയ്തത് പോലെ ഇനിയും അനിയന്ത്രിതമായ അധികാരം ഉപയോഗിക്കാന്‍ സാധ്യമല്ലെന്ന് സൈന്യത്തിന് ബോധ്യമായി. അതോടെ ജനാധിപത്യ പ്രസ്ഥാന പ്രതിനിധികളുമായി ചര്‍ച്ചയാവാമെന്ന തീരുമാനത്തിലേക്ക് അവര്‍ നിലപാട് മയപ്പെടുത്തി. ആഫ്രിക്കന്‍ യൂണിയനും ഏത്യോപ്യന്‍ സര്‍ക്കാരും ഇരു വിഭാഗത്തെയും ചര്‍ച്ചക്കിരുത്തുകയും ഒടുവില്‍ അധികാര വിഭജനം യാഥാര്‍ത്ഥ്യമാവുകയും ചെയ്തിരിക്കുകയാണ്. 

ഈ കരാര്‍ പ്രകാരം സൈന്യത്തില്‍ നിന്നും ജന പ്രതിനിധികളില്‍ നിന്നും അഞ്ചു വീതം പ്രതിനിധികളും ഒരു പൊതു സമ്മതനുമടക്കം പതിനൊന്ന് പേരടങ്ങുന്ന ഒരു പരമാധികാര സമിതി രൂപീകരിക്കപ്പെടും. ഈ സമിതി 3 വര്‍ഷത്തോളം ഭരണം നടത്തും. ഇതില്‍ ആദ്യ 21 മാസം ഭരണം നടത്തുക സൈനിക പ്രധിനിധിയും പിന്നീടുള്ള 18 മാസം ജനപ്രതിനിധിയുമായിരിക്കും. സുരക്ഷാ ചുമതല പൂര്‍ണ്ണമായും സൈന്യത്തിനായിരിക്കും. അതേ സമയം മന്ത്രാലയത്തിന്‍റെ ചുമതല ജനപ്രതിനിധികള്‍ക്ക് ലഭിക്കും. 

പ്രതിസന്ധികളില്‍ ഉഴറുന്ന രാജ്യത്തിന് ഏറെ ആശ്വാസമാണ് ഈ കരാറെങ്കിലും ജനാധിപത്യത്തിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് സുഡാന് പൂര്‍ണ്ണമായും എത്തിച്ചേരാനാവുമോ എന്നത് ഉറപ്പിച്ച് പറയാനാവില്ല. കാരണം സൈന്യത്തിനും ജനപ്രതിനിധികള്‍ക്കുമിടയില്‍ കടുത്ത അവിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഈ ചേര്‍ച്ചയില്ലായ്മ മറികടന്ന് വേണം രാജ്യത്ത് ജനാധിപത്യം ഊട്ടിയുറപ്പിക്കാന്‍. 

കഴിഞ്ഞ ഡിസംബറിലാണ് ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് തുടക്കമുണ്ടാവുന്നത്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് വില കുത്തനെ വര്‍ധിച്ചപ്പോള്‍ ജനങ്ങള്‍ മുഴുവന്‍ തെരുവിലിറങ്ങി. ഇതിനെ നേരിടാന്‍ പല വിധ തന്ത്രങ്ങളാണ് ബശീര്‍ പ്രയോഗിച്ച് നോക്കിയത്. ആദ്യം സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ച് ഒടുവില്‍ മന്ത്രിസഭയില്‍ ജനപ്രതിനിധികള്‍ക്ക് അവസരം നല്‍കാമെന്ന് വരെ നിലപാടെടുത്തെങ്കിലും സൈനിക ജനറല്‍മാര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെ ബശീറിന് സിംഹാസനമുപേക്ഷിക്കേണ്ടി വന്നു. ടുണീഷ്യയില്‍ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ ബിന്‍ അലി രാജ്യം വിട്ടോടിയപ്പോള്‍ സൈന്യം ചെയ്തത് ജനാധിപത്യ സര്‍ക്കാരിന് ഭരണത്തിലേറാനുള്ള അവസരമൊരുക്കലായിരുന്നു. സമാനമായ നടപടിയായിരുന്നു സുഡാനിലും പ്രതീക്ഷിക്കപ്പെട്ടതെങ്കിലും സൈന്യം ചെയ്തത് ജനകീയ സമരത്തെ ശക്തമായി അടിച്ചൊതുക്കുകയെന്നതായിരുന്നു. നിലവില്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇരു വിഭാഗവും കരാറിലേര്‍പ്പെട്ടെങ്കിലും കരാറിന്‍റെ ഉള്ളടക്കങ്ങള്‍ പൂര്‍ണ്ണമായി പുറത്ത് വന്നിട്ടില്ല. ഹൃസ്വകാലത്തേക്ക് അധികാരമേല്‍ക്കുന്ന ഭരണകൂടത്തിന് ജനാധിപത്യത്തിന്‍റെ മാറ്റങ്ങള്‍ക്കായുള്ള മുറവിളിയുടെയും അധികാരം ഊട്ടിയുറപ്പിക്കാനുള്ള സൈന്യത്തിന്‍റെ താല്‍പര്യങ്ങള്‍ക്കുമിടയില്‍ എങ്ങനെ ബാലന്‍സ് ചെയ്ത് മുന്നോട്ട് പോവാന്‍ കഴിയും എന്നത് ഏറെ ആശങ്കയുണര്‍ത്തുന്ന ചോദ്യമാണ്.  ഹൃസ്വകാല സര്‍ക്കാറിന് ശേഷം പൂര്‍ണ്ണമായ ജനാധിപത്യ ഭരണത്തെ സൈന്യം പിന്തുണക്കുമോ എന്നതും അവ്യക്തമാണ്. പുതിയൊരു ഭരണഘടന രൂപവത്കരിക്കുകയെന്നതും വലിയ വെല്ലുവിളി തന്നെയാണ്, വിവിധ അധികാര കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ വിശേഷിച്ചും. അടിയന്തിരമായി ചെയ്ത് തീര്‍ക്കേണ്ട കാര്യം ജൂണ്‍ മൂന്നിന് നടന്ന കൂട്ടക്കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയെന്നത് തന്നെയാണ്; എന്ത് വില കൊടുത്തും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക തന്നെ വേണം. ജനാധിപത്യത്തിന്‍റെ വലിയ ഉത്തരവാദിത്തങ്ങളിലേക്കുള്ള ദീര്‍ഘമായ യാത്രയില്‍ അതൊരു നല്ല തുടക്കമാവുമെന്നതില്‍ യാതൊരു സംശയവുമില്ല. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter