'ഞാനറിയുന്ന പ്രവാചകന്‍'
ലോകം സൃഷ്ടിക്കാന്‍ കാരണക്കാരനായ അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ.അ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബിഉല്‍ അവ്വല്‍... റബീഉൽ അവ്വൽ എന്നാൽ ആദ്യത്തെ വസ്സന്തം എന്നാണു അര്‍ഥം എല്ലാറ്റിനും മുമ്പ് പ്രവാചകരുടെ പ്രകാശത്തെയാണ് അള്ളാഹു സൃഷ്ട്ടിച്ചത് .ആദ്യത്തെ വസ്സന്തം എന്നത് സൂചിപ്പിക്കന്നത് അതാണ്‌زഅല്ലാഹുവാണ് മാസ്സങ്ങൾക്കു പേര് വെച്ചത് എന്നത് നമ്മൾ ഓർക്കുക. ലോകത്തിന്റെ നെറുകയിൽ തൗഹീദിന്റെ,നന്മയുടെ,സത്യസന്തതയുടെ, ആദര്ശത്തിന്റെ പ്രഭ പരത്താൻ മുഹമ്മദ്‌ (സ.അ) തങ്ങള് നിയോഗിതരായ റബീഉൽ അവ്വൽ
ഇവിടെ ലോകര്‍ക്ക് കാരുണ്യമായി കൊണ്ടല്ലാതെ നബിയെ താങ്കളെ അയച്ചിട്ടില്ല എന്ന പരിശുദ്ധ വാക്യം മുന്‍ നിര്‍ത്തി “ഞാന്‍ അറിഞ്ഞ പ്രവാചകന്‍” എന്ന വിഷയത്തെ ആസ്പദമാക്കി ചില വരികള്‍ എഴുതാന്‍ ഞാന്‍ ശ്രമിക്കുകയാണ്. "ഇന്നമല്‍ അഹ്‌മാലു ബിന്നിയാത്ത്" ഞങ്ങളുടെ നിയ്യത്ത് ശരിയായത് കൊണ്ട് ഇതിനു തക്കതായ പ്രതിഫലം കിട്ടുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങളുടെ ഹബീബിന്‍റെ ജന്മ ദിവസത്തിനായി അല്ലാഹു ആ ദിവസത്തെ ബഹുമാനിക്കാനും ആദരിക്കാനുമുള്ള ഭാഗ്യം ഹബീബിനെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും തരട്ടെ ആമീന്‍....!! എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കാം...ഈ ലോകത്തെ വൃക്ഷങ്ങള്‍ മുഴുവന്‍ പേനകള്‍ ആക്കി, സമുദ്രത്തിലെ ജലം മുഴുവന്‍ മഷിയാക്കി അവിടത്തെ മദ്ഹുകള്‍ എഴുതാന്‍ തുടങ്ങിയാല്‍ ആ മഷിയും പേനയും തീരും എന്നല്ലാതെ ആ മഹാനുഭാവനെപ്പറ്റി എഴുതിതീരില്ല എന്ന ബോധം ഈ ഉള്ളവനില്‍ ഉണ്ട്.. എങ്കിലും പരിമിതികള്‍ ഉള്‍കൊണ്ട് കൊണ്ട് ഞാന്‍ എഴുതുകയാണ്....
ആരാണ് മുഹമ്മദ് നബി (സ.അ)...? പിതൃവ്യന്‍ അബൂത്വാലിബിനൊപ്പം പ്രവാചകന്‍ (സ) 12 വയസ്സുള്ളപ്പോള്‍ നടത്തിയ സിറിയന്‍ യാത്രയിലെ ഒരു സന്ദര്‍ഭം നബി ചരിത്രത്തില്‍ സവിശേഷമായി അടയാളപ്പെടുത്തിയതായി കാണാം. യാത്രാ മധ്യേ ബുസ്‌റയില്‍ എത്തിയപ്പോള്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ ‘ബഹീറ’ പ്രവാചകന്‍ (സ)യുടെ  കൈ പിടിച്ചുകൊണ്ട് അവരോട് ഇങ്ങനെ പറഞ്ഞു- നിങ്ങളുടെ കൂടെയുള്ള ഈ കുട്ടി ലോക നേതാവാണ്. സര്‍വ ലോകത്തിനും കാരുണ്യമായി പ്രപഞ്ചനാഥന്‍ ഇദ്ദേഹത്തെയാണ് നിയോഗിക്കാന്‍ പോകുന്നത്- ഇത് നിങ്ങള്‍ക്കെങ്ങനെ അറിയാം, നിങ്ങള്‍ ഇത് എങ്ങനെ മനസ്സിലാക്കി എന്ന് ഈ സന്ദര്‍ഭത്തില്‍ അബൂത്വാലിബില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് ബഹീറ നല്‍കുന്ന മറുപടി ഇങ്ങനെയാണ്: ''നിങ്ങള്‍ പുറപ്പെട്ടതു മുതല്‍ വൃക്ഷങ്ങളും കല്ലുകളും സുജൂദില്‍ വീഴുന്നു. ഒരു പ്രവാചകന് വേണ്ടിയല്ലാതെ ഇങ്ങനെ സംഭവിക്കുകയില്ല. നിങ്ങള്‍ ഈ കുട്ടിയെയും കൂട്ടി എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണം. ജൂതന്മാരില്‍ നിന്നും കുട്ടിയെ പ്രത്യേകം സംരക്ഷിക്കണം. മഹത്തായ ഭാവിയുണ്ട് ഈ കുട്ടിക്ക്.'' ഇതു കേട്ട് അബൂത്വാലിബ്, മുഹമ്മദ് എന്ന ബാലനെ സിറിയയിലേക്ക് കൊണ്ടു പോകാതെ ഭൃത്യന്മാര്‍ക്കൊപ്പം മക്കയിലേക്ക് തിരിച്ചയച്ചു. ഇവിടെ നാം മുഹമ്മദ് നബിയെ ലോകനേതാവെന്ന് പറയുന്നു.വാസ്തവത്തിൽ ഇതൊരു വലിയ വിശേഷണമാണ്.ഇങ്ങിനെ വിശേഷിക്കപ്പെടുന്ന വ്യക്തി ലോകത്തിന് മഹത്തായ സംഭാവനകൾ നൽകിയ ആളായിരിക്കണം.ലോകനേതാവെന്നു വിശേഷിപ്പിക്കുന്ന വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട ഒന്നാമത്തെ ഗുണം അദ്ദേഹത്തിന്റെ പ്രവർത്തനം ഒരു പ്രതേക സമുദായത്തിനോ വംശത്തിനോ വർഗത്തിനോ വേണ്ടി ആയിരിക്കരുത്.മറിച്ച് ലോകം മുഴുക്കെയുളള മനുഷ്യ സമുഹത്തിന് വേണ്ടി പ്രവത്തിച്ച ആളായിരിക്കണം.രണ്ടാമത്തെ ഗുണം അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ലോകജനതക്കാകമാനം മാർഗദർശകായിരിക്കണമെന്നതാണ്.മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും അദ്ദേഹത്തിന്റെ മാർഗദർശനം പരിഹാരമായിരിക്കുകയും വേണം.നേതാവ് എന്നവാക്കിന്റെ വിവക്ഷ തന്നെ മാർഗദർശകൻ എന്നാണ്. നന്മയിലേക്കും പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും വഴികാട്ടുവാനാണ് നേതാവിനെ ആവശ്യമായിവരുന്നത് തന്നെ.അപ്പോൾ ലോകത്തെ സകലജനങ്ങളുടെയും നന്മക്കും ഗുണത്തിന്നും ഗുണത്തിനും മാർഗം കാണിക്കുന്ന ആളായിരിക്കണം ലോക നേതാവ്.മുന്നാമത്തെ ഗുണം അദ്ദേഹത്തിന്റെ നേത്യത്വവും മാർഗദർശനവും ഒരു നിശ്ചിതകാലത്തെക്ക് മാത്ര മുളളതായിരിക്കരുതെന്നതാണ്-മറിച്ച് എല്ലാകാലത്തിലും എല്ലാ സാഹചര്യത്തിനും ഗുണകരമായിരിക്കണം.എക്കാലത്തും അത് ശരിയും സുബദ്ധവും മായിരിക്കണം എന്നേക്കും സ്വീകാര്യവും. നാലാമത്തെ ഗുണം തത്വങ്ങളും സിദ്ധാന്താങ്ങളും മാത്രം നൽകി തന്റെ ദൗത്യം പൂർത്തീകരിച്ച ഒരാളായിരിക്കരുത് അദ്ദേഹം എന്നതാണ് മറിച്ച് സ്വ ജിവിതത്തിലുടെ ആ തത്വങ്ങളുടെ പ്രയോഗികത അദ്ദേഹം തെളിയിക്കേണ്ടതുണ്ട്. ആ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു സമുഹത്തെ വാർത്തെടുക്കുകയും വേണം.ഇനി മേൽ പറഞ്ഞ ഗുണങ്ങൾ മുഹമ്മദ് നബിയിൽ എത്രത്തോളം സമ്മേളിച്ചിരിക്കുന്നു എന്ന് നിങ്ങൾക്ക് പരിശോധിക്കാം.
യാ റസൂലള്ളാഹ്…. അങ്ങേക്ക് സലാം! അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു, ഞങ്ങളുടെ സന്താനങ്ങളെക്കാള്‍, സമ്പത്തിനേക്കാള്‍, സ്വശരീരത്തേക്കാള്‍... അങ്ങയിലാണ് ഞങ്ങളുടെ രക്ഷകന്‍....!
കുഴിച്ച്‌ മൂടപ്പെട്ടിരുന്ന പെണ്‍കുട്ടികളുടെ രക്ഷകന്‍. അടിച്ചമര്‍ത്തപ്പെട്ട അടിമവര്‍ഗ്ഗത്തിന് ശാന്തിയായി അങ്ങ് വന്നത് ഞങ്ങളോര്‍ക്കുന്നു, വിയര്‍പ്പ് വറ്റും മുമ്പ് തൊഴിലാളിക്ക് വേതനം നല്‍കണമെന്ന് ലോകത്തിന് പഠിപ്പിച്ചതും അങ്ങാണ്..! അയല്‍വാസിയുടെ പട്ടിണിക്കു പരിഹാരം കാണാന്‍ മനുഷ്യരോട്‌ പറഞ്ഞത്‌., ഉള്ളവന്റെ സ്വത്തില്‍ ഇല്ലാത്തവന്‌ അവകാശമുണ്ടെന്ന്‌ വിധിച്ചത്‌., കറുത്തവനും വെളുത്തവനും തമ്മില്‍-അറബിയും അനറബിയും തമ്മില്‍ നന്‍മ കൊണ്ടല്ലാതെ യാതൊരു വിത്യാസവും ഇല്ല എന്നു പ്രഖ്യാപിച്ചതും., നിങ്ങളില്‍ ഒരാള്‍ ചെയ്യുന്ന തെറ്റ്‌, സ്വന്തം ആള്‍ എന്ന നിലയില്‍ നിങ്ങള്‍ ന്യായീകരിക്കുന്നതാണ്‌ വര്‍ഗീയത എന്നു പറഞ്ഞു കൊണ്ട്‌ എന്താണ്‌ വര്‍ഗീയത എന്നു ലോകത്തെ പഠിപ്പിച്ചത്‌ എല്ലാം അങ്ങ് തന്നെ. അങ്ങയുടെ വിടവാങ്ങല്‍ പ്രഭാക്ഷണത്തില്‍ പോലും സ്ത്രീ വിമോചനത്തിന്റെ കാഹളം മുഴങ്ങിയത് ഞങ്ങള്‍ അഭിമാനത്തോടെ ഇന്നും  സ്മരിക്കുന്നു! പലിശക്കെതിരെ പടവാളുമായി അങ്ങ് നയിച്ച സാമ്പത്തിക വിപ്ലവം എത്ര മനോഹരം. അങ്ങയെ ആക്രമിച്ചു മക്കയില്‍ നിന്ന് പുറത്താക്കിയ മക്കക്കാര്‍ അങ്ങയുടെ കാല്‍ക്കീഴില്‍ വന്നണഞ്ഞപ്പോള്‍ അവര്‍ക്ക് ശിക്ഷയായി അക്ഷരധ്യാപനം കല്കിയ അങ്ങയുടെ അക്ഷര സ്നേഹം ഞങ്ങളെങ്ങിനെ മറക്കും! ഒപ്പം ശത്രുക്കളോട് പോലും അങ്ങ് കാണിച്ച ദയയും.... അല്ലലില്ലാതെ അലട്ടലില്ലാതെ അങ്ങ് നയിച്ച കുടുംബജീവിതം; അതെത്ര തൃപ്തികരം. മദ്യത്തിനെതിരെ, ചൂതാട്ടത്തിനെതിരെ, കൊലക്കും കൊള്ളക്കുമെതിരില്‍, വ്യഭിചാരത്തിനെതിരില്‍ അനീതിക്കെതിരില്‍… അങ്ങ് കാഴ്ചവെച്ച ധാര്‍മ്മിക വിപ്ലവം,അതെത്ര പ്രായോഗികം ! ലക്ഷത്തില്‍പരം അനുചരരെ നക്ഷത്ര തുല്യരാക്കിയ ഹ്രസ്വകാല പ്രബോധനം എത്ര ശാസ്ത്രീയം. ...!!
യാ റസൂലള്ളാഹ് അങ്ങാണ് ഞങ്ങളുടെ നായകന്‍....! ബദ്റില്‍,ഉഹുദില്‍,ഖന്‍ന്തഖില്‍,ഹുനൈനില്‍ …. കത്തിജ്ജ്വലിക്കുന്ന നരകാഗ്നിയെ ഊതികെടുത്താന്‍ നിയോഗിതരായ സൃഷ്ടി ശ്രേഷ്ടരില്‍ ഉത്തമനാണങ്ങ്, ഇരുപത്തിമൂന്ന് വര്‍ഷത്തെ അങ്ങയുടെ സംഭവബഹുലമായ ജീവിതം അതിന്റെ മുമ്പുള്ള നാല്പതു വര്‍ഷത്തെ അത്ഭുതങ്ങളുടെ കലവറയായ ജീവിതം ഞങ്ങള്‍ ഓര്‍ക്കുമ്പോള്‍ അഭിമാനം! ഹോ ! ഞങ്ങള്‍ എത്ര ഭാഗ്യവന്മാര്‍.,… തലമുറകള്‍ കാത്തിരുന്ന അങ്ങയെ ഞങ്ങള്‍ക്ക് ലഭിച്ചു എത്രയെത്ര പ്രവാചകര്‍, ഗ്രന്ഥങ്ങള്‍, അങ്ങയുടെ വരവിനെ പ്രവചിച്ചു… എന്നിട്ടും അങ്ങയുടെ വില മനസ്സിലാക്കാത്തവര്‍, അങ്ങയുടെ അധ്യാപനത്തിനെതിരെ പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍…! ഈ പുണ്യ റബീഉല്‍ അവ്വല്‍ ! അങ്ങയുടെ ജന്മം കൊണ്ടനുഗ്രഹീത മാസം ഞങ്ങള്‍ക്ക് സന്തോഷം ! ആഹ്ളാദം ! അഭിമാനം ! സുകൃതങ്ങളുടെ പ്രതീകമല്ലെയങ്ങ്! കാരുണ്യത്തിന്‍റെ നിറകുടവും! റഹ്മത്തുല്‍ ആലമീന്‍ എന്നല്ലാഹു പ്രകീര്‍ത്തിച്ചതിനെ അങ്ങ് പൂര്‍ണ്ണമായി അന്വര്‍ത്ഥമാക്കി. അങ്ങയുടെ കാരുണ്യം ലഭിക്കാത്ത ജീവജാലങ്ങളുണ്ടോ? മനുഷ്യര്‍, മൃഗങ്ങ.ള്‍, പറവകള്‍, സകലര്‍ക്കും…. ഞങ്ങളോര്‍ക്കുന്നു.. ശൈത്യശമനത്തിനായി കത്തിക്കപെട്ട തീയില്‍ ഉറുമ്പ്‌ വീഴുമോയെന്നോര്‍ത്തു അതണച്ചു വെറുങ്ങലിച്ചുനിന്നയങ്ങു, ഉടമസ്ഥന്‍റെ അനാസ്ഥമൂലം മെലിഞ്ഞോട്ടിയ ഒട്ടകത്തിന്‍റെ ഉടമയെ ശാസിച്ചയങ്ങു എത്ര കാരുണ്യവാന്‍! അങ്ങയുടെ പിതൃവ്യന്‍ ഹംസ (റ) നിഷ്ടൂരമായി വധിക്കുകയും അങ്ങയെ വധിക്കാന്‍ ഉറപ്പിക്കുകയും ചെയ്ത വഹ്ശിക്ക്, ഹിന്ദിന്ന് മാപ്പ് നല്‍കിയ അങ്ങെത്ര ക്ഷമാശീലന്‍, ശത്രു സൈന്യത്തിലെ കുട്ടികള്‍ മരിച്ചതിനു വിതുമ്പിയ താങ്കള്‍ , ബദ് ര്‍ യുദ്ദത്തിലെ കഠിനശത്രു അല്‍ഹാദയുടെ പുത്രിയുടെ കണ്ണീരോടൊപ്പം കണ്ണീര് പൊഴിച്ചയങ്ങ് , അങ്ങെത്ര ദയാലു ! അങ്ങ് ഞങ്ങക്ക് വേണ്ടി എന്തല്ലാം സഹിച്ചു……..
ചരിത്രങ്ങളിലിന്നോളം ഒരു നേതാവും അനുയായികളാല്‍ ഇത്രയധികം സ്നേഹിക്കപ്പെട്ടിട്ടില്ല. ഒരു നേതാവിനേയും ഇത്രയധികം കാലം സ്തുതികീര്‍ത്തനങ്ങളാല്‍ അഭിഷേകം ചെയ്തിട്ടില്ല. ഒരു നേതാവിന്റെ വിശ്രമ സങ്കേതത്തിലും ഇത്രയധികം അനുയായികള്‍ ഒഴുകിയെത്തിയിട്ടില്ല. ഒരു നേതാവിന്റെ നഗരവും ഇത്രയധികം ജനനിബിഡമായി അവശേഷിച്ചിട്ടില്ല. പതിനാല് നൂറ്റാണ്ട് പിന്നിടുമ്പോള്‍ മദീന ജനബാഹുല്യത്താ‍ല്‍ വീര്‍പ്പ് മുട്ടുന്നു.അന്ന് അഖബായില്‍ വന്ന് ക്ഷണിച്ചത് മുതല്‍ മദീനയിലെത്തിയ അനുചരവൃന്ദം തിരുനബി (സ) യുടെ സാമിപ്യം അതിരറ്റ് ആഗ്രഹിക്കുന്നു. അറേബ്യയുടെ വരണ്ട ഗ്രാമങ്ങളില്‍ നിന്ന്, പൌരസ്ത്യ രാജ്യങ്ങളില്‍ നിന്ന്, കനല്‍പഥങ്ങളായ ആഫ്രിക്കന്‍ മരുനാടുകളില്‍ നിന്ന്, മഞ്ഞുപെയ്യുന്ന ധ്രുവപ്രദേശങ്ങളില്‍ നിന്ന് പതിനാല് നൂറ്റാണ്ടായി അവിരാമം തുടരുന്ന തീര്‍ത്ഥാടനം. എന്തായിരിക്കും ഈ ജനകോടികളുടെ ഹൃദയത്തില്‍ മിടിക്കുന്നത് ? അവരുടെ കാലുകളെ നയിക്കുന്നത് ആ നഗരത്തിന്റെ സൌന്ദര്യമാണോ ? മദീന ലോകത്തിലെ വന്‍ നഗരമല്ല. മദീനയിലെ തലയെടുപ്പുള്ള ഖുബ്ബയുടെ ഹരിതാഭയോ ? കെയ്‌റോവിലും, ഡമാസ്കസിലും ബാഗ്‌ദാദിലും അം‌ബരചും‌ബികളായ മിനാരങ്ങളെത്രെയുണ്ട് !!പാരീസും ന്യൂയോര്‍ക്കുമെല്ലാം നവീന കെട്ടിട ടെക്‍നോളജിയുടെ പറുദീസയാവുമ്പോള്‍ മദീനയുടെ മാര്‍ബിള്‍ നിലങ്ങളാവില്ല സന്ദര്‍ശകരുടെ ലക്ഷ്യം. താജ്‌മഹലിന്റെ നാട്ടില്‍ നിന്ന് ദൂരെയുള്ള മദീനയിലേക്ക് മാര്‍ബിളിന്റെ ശോഭ കാണാനെത്തുമോ ? പിന്നെയെന്താവും ? അതിരുകളില്ലാത്ത സ്നേഹം! വാക്കുകള്‍ മരിക്കുന്ന പ്രേമം!
മുഹമ്മദ്‌ (സ) ഈ നാമം സ്മരിക്കാതെ ഒരു നിമിഷം പോലും ലോക ചക്രം കറങ്ങുന്നില്ല. മദീനയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഞങ്ങളുടെ നേതാവേ അങ്ങയുടെയും കുടുംബത്തിന്‍റെയും സന്തത സഹചാരികളിലും ഉമ്മത്തിലും നാഥന്‍റെ കരുണാ കടാക്ഷം സദാ വര്‍ശിക്കുമാറാകട്ടെ.. ആമീന്‍,........എന്ന പ്രാര്‍ഥനയോടെ താല്‍കാലികമായി നിര്ത്തുന്നു
അസ്സലാമു അലൈക്കും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter